കുരുക്കരുത് നിയമം

dowry
SHARE

ചെറിയ പ്രശ്നങ്ങൾ ഊതിപ്പെരുപ്പിക്കുന്നു എന്ന പരിഹാസങ്ങൾക്കു നടുവിലാണ് നീതി തേടുന്ന ഓരോ സ്ത്രീയും. അവളുടെ മുന്നിൽ പ്രതീക്ഷയായി സർക്കാരും പൊലീസും കോടതിയും മാത്രമേ ഉള്ളൂ. പക്ഷേ, നിയമങ്ങളുണ്ടെങ്കിലും പലപ്പോഴും അത് അവളുടെ സഹായത്തിന് എത്തുന്നില്ല. നമ്മുടെ സംവിധാനങ്ങൾ ഇക്കാര്യത്തിൽ മാറിയാലേ അവൾക്കു നീതി കിട്ടൂ.

2016: ഇരുപതുകാരി ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ആത്മഹത്യയെന്ന് ഭർത്താവ്, സ്ത്രീധനക്കൊലയെന്ന് അവളുടെ അമ്മ.

2018: സ്ത്രീധനത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ ആ അമ്മയുടെ സമരം. മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മിഷൻ – എല്ലാവരെയും സമീപിച്ചിട്ടും മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയില്ലാത്തതിന്റെ പ്രതിഷേധം.

2021: ഇപ്പോഴും ഒരു നടപടിയുമില്ല. കേസ് നീളുന്നു; നീതിയും.

26 വർഷമായി വീട്ടുജോലി ചെയ്യുന്ന ആ പാവം അമ്മ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു, മകളുടെ വിവാഹാവശ്യത്തിനെടുത്ത വായ്പകൾ അടച്ചു തീർക്കാൻ, കേസ് നടത്താൻ...

‘‘അവർ ചോദിച്ച ലക്ഷങ്ങളും ആഭരണവുമൊക്കെ കൊടുത്തു. പക്ഷേ, പിന്നെയും അവളെ ദ്രോഹിച്ചു. തുടർന്നു പഠിക്കാനോ ജോലിക്കു പോകാനോ അനുവദിച്ചില്ല. പിഎസ്‌സി ലിസ്റ്റിൽ വന്നതോടെ വലിയ പ്രതീക്ഷയിലായിരുന്നു അവൾ. കടയിൽ പോകുന്ന കാര്യം പറഞ്ഞ് അവളുടെ ഫോൺ വന്നതിനു തൊട്ടുപിന്നാലെ മരണവാർത്തയാണു കേട്ടത്. ആത്മഹത്യയല്ലെന്ന് 100% ഉറപ്പാണ്’’ – അമ്മ പറയുന്നു.

അന്വേഷിക്കാൻ പറഞ്ഞിട്ടും അനങ്ങാതെ 5 മാസം

ഭർത്താവിന്റെ പരസ്ത്രീ ബന്ധവും പീഡനങ്ങളും താങ്ങാനാകാതെ കുറിപ്പെഴുതി തിരുവനന്തപുരം സ്വദേശിനി(30) 2018ൽ ജീവനൊടുക്കി. പൊലീസിൽ ഏറെ സ്വാധീനമുള്ള വകുപ്പിൽ മിനിസ്റ്റീരിയൽ ജീവനക്കാരനായ ഭർത്താവിന് ഇതുവരെ ഒരു പോറൽ പോലുമേറ്റില്ല. പരസ്ത്രീ ബന്ധങ്ങളുടെ പേരിൽ ഭാര്യ ആത്മഹത്യ ചെയ്ത പ്രതി ഇപ്പോൾ ജോലി ചെയ്യുന്നതോ വനിതാ ബറ്റാലിയനിലും. വകുപ്പുതല നടപടി പോലും ഉണ്ടാകാത്തതുൾപ്പെടെ ചൂണ്ടിക്കാണിച്ച് യുവതിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി. സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശിച്ചിട്ട് 5 മാസം പിന്നിട്ടു. നടപടിയില്ലെന്നു മാത്രം.

സ്ത്രീധന നിരോധന ഓഫിസർ ഇല്ല!

സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും അതിനു പ്രേരിപ്പിക്കുന്നതുമെല്ലാം കുറ്റമാണ്. പക്ഷേ, വിവാഹസമയത്തു നൽകുന്ന സമ്മാനങ്ങൾക്ക് ഇളവുണ്ട്.

നിയമം നിലവിൽ വന്നിട്ട് 60 വർഷം കഴിഞ്ഞെങ്കിലും സമ്മാനം നൽകാമെന്ന വ്യവസ്ഥയുടെ മറവിൽ സ്ത്രീധനം നിർബാധം തുടരുന്നു. വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമായതിനാൽ പരാതികൾ കുറവ്.

സ്ത്രീധന നിരോധന ഓഫിസർ (ഡൗറി പ്രൊഹിബിഷൻ ഓഫിസർ) തസ്തിക നിലവിലില്ല. മേഖലാ തലത്തിൽ 3 തസ്തികകൾ ഉണ്ടായിരുന്നെങ്കിലും സാമൂഹികനീതി വകുപ്പിൽ നിന്നു വിഭജിച്ച് വനിതാ, ശിശു വികസന വകുപ്പ് ഉണ്ടാക്കിയപ്പോൾ അവ ഇല്ലാതായി. പരാതി വന്നാൽ വനിതാ, ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നതാണു നിലവിലെ രീതി.

ശ്രദ്ധേയമായി വിധി, പക്ഷേ...

സ്ത്രീധന കുറ്റകൃത്യങ്ങളിൽ കേസ് നടപടി ഫലപ്രാപ്തിയിലെത്തുക വിരളം. പരാതിക്കാർ തന്നെ പിന്മാറുന്ന സംഭവങ്ങളും ഏറെ.

എന്നിട്ടും പ്രതികളെ ശിക്ഷിച്ചതിലൂടെ ശ്രദ്ധേയമായി, 2005ൽ മാനന്തവാടി മജിസ്ട്രേട്ട് കോടതിയുടെ വിധി. നിശ്ചയത്തിനു ശേഷം സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ വിവാഹത്തിൽനിന്നു പിന്മാറിയ തിരുവല്ല സ്വദേശിക്കും പിതാവിനും 5 വർഷം തടവും 50,000 രൂപ വീതം പിഴയുമായിരുന്നു ശിക്ഷ. പക്ഷേ, പ്രതികൾ മേൽക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടി.

മരണങ്ങളിൽ സംഭവിക്കുന്നത്

ആത്മഹത്യയിലേക്കും അസ്വാഭാവിക മരണത്തിലേക്കും നയിച്ചതു സ്ത്രീധന പീഡനമാണെന്നു തെളിയിക്കുന്നത് പല കേസുകളിലും ദുഷ്കരമാണ്. ബിഎസ്‌സി ഒന്നാം റാങ്ക് നേടിയ ചെമ്പഴന്തി സ്വദേശിനി സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ചെന്ന കേസ് ഹൈക്കോടതിയിലാണ്. 2004ൽ 135 പവനും 3 ലക്ഷം രൂപയും നൽകിയായിരുന്നു വിവാഹം. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിച്ച് യുവതിയെ ആത്മഹത്യയിലേക്കു തള്ളിവിട്ടെന്ന (2008) കേസിൽ ഭർത്താവിനും അയാളുടെ അമ്മയ്ക്കും 9 വർഷം തടവും പിഴയും വിധിച്ചു. ഇതിനെതിരെ അവർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.

ഇതൊക്കെ എങ്ങനെ പറയാനാകുന്നു!!!

‘മാറാം, മുഹൂർത്തമായി ’ പരമ്പര വായിച്ച് മനോരമ ഓഫിസിലേക്ക് എത്തിയ ഫോൺ കോളുകളിൽ ചിലത് അമ്പരപ്പിക്കുന്നതാണ്. ചുരുക്കം ചില വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വനിതാ സെൽ ഓഫിസർമാർ എന്നിവരെക്കുറിച്ചായിരുന്നു പരാതി.

∙അടികൊണ്ടു മടുത്തപ്പോൾ, ‘ഇനി തൊട്ടാൽ വിവരമറിയും’ എന്നു ഭർത്താവിനോടു പ്രതികരിച്ച സ്ത്രീയോട് ഓഫിസർ:

അങ്ങനെയൊക്കെ പറഞ്ഞിട്ട് നിങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ. ഭർത്താവായാൽ ഒന്നോ രണ്ടോ അടിയൊക്കെ സാധാരണമാണ്. ഒരു അടി കിട്ടുമ്പോഴേ ആരെങ്കിലും ഇങ്ങോട്ട് ഓടി വരുമോ?

∙ ‘എന്റെ അച്ഛനമ്മമാരെ ഭർത്താവ് എപ്പോഴും പരിഹസിക്കുന്നു’ എന്നു പറഞ്ഞ സ്ത്രീയോട്:

എന്റെ ഭർത്താവ് എന്റെ വീട്ടുകാരെപ്പറ്റി എന്തൊക്കെ പറയുന്നു. അത് ആണുങ്ങളുടെ സ്വഭാവമാണ്.

∙ ഭാര്യയ്ക്കു രുചിയോടെ വച്ചുവിളമ്പാൻ അറിയാത്തതാണു പ്രശ്നമെന്നു ഭർത്താവ് പരാതിപ്പെട്ടപ്പോൾ, ഭാര്യയോട്:

ശരിയാണോ? അവിയൽ, മീൻകറി, തോരൻ, ചമ്മന്തി – എങ്ങനെ ഉണ്ടാക്കും? പെട്ടെന്നൊന്നു പറഞ്ഞേ.

∙ ഇനിയും പീഡനം സഹിക്കാൻ വയ്യെന്നു പറഞ്ഞ സ്ത്രീയോട്:

കുറെയൊക്കെ ക്ഷമിക്കണം. കുട്ടികളെ തന്നെ വളർത്താൻ പറ്റുമോ? ഇങ്ങനെയൊക്കെ പരാതിപ്പെട്ടു നടന്നിരുന്ന എത്രയോ പേർ ഇപ്പോൾ കുടുംബമായി ജീവിക്കുന്നു. വയസ്സാകുമ്പോൾ ആണുങ്ങളുടെ ദേഷ്യമൊക്കെ കുറയും.

(അർപ്പണമനോഭാവത്തോടെയും സഹാനുഭൂതിയോടെയും പ്രവർത്തിക്കുന്ന ഭൂരിഭാഗം ഓഫിസർമാരെ മറക്കുന്നില്ല.)

പ്രതീക്ഷ പ്രത്യേക കോടതിയിൽ

5 വർഷത്തിനിടെ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ കണക്കെടുത്താൽ ഓരോ വർഷവും സംസ്ഥാനത്തു വിചാരണ പൂർത്തിയാകാതെ ബാക്കിയാകുന്നത് 60,000നു മുകളിൽ കേസുകളാണ്. ഇതിൽ അൽപം കുറവുണ്ടായതു 2017ൽ മാത്രമാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ടു പ്രത്യേക കോടതികൾ അനുവദിക്കുന്നതു പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലാണ് ഇനി പ്രതീക്ഷ.

ജീവിതം വഴിമുട്ടിയെന്ന നിരാശയിൽനിന്ന് തലയുയർത്തി മുന്നോട്ടു നടക്കാൻ പെൺകുട്ടികൾക്ക് തുടർവിദ്യാഭ്യാസവും സ്കിൽ ട്രെയിനിങ്ങും നൽകുന്ന കമ്യൂണിറ്റി കോളജിന് കൊച്ചിയിൽ കൾചറൽ അക്കാദമി ഫോർ പീസ് എന്ന എൻജിഒ തുടക്കമിട്ടതും പ്രതീക്ഷയാകുന്നു.

തീർപ്പാക്കാതെ 11,187 കേസ്

വനിതാ കമ്മിഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകൾ. തീർപ്പാക്കിയത് 46% മാത്രം. 2017 മേയ് 22 മുതൽ 2021 ഫെബ്രുവരി 12 വരെ 22,150 കേസുകൾ റജിസ്റ്റർ ചെയ്തതിൽ 10,263 എണ്ണമാണു തീർപ്പാക്കിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസ്.

സർക്കാർ ഓഫിസുകളിൽ സ്ത്രീകൾ നേരിട്ട അപമാനം സംബന്ധിച്ചു റജിസ്റ്റർ ചെയ്ത 100 കേസിൽ തീർപ്പാക്കിയത് 38 എണ്ണം മാത്രം. ഇടതുപക്ഷ അനുഭാവികളായ ജീവനക്കാർക്കെതിരെയുള്ള കേസുകളിൽ ബോധപൂർവമായ മെല്ലെപ്പോക്കുണ്ടെന്നും ആരോപണമുയരുന്നു.

ചിലപ്പോൾ നീതിയുടെ വെട്ടം

സ്ത്രീധന പീഡനത്തിനു തെളിവില്ലെന്നു പറഞ്ഞ് സെഷൻസ് കോടതി വിട്ടയച്ച ഭർത്താവിനെ ഹൈക്കോടതി 7 വർഷം തടവിനു ശിക്ഷിച്ചതും സുപ്രീംകോടതി അതു ശരിവച്ചതുമാണു നിയമപുസ്തകങ്ങളിൽ ‘രാജയ്യൻ കേസി’ന് ഇടം നേടിക്കൊടുത്തത്. തിരുവനന്തപുരം ജില്ലയിലെ രാജയ്യന്റെ ഭാര്യ സനൽകുമാരി കിണറ്റിൽ ചാടി മരിച്ചതാണു കേസ്. 20 സെന്റും 20 പവനും നൽകിയതു പോരെന്നു പറഞ്ഞായിരുന്നു പീഡനം.

മരണത്തിന് ഒരു വർഷം മുൻപുവരെ സ്ത്രീധനം ചോദിച്ചിട്ടുണ്ടെങ്കിലും അതുകഴിഞ്ഞ് ചോദിച്ചതിനു തെളിവില്ലെന്നു നിരീക്ഷിച്ചാണ് ആദ്യം പ്രതിയെ വിട്ടയച്ചത്. സർക്കാരും യുവതിയുടെ അമ്മയും അപ്പീൽ നൽകി. വിവാഹത്തിനു മുൻപു സ്ത്രീധനം ചോദിച്ചതും മനസ്സമ്മതത്തിന്റെ അന്ന് പ്രതിയുടെ പേരിൽ ഭൂമി റജിസ്റ്റർ ചെയ്തു നൽകിയതും ഹൈക്കോടതിയും സുപ്രീംകോടതിയും കണക്കിലെടുത്തു.

ഇതും കേരളത്തിൽത്തന്നെ

4 വർഷം മുൻപ് തിരുവനന്തപുരം കുടുംബക്കോടതിയിൽ എത്തിയ കേസ്:

ഭാര്യ ആയുർവേദ ഡോക്ടർ, ഭർത്താവ് ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ. നിറയെ ആഭരണമിട്ട്, മരഉരുപ്പടികളും പാത്രങ്ങളുമൊക്കെയായിട്ടായിരുന്നു വധുവിന്റെ ഗൃഹപ്രവേശം. ഭർത്താവിന്റെ വീട്ടിൽ എത്തിയതു മുതൽ വീട്ടുജോലിയോടു ജോലി. ആർത്തവകാലത്ത്, ശുചിമുറിക്കു പുറത്തു വിരിച്ചിട്ട പായയിൽ തടങ്കൽ ജീവിതം.

ഓരോ വിശേഷത്തിനും സമ്മാനമായി സ്വർണമെത്തണം. കിട്ടിയതൊന്നും പോരെന്നു സദാ കുത്തു വർത്തമാനം. ഒരിക്കൽ ആർത്തവകാലത്ത്, കുഞ്ഞിനെ മുലയൂട്ടി തളർന്നപ്പോൾ പാതിരാത്രി അടുക്കളയിലെ ടാപ്പ് തുറന്ന് അൽപം വെള്ളം കയ്യിലെടുത്തു കുടിച്ചു. ഇതു കണ്ടെത്തിയ ഭർത്താവ് അടിയോടടി. അവൾ ഇങ്ങനെയൊക്കെ ചെയ്തേക്കുമെന്ന് അമ്മ മുന്നറിയിപ്പു കൊടുത്തിരുന്നതിനാൽ അയാൾ ജാഗ്രത പാലിച്ചിരുന്നത്രേ. 

പിറ്റേന്നു യുവതിയുടെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടു പോകാൻ എത്തി. അന്നു ചൊവ്വാഴ്ച ആയതിനാൽ പോകാൻ പറ്റില്ലെന്നു ഭർത്താവ്. ബഹളം തീർക്കാനെത്തിയ പൊലീസും പറഞ്ഞു, ആചാരം ലംഘിക്കേണ്ട! കൈക്കുഞ്ഞുമായി ഹാളിൽ യുവതിയും മാതാപിതാക്കളും ആ ദിവസം കഴിച്ചുകൂട്ടി പിറ്റേന്നാണു വീട്ടിലേക്കു പോയത്. സ്ത്രീധന പീഡന, വിവാഹമോചന കേസ് ഇപ്പോഴും തുടരുകയാണ്.

 (പരമ്പര അവസാനിച്ചു)

തയാറാക്കിയത്: വിനീത ഗോപി, റോസമ്മ ചാക്കോ, സന്ധ്യ ഗ്രേസ്, രമ്യ ബിനോയ്,  ഗായത്രി മുരളീധരൻ, ടി.എസ്.ദിവ്യ, കെ.പി.സഫീന. സങ്കലനം: ഗായത്രി ജയരാജ്

സ്ത്രീധന – ഗാർഹിക പീഡനങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതു സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും വാട്സാപ് സന്ദേശമായി അറിയിക്കാം:  9846095628

English Summary: Dowry cases in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA