ADVERTISEMENT

ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്, ജയിൽവാസം, ജാമ്യനിഷേധം, കോവിഡ് ബാധ, ഒടുവിൽ മരണം... ഈ മാനുഷിക ദുരന്തത്തിൽ അസാധാരണമായിട്ടുള്ളത് അത് സ്റ്റാൻ സ്വാമിക്കോ, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലാകുന്നവർക്കോ മാത്രം സംഭവിക്കാവുന്ന കാര്യമല്ല എന്നതാണ്. ലോകത്തെവിടെയും സർക്കാരിന് അപ്രിയമുള്ള നിരപരാധികളായ സാധാരണക്കാർക്കും ഇത്തരം സന്ദർഭങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഭരണകൂടങ്ങൾ ആധുനിക വിവരസാങ്കേതികവിദ്യ നിസ്സഹായരായ പൗരന്മാരുടെമേൽ ഉപയോഗിക്കാൻ മടിക്കുന്നില്ല.

ഇസ്രയേലിലെ സൈബർ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ്, ചാരപ്രവൃത്തിക്ക് ഉപയോഗിക്കുന്ന ‘പെഗാസസ്’ എന്ന സോഫ്റ്റ്‌വെയർ (സ്പൈവെയർ) ഭരണകൂടങ്ങൾക്കു മാത്രമേ വിൽക്കുകയുള്ളൂ. ഏതൊക്കെ സർക്കാരുകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്ന വിവരം രഹസ്യമാണ്. പൗരന്മാരെ നിരീക്ഷിക്കാൻ ചില ഗൾഫ് രാജ്യങ്ങളടക്കം ഇത് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ട് ഇസ്രയേലി ദിനപത്രം ‘ഹആരറ്റ്സ്’ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്രയേലിൽത്തന്നെ മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും നീക്കങ്ങൾ ഈ സ്പൈവെയറിലൂടെ അവിടത്തെ സർക്കാർ മനസ്സിലാക്കുന്നുവെന്ന റിപ്പോർട്ടും വന്നു.

ഫോണിലോ കംപ്യൂട്ടറിലോ കയറിപ്പറ്റിയാൽ പെഗാസസിന് ടെക്സ്റ്റുകളും മെയിലുകളും വായിക്കാം, ഫോൺവിളി ശ്രദ്ധിക്കാം, സ്ക്രീൻഷോട്ട് എടുക്കാം, ലൊക്കേഷൻ മനസ്സിലാക്കാം, വാട്സാപ്, ഫെയ്സ്ബുക് ഉൾപ്പെടെ ആപ്പുകളിൽനിന്നു വിവരങ്ങൾ ചോർത്താം. ലോകമെമ്പാടുമുള്ള അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, മറ്റു പ്രമുഖർ എന്നിവരുടെ ജീവൻതന്നെ ‘പെഗാസസ്’ അപകടത്തിൽപെടുത്തിയിട്ടുണ്ട്. ആംനെസ്റ്റി ഇന്റർനാഷനലിന്റെ 2020ലെ റിപ്പോർട്ട് അനുസരിച്ച്, ഫാ. സ്റ്റാൻ സ്വാമി പ്രതിയായിരുന്ന ഭീമ കൊറേഗാവ് കേസിലുൾപ്പെട്ട 9 മനുഷ്യാവകാശപ്രവർത്തകരുടെ കംപ്യൂട്ടറുകളിൽ ‘പെഗാസസ്’ പ്രയോഗിച്ചിട്ടുണ്ട്.

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് തുടങ്ങുന്നത് 2018 ജൂണിലാണ്. തുടർന്ന് അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകരുടെ ലാപ്ടോപ്പുകളിൽ കണ്ടെത്തിയ മെയിലുകളിൽ നിന്നാണെന്നു പറഞ്ഞ് സംഭ്രമജനകമായ വാർത്തകൾ പൊലീസ് അവർക്കു പ്രിയപ്പെട്ട മാധ്യമങ്ങൾക്കു ചോർത്തിക്കൊടുക്കാൻ തുടങ്ങി. അതിൽ ഏറ്റവും ഞെട്ടിക്കുന്നത് പ്രധാനമന്ത്രിക്കെതിരെ വധശ്രമം ആസൂത്രണം ചെയ്യുന്നതിനെപ്പറ്റിയായിരുന്നു. പ്രതികൾക്ക് മാവോയിസ്റ്റ് ഗറില്ലകളുമായി ബന്ധമുണ്ടെന്നു വരുത്തിത്തീർക്കുകയായിരുന്നു ഈ ചോർത്തലുകളുടെ ഉദ്ദേശ്യം. കാട്ടിലെ മാവോയിസ്റ്റുകളെ സഹായിക്കാൻ നഗരങ്ങളിൽ ‘അർബൻ നക്സലുകൾ’ ഉണ്ടെന്ന് പൊലീസും ചില ടിവി ചാനലുകളും ആവർത്തിച്ചു പറഞ്ഞു. തുടർന്ന് സുധാ ഭരദ്വാജ്, റോണ വിൽസൺ, ആനന്ദ് തെൽതുംബ്ഡെ തുടങ്ങിയ പ്രമുഖരും അറസ്റ്റിലായി.

പ്രധാനമന്ത്രിക്കെതിരെ വധശ്രമം ആസൂത്രണം ചെയ്തെന്ന ഗൗരവമേറിയ കുറ്റമാണെങ്കിലും കേസ് ചലനമറ്റു കിടക്കുകയാണ്. കുറ്റം കോടതിക്കു ബോധ്യപ്പെടുക എന്ന പ്രക്രിയയ്ക്കു ശേഷമാണു കുറ്റപത്രം സമർപ്പിക്കുക. അതിനുശേഷമാണു വിചാരണ. ഈ കേസിൽ ഈ വക കാര്യങ്ങളൊന്നും നടന്നിട്ടില്ല.

ns-madhavan
എൻ.എസ്. മാധവൻ

രണ്ടു വർഷത്തെ പരിശ്രമത്തിനുശേഷം കേസിനാസ്പദമായ രേഖകളും ഇ–മെയിലുകളും അടങ്ങുന്ന ഹാർഡ് ഡിസ്ക് പ്രതിഭാഗത്തിനു ലഭിച്ചു. അവരത് അമേരിക്കൻ ബാർ അസോസിയേഷൻ വഴി, ഡിജിറ്റൽ കുറ്റങ്ങൾ കണ്ടുപിടിക്കുന്നതിൽ പ്രസിദ്ധരായ യുഎസിലെ ആർസനൽ കൺസൽറ്റിങ് എന്ന കമ്പനിക്ക് അയച്ചു. ഭീമ കൊറേഗാവ് കേസിലെ പ്രതികളുടെ കംപ്യൂട്ടറുകളിൽ രണ്ടു വർഷമായി സൈബർ അക്രമികൾ കപടരേഖകളും മറ്റും സ്ഥാപിച്ചുകൊണ്ടിരിക്കുന്നതായാണ് ആർസനൽ കൺസൽറ്റിങ് കണ്ടെത്തിയത്. അറസ്റ്റ് നടക്കുന്നതിനു 2 ദിവസം മുൻപുവരെ ഈ കംപ്യൂട്ടറുകളിൽ സൈബർ ആക്രമണം നടന്നു.

ജോർജ് ഓർവെല്ലിന്റെ പ്രസിദ്ധമായ നോവൽ ‘1984’ൽ, ഭരണകൂടം എല്ലാം നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ‘വല്യേട്ടൻ’ ആയിരുന്നു. ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണം ഓർമിപ്പിക്കുന്നത് ഇപ്പോൾ വല്യേട്ടൻ കൂടുതൽ ശക്തനായിരിക്കുന്നു എന്നാണ്. കയ്യിൽ ആധുനിക സാങ്കേതികവിദ്യ കൂടിയുണ്ട്.

തിരശീലയിൽ ജീവിച്ച ദിലീപ് കുമാർ

സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഹിന്ദി സിനിമയെ നിർവചിക്കുകയും അതിനു അഖിലേന്ത്യാതലത്തിൽ കാണികളുണ്ടാക്കുകയും ചെയ്തത് പ്രധാനമായും മൂന്ന് അഭിനേതാക്കളാണ്: ദിലീപ് കുമാർ, രാജ് കപൂർ, ദേവ് ആനന്ദ്. ദിലീപ് കുമാർ ഘനഗംഭീരനായിരുന്നു; ശബ്ദവും ആംഗ്യങ്ങളും പൂർണനിയന്ത്രണത്തോടെ അവതരിപ്പിച്ചു. തിരശീലയിൽ കഥാപാത്രമായി ജീവിക്കാൻ റഷ്യൻ സംവിധായകൻ സ്റ്റാനിസ്ലാവ്സ്കിയുടെ ‘മെത്തേഡ് ആക്ടിങ്’ പരിശീലിച്ചു. രാജ് കപൂർ സ്വതന്ത്ര ഇന്ത്യയുടെ ശുഭപ്രതീക്ഷകൾക്കും ന്യായബോധത്തിനും ചലച്ചിത്രവ്യാഖ്യാനങ്ങൾ ചമച്ചു. നിത്യഹരിതനായകനായിരുന്ന ദേവ് ആനന്ദ് ഇന്ത്യക്കാരുടെ കാൽപനികസ്വപ്നങ്ങൾ സിനിമയിലൂടെ സാക്ഷാത്കരിച്ചു. ഈ മൂന്നുപേരും സിനിമയിൽ സ്ഥാനമുറപ്പിക്കുന്ന 1940കളിൽ ഹിന്ദി സിനിമയും മറ്റു ഭാഷാ സിനിമകളും അവിടങ്ങളിൽ നിലനിന്നിരുന്ന ശക്തമായ നാടകപാരമ്പര്യത്തിന്റെ പിടിയിലായിരുന്നു. സിനിമയെ അതിൽനിന്നു മോചിപ്പിക്കുന്നതിൽ ഈ മൂന്നുപേരും വലിയ പങ്കു വഹിച്ചു.

ഈ മൂന്നു പേരും ജനിച്ചത് അവിഭക്ത ഇന്ത്യയിലാണ്. അവരുടെ ജന്മസ്ഥലങ്ങൾ ഇപ്പോൾ പാക്കിസ്ഥാനിലാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ആ വിഭജനത്തിൽ രാജ് കപൂറും ദേവ് ആനന്ദും ബോംബെയിൽ തുടർന്നു. എന്നാൽ മുഹമ്മദ് യൂസഫ് ഖാൻ എന്ന പേരുള്ള ദിലീപ്കുമാറിനു ഇന്ത്യയിൽ തുടരാൻ ബോധപൂർവമായ തീരുമാനം തന്നെ എടുക്കേണ്ടി വന്നു. 1944ൽ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ യൂസഫ് ഖാൻ എന്ന പേര് കാണികൾക്ക് ഇഷ്ടപ്പെടില്ല എന്ന് പുതുമുഖനടനോടു പറഞ്ഞത് അന്നത്തെ പ്രസിദ്ധ അഭിനേത്രി ദേവിക റാണിയാണ്. വാസുദേവ്, ജഹാംഗീർ, ദിലീപ്കുമാർ എന്നീ 3 പേരുകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാൻ ദേവിക റാണി നിർദേശിച്ചു എന്നാണു കഥ.

dilip

വിഭജനത്തിനുശേഷം പ്രസിദ്ധ ഗായിക നൂർജഹാൻ പാക്കിസ്ഥാനിലേക്കു പോയി. മുഹമ്മദ് റഫി ഇന്ത്യയിൽ തുടർന്നു. പ്രസിദ്ധ ഉറുദു എഴുത്തുകാരൻ സാദത്ത് ഹസൻ മന്റോ പാക്കിസ്ഥാനിലേക്കു പോയി. അങ്ങനെ ഇരു രാജ്യങ്ങളിലെ കലാസാംസ്കാരികരംഗങ്ങളിൽ 1970കൾ വരെ നിറഞ്ഞുനിന്ന ഒരു പറ്റം അതികായർ അങ്ങോട്ടോ ഇങ്ങോട്ടോ യാത്ര ചെയ്തു. ആ തലമുറ അവസാനിക്കുകയാണെന്ന് ഓർമിപ്പിച്ചുകൊണ്ട് അടുത്ത ദിവസങ്ങളിൽ രണ്ടുപേർ നമുക്കു നഷ്ടപ്പെട്ടു: ദിലീപ് കുമാറും ഇന്ത്യയിലെ ആദ്യത്തെ വലിയ കായികതാരമായിരുന്ന മിൽഖാ സിങും.

ദിലീപ്കുമാറിനെ ഹിന്ദിസിനിമയിലെ ഏറ്റവും വലിയ താരമാക്കുന്നത് ‘മുഗൾ-ഇ-അസം’ ആണ്. ആ സിനിമയിലെ മുഖ്യതാരം അദ്ദേഹം ആയിരുന്നില്ല, പൃഥ്വിരാജ് കപൂർ ആയിരുന്നു. ബോംബെയിലെ പാഴ്സി നാടകവേദികളെ ഓർമിപ്പിക്കുന്ന രീതിയിൽ അതിഭാവുകത്വം കലർന്ന അഭിനയശൈലിയുമായി പൃഥ്വിരാജ് കപൂർ ഒരു ഭാഗത്ത്, മറുഭാഗത്ത് മിതത്വം കൈവിടാതെ ദിലീപ്കുമാർ. 

മുഗൾ-ഇ-അസത്തിനു ശേഷവും ഈ വൈരുധ്യം ഇന്ത്യയിലെ സിനിമകളിൽ തുടരുന്നു; ഇപ്പോൾ മിക്ക അഭിനേതാക്കളും ദിലീപ്കുമാറിന്റെ വഴിയിലൂടെയാണു സഞ്ചരിക്കുന്നത്.

സ്കോർപ്പിയൺ കിക്ക്:

ഐഎസ്ആർഒ ചാരക്കേസിൽ താൻ നടത്തിയ അറസ്റ്റ് ഐബിയുടെ നിർദേശം അനുസരിച്ചെന്ന് കോടതിയിൽ സിബി മാത്യൂസ്.

കേരള പൊലീസ് അന്ന് ഐബിയുടെ നിയന്ത്രണത്തിലായിരുന്നോ?

English Summary: Fr Stan Swamy demis and spy work of Govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com