‘ഭാര്യയെ തല്ലരുതെന്ന് പഠിപ്പിക്കണം; ആണിനെ കച്ചവടച്ചരക്കാക്കി വളർത്തരുത്, മാറണം’

woman
SHARE

‘ഭർത്താവിന്റെ തല്ലുകൊണ്ടു നിൽക്കരുത്, ഇറങ്ങിപ്പോരണം എന്ന ആഹ്വാനങ്ങൾ കേട്ടു. ഭാര്യയെ തല്ലരുതെന്ന് ആൺമക്കളെ പഠിപ്പിക്കണമെന്നു കേട്ടില്ല, അതല്ലേ എളുപ്പം’ – മാറാം, മുഹൂർത്തമായി പരമ്പര തുടങ്ങിയ ഇന്നലെ ഓഫിസിലേക്കു വിളിച്ച പെൺകുട്ടി വാട്സാപ്പിൽ അയച്ചു തന്ന പോസ്റ്റർ. 

ഇരയാകാതിരിക്കാൻ അവളും ഇരയാക്കാതിരിക്കാൻ അവനും മാറിയേ പറ്റൂ.  ഈ രണ്ടു ഗണത്തിലും മക്കൾ പെടാതിരിക്കാൻ അച്ഛനമ്മമാരും മാറണം.  നല്ല വിദ്യാഭ്യാസവും പുതിയ ചിന്തകളുമുള്ള മലയാളികൾ എന്തുകൊണ്ടാണു വിവാഹക്കാര്യത്തിലും കുടുംബജീവിതത്തിലെ തുല്യതയിലും ഇപ്പോഴും അറുപഴഞ്ചനായി തുടരുന്നത്? 

സ്ത്രീയെ അപേക്ഷിച്ചു പുരുഷൻ കൂടുതൽ പരിഗണന അർഹിക്കുന്നുണ്ടെന്ന ശക്തമായ കണ്ടീഷനിങ് (ഇതാണു ശരിയെന്ന് ആവർത്തിച്ചുറപ്പിക്കുന്ന അവസ്ഥ) കേരളത്തിൽ നിലനിൽക്കുന്നുവെന്നു ചൂണ്ടിക്കാട്ടുന്നു സാമൂഹികശാസ്ത്ര വിദഗ്ധർ. സ്ത്രീധനവും ഗാർഹിക പീഡനവും വളരെ സ്വാഭാവികമെന്ന ചിന്തകൾ ഇല്ലാതാക്കാൻ മാറ്റം ഇവിടെത്തുടങ്ങണം. 

ആണിന്റെ മാത്രം തെറ്റല്ല

പുരുഷന്മാരുടെയോ ആൺവീട്ടുകാരുടെയോ മാത്രം കുറ്റമെന്നമട്ടിൽ വിരൽചൂണ്ടേണ്ട കാര്യമല്ല സ്ത്രീധനം. പരിഹാരം കാണേണ്ട പൊതു സാമൂഹികാവസ്ഥയാണ്. കല്യാണം ലളിതമാക്കണമെന്നു പറഞ്ഞ വരനോട്, അയ്യോ ഞങ്ങളെ നാണം കെടുത്തല്ലേ, ഇത് അഭിമാനപ്രശ്നമാണെന്നു പറഞ്ഞു മകളെ പൊന്നിൽ കുളിപ്പിച്ചു കല്യാണവേദിയിലെത്തിച്ച സംഭവങ്ങളുണ്ട്.

ആണായാലും പെണ്ണായാലും കുട്ടികളായിരിക്കുമ്പോൾ മുതൽ കണ്ടുശീലിക്കുന്ന ചില ‘ആണധികാര’ങ്ങളിലാണ് എല്ലാറ്റിന്റെയും തുടക്കമെന്ന് ആക്ടിവിസ്റ്റും കേരള മഹിള സമഖ്യ മുൻ ഡയറക്ടറുമായ പി.ഇ.ഉഷ പറയുന്നു.അച്ഛന്റെ ജോലി പേപ്പറു വായിക്കൽ, അമ്മേടെ ജോലി ചപ്പാത്തി ഉണ്ടാക്കൽ’ എന്നു കുട്ടിയെക്കൊണ്ടു പറയിപ്പിക്കുന്നത് ആ അന്തരീക്ഷമാണ്. പിന്നീടു കുട്ടി കാണുന്ന വിവാഹം, മരണം പോലുള്ള സാമൂഹിക കൂടിച്ചേരൽ ചടങ്ങുകളിലും അധികാരം പുരുഷനാണ്. 

ചിലർ അറിഞ്ഞോ അറിയാതെയോ ആൺകുട്ടിയെ കച്ചവടച്ചരക്കാക്കി വളർത്തുന്നു. വിവാഹ കമ്പോളത്തിൽ ഏറ്റവും വില കിട്ടുന്ന ഉൽപന്നമാക്കുന്നു, അവനായി വില പേശുന്നു. കിട്ടിയില്ലെങ്കിൽ തട്ടിപ്പറിക്കുന്നു. ഇങ്ങനെ അനാരോഗ്യകരമായ ചുറ്റുപാടുകളുടെ ‘ഇര’യായി പുരുഷനും മാറുകയാണ്. വ്യക്തിയിലും കുടുംബത്തിലുമാണ് അതിനാൽ ആദ്യം മാറ്റം ഉണ്ടാകേണ്ടത്; അവർ പറയുന്നു.  

സ്വന്തം നിലപാടുകളുടെ ശക്തികൊണ്ട് മാമൂലുകളെ നേരിട്ടവരേ വിജയിച്ചിട്ടുള്ളൂ. സ്വയം തിരുത്തിയ ചില ജീവിതങ്ങളിലൂടെ...

‘വേണ്ട’ – എനിക്കു നല്ല ജീവിതം തന്നത് ഈ വാക്കാണ്; മകൾക്കും: മായ ശ്രീനിവാസൻ, തിരുവനന്തപുരം

Maya-Srinivasan

ലളിത ജീവിതമാണു വീട്ടിൽ ശീലിച്ചത്. സ്വർണാഭരണങ്ങളിൽ താൽപര്യമില്ല. 1986ൽ എംഫിൽ ചെയ്യുമ്പോഴാണ് ഗവ. എൻജിനീയറുടെ ആലോചന വന്നത്. എന്നെ മാത്രമേ അവർക്കു വേണ്ടിയിരുന്നുള്ളൂ; ആദ്യം. 

വിവാഹനിശ്ചയത്തിനു ശേഷം ‘ഡിമാൻഡുകൾ’ വരാൻ തുടങ്ങി. അതോടെ, ഞാൻ ഉറപ്പിച്ചു– ഇതു വേണ്ട. ഇനി മറ്റ് ആലോചനകൾ വന്നില്ലെങ്കിലോ എന്നു വീട്ടിൽ ആശങ്കയുണ്ടായിരുന്നു. കല്യാണം കഴിച്ചില്ലെങ്കിലും സാരമില്ല; ഇതു വേണ്ട എന്നു തന്നെ ഞാൻ പറഞ്ഞു. മോതിരം തിരികെ നൽകി ആ ‘ഇടപാട്’ അവസാനിപ്പിച്ചു. ഏറ്റവും മനപ്പൊരുത്തമുള്ള ജീവിതത്തിലേക്ക് ഗവ.എൻജിനീയർ തന്നെ പിന്നീട് എന്റെയൊപ്പമെത്തി– ദിലീപ്. സന്തോഷകരമായ റിട്ടയർമെന്റ് ജീവിതത്തിലാണു ഞങ്ങൾ. 

കഥ തീർന്നില്ല. ഏകമകൾ വിവാഹിതയായപ്പോഴും ‘സ്ത്രീധനം’ വില്ലനായി. ഇത്തവണ വിവാഹശേഷമായിരുന്നു ഡിമാൻഡുകൾ. മകളോടു ഭർത്താവും കുടുംബവും പോരടിക്കുന്നു എന്നറിഞ്ഞ നിമിഷം ഞങ്ങൾ അവളെ കൂട്ടിക്കൊണ്ടുവന്നു. പുനർവിവാഹിതയായി നന്നായി ജീവിക്കുകയാണ് അവളിപ്പോൾ.   നാണക്കേട്, വേറെ കല്യാണം കിട്ടുമോ എന്ന ചിന്തകളൊന്നും വേണ്ട. മകളെ വിദ്യാസമ്പന്നയും സ്വയംപര്യാപ്തയുമാക്കുക. വിവാഹശേഷം അവളുടെ ജീവിതം തകിടം മറിഞ്ഞാൽ അതിൽ നിന്നു രക്ഷിക്കുക, പിന്തുണയ്ക്കുക.. 

അന്ന് ഇറങ്ങിയില്ലെങ്കിൽ ഇന്നു ഞാനില്ല: സജിത ശങ്കർ, പ്രശസ്ത ചിത്രകാരി

Sajitha Shankar

ഏതാനും ചിത്രങ്ങളും പുസ്തകങ്ങളും– തന്റെ കൂടി സമ്പാദ്യംകൊണ്ടു പണിത വീട്ടിൽനിന്ന് 8 വയസ്സുള്ള മകളുമൊത്ത് ഇറങ്ങുമ്പോൾ കയ്യിൽ ഇത്രമാത്രം. പിന്നെ, മനസ്സിലും ശരീരത്തിലും ഉണങ്ങാത്ത മുറിവുകളും. ‘ഇങ്ങോട്ടു വരേണ്ട, നാട്ടുകാരെക്കൊണ്ടു പറയിക്കരുത്’ എന്ന് അച്ഛൻ തീർത്തുപറഞ്ഞിരുന്നു. കയ്യിൽ പണമില്ല. ചിത്രകലകൊണ്ട് എങ്ങനെ ജീവിക്കുമെന്നു നിശ്ചയമില്ല. എന്നിട്ടും പുറത്തേക്കു തന്നെ നടന്നു. അതുകൊണ്ടാണ് ഇന്നത്തെ സജിത ശങ്കർ ഉണ്ടായത്. കേന്ദ്ര, കേരള,തമിഴ്നാട് സർക്കാരുകളുടെയും കേരള ലളിതകലാ അക്കാദമിയുടെയും ഉൾപ്പെടെ പുരസ്കാരങ്ങൾ, വിദേശ ഗ്രാന്റുകൾ, രാജ്യാന്തര ബഹുമതികൾ, വിദേശത്തെ പ്രശസ്ത ആർട് ഗാലറികളിൽ സ്ഥിരമായി പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളിൽ പ്രാതിനിധ്യം – ഈ നേട്ടങ്ങളെല്ലാം അതുകൊണ്ടു മാത്രമാണ്. 

ചിത്രങ്ങൾ വിറ്റുകിട്ടിയ തുക മാത്രം ഉപയോഗിച്ചു തിരുവനന്തപുരത്തു കല്ലാർ നദിക്കരയിൽ ഗൗരി ആർട് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിപ്പടുത്തു. ആർക്കും ഇവിടെ താമസിച്ചു സർഗസൃഷ്ടികൾ നടത്താം. വേദനകളിലൂടെ കടന്നുപോകുന്ന ഏതു കലാകാരിക്കും സ്വസ്ഥമായൊന്നിരിക്കാൻ, കരയാൻ, ചിന്തിക്കാൻ ഈ വാതിലുകൾ തുറന്നു കിടക്കുന്നു.

കുടുംബിനി മാത്രമായി ഒതുങ്ങിയിരുന്നെങ്കിൽ ആ ദാമ്പത്യം തുടർന്നേനെ. പക്ഷേ എന്നിലെ കലാകാരി മരിക്കുമായിരുന്നു. ഇന്നു ഞാൻ അളവറ്റ ജീവിതാനന്ദം അനുഭവിക്കുന്നു. ആത്മഹത്യയുടെ വക്കിൽനിന്നു കയറിവന്ന ഒരു സ്ത്രീയുടെ വാക്കുകളാണിത്. വിശ്വസിക്കാം. 

പ്ലാൻ ചെയ്ത് ഇറങ്ങിപ്പോന്നു!: ദേവിക, ഗൾഫിൽ ഉദ്യോഗസ്ഥ

വിവാഹബന്ധത്തിൽ അസ്വാരസ്യങ്ങൾ പതിവായപ്പോൾത്തന്നെ എന്റെ മുന്നിലുള്ള ജീവിതത്തെക്കുറിച്ചു ബുക്കിൽ കുറിച്ചുവച്ചു. കൃത്യമായ ധാരണയോടെയാണു പിന്നീട് ഓരോചുവടും വച്ചത്. 2 വർഷത്തോളം ആ ബന്ധം ശരിയാക്കിയെടുക്കാമെന്ന പ്രതീക്ഷയിൽ കഴിഞ്ഞു. മൂന്നുവർഷം ഒരുമിച്ചു ജീവിച്ചു; അതിൽ ഒന്നരവർഷവും ഒരു വീട്ടിൽ രണ്ടിടത്തായിരുന്നു ഞങ്ങൾ. വലിയ വഴക്കുകൾ, ചെറിയ കോംപ്രമൈസുകൾ എന്നല്ലാതെ ഭാര്യ–ഭർതൃബന്ധം പോലും ഇല്ലാതെയായി. പിരിയുന്നതിനു 2 മാസം മുൻപാണു വീട്ടുകാർപോലും അറിഞ്ഞത്. 

പക്ഷേ, 2 വയസ്സുകാരൻ കുഞ്ഞുമായി എന്തു ചെയ്യുമെന്നു ഞാൻ ആധി പിടിച്ചില്ല. ജോലി സ്ഥലത്തെ വായ്പ തീർത്തു, അൽപം സമ്പാദ്യം ഉണ്ടാക്കി, ഇരുചക്രവാഹനം വാങ്ങി. അതിനുശേഷമാണ് ഇറങ്ങിയത്. ജീവിതത്തോടു വാശിയായിരുന്നു. ആകെ തകർന്നടിഞ്ഞ അവസ്ഥയിൽ ഡ്രൈവിങ് ലൈസൻസ് കിട്ടിയതു പോലും വലിയ ആത്മവിശ്വാസമായി. 

എനിക്കു വേണ്ടതെല്ലാം എഴുതിവച്ച്, അതു പൂർത്തിയാക്കുമ്പോൾ ‘ടിക്’ ചെയ്തു മുന്നോട്ടുപോയി. സഹതാപക്കാരെ സഹിക്കാൻ പറ്റാതായതോടെ ജോലിസ്ഥലം മാറി. ജോലിയില്ലാതെയിരുന്ന സമയത്തു മോന് അസുഖവും തുടർന്നു ശസ്ത്രക്രിയയും വേണ്ടിവന്നപ്പോൾ പതറിപ്പോയി. അന്നു പാർട്‌ടൈമായി വീട്ടുജോലിക്കു വരെ പോയി.   ഗൾഫിൽ പോയി 4 മാസം അലഞ്ഞശേഷം നല്ലൊരു ജോലി കിട്ടി. വലിയൊരു കാര്യമാണു ചെയ്തത് എന്ന വിചാരമൊന്നും എനിക്കില്ല. നന്നായി ജീവിക്കണമെന്ന ആഗ്രഹം വേണം. എനിക്കതുണ്ട്, അത്രമാത്രം.

കരയിച്ചത് ഇതാണ്

കൈക്കുഞ്ഞിനെയുമെടുത്തു വീടുവിട്ടപ്പോഴും കരഞ്ഞിട്ടില്ല. പക്ഷേ, പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി, ഓരോ തവണയും അഞ്ചും ആറും പേരോടു കാര്യങ്ങൾ വിശദീകരിച്ച ശേഷം കടലാസ് കയ്യിൽ തന്ന് അതെല്ലാം എഴുതി ഒപ്പിട്ടുകൊടുക്കാൻ പറയുമ്പോൾ ഹൃദയം പിടഞ്ഞു കരഞ്ഞുപോയിട്ടുണ്ട്. കോടതിയിലും സുഖകരമല്ലാത്ത കാര്യങ്ങളാണു സംഭവിച്ചത്.

മരണമോ? എന്തു മണ്ടത്തരം: വിൻഷി, സംരംഭക, കൊച്ചി

പ്രണയവിവാഹം, ഇരു മതക്കാർ, ഒരുമിച്ചു ജീവിച്ചത് 5 വർഷം. അതിനിടെ പലതവണ ആശുപത്രിയിലായി. ഒരിക്കൽപ്പോലും പരുക്കിന്റെ യഥാർഥകാരണം ആരോടും പറഞ്ഞില്ല. അതിന്റെയെല്ലാം കാരണക്കാരൻ നിഷ്കളങ്കതയോടെ മറ്റുള്ളവരുടെ മുന്നിൽനിന്നു. അയാളെ വിവാഹം കഴിച്ച തീരുമാനം പാളിപ്പോയെന്നു സ്വയവും മറ്റുള്ളവരോടും സമ്മതിക്കാനുള്ള മടിയായിരുന്നു എനിക്കപ്പോൾ. 

വിരൽ ഒടിച്ചു, കൈക്കുഴ തകർത്തു, ഗർഭിണിയായിരിക്കെയുണ്ടായ പരുക്കിൽ കുഞ്ഞിനെ മാത്രമല്ല, എന്റെ ആരോഗ്യവും നഷ്ടപ്പെട്ടു. കണ്ണിനേറ്റ അടിയിൽ കാഴ്ച പോകാതിരുന്നതു തലനാരിഴയ്ക്കാണ്. അന്ന് ആശുപത്രിയിൽ വന്ന അമ്മയാണു ഞാൻ പോലും പ്രതീക്ഷിക്കാത്ത മാസ് ഡയലോഗ് പറഞ്ഞത് ‘‘നിനക്ക് ഇടിക്കാനും തൊഴിക്കാനും എന്റെ കുഞ്ഞിനെ തരില്ലെടാ.’’ 

വീട്ടിൽ തിരിച്ചെത്തുമ്പോൾ എല്ലാം സുഖമായിരിക്കും എന്ന ധാരണയൊന്നും ഇല്ലായിരുന്നു. സ്വന്തമായി അധ്വാനിച്ചാണ് ജീവിച്ചത്. 3 വർഷമെടുത്തു വിവാഹമോചനത്തിന്റെ മാനസിക പ്രയാസങ്ങളിൽ നിന്നു പുറത്തുവരാൻ.വിവാഹമോചിതയെ മറ്റൊരു കണ്ണുകൊണ്ടാണ് ചിലർ കാണുന്നത്; അതിൽ മുൻ ഭർത്താവിന്റെ സുഹൃത്തുക്കളുമുണ്ടായിരുന്നു. അതോടെ കുറച്ചുകാലം മൗനത്തിലായിപ്പോയി. മുൻപ് മരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്, അതോർത്തു കരഞ്ഞിട്ടുണ്ട്. എന്തൊരു മണ്ടത്തരമായിരുന്നു അതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. നല്ല രീതിയിൽ മുന്നോട്ടുപോകുന്ന ഹാൻഡ് പെയിന്റഡ് സാരി ബിസിനസ് ഉണ്ടിപ്പോൾ. സ്വന്തമായി അധ്വാനിക്കണം, വരുമാനം വേണം, ജീവിക്കാൻ അതേ വേണ്ടൂ!

തല്ലും ഉമ്മയും

‘അവൻ ഉമ്മ വച്ചകാര്യം നീ ആരോടെങ്കിലും പറഞ്ഞോ? പിന്നെയെന്തിനാണ് അവൻ തല്ലുമെന്നും ഇടിക്കുമെന്നും മറ്റുള്ളവരോടു പറയുന്നത്.’ – കൗൺസലിങ് സെഷനിൽ വിൻഷി നേരിട്ട ചോദ്യം

∙ ‘2011, ജൂലൈ 16. അന്ന് എന്റെയും ജോബിയുടെയും വിവാഹമായിരുന്നു. അതിനു മുൻപത്തെ ദിവസം വരെ ധരിച്ചിരുന്ന അതേ വാച്ചും മാലയും വളയും അണിഞ്ഞ് കോഴിക്കോട് കക്കോടി റജിസ്റ്റർ ഓഫിസിൽ ഞങ്ങൾ വിവാഹിതരായി. രണ്ടു  കുടുംബങ്ങളും ബന്ധുക്കളും മിത്രങ്ങളും വന്ന് അനുഗ്രഹിച്ചു. കോഴിക്കോട് റെസ്റ്റ് ഹൗസിലെ എസി റൂം 7000 രൂപയ്ക്കു വാടകയ്ക്ക് എടുത്ത് ഒരുമിച്ചു കൂടി, വീട്ടിൽ നിന്നു തയാറാക്കി കൊണ്ടുവന്ന ബിരിയാണി കഴിച്ചു. ആകെ ചെലവ് 35000 രൂപ. പെൺകുട്ടികൾക്കു സ്വന്തമായി നിലപാടുകൾ ഉണ്ടായാൽ സ്ത്രീധനം പോലുള്ള ദുരാചാരങ്ങൾ ചുമക്കേണ്ടി വരില്ല.’ – എഴുത്തുകാരിയും അധ്യാപികയുമായ ആര്യ ഗോപി

Arya-Gopi

വനിത–ശിശു വികസനവകുപ്പിന് കീഴിലുള്ള സഹായകേന്ദ്രങ്ങൾ

വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർ

ഗാർഹികപീ‍ഡനം സംബന്ധിച്ച പരാതികൾ അറിയിക്കാം. നിയമസഹായം, കൗൺസലിങ് എന്നിവ ലഭ്യമാക്കും. നേരിട്ടും അങ്കണവാടി– കുടുംബശ്രീ പ്രവർത്തകർ, തദ്ദേശ പ്രതിനിധികൾ, പൊലീസ് തുടങ്ങിയവർ വഴിയും വിവരങ്ങൾ ഇവരിലെത്തുന്നു. 

മിത്ര ഹെൽപ്‌ലൈൻ 181

രക്ഷാദൂത്: തപാൽവകുപ്പുമായി ചേർന്നു കഴിഞ്ഞ മാർച്ചിൽ തുടങ്ങി. വെള്ളക്കടലാസിൽ പരാതിക്കാരി പേരും വിലാസവും മാത്രം എഴുതി ആ കടലാസിനു മുകളിൽ ‘തപാൽ’ എന്നു മാത്രം രേഖപ്പെടുത്തി കടലാസ് (കവറിലിടേണ്ട, സ്റ്റാംപ് ഒട്ടിക്കേണ്ട, പരാതി എഴുതേണ്ട) അടുത്തുള്ള തപാൽപെട്ടിയിൽ നിക്ഷേപിക്കുക. ഇതു നേരെ വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർക്കു കൈമാറും. കടലാസിലെ വിലാസക്കാരിയെ ബന്ധപ്പെട്ടു തുടർനടപടി. 

കാതോർത്ത്: കൗൺസലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ ഓൺലൈനായി നൽകുന്ന സംവിധാനം. റജിസ്ട്രേഷന് പോർട്ടൽ: kathorthu.wcd.kerala.gov.in

തയാറാക്കിയത്: വിനീത ഗോപി, റോസമ്മ ചാക്കോ, സന്ധ്യ ഗ്രേസ്, രമ്യ ബിനോയ്, ഗായത്രി മുരളീധരൻ, ടി.എസ്.ദിവ്യ, കെ.പി.സഫീന. സങ്കലനം: ഗായത്രി ജയരാജ്

English Summary: Women, their experiences in family life and how they tackled the issues

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA