ബിജെപിയുടെ കാമരാജ് പ്ലാന്‍: കളമറിഞ്ഞ്, കണക്കുകൂട്ടി നരേന്ദ്ര മോദിയുടെ ഉറച്ച ചുവട്

PTI07_01_2021_000081A
പ്രധാനമന്ത്രി നരേന്ദ്ര മോദി. (ചിത്രം: പിടിഐ)
SHARE

കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും മൂലമുണ്ടായ തിരിച്ചടികളിൽനിന്നും വിവാദങ്ങളിൽനിന്നും പുറത്തുകടക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറച്ച ചുവടുവയ്പാണു കേന്ദ്ര മന്ത്രിസഭയിലെ വിപുലമായ അഴിച്ചുപണി. ഭരണഘടന അനുവദിക്കുന്നത്ര അംഗങ്ങളെ മന്ത്രിസഭയിലേക്കു കൂട്ടിച്ചേർത്തുകൊണ്ടാണിത്.

ഇതോടെ, ഒന്നലധികം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ചില മന്ത്രിമാരുടെ അമിതഭാരം കുറയും. കോവിഡ് രണ്ടാം വ്യാപനം കൈകാര്യം ചെയ്തതിലെ വീഴ്ചകളുടെ പേരിൽ വിമർശനം നേരിട്ട ആരോഗ്യമന്ത്രി ഡോ. ഹർഷ്‌വർധനും വാക്സീൻ ഉൽ‌പാദനത്തിനു മേൽനോട്ടം വഹിച്ച മന്ത്രി ഡി.വി. സദാനന്ദ ഗൗഡയും പുറത്തായി.  തുടക്കംമുതൽ മോദി ടീമിന്റെ ഭാഗമായിരുന്ന, മൂന്നു വകുപ്പുകൾ വീതം കൈകാര്യം ചെയ്തിരുന്ന രവിശങ്ക‍ർ പ്രസാദ്, പ്രകാശ് ജാവഡേക്കർ എന്നിവരെ ഒഴിവാക്കിയത് അമ്പരപ്പുണ്ടാക്കി. 

ബിജെപിയുടെ കാമരാജ് പ്ലാൻ

ഈ അഴിച്ചുപണി ഒരർഥത്തിൽ ഒരു ചെറു കാമരാജ് പദ്ധതിയുടെ ഭാഗമായിരുന്നു. 1963ൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ  സഹായിക്കാനായി തമിഴ്നാട് മുഖ്യമന്ത്രി കെ. കാമരാജ് നടപ്പിലാക്കിയ രാഷ്ട്രീയ ദൗത്യമാണു കാമരാജ് പ്ലാൻ എന്നറിയപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച കാമരാജ് കോൺഗ്രസിന്റെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രാജി നൽകാൻ ആഹ്വാനം ചെയ്തു. ഇങ്ങനെ ചെയ്യുന്നതു നെഹ്റുവിനു തന്റെ ടീമിനെ സ്വതന്ത്രമായി പുനഃസംഘടിപ്പിക്കാൻ സഹായിക്കുമെന്നാണു കാമരാജ് വാദിച്ചത്. 

സമാനമായി കഴിഞ്ഞയാഴ്ച മോദിയുടെ വസതിയിൽ കേന്ദ്രമന്ത്രിസഭാംഗങ്ങൾ ചായസൽക്കാരത്തിന് ഒത്തുചേ‍ർന്നപ്പോൾ, പ്രധാനമന്ത്രി എടുക്കുന്ന ഏതു തീരുമാനത്തോടും യോജിക്കുമെന്നു മന്ത്രിമാർ വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെയും മുതിർന്ന മന്ത്രിമാരും മുൻ പാർട്ടി അധ്യക്ഷന്മാരുമായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവരുടെയും ഉപദേശങ്ങൾ മോദി തേടി. പ്രിൻസിപ്പൽ സെക്രട്ടറി പികെ. മിശ്രയുടെ നേതൃത്വത്തിലുള്ള പ്രധാനമന്ത്രിയുടെ മുഖ്യ ഉദ്യോഗസ്ഥസംഘം മന്ത്രിമാരുടെ  പ്രകടനം സംബന്ധിച്ചു  നൽകിയ വിശദമായ വിലയിരുത്തൽറിപ്പോർട്ട് പരിഗണിച്ചു. 12 പേരെ ഒഴിവാക്കി. 7 സഹമന്ത്രിമാർക്കു സ്ഥാനക്കയറ്റം നൽകി. 

പരിചയം, യുവത്വം

കേന്ദ്ര കാബിനറ്റിലും സംസ്ഥാന മുഖ്യമന്ത്രിമാർക്കിടയിലും ഉന്നതജാതിക്കാരുടെ ശക്തമായ മേധാവിത്വം ഉണ്ടെന്നത് 2014 മുതൽ മോദി ടീം നേരിടുന്ന വിമ‍ർശനമാണ്. രാജ്യത്തിന്റെ മറ്റു മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽനിന്നുമുള്ള മന്ത്രിമാരാണു കേന്ദ്രമന്ത്രിസഭയിലേറെയും എന്ന വിമർശനവും ഉയർന്നു.  ഈ പരാതികൾ ഇത്തവണ പരിഗണിച്ചു. 27 ഒബിസി, 12 പട്ടികജാതി, 8 പട്ടികവർഗം, 5 ന്യൂനപക്ഷവിഭാഗങ്ങൾ എന്നിങ്ങനെയാണു പ്രാതിനിധ്യമെന്നു ബിജെപി അവകാശപ്പെടുന്നു.

നവംബറിൽ തന്റെ രണ്ടാം സർക്കാരിന്റെ പകുതി കാലാവധി നരേന്ദ്രമോദി പൂർത്തിയാക്കും.  പുതിയ കാബിനറ്റ് മന്ത്രിമാരിൽ  കേന്ദ്രത്തിലും സംസ്ഥാനത്തും മികവു തെളിയിച്ചവരുണ്ട്. അസം മുഖ്യമന്ത്രിയായിരുന്ന സർബാനന്ദ സോനോവാൾ ഉദാഹരണം. പാർട്ടിക്കു പുറത്തുനിന്നുള്ള ടെക്നോക്രാറ്റുകളെ ഉൾപ്പെടുത്തുന്ന രീതി പരീക്ഷിച്ചില്ല. ബാങ്കിങ് വിദഗ്ധൻ കെ.വി.കാമത്തിനെ ഉൾപ്പെടുത്തിയേക്കുമെന്ന സൂചന ഫലിച്ചില്ല. പകരം  എസ് ജയ്‌ശങ്കർ, ഹർദീപ് പുരി, ആർ.കെ. സിങ് എന്നീ പരിചയസമ്പന്നരായ ബ്യൂറോക്രാറ്റുകൾ അടങ്ങിയ  രാഷ്ട്രീയ ടീമിനെ ആശ്രയിക്കാനായിരുന്നു മോദിയുടെ തീരുമാനം.

ബിജെപി ഇതര കക്ഷികൾ

ആറു കാബിനറ്റ് മന്ത്രിമാരെയും സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രിയെയും ഒഴിവാക്കിയെങ്കിലും 2019ൽ രൂപീകരിച്ച ടീമിലെ ബാക്കി അംഗങ്ങളെ നിലനിർത്തി. ജെഡിയു, ലോക്‌ജനശക്തി പാർട്ടി, അപ്നാദൾ എന്നീ കക്ഷികൾക്കു മന്ത്രിമാരായി. ജെഡിയുവിനു രണ്ടു മന്ത്രിസ്ഥാനം വേണമെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യത്തിനു വഴങ്ങാൻ മോദി തയാറായില്ല. അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കാൻ പോകുന്ന 7 സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകി. കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ നാരായൺ റാണെയ്ക്കും ജ്യോതിരാദിത്യ സിന്ധ്യക്കും നൽകിയ വാഗ്ദാനവും നിറവേറ്റി.

മന്ത്രിസഭാ വികസനം കഴിഞ്ഞു.  ആരോഗ്യം, സാമ്പത്തികരംഗം, വിദ്യാഭ്യാസം, ദേശീയസുരക്ഷ എന്നീ മേഖലകളിലെ കടുത്ത വെല്ലുവിളികൾ  ഫലപ്രദമായി നേരിടുന്നതിലൂടെ മാത്രമാവും ഇനി കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായയും പ്രവർത്തനശേഷിയും ഉയർത്താനാവുക.

English Summary: 43 Ministers Take Oath In PM's Mega Overhaul

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA