ADVERTISEMENT

നന്മയും മനുഷ്യത്വവും മറന്നുപോകുന്നതാണ് ഈ കാലമെന്നു പറയുമ്പോഴും നമുക്കൊപ്പമുള്ള എത്രയോ പേർ സ്വയം കാരുണ്യത്തിന്റെ വിളംബരമായിത്തീരുന്നതു നാം കാണുന്നു. കോവിഡ് എന്ന മഹാമാരി ലോകത്തോടൊപ്പം കേരളത്തെയും അതിസങ്കീർണ സാഹചര്യത്തിലേക്കു കൊണ്ടുപോകുമ്പോൾ, എത്രയോ ജീവിതങ്ങൾ ആശയറ്റു വഴിമുട്ടിനിൽക്കുമ്പോൾ, പ്രത്യാശയും ആത്മവിശ്വാസവും നൽകുന്ന വാർത്തകൾക്കു മൂല്യമേറെയാണ്.

ഈയിടെ കേരളം കേട്ടൊരു നല്ല വാർത്തയിൽനിന്ന് അതുകൊണ്ടുതന്നെ നന്മയുടെ പരിമളം പരക്കുന്നു. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന ഗുരുതരരോഗം ബാധിച്ച, കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് എന്ന ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്കായി കൈകോർത്തവർ 7 ദിവസംകൊണ്ടു സമാഹരിച്ച 18 കോടി രൂപ കരുണയുടെ കടൽവലുപ്പമാണു നമ്മെ അറിയിച്ചത്.

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളിലൊന്നായ സോൾജെൻസ്മ ലഭ്യമാക്കാൻ വേണ്ടിയായിരുന്നു ഈ കൈകോർക്കൽ. ഈ മരുന്ന് ഒറ്റത്തവണ ഉപയോഗിച്ചാൽ മതി. പേശികൾക്കു ബലക്ഷയം സംഭവിക്കുന്ന ജനിതകരോഗമാണ് മുഹമ്മദിന്. ഇതേ രോഗം ബാധിച്ചു തളർന്നുപോയ, സഹോദരി അഷ്റഫയുടെ ശബ്ദസന്ദേശമാണ് മുഹമ്മദിനു വേണ്ടിയുള്ള സ്നേഹപ്രവാഹത്തിനു തുടക്കം കുറിച്ചത്. കുടുംബത്തിനു താങ്ങാവുന്നതായിരുന്നില്ല മരുന്നിന്റെ വില. എന്നാൽ, 18 കോടി എന്ന മാന്ത്രികസംഖ്യ ലോക മലയാളികൾ ചേർന്നു സ്വരുക്കൂട്ടി നൽകിയപ്പോൾ കേരളത്തിൽ പുതിയൊരു ചരിത്രംകൂടിയാണു പിറന്നത്.

രക്ഷിതാക്കളുടെ കൂട്ടായ്മയിൽ റജിസ്റ്റർ ചെയ്തതുപ്രകാരം, എസ്എംഎ രോഗം ബാധിച്ച് കേരളത്തിൽ 112 പേരുണ്ടെന്നുള്ള കഠിനയാഥാർഥ്യംകൂടി നമുക്കു മുന്നിലുണ്ട്. ഇതുവരെ ചികിത്സ ലഭിക്കാത്ത എഴുപതോളം കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടുന്നു. സോൾജെൻസ്മ ജീൻ തെറപ്പി അടക്കമുള്ള ചികിത്സ എസ്എംഎ രോഗികൾക്കു ലഭ്യമാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാണു രക്ഷിതാക്കളുടെ ആവശ്യം.

മലപ്പുറം പെരിന്തൽമണ്ണയിലെ ഇമ്രാൻ മുഹമ്മദും നാടിന്റെ സ്നേഹം കലർന്ന കരുതലിനായി കാത്തിരിക്കുകയാണ്. എസ്എംഎ ബാധിച്ച ഇമ്രാനു 6 മാസമാണു പ്രായം. ഇമ്രാന്റെ സഹോദരൻ നേരത്തേ സമാന രോഗം വന്നു മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിയുന്ന ഇമ്രാന്റെ ചികിത്സ സംബന്ധിച്ച് വിദഗ്ധ ഡോക്ടർമാരുടെ സമിതി എത്രയുംവേഗം റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്. ഇമ്രാന്റെ ജീവൻ രക്ഷിക്കാൻ മരുന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ ലഭ്യമാക്കാനും സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചിരുന്നു.

ഇതിനുമുൻപും പാവപ്പെട്ട വൃക്കരോഗിക്കു വേണ്ടിയോ കരൾരോഗിക്കു വേണ്ടിയോ കേരളീയ ഗ്രാമങ്ങൾ ഒരുമയുടെ കൈക്കുമ്പിളിൽ മണിക്കൂറുകൾ കൊണ്ടു ലക്ഷങ്ങൾ സമാഹരിച്ചിട്ടുണ്ട്. രാഷ്ട്രീയ, ജാതിമത ഭേദമില്ലാതെ ഏറ്റെടുക്കുന്ന ജീവകാരുണ്യമുന്നേറ്റങ്ങളിലൂടെ ആ ഗ്രാമങ്ങൾ കേരളത്തിനുതന്നെ മാതൃകയായി മാറിയിട്ടുമുണ്ട്. മനസ്സിൽ രോഗികൾക്കുവേണ്ടിയുള്ള സൗഖ്യപ്രാർഥനകളോടെയാണ് ഇങ്ങനെയുള്ള കൂട്ടായ്മകളൊക്കെ പണം സ്വരൂപിക്കുന്നത്; ഒരുമയുടെ കൈക്കുമ്പിൾ നിറയ്ക്കുന്ന ക്ലേശയജ്ഞങ്ങളിൽ അവർ തളരാതെയും തോൽക്കാതെയുമിരിക്കുന്നതു മഹനീയ സ്നേഹം വഴികാണിക്കുന്നതു കൊണ്ടും.

പങ്കിടൽ എന്ന വാക്കിനു ജീവിതത്തോളം മൂല്യമുണ്ടാവുന്ന കാലമാണിത്. എല്ലാവരും പലവിധ കഷ്ടപ്പാടുകളിൽപെട്ട് ഉഴറുന്ന കോവിഡ് കാലത്തു പങ്കുവയ്ക്കലിനും മറ്റൊരാളുടെ കഷ്ടപ്പാടറിഞ്ഞുള്ള കരുതലിനുമുള്ള മൂല്യമേറെയാണ്. ദിവസവരുമാനം പോലും ഇല്ലാതെ അയലത്തു പട്ടിണി കിടക്കുന്നവർ ഉണ്ടെന്നറിഞ്ഞ് ഉള്ള ഭക്ഷണം പങ്കിടുന്നവരും വിഷമിക്കുന്നവരുടെ ബുദ്ധിമുട്ടു തിരിച്ചറിഞ്ഞ് മറ്റു സഹായങ്ങൾ നൽകുന്നവരും ഈ രോഗകാലത്തെ നിസ്വാർഥ സ്നേഹത്തിന്റെ പ്രകാശകാലമാക്കി മാറ്റുന്നു.

നിരാശ്രയരിൽ പ്രതീക്ഷയുടെ ഒരു പുഞ്ചിരി പടർത്തുമ്പോൾ, അതിനായി ആയിരമായിരം മനസ്സുകൾ ഒരുമിക്കുമ്പോൾ പുതിയൊരു സമൂഹനിർമിതിതന്നെയാണു സാധ്യമാവുന്നത്. നന്മയുടെ തുടിപ്പുകൾ അറിയിക്കുന്ന കരുണാവഴികളിൽനിന്ന് ഇങ്ങനെയുള്ള നല്ല വാർത്തകൾ ഇനിയും നാം കേട്ടുകൊണ്ടേയിരിക്കട്ടെ. അഭിനന്ദനവാക്കുകൾക്കു പകരം, ഈ സുമനസ്സുകൾ കാണിക്കുന്ന മാതൃകകളുടെ സ്നേഹാവർത്തനങ്ങൾ കൊണ്ടാവണം നാം ഇവരെ അഭിവാദ്യം ചെയ്യേണ്ടത്.

English Summary: Kerala family crowdfunds for child treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com