മനസ്സിനെ കേൾക്കാം

Subhadinam
SHARE

രണ്ടു പുരുഷന്മാർ എന്നെ ഇഷ്ടപ്പെടുന്നു; ഞാൻ ഇവരിൽ ആരെ വിവാഹം ചെയ്യണം. യുവതി ഗുരുവിനോടു ചോദിച്ചു. ഞൊടിയിടയിൽ ഉത്തരവും വന്നു: നീ ഇവരിൽ ആരെയും വിവാഹം കഴിക്കേണ്ട. അതെന്താണ് അങ്ങ് അങ്ങനെ പറഞ്ഞത് എന്ന സംശയത്തിനും മറുപടി വേഗത്തിലായിരുന്നു. നീ ആ രണ്ടുപേരെയും സ്നേഹിക്കുന്നില്ല. പുഞ്ചിരിയോടെയും അത്ഭുതത്തോടെയും യുവതി ചോദിച്ചു: താങ്കൾക്ക് എങ്ങനെ മനസ്സിലായി. ഗുരു പറഞ്ഞു: നീ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടായിരുന്നെങ്കിൽ ഈ ചോദ്യം നീ എന്നോടു ചോദിക്കില്ലായിരുന്നു. നിന്റെ മനസ്സു തന്നെ അതിന് ഉത്തരം നൽകിയേനെ. 

മനസ്സാണു തീർപ്പ്, മനസ്സാണു മറുപടി. പൊതുവിജ്ഞാന ചോദ്യങ്ങൾക്കുള്ള ഉത്തരം പുസ്തകത്താളുകളിലുണ്ടാകും. സ്വയം തീരുമാനമെടുക്കേണ്ട കാര്യങ്ങളുടെ ഉത്തരം മനസ്സിനുള്ളിലും. മനസ്സ് എവിടെ എന്ന ചോദ്യത്തിനു പലവിധ അഭിപ്രായങ്ങളുണ്ടാകും. പക്ഷേ മനസ്സുണ്ട്, മനസ്സില്ല എന്ന വാക്കുകളുടെ സ്വാധീനവും ഫലവ്യത്യാസവും തിരിച്ചറിയാൻ മനഃശാസ്ത്രം പഠിക്കേണ്ടതില്ല. മനസ്സിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നവർക്കാണു മനസ്സമാധാനം. മനസ്സ് പറഞ്ഞിട്ടും മാറി സഞ്ചരിക്കുന്ന ഒരാളും അയാൾ ആഗ്രഹിച്ച സ്ഥലത്ത് എത്തിച്ചേരുകയോ ഇഷ്ടമുള്ള രീതിയിൽ ജീവിക്കുകയോ ഇല്ല. മറ്റുള്ളവരുടെ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും അനുസരിച്ചുമാത്രം സഞ്ചരിക്കുന്നവർക്ക് ആത്മനിർവൃതി നൽകുന്ന എന്തെങ്കിലുമുണ്ടാകുമോ. എല്ലാവരെയും സന്തോഷിപ്പിച്ച് അവരുടെയെല്ലാം വേണ്ടപ്പെട്ടവനായി ജീവിച്ചെങ്കിലും മനസ്സിനു സന്തോഷമുള്ളതൊന്നും ചെയ്തില്ലെങ്കിൽ പിന്നെന്തു ജീവിതം. 

ചിന്താക്കുഴപ്പത്തിലായ ആരോടും ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. മനസ്സ് എന്തു പറയുന്നു. തലച്ചോറു നൽകുന്ന അനുകൂലവും പ്രതികൂലവുമായ എല്ലാ ചിന്തകളെയും വിശകലനം ചെയ്യുമ്പോഴോ ചെയ്തതിനുശേഷമോ ഒരാളുടെ മനസ്സ് അയാൾപോലുമറിയാതെ ചില തീർപ്പുകളിലേക്ക് എത്തും. തീരുമാനങ്ങളും പരിഹാരങ്ങളും പുറത്തുനിൽക്കുന്ന ഒരാൾക്കും നിർദേശിക്കാനാകില്ല. ബാഹ്യഇടപെടലുകളിലൂടെ എത്തിച്ചേരുന്ന തീരുമാനം സത്യസന്ധമാകണമെന്നുമില്ല. മനസ്സിന്റെ സ്വരം കേൾക്കാൻ ഒരാളെ പ്രാപ്തനാക്കുക എന്നതാണ് ഉപദേശകരുടെ പ്രഥമ ദൗത്യം. തങ്ങൾ ശീലിച്ച മുൻഗണനാ മാനദണ്ഡങ്ങൾ ഉപയോഗിച്ചു മറ്റുള്ളവരുടെ ജീവിതം ക്രമീകരിക്കാനിറങ്ങുന്ന വഴികാട്ടികളില്ലായിരുന്നെങ്കിൽ പലരും മറ്റുവഴികളും ലക്ഷ്യങ്ങളും കണ്ടുപിടിച്ചേനെ. മനസ്സാക്ഷി സൂക്ഷിപ്പുകാരെക്കാൾ ആവശ്യം മനസ്സറിയുന്നവരെയാണ്. പല സാധ്യതകളിലൂടെയും യാത്ര ചെയ്തതിനുശേഷം പല ഉപദേശകരെയും കണ്ടുമുട്ടിയതിനുശേഷം കുറച്ചുനേരം ഒറ്റയ്ക്കിരിക്കണം, ഞാൻ എന്തുചെയ്യണമെന്നു മനസ്സിനോടു ചോദിക്കാൻ. മനസ്സ് ഉത്തരം നൽകും. 

Content Highlight: Subhadhinam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA