ADVERTISEMENT

ഭർതൃവീടുകളിലെ പ്രശ്നങ്ങളിൽനിന്ന് ഓടിപ്പോന്ന മക്കളെ സ്വീകരിക്കാത്ത വീടുകൾ. നാട്ടുകാരെന്തു പറയും എന്നാലോചിച്ചു മക്കളെ ഒറ്റപ്പെടുത്തിയവർ. കാലത്തിനൊത്ത പുതിയപാഠങ്ങൾ കുടുംബങ്ങളും പഠിക്കണം.

വീട്ടിൽ തുടങ്ങാത്ത വിപ്ലവങ്ങൾ വേഗം കെട്ടുപോകും. സ്ത്രീധന– ഗാർഹിക പീഡനങ്ങളും വിവാഹജീവിതത്തിലെ ആൺകോയ്മ യുടെ പ്രശ്നങ്ങളും ഇല്ലാത്ത നാളെകൾ പുലരണമെങ്കിൽ ആ വിപ്ലവം വീട്ടിൽ തുടങ്ങണം. ഭാര്യയെ തല്ലിച്ചതയ്ക്കുന്നതും സ്ത്രീധന ത്തിന്റെ പേരിൽ പീഡിപ്പിക്കുന്നതും നിയമത്തിന്റെ മുന്നിൽ മാത്രമല്ല, സമൂഹത്തിന്റെ കണ്ണിലും വലിയ തെറ്റാകണം. ഈ തെറ്റുകളെ കുടുംബ ബന്ധത്തിന്റെ പവിത്രത പറഞ്ഞു ന്യായീകരിക്കാനോ നിസ്സാരമാക്കി ക്കളയാനോ ശ്രമിക്കരുത്. 

പുതുക്കിപ്പണിയാം കുടുംബം 

കോവിഡ് വന്നിട്ടു 2 കൊല്ലം. മാസ്ക് ഉൾപ്പെടെയുള്ള പുതിയ മാറ്റങ്ങൾ നാം വേഗം ഉൾക്കൊണ്ടു. പക്ഷേ, കാലങ്ങളായി ഒരേരീതിയിൽ തുടരുന്ന കുടുംബഘടനയിൽ ചെറിയ പൊളിച്ചെഴുത്തിനെക്കുറിച്ചു ചിന്തിക്കാൻപോലും മിക്കവർക്കും മടിയാണ്. കുടുംബം ഇല്ലാതാക്കണമെന്നല്ല, കാലത്തിന് അനുസരിച്ചു പുതുക്കി കൂടുതൽ സുന്ദരമാക്കണമെന്നാണു പറയുന്നത്.

മകൻ സ്വന്തവും മരുമകൾ വന്നുകയറിയ പെണ്ണും ആകുന്ന വീടുകൾ. ഇതെന്റെ വീട്, എന്നെയും വീട്ടുകാരെയും അനുസരിച്ചാൽ ഇവിടെ നിൽക്കാം. അല്ലെങ്കിൽ ഇറങ്ങണം എന്നു കേൾക്കുന്ന ഭാര്യമാർ. വന്നു കയറിയവൾ എന്റെ വീടുമായി ഇണങ്ങിപ്പോകണം എന്നു ശഠിക്കുന്നവരിൽ ഭൂരിഭാഗവും, സഹോദരിയോ സ്വന്തം മകളോ വിവാഹിതയാകുമ്പോൾ അങ്ങനെ പറയില്ല. എന്നാൽ ചിലർ അതും പറയുന്നു– ഭർത്താവിനോടു പിണങ്ങിയെന്നും പറഞ്ഞ് ഇങ്ങോട്ടു വന്നേക്കരുതെന്ന്. 

സ്വന്തം വീട്ടിൽ അവകാശവും സ്നേഹവും സ്വാതന്ത്ര്യവും കൈപ്പറ്റി വളർന്ന പെൺകുട്ടി, വിവാഹം കഴിയുന്നതോടെ മറ്റൊരു കുടുംബത്തിൽ ‘രണ്ടാംതര’മായി മാറുന്നു. ഇതുണ്ടാക്കാവുന്ന മാനസികസമ്മർദം വളരെ വലുതാണ്.  വിവാഹം കഴിഞ്ഞാൽ ഭർത്താവും ഭാര്യയുമായി സ്വന്തമായൊരു കുടുംബം കെട്ടിപ്പടുക്കുക എന്ന ഉത്തരവാദിത്തകുടുംബസങ്കൽപം കൊണ്ടുവരണം. പല രാജ്യങ്ങളിലും പണം കെട്ടിവയ്ക്കുന്നതുൾപ്പെടെ ഇതിനായി ഭരണകൂടത്തിന്റെ പ്രത്യേക സംവിധാനം തന്നെയുണ്ട്.   

തല്ലിച്ചതച്ച് ഭർത്താവ്; ഞങ്ങൾക്ക് വേണ്ടെന്നു സ്വന്തക്കാർ: എംഡിഎസ് വിദ്യാർഥിനിയുടെ വാക്കുകൾ:

ദന്തഡോക്ടറായി 2014ൽ പ്രാക്ടീസ് ചെയ്യുമ്പോഴാണു വിവാഹിതയായി വിദേശത്തെത്തിയത്. സ്വർണം പോര, സമ്പത്തില്ല, വലിയ വീടില്ല എന്നിങ്ങനെ കുറ്റപ്പെടുത്തലുകൾ വൈകാതെ തുടങ്ങി. വിദേശത്തെ പരീക്ഷ പാസാകാതെ അവിടെ ഡോക്ടറായി ജോലി ചെയ്യാനാകില്ലായിരുന്നു. അതോടെ, എന്നെക്കൊണ്ട് ഒരു ഉപകാരവുമില്ല എന്നായി. സഹികെട്ട്, സ്വകാര്യ കമ്പനിയിൽ ജോലിക്കുപോയപ്പോഴാകട്ടെ ഒരുങ്ങിക്കെട്ടി പോകുന്നു എന്നായി കുറ്റം. ഒപ്പം സംശയരോഗം മൂത്ത് ഉപദ്രവവും. ഭർത്താവിന്റെയും വീട്ടുകാരുടെയും കൂട്ട ആക്രമണം താങ്ങാനാകുന്നില്ലെന്നു പറഞ്ഞപ്പോൾ ‘ഒരു കുട്ടിയായാൽ എല്ലാം ശരിയാകും; എന്നായിരുന്നു എന്റെ വീട്ടിൽ നിന്നുള്ള ഉപദേശം. 

2016ൽ കുഞ്ഞു പിറന്നിട്ടും തല്ലു കുറഞ്ഞില്ല. 2 വട്ടം വീട്ടിലേക്കു തിരിച്ചെത്തിയെങ്കിലും അച്ഛനും അമ്മയ്ക്കും വലിയ നാണക്കേടായി. വളർത്തുദോഷമാണെന്നു നാട്ടുകാർ പറയുമത്രേ.   അതോടെ, എനിക്കു മാനസികപ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞ് വീട്ടുകാർ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. പിന്നെ വീണ്ടും ഭർത്താവിന്റെ വീട്ടിലേക്കു വിട്ടു. ഭക്ഷണവും സമാധാനവും ഇല്ലാതെ വീണുപോകുന്ന അവസ്ഥയിലായിരുന്നു അവിടെ.  ഒടുവിൽ 2019ൽ നാട്ടിലേക്കു മടങ്ങി. എനിക്കു ഭ്രാന്താണെന്നു പറയാൻ ബന്ധുക്കൾ അപ്പോഴും മടിച്ചില്ല. കടുത്ത സമ്മർദങ്ങൾക്കിടെ ഡെന്റൽ പിജി നീറ്റ് പരീക്ഷ പാസായി. ഇപ്പോൾ എംഡിഎസ് കോഴ്സ് ഒരു വർഷം കഴിഞ്ഞു. വിവാഹസമയത്തു കിട്ടിയ സ്വർണം പണയംവച്ചാണു പഠനഫീസ് കണ്ടെത്തിയത്. എന്റെ കുഞ്ഞിനെ മാതാപിതാക്കളുടെ കൂടെ നിർത്തിയിരിക്കുകയാണ്.എങ്ങനെയെങ്കിലും സ്വന്തം കാലിൽ നിന്നിട്ടു വേണം ഒപ്പം കൊണ്ടു വരാൻ. 

ബന്ധുക്കൾ പറഞ്ഞു; ‘അധികം തെളയ്ക്കല്ലേടീ’ : റസ്റ്ററന്റ് നടത്തി ജീവിക്കുന്ന ഹർഷയുടെ കഥ

ഭർത്താവുമായി യോജിക്കാതെ വന്നപ്പോൾ ഡിവോഴ്സ് ആവശ്യപ്പെട്ട ഞാൻ എന്റെ വീട്ടുകാർക്കു മുന്നിൽ വലിയ തെറ്റുകാരിയായി. വേർപിരിയൽ എന്ന തീരുമാനത്തിലേക്കെത്തിച്ചേരാൻ അനുഭവിച്ച പീഡകളുടെ പത്തിരട്ടിയായിരുന്നു പിന്നീടു സ്വന്തം വീട്ടിൽ കാത്തിരുന്നത്. സഹിക്കവയ്യാതായപ്പോൾ വീടു വിട്ടു. മുഴുമിക്കാത്ത ഡിഗ്രി കോഴ്സും രണ്ടു ജോടി വസ്ത്രങ്ങളും മാത്രം കയ്യിൽ. നാലാം ദിവസം ബന്ധുവിന്റെ ഫോൺ വന്നു: ‘‘നീയൊരു പെണ്ണാ.. തെളയ്ക്കല്ലേടി മോളെ. കൂടി വന്നാൽ ഒരാഴ്ച. നീ തിരിച്ചു വീട്ടിലേക്കു തന്നെ പോവും. അല്ലെങ്കിൽ നല്ല ആണുങ്ങൾ ‘കൈകാര്യം ’ ചെയ്യുമ്പോൾ പഠിച്ചോളും.’

കൂട്ടുകാർക്കൊപ്പം താമസം തുടങ്ങിയതോടെ പ്രശ്നം കൂടി. തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ വഷളായിപ്പോകുമെന്നു ബന്ധുക്കൾ. അങ്ങനെ, ആഭരണം മോഷ്ടിച്ചു കൊണ്ടുപോയെന്ന് അമ്മ എനിക്കെതിരെ കേസ് കൊടുത്തു. ഒരു വണ്ടി പൊലീസുമായി അച്ഛനും അമ്മയും വന്ന് എന്നെ സ്റ്റേഷനിലെത്തിച്ചു. 24 വയസ്സുള്ള എന്നെ ക്രിമിനലിനെപ്പോലെ ആളുകൾ കണ്ട ദിവസം. സ്റ്റേഷനിൽ നിന്നു വീട്ടിലേക്കു പോകാൻ സമ്മതിക്കുമെന്ന് അവർ കരുതിയെങ്കിലും  ഞാൻ വഴങ്ങിയില്ല. പിറ്റേന്ന് കോടതിയിൽനിന്നാണു മോചിതയായത്.  

ചെറിയ ജോലികൾ ചെയ്തു പിടിച്ചു കയറുന്നതിനിടെ, അച്ഛനെത്തി എന്റെ പ്രോജക്ട് വർക്ക് കീറിക്കളഞ്ഞു. മനസ്സിന്റെ പിടിവിട്ടു മരുന്നിനെ ആശ്രയിക്കേണ്ടി വന്നു. മുടി പാതി നരച്ചു. തടി കൂടി. ദേഹത്തെല്ലാം നീരു കെട്ടി. പിന്നീടാണ്, ഇഷ്ടത്തെ തന്നെ ബിസിനസ് ആക്കാൻ തീരുമാനിച്ചതും റസ്റ്ററന്റ് തുടങ്ങിയതും. കോവിഡിനിടെ ഒന്നും പച്ചപിടിച്ചിട്ടില്ല, പക്ഷേ തോൽക്കാനില്ല. 

ഒരടിയിലാണ് എല്ലാം

ഒരടിയിൽ എന്തിരിക്കുന്നു എന്നു ചോദിച്ചാൽ ആ ആദ്യ അടിയിലാണു നമ്മുടെ ഭാവിയെന്നു മഹിത പറയും. ‘‘ പണ്ടവും പണവുമൊക്കെ കൊടുത്തായിരുന്നു കല്യാണം. പൊതുകാര്യങ്ങളിലൊക്കെ ഇടപെടുന്ന, ഉദ്യോഗസ്ഥനായ ഭർത്താവ്. പക്ഷേ, ഒരുദിവസം നിസ്സാരകാര്യത്തിനു വഴക്കിനൊപ്പം ഒരടിയും കിട്ടി. ഞെട്ടി വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ, ‘ഒരടിയല്ലേ. സാരമില്ല. മോൾ അതങ്ങു ക്ഷമിക്ക് ’ എന്നുപദേശം. പിന്നെ അടി രണ്ടായി. മൂന്നായി. എന്തു ദേഷ്യം വന്നാലും ഭർത്താവിന് എന്നെ അടിക്കണം എന്ന സ്ഥിതിയായി. കയ്യിൽ കിട്ടുന്നതെടുത്ത് അടിക്കും. അയാൾക്കു മുന്നിൽ കരയും, വീട്ടിൽ വിളിച്ചും കരയും. ഇടയ്ക്ക് എന്റെ വീട്ടുകാർ വന്ന്, അടിക്കരുതെന്നു മരുമകനോടു പറയും. പക്ഷേ, അടി തുടരും. 

അമ്മായിഅമ്മ പറഞ്ഞു; നിന്റെ അഭിപ്രായമൊക്കെ നിന്റെ വീട്ടിൽ പറഞ്ഞാൽ മതിയെന്ന്. അടി തടുക്കാൻ പഠിപ്പിച്ചതു സുഹൃത്തുക്കളാണ്. അങ്ങനെ അടി കുറഞ്ഞെങ്കിലും പൊരുത്തക്കേടു തുടർന്നു. അതോടെ, കുഞ്ഞുമായി വീട്ടിലേക്കു മടങ്ങി ഇപ്പോൾ പിഎച്ച്ഡി ചെയ്യുകയാണ്.

എന്നാലും എന്റെ വനിതാ പൊലീസേ...

സിഐ മുതൽ താഴേക്കുള്ള വനിതാപൊലീസുകാർക്കു സ്ത്രീ നിയമങ്ങളിൽ ക്ലാസെടുക്കാനെത്തിയതാണു തിരുവനന്തപുരത്തെ സീനിയർ അഭിഭാഷക. ക്ലാസിനിടെ ‘ഭാര്യയെ ഭർത്താവിനു തല്ലാമോ? എന്തുകൊണ്ട്?’ എന്നു ചോദിച്ചു. പങ്കെടുത്ത 30 പേരിൽ 28 പേരും പറഞ്ഞു ‘തല്ലാം’. ചുമതലകൾ ചെയ്തില്ലെങ്കിൽ, അനുസരിച്ചില്ലെങ്കിൽ, കുഞ്ഞുങ്ങളെ നോക്കിയില്ലെങ്കിൽ, വിശ്വാസവഞ്ചന കാട്ടിയാൽ – ഒക്കെ അടിച്ചു നേർവഴിക്കു നയിക്കാമത്രേ! ഗാർഹിക പീഡന നിരോധന നിയമം നടപ്പാക്കേണ്ടവർത്തന്നെ ഇങ്ങനെയാണു സ്വയം ധരിച്ചുവച്ചിരിക്കുന്നത്.

വഴിക്കിട്ടതും  വീടുവിട്ടതും പഠിക്കാൻ

പ്രായപൂർത്തിയാകും മുൻപേ നിർബന്ധിച്ചു തന്റെ വിവാഹം നടത്താൻ തീരുമാനിച്ച സ്വന്തം കുടുംബത്തോടു പൊരുതി ജയിച്ച പാലക്കാട് സ്വദേശിനി പറയുന്നു: 

16ാം വയസ്സിൽ പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണു തമിഴ്നാട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചത്. അടുത്തുള്ള അങ്കണവാടി ടീച്ചർ അധികൃതരെ അറിയിച്ചതോടെ കല്യാണം മുടങ്ങി. എന്നാൽ ആരുമറിയാതെ ചടങ്ങ് നടത്താൻ വീട്ടുകാർ തീരുമാനിച്ചപ്പോൾ ഞാൻ എതിർത്തു. വീണ്ടും വിവാഹത്തീയതി നിശ്ചയിച്ചപ്പോൾ അധ്യാപകരെ അറിയിച്ചു.  ഇതോടെ, എന്നെ തമിഴ്നാട്ടിൽ അയാളുടെ വീട്ടിലേക്കു മാറ്റി. കൂട്ടുകാർവഴി വിവരമറിഞ്ഞ അധികൃതരെത്തിയാണു രക്ഷിച്ചു കെയർഹോമിലാക്കിയത്. അവിടെനിന്നു പ്ലസ് ടു പരീക്ഷയെഴുതി. പഠിക്കാൻ അനുവദിക്കാമെന്ന് ഉറപ്പുകിട്ടിയതോടെ ഞാൻ വീട്ടിൽ തിരിച്ചെത്തി. ഇപ്പോൾ ഡിഗ്രി രണ്ടാം വർഷം. പിജിയും ബിഎഡും പൂർത്തിയാക്കണം. അധ്യാപികയാകണം. അതിനുശേഷമേ കല്യാണമുള്ളൂ. ’’

(ഭാരിച്ച സ്ത്രീധനത്തുക കൊടുക്കാൻ ശേഷിയില്ലാത്ത കുടുംബങ്ങൾ പെൺകുട്ടികളെ തമിഴ്നാട്ടിലേക്കു വിവാഹം ചെയ്തയയ്ക്കുന്ന രീതി ഇപ്പോഴും പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളിലുണ്ട്.) 

ചേട്ടൻ; ഞങ്ങളുടെ പത്തരമാറ്റ്

കെ. രേഖ, സാഹിത്യകാരി 

പൊടുന്നനെയാണ് അച്ഛൻ ഇല്ലാതായത്. 7 വയസ്സുള്ള ഞാൻ മുതൽ 21 വയസ്സുള്ള ചേട്ടൻ വരെ 5 മക്കൾ വിറങ്ങലിച്ചുനിന്ന കാലം. മൂത്തചേച്ചി രാധയ്ക്കായി ചില ബന്ധുക്കൾ രണ്ടാം വിവാഹിതർ, മദ്യപർ, നാലാം ക്ലാസുകാർ, വൃദ്ധർ തുടങ്ങിയവരുടെ ആലോചനകളുമായി വന്നു. ആലുവാക്കാരൻ രാം മോഹന്റെ കല്യാണാലോചനയുംകൊണ്ട് അദ്ദേഹത്തിന്റെ പിതാവു വന്ന ദിവസം എന്റെ അമ്മ പതിവു ടീച്ചർ ശൈലിയിൽ പറഞ്ഞു - ‘കല്യാണം കഴിക്കുമ്പോൾ സംസ്കാരം ഉള്ളവരാണോ എന്നാണു നോക്കേണ്ടത്. ബാക്കിയൊക്കെ ആ വഴി വന്നുകൊള്ളും. നമുക്കിതു മതി’.  

വീടു പണയംവച്ച് 3 കുഞ്ഞുമാലകളും 12 വളകളും വാങ്ങി. വിവാഹം കഴിഞ്ഞു മൂന്നാം ദിവസം, ആ സ്വർണവും ഒപ്പം കുറച്ചു പണവുംകൂടി മേശപ്പുറത്തുവച്ച് നവദമ്പതികൾ മുംബൈയ്ക്കു തിരിച്ചു. സ്വർണം കൊടുത്തു ഞങ്ങൾ വീടു തിരിച്ചെടുത്തു. 

വലിയഭാരമാണു ചുമലിലെന്നു തിരിച്ചറിഞ്ഞ ചേച്ചിയുടെ ഭർത്താവ് കഠിനാധ്വാനം ചെയ്തു. ഭാര്യാസഹോദരന്മാരെ വിദേശത്തയച്ചു. എന്നെയും രണ്ടാമത്തെ ചേച്ചിയെയും അച്ഛന്റെ സ്ഥാനത്തുനിന്നു വിവാഹം കഴിപ്പിച്ചു. കുടുംബത്തിന്റെ കടങ്ങൾ വീട്ടാനും കൂടെക്കൂടി. അതിനിടയിൽ, സ്വന്തമായി ഒരു കുഞ്ഞുമതി എന്നു തീരുമാനിച്ചു. എളുപ്പം വെട്ടിക്കുറയ്ക്കാവുന്നതു സ്വന്തം സന്തോഷങ്ങളാണെന്നുള്ള കരുതൽ. ചെയ്ത സത്കർമങ്ങളുടെ ഫലമാകാം, വലിയ കമ്പനിയായ ഇനോക്സിന്റെ മാനേജർ പദവിവരെ അദ്ദേഹം എത്തി. മറ്റുള്ളവർക്കായി സ്വയം കത്തിയെരിഞ്ഞ ആ സ്നേഹമൂർത്തി കഴിഞ്ഞദിവസം അസ്തമിച്ചു. പങ്കാളിയുടെ വേദന അറിയാൻ നിങ്ങൾ ദരിദ്രനാകണമെന്നില്ല; അതിനുള്ള മനസ്സുണ്ടാകണമെന്നു മാത്രം. കോടികൾക്കും വാങ്ങാനാകാത്ത പത്തരമാറ്റുള്ള മനസ്സ്.

സങ്കടദാമ്പത്യം വിട്ടിറങ്ങുന്ന സ്ത്രീകൾക്കു കഴിയാൻ എല്ലാ സൗകര്യങ്ങളോടെയും അഭയകേന്ദ്രങ്ങളുണ്ടാകണം.തിരുവനന്തപുരത്തെ സ്വകാര്യ എൻജിനീയറിങ് കോളജിലെ അധ്യാപിക രണ്ടു കുഞ്ഞുങ്ങളുമൊത്ത് ഈ കോവിഡ്കാലത്തു കഴിയുന്നത് ഒരു ഒറ്റമുറി കടയിലാണ്. ‘ആജ്ഞപ്രകാരം’ അമ്മായിഅമ്മയ്ക്കും നാത്തൂന്മാർക്കും പോലും സ്വർണം വാങ്ങിക്കൊടുത്ത ശേഷമായിരുന്നു കല്യാണം. ജീവിതം തുടങ്ങിയപ്പോൾത്തന്നെ പ്രശ്നങ്ങളായി. ഭർത്താവിന്റെ മദ്യപാനം, പരസ്ത്രീബന്ധങ്ങൾ, അതു ചോദ്യം ചെയ്താൽ അടി. രണ്ടു കുഞ്ഞുങ്ങളുമൊത്തു വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവർക്കു പുച്ഛം. ഒഹരിയായി കിട്ടിയ ഒറ്റമുറി കട ബാക്കിയുണ്ടായിരുന്നതു ഭാഗ്യം. സുരക്ഷിതമായി കഴിയാൻ സർക്കാർ അഭയകേന്ദ്രങ്ങളുണ്ടാകുന്നത് സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടും-അനിത സുധീർ, അഭിഭാഷക

സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ച മകൾക്കു നീതിതേടി സമരം നടത്തുന്ന അമ്മ. മകളെ കൊന്നവൻ സുഖിച്ചു ജീവിക്കുന്നുവെന്നു കരയുന്ന അച്ഛൻ– സ്ത്രീധന–ഗാർഹിക പീഡനങ്ങൾ തടയാൻ നിയമങ്ങൾ കർശനമാകണം. അതെക്കുറിച്ചു നാളെ. 

k-rekha-1248
കെ. രേഖ

തയാറാക്കിയത്: വിനീത ഗോപി, റോസമ്മ ചാക്കോ, സന്ധ്യ ഗ്രേസ്, രമ്യ ബിനോയ്,  ഗായത്രി മുരളീധരൻ, ടി.എസ്.ദിവ്യ, കെ.പി.സഫീന. സങ്കലനം: ഗായത്രി ജയരാജ്

Content Highlights: Suicide over dowry threats, series part 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com