രാജ്യദ്രോഹമാകുന്ന സർക്കാർദ്രോഹം

sedition
പ്രതീകാത്മക ചിത്രം
SHARE

രാജ്യദ്രോഹക്കുറ്റം ചുമത്തി ആളുകളെ അറസ്റ്റ് ചെയ്തു ജയിലിലാക്കുന്ന കാലമാണിത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 124 (എ) വകുപ്പിൽ പറഞ്ഞിരിക്കുന്ന ‘സെഡിഷൻ’ എന്ന കുറ്റകൃത്യത്തെയാണു പൊതുവേ രാജ്യദ്രോഹമെന്നു വിളിക്കുന്നത്. രാജ്യദ്രോഹം രാജ്യത്തിനെതിരെയുള്ള പ്രവർത്തനമാണ്. എന്നാൽ ഈ വകുപ്പ്, സർക്കാരിനെതിരെ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന വിമർശനങ്ങളെയാണ് സെഡിഷൻ അഥവാ രാജ്യദ്രോഹമെന്ന് ഉദ്ദേശിക്കുന്നത്; രാജ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങളെയല്ല. അതുകൊണ്ട് രാജ്യദ്രോഹമെന്നതു തെറ്റായ പ്രയോഗമാണ്. വേണമെങ്കിൽ സർക്കാർദ്രോഹമെന്നോ മറ്റോ വിളിക്കാം.

സർക്കാരിനെതിരെ ജനങ്ങളിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ, ലേഖനങ്ങൾ, കാർട്ടൂണുകൾ, ആംഗ്യഭാഷയിലുള്ള പ്രസംഗങ്ങൾ തുടങ്ങിയവ ഈ നിയമമനുസരിച്ചു കുറ്റകൃത്യങ്ങളാണ്. 1870ൽ ഐപിസിയിൽ ഉൾപ്പെടുത്തിയ ഈ നിയമം ബ്രിട്ടിഷ് ഭരണകൂടത്തെ വിമർശിക്കുന്ന ഇന്ത്യക്കാരെ നിശ്ശബ്ദരാക്കാൻ വേണ്ടിയുള്ളതായിരുന്നു. അന്നത്തെ വൈസ്രോയിയുടെ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ എന്നറിയപ്പെടുന്ന സഭയാണ് ഇതു പാസാക്കിയത്. ഈ സഭയിൽ അഞ്ചോ ആറോ ഇംഗ്ലിഷുകാർ മാത്രമാണുണ്ടായിരുന്നത്. സർ ജയിംസ് സ്റ്റീഫൻ എന്ന ഇംഗ്ലിഷുകാരൻ സഭയിൽ ബിൽ അവതരിപ്പിച്ച് നിയമത്തിന്റെ വ്യാപ്തിയെക്കുറിച്ചു വിശദീകരിച്ചു. ഒരാളുടെ മുഖഭാവം കണ്ടാൽ അയാൾ രാജ്യദ്രോഹപ്രവണതയുള്ള ആൾ ആണോ അല്ലയോ എന്നു മനസ്സിലാക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ മുഖഭാവം നോക്കി അറസ്റ്റ് ചെയ്യാവുന്ന ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ശിക്ഷ ജീവപര്യന്തം നാടുകടത്തലായിരുന്നു. എന്നാൽ സ്വാതന്ത്ര്യം കിട്ടിയശേഷം സർക്കാർ അതു ജീവപര്യന്തം തടവെന്നു മാറ്റിയെടുത്തു. പക്ഷേ, നിയമം പിൻവലിച്ചില്ല.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആദ്യത്തെ ഇന്ത്യൻ നേതാവ് ബാലഗംഗാധര തിലകനാണ്. 1897ൽ അദ്ദേഹത്തിനെതിരെ കേസ് ചാർജ് ചെയ്തു. പിന്നീട് 1908ൽ അദ്ദേഹത്തിനുമേൽ ഇതേ കുറ്റം ചുമത്തി ആറു വർഷത്തേക്കു ശിക്ഷിച്ചു. തിലകന്റെ കേസ് വാദിച്ച അഭിഭാഷകർ സർക്കാരിനെതിരായ വെറും വിമർശനം രാജ്യദ്രോഹമല്ലെന്നും അക്രമത്തിനു കാരണമാകുമ്പോൾ മാത്രമേ രാജ്യദ്രോഹമായി കണക്കാക്കാൻ പറ്റുകയുള്ളൂവെന്നും വാദിച്ചു. എന്നാൽ ബോംബെ ഹൈക്കോടതി അതംഗീകരിച്ചില്ല. തിലകന്റെ കേസ് വിചാരണ നടത്തിയ ആർതർ സ്ട്രാച്ചി എന്ന ഇംഗ്ലിഷുകാരൻ ജഡ്ജി ജൂറിക്കു നൽകിയ നിർദേശങ്ങളിൽ പറഞ്ഞത് ഇന്ത്യൻ ശിക്ഷാനിയമത്തിൽ പറഞ്ഞിരിക്കുന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ നിർവചനത്തിൽ അക്രമം എന്ന വാക്കേയില്ലെന്നും അതുകൊണ്ട് അക്രമവാസനയുള്ള വിമർശനങ്ങൾ മാത്രമേ രാജ്യദ്രോഹമാകൂവെന്നു പറയുന്നതു തെറ്റാണെന്നുമാണ്. സ്ട്രാച്ചിയുടെ അഭിപ്രായം പ്രിവി കൗൺസിൽ ശരിവച്ചു. 1922ൽ മഹാത്മാഗാന്ധിക്കെതിരെ ഈ നിയമം പ്രയോഗിച്ചു. അദ്ദേഹം അതിശക്തമായി കോടതിയിൽ എതിർത്തു. ആറു വർഷം തടവ് ഗാന്ധിജിക്കും ലഭിച്ചു.

സർക്കാരിനെ വിമർശിച്ചാൽ ജീവപര്യന്തം തടവു ലഭിക്കുന്ന നിയമം ഇന്ത്യ ജനാധിപത്യ റിപ്പബ്ലിക് ആയപ്പോൾത്തന്നെ റദ്ദു ചെയ്യേണ്ടതായിരുന്നു. ജനങ്ങൾക്കു സർക്കാരിനെ മാറ്റാൻ അധികാരമുള്ളപ്പോൾ അങ്ങനെയൊരു നിയമത്തിനു നിലനിൽപില്ല. ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ ധ്വംസനമാണിത്. ജനവിരുദ്ധ നടപടികളെടുക്കുന്ന സർക്കാരുകളോട് ജനങ്ങൾക്കു വെറുപ്പുണ്ടാകുക സ്വാഭാവികം. ആ വെറുപ്പാണ് അവരെ പോളിങ് ബൂത്തുകളിലെത്തിച്ചു സർക്കാരിനെതിരെ വോട്ടുചെയ്യിക്കുന്നത്. അതു രാജ്യദ്രോഹമാണെന്നു പറയുന്ന ഈ നിയമം എങ്ങനെ നിലനിൽക്കാനനുവദിച്ചു എന്നതു രസകരമായ ഒരു സമസ്യയാണ്.

1962ൽ കേദാർനാഥ് സിങ് കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഐതിഹാസികമായ വിധിന്യായമാണ് രാജ്യദ്രോഹമെന്ന കുറ്റകൃത്യത്തെ ശിക്ഷാനിയമത്തിൽ നിലനിർത്താൻ കാരണം. പ്രധാനമായും മൂന്നു കാരണങ്ങളാണു കോടതി ഈ വിധിന്യായത്തിൽ പറയുന്നത്. ഒന്ന്: സർക്കാർ രാജ്യത്തിന്റെ പ്രതിനിധിയാണ്. അതുകൊണ്ട് സർക്കാരിനെതിരായ നീക്കങ്ങൾ രാജ്യത്തിനെതിരാണെന്നു കണക്കാക്കണം. രണ്ട്: സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ അക്രമത്തിലേക്കു നയിച്ചാൽ മാത്രമേ രാജ്യദ്രോഹമാകുകയുള്ളൂ. മൂന്ന്: വിമർശനങ്ങൾക്കു പിന്നിലുള്ള ഉദ്ദേശ്യം അക്രമമുണ്ടാക്കുക എന്നുള്ളതായിരിക്കണം അല്ലെങ്കിൽ അക്രമത്തിന്റെ പ്രവണതയുള്ളതായിരിക്കണം.

ഒന്നാമത്തെ സിദ്ധാന്തം ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിയിലും സർക്കാരിനെ രാജ്യമായി കണക്കാക്കിയിട്ടില്ല. രണ്ടാമത്തെ നിയമസിദ്ധാന്തം അക്രമ‌മുണ്ടെങ്കിലേ രാജ്യദ്രോഹമാകൂ എന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ്. ഈ കൊളോണിയൽ നിയമത്തെ ഭരണഘടനയ്ക്ക് അനുകൂലമായ നിയമമായാണു കോടതി പ്രഖ്യാപിച്ചത്. 

രാജ്യദ്രോഹക്കുറ്റത്തിന്റെ നിർവചനത്തിൽ ഒരിടത്തും അക്രമത്തെക്കുറിച്ചു പറയുന്നില്ല. സർക്കാരിനെതിരെ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന വിമർശനങ്ങളെയാണ് ബ്രിട്ടിഷ് ഭരണകാലത്തു രാജ്യദ്രോഹമായി കോടതികൾ വിധിച്ചത്. ഇത് അതേപടി അംഗീകരിച്ചിരുന്നെങ്കിൽ രാജ്യദ്രോഹം എന്നത് ഇന്ത്യൻ ഭരണഘടനയിൽ നിലനിൽക്കുമായിരുന്നില്ല. കാരണം, അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാ മൂല്യവുമായി ഇതു ചേർന്നുപോകില്ലെന്നതു തന്നെ. അങ്ങനെ അനേകം ഇന്ത്യൻ പൗരന്മാരെ ജയിൽവാസത്തിൽനിന്നു രക്ഷിക്കാൻ കഴിയുമായിരുന്നു. 

അക്രമത്തിനു പ്രേരിപ്പിക്കുന്നതു കൂടിയായ അഭിപ്രായപ്രകടനങ്ങളായിരിക്കണം രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരേണ്ടത്. ഈ അനിവാര്യതയിൽ ഊന്നിക്കൊണ്ട് സുപ്രീംകോടതിയുടെ ഈ വിധിന്യായം രാജ്യദ്രോഹനിയമത്തിനു ഭരണഘടനയുടെ 19(2) എന്ന വകുപ്പിന്റെ സംരക്ഷണം നൽകി നിലനിർത്തുകയാണുണ്ടായത്. അക്രമം തടയാൻ മൗലികാവകാശങ്ങളുടെമേൽ നിയന്ത്രണമേർപ്പെടുത്താൻ ഭരണകൂടത്തിന് അധികാരം നൽകുന്ന വകുപ്പാണ് 19(2). അപ്പോൾ രാജ്യദ്രോഹക്കുറ്റമാകണമെങ്കിൽ അക്രമത്തിനു കാരണമായിരിക്കണം എന്നുകൂടി വന്നാൽ സ്വാഭാവികമായും ആ നിയമത്തിനു ഭരണഘടനയുടെ സംരക്ഷണം ലഭിക്കും. പ്രിവി കൗൺസിൽ വരെ നിരാകരിച്ച ‘അക്രമത്തിനു പ്രേരിപ്പിക്കുന്നതായിരിക്കണം’ എന്ന ആശയം സുപ്രീംകോടതിയുടെ വിധിന്യായത്തിൽ ഇടംപിടിച്ചതിനു കാരണമിതാണ്.

ബൂർഷ്വാസിയുടെ ഭരണം അവസാനിക്കണമെങ്കിൽ വിപ്ലവം അനിവാര്യമാണെന്ന് ബെഗുസരായ് എന്ന സ്ഥലത്തു കേദാർനാഥ് എന്ന ബിഹാറി കമ്യൂണിസ്റ്റുകാരൻ നടത്തിയ പ്രസംഗമാണ് ഇന്ത്യയിൽ കമ്യൂണിസ്റ്റ് സായുധവിപ്ലവം ഉണ്ടാകാൻ പോകുന്നു എന്ന ചിന്താഗതിയിലേക്കു കോടതിയെ അന്നു നയിച്ചതെന്നു തോന്നുന്നു.

പക്ഷേ, സുപ്രീംകോടതിയുടെ ഈ വിധിന്യായമനുസരിച്ചല്ല ഭരണകൂടം നിയമം കൈകാര്യം ചെയ്തത്. കാർട്ടൂൺ വരച്ചവരെ വരെ ജയിലിലാക്കി. അവരാരും അക്രമം ഉണ്ടാക്കിയതായി അറിവില്ല. അതുകൊണ്ട് കേദാർനാഥ് സിങ് കേസിലെ വിധിന്യായത്തിന്റെ അടിസ്ഥാനന്യായം അപ്രസക്തമാകുന്നു. ജനങ്ങളെ വിശ്വാസമില്ലാത്ത, അവരെ ഭയക്കുന്ന ഒരു വിദേശീയ ഭരണകൂടം അവരെ അടിച്ചമർത്താൻ പത്തൊൻപതാം നൂറ്റാണ്ടിലുണ്ടാക്കിയ നിയമം സ്വതന്ത്ര ഇന്ത്യയിലെ സ്വതന്ത്രരായ പൗരന്മാരുടെ സ്വാതന്ത്ര്യം കവർന്നെടുക്കാൻ അനുവദിച്ചുകൂടാ. സുപ്രീംകോടതി ഈ നിയമം റദ്ദുചെയ്യണം.

(ലോക്സഭ മുൻ സെക്രട്ടറി ജനറലാണ് ലേഖകൻ)

English Summary: Cases on sedition

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA