കർമമെന്ന ധ്യാനം

subhadinam-1248
SHARE

ധ്യാനം മനസ്സമാധാനവും ഏകാഗ്രതയും നൽകുമെന്നറിഞ്ഞ യുവഡോക്ടർ ഗുരുവിന്റെ അടുത്തെത്തി ചോദിച്ചു: ധ്യാനം എന്താണെന്ന് എന്നെ പഠിപ്പിക്കുമോ?. ഗുരു പറഞ്ഞു: നിങ്ങൾ ഡോക്ടറല്ലേ. രോഗികളെ കൃത്യമായി പരിചരിക്കുക, അവരെ കേൾക്കുക, അവരുടെ വേദനയകറ്റുക. ഇതാണു നിങ്ങളുടെ ധ്യാനം. തൃപ്തിവരാത്തതിനാൽ പലതവണ ചോദ്യം ആവർത്തിച്ചെങ്കിലും ഗുരു ഇതേ ഉത്തരം തന്നെ പറഞ്ഞു. ദേഷ്യം വന്ന ഡോക്ടർ താനൊരിക്കലും ഇങ്ങോട്ടു വരില്ല എന്നു പ്രതിജ്ഞയെടുത്തു നീങ്ങുമ്പോൾ ഗുരു അടുത്തുവിളിച്ചു പറഞ്ഞു: ധ്യാനം കർമങ്ങൾ നന്നായി ചെയ്യുന്ന അവസ്ഥയാണ്.

ആയിരിക്കുന്ന അവസ്ഥയിൽ ശരിയായി വ്യാപരിക്കുന്നതാണു ധ്യാനം. അത് ആർക്കും ആരെയും പഠിപ്പിക്കാനാകില്ല. ചെയ്യുന്ന ജോലികളിൽ നിന്ന് അവധിയെടുത്തു മലമുകളിലോ ഗുഹയ്ക്കുള്ളിലോ ഏകാന്തമായി മാത്രം നടത്തുന്ന പ്രക്രിയയാണു ധ്യാനം എന്നു വിശ്വസിക്കുന്നവർക്കു ജീവിതവും ധ്യാനവും രണ്ടാണ്. ജീവിതത്തെക്കുറിച്ചാണു ധ്യാനിക്കേണ്ടത്. അനുദിന ജീവിതത്തിലെ സംഭവങ്ങളും പ്രതികരണങ്ങളുമാണു ധ്യാനവിഷയമാക്കേണ്ടത്. തിരുത്തലും നവീകരണവുമാണു ധ്യാനത്തിന്റെ ലക്ഷ്യങ്ങൾ. അതു പുറത്തുനിന്ന് ആർക്കും പൂർത്തീകരിക്കാനാകില്ല. ആൾക്കൂട്ടത്തിനു നടുവിലിരുന്നു ധ്യാനിക്കുമ്പോഴും വിശകലനവും രൂപാന്തരവും വ്യക്തിപരമാകണം. മറ്റാരെങ്കിലും നൽകുന്ന ഉപദേശങ്ങൾ കേട്ടു തിരികെ പോരുന്നതാണു ധ്യാനം എന്നു ദുർവ്യാഖ്യാനം ചെയ്യുകയാണ് സ്വയം മാറാനാഗ്രഹിക്കാത്തവർക്കുള്ള എളുപ്പമാർഗം. ധ്യാനം നന്നായിരുന്നു എന്നു പറയുന്നതിൽ എത്രപേർക്കു ഞാൻ നന്നായി എന്നു പറയുന്നതിനുള്ള ധൈര്യമുണ്ടാകും.

    ഒരേസമയം പിൻവാങ്ങലും പുറപ്പാടുമാണു ധ്യാനം. അരുതാത്തതിനെയെല്ലാം ഉപേക്ഷിക്കുകയും അത്യാവശ്യമായവയെല്ലാം സ്വീകരിക്കുകയും ചെയ്യുന്ന പ്രക്രിയയാണത്. ഓരോ സായാഹ്നത്തിലും നടത്തുന്ന വിലയിരുത്തലിലും ഓരോ പ്രഭാതത്തിലും നടത്തുന്ന വിശുദ്ധീകരണത്തിലുമാണ്       ഓരോ വ്യക്തിയുടെയും പുനഃപ്രതിഷ്ഠ നടക്കുന്നത്.  ഓരോ ധ്യാനത്തിലും രണ്ടു തീരുമാനങ്ങളുണ്ട്. ചിലതൊക്കെ എന്തുവന്നാലും അവസാനിപ്പിക്കണം; മറ്റുചിലതൊക്കെ എന്തു സംഭവിച്ചാലും തുടങ്ങണം. കർമരംഗത്തെ വിശിഷ്ടമാക്കുന്ന ഏത് അവലോകന നടപടിയെയും ധ്യാനം എന്നു വിളിക്കാം. ദിനവൃത്താന്തത്തെ വിശുദ്ധമാക്കാൻ സഹായിക്കുന്ന ആളാണ് യഥാർഥധ്യാനഗുരു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA