ADVERTISEMENT

വൃദ്ധനാകാൻ വിധിക്കപ്പെട്ട യയാതിക്കു ശുക്രാചാര്യർ ശാപമോക്ഷം അനുവദിച്ചത് പുത്രന്മാരിൽ ആരെങ്കിലും വാർധക്യം സ്വീകരിച്ചു തന്റെ യൗവനം അദ്ദേഹത്തിനു നൽകണം എന്ന വ്യവസ്ഥയിലായിരുന്നു. ഇളയപുത്രനിലൂടെ ശാപമോക്ഷം നേടിയ യയാതി ആയിരം വർഷം ജീവിച്ചു. അവസാനകാലത്ത് അദ്ദേഹം മകനെ വിളിച്ചു പറഞ്ഞു:  സുഖഭോഗങ്ങൾ ആസ്വദിച്ചുതീർക്കാമെന്ന് ഒരിക്കലും കരുതേണ്ട. ആനന്ദം കൂടുന്നതിനനുസരിച്ച് ആസക്തിയും കൂടും.

ആയുസ്സും ആഘോഷവും ഒരിക്കലും അവസാനിക്കരുതെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച് ആനന്ദാനുഭൂതിയും അനുഗ്രഹവർഷവും കൂടും എന്ന ധാരണയിൽനിന്നാണ് ആളുകൾ ദീർഘായുസ്സ് ആശംസിക്കുന്നതു പോലും. എക്കാലവും ശൈശവത്തിലോ കൗമാരത്തിലോ യൗവനത്തിലോ തുടരാൻ ആർക്കും കഴിയില്ല. 

വാർധക്യം നീണ്ടാലും അതിനു പൂർവ അവസ്ഥകളുടെ സവിശേഷ ഊർജമോ ഉണർവോ ഉണ്ടാകില്ല. ഏതെങ്കിലും പ്രത്യേക അവസ്ഥയോടുള്ള അഭിനിവേശം മൂലം അത് ആയുസ്സ് മുഴുവൻ നീണ്ടുനിൽക്കുമെന്നു മോഹിക്കുന്നതു ദുരാഗ്രഹമാണ്. ഓരോ കാലവും നിശ്ചിത സമയത്തിനുള്ളിൽ മറയുന്നു എന്നതിലാണ് ആ കാലത്തിന്റെ ഭംഗിപോലും. എന്തിനും ഒരു സമയപരിധി ഉണ്ടാകണം, കേൾക്കുന്ന പാട്ടിനും കാണുന്ന കാഴ്ചകൾക്കും ആഘോഷിക്കുന്ന ഉത്സവങ്ങൾക്കും കടന്നുപോകുന്ന സുഖാനുഭവങ്ങൾക്കും. അധികനേര വിരസത ആവർത്തന വിരസതയെക്കാൾ മടുപ്പുളവാക്കും. 

എത്ര മനോഹരമായ പാട്ടും എത്ര തവണ തുടർച്ചയായി കേൾക്കാനാകും? പരിധിയിലാണു പരമാനന്ദം. എല്ലാം അതർഹിക്കുന്ന സമയത്തിനുള്ളിൽ അവസാനിക്കണം. ഒരിക്കൽ ഒരിടത്ത് അവസാനിക്കും എന്നതാണ് എല്ലാ തുടക്കങ്ങളുടെയും ഭംഗി.

   നിലവിലുള്ള പലതും അവസാനിക്കുന്നതാണു പുതിയ പല തുടക്കങ്ങൾക്കും കാരണമാകുന്നത്. ഒന്നിനും ഒരവസാനവും ഇല്ലായിരുന്നെങ്കിൽ ഒരു ദുരനുഭവത്തിൽ നിന്നും ആരും കരകയറില്ലായിരുന്നു. പകൽ തീരാതെ എങ്ങനെ രാത്രിയിൽ മാത്രം തെളിയുന്നവയെ കാണാനാകും. രാത്രി അവസാനിക്കുന്നില്ലെങ്കിൽ പ്രപഞ്ചഘടന പോലും മാറും. വീണ പൂവിനും കൊഴിഞ്ഞ ഇതളുകൾക്കും പറയാനുള്ളതും ഓരോ അവസാനവും മറ്റൊരു തുടക്കമാണ് എന്നുതന്നെയാണ്. 

   ഒരിക്കലും അവസാനിക്കാതിരിക്കുന്നു എന്നതിലല്ല, എത്ര നന്നായി അവസാനിപ്പിക്കാൻ കഴിയുന്നു എന്നതിലാണു കാര്യം. തുടക്കത്തെക്കാൾ കൃത്യതയോടെയും കണിശതയോടെയും ചെയ്യേണ്ടതാണു പൂർത്തിയാക്കലും. എത്ര പൂർണചന്ദ്രന്മാരെ കണ്ടു എന്നതിനെക്കാൾ എത്ര അർഥപൂർണമായി ജീവിച്ചു എന്നതല്ലേ യഥാർഥ ഗുണനിലവാര സൂചിക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com