ADVERTISEMENT

സൗഖ്യദായകമായൊരു പൂർണജീവിതത്തിന്റെ പ്രകാശം കാലത്തിനു നൽകിയാണ് ആയുർവേദാചാര്യൻ ഡോ. പി.കെ. വാരിയരുടെ വേർപാട്. ഒറ്റ ജീവിതം കൊണ്ട് എത്രത്തോളം നന്മ ചെയ്യാനാകും എന്നതിന്റെ ധന്യമായ ഉത്തരം അദ്ദേഹം ശേഷിപ്പിക്കുന്നുണ്ട്. അനേകായിരങ്ങളുടെ ആയുരാരോഗ്യസൗഖ്യത്തിനായി ആയുഷ്കാലം സമർപ്പിച്ച അദ്ദേഹത്തിന്റെ നൂറാം പിറന്നാളിനു കഴിഞ്ഞ മാസമാണു നാടു നന്ദിയർപ്പിച്ചത്.

ഭാരതീയ ചികിത്സാസമ്പ്രദായമായ ആയുർവേദത്തെ ലോകത്തിനുമുന്നിൽ പ്രതിഷ്ഠിക്കുന്നതിൽ ഡോ.പി.കെ. വാരിയർ വഹിച്ച പങ്ക് ചരിത്രമാണ്. പാരമ്പര്യത്തിന്റെയും അനുഭവജ്ഞാനത്തിന്റെയും ലയനമാണ് ആ വൈദ്യജീവിതം. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാരിയരെപ്പോലെ അദ്ദേഹത്തിന്റെ  മരുമകൻ ഡോ.പി.കെ.വാരിയരും ഏറ്റെടുത്ത സൗഖ്യദൗത്യത്തിനു മുന്നിൽ കാലം എന്നും കൈകൂപ്പി നിൽക്കും.

ആത്മകഥയായ ‘സ്മൃതിപർവ’ത്തിൽ ഡോ.പി.കെ. വാരിയർ എഴുതിയിട്ടുണ്ട്: ‘വലുതായി തുടങ്ങിയിട്ടു ചെറുതായിക്കൂടാ, ചെറുതായി തുടങ്ങിയിട്ടു വലുതാകാം.’ ആര്യവൈദ്യശാലയുടെ കാര്യത്തിലും പി.കെ. വാരിയരുടെ കാര്യത്തിലും ഇതു ശരിയാണെന്നു കാണാം. 1953 മുതൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സാരഥ്യം ഡോ.പി.കെ. വാരിയർക്കാണ്. കോട്ടയ്ക്കൽ എന്ന ഗ്രാമത്തിൽ ക്ലിനിക്കിന്റെ രൂപത്തിൽ ആരംഭിച്ച ആര്യവൈദ്യശാല ഇന്നു ലോകം മുഴുവൻ പടർന്നുപന്തലിച്ചതിന്റെയും നവീനത കൈക്കൊണ്ടതിന്റെയും സാഫല്യവുമായാണ് അദ്ദേഹം കണ്ണടയ്ക്കുന്നത്.

ജനകീയനായിരുന്നു ഡോ.പി.കെ. വാരിയർ. സൗജന്യചികിത്സ മുടങ്ങാതെ കൊണ്ടുപോകുന്നത് പരിപാവനമായ ദൗത്യമായി അദ്ദേഹം സ്വീകരിച്ചു. ആയുരാരോഗ്യസൗഖ്യം തേടി മുന്നിലെത്തുന്ന ഓരോരുത്തരെയും സമഭാവനയോടെ കണ്ടു. ദേശവിദേശങ്ങളിലുള്ള എത്രയോ പ്രമുഖർ ഡോ. പി.കെ. വാരിയരുടെ മുന്നിലിരുന്നിട്ടുണ്ട്. സ്‌പെയിനിലെ രാജകുടുംബാംഗത്തെ ചികിത്സിക്കാൻ ഇന്ത്യ ഗവൺമെന്റ് പറഞ്ഞയച്ച വൈദ്യവൈഭവമാണിത്. ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബന്ദാരനായക വീൽചെയറിൽ വന്നശേഷം വിമാനത്തിന്റെ പടികൾ ചവിട്ടിക്കയറി മടങ്ങിയതും ഈ കൈപ്പുണ്യത്താൽ മാത്രം. വി.വി. ഗിരി രാഷ്‌ട്രപതിയായിരിക്കെ ഏറെ ദിവസങ്ങൾ കോട്ടയ്ക്കലെ താമസമന്ദിരം ‘രാഷ്‌ട്രപതിഭവനാ’യിരുന്നു.

ഇനി ഒന്നും ചെയ്യാനില്ല എന്നുപറഞ്ഞ് ഒട്ടേറെ ഇടങ്ങളിൽനിന്നു മടക്കിയ രോഗികളെ ചികിത്സിച്ചു രോഗത്തിനു ശമനമുണ്ടായിക്കാണുമ്പോഴുണ്ടാവുന്ന ആനന്ദം ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മൃതപ്രായരായ പല രോഗികളെയും തിരിച്ചയയ്ക്കാതെ, പരിമിതികൾ മുൻകൂട്ടി സൂചിപ്പിച്ച് അദ്ദേഹം ചികിത്സ നിർദേശിക്കുമ്പോൾ, സഹപ്രവർത്തകർക്ക് അദ്ഭുതവും സംശയവുമാവും. ആ സംശയത്തിന് അദ്ദേഹത്തിന് എപ്പോഴും കൃത്യമായ മറുപടി ഉണ്ടായിരുന്നു: ‘ആയുർവേദത്തിൽ ഒരു രോഗിയുടെ അവസാനശ്വാസം വരെ ചികിത്സിക്കാനാണു നിർദേശം.’ അതുപറഞ്ഞശേഷം അദ്ദേഹം ഒരു മറുചോദ്യം കൂടി ചോദിക്കാറുണ്ടായിരുന്നു: ‘ഇതു നമ്മൾ ചെയ്തില്ലെങ്കിൽ വേറെയാരു ചെയ്യും ?’ ഈ ചോദ്യത്തിന്റെ ഉത്തരമാണ് ആ മഹാവൈദ്യൻ ജീവിതംകൊണ്ടു കണ്ടെത്തിയത്.

നൈർമല്യത്തോടെ ജീവിച്ചു. എപ്പോഴും സൗമ്യതയോടെ മന്ദഹസിച്ചു. ആയുർവേദത്തിന്റെ ലോകവ്യാപക അംഗീകാരം സ്വപ്നം കണ്ടു. കാലം ആയുർവേദത്തെ കഠിനമായി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നതിൽ സങ്കടപ്പെട്ടു. ദാരിദ്ര്യംമൂലം ആർക്കും ചികിത്സ മുടങ്ങരുതെന്ന് ഉറച്ചുവിശ്വസിച്ചു.

ഒരു മനുഷ്യായുസ്സിന്റെ ഏറ്റവും നിറവുള്ള, ഒൗഷധസുഗന്ധമാർന്ന അനശ്വരമുദ്ര ബാക്കിയാക്കിയാണ് ഈ മടക്കം. ആയുസ്സിന്റെ വേദത്തിന് ആത്മം സമർപ്പിച്ച ദീപം അണഞ്ഞെങ്കിലും വരുംകാലങ്ങളിലേക്കും വെളിച്ചം പകർന്ന് ആ ദീപ്തി എന്നും നിലനിൽക്കുമെന്നു തീർച്ച. കേരളത്തിന്റെ മഹാപുണ്യമായ ആയുർവേദാചാര്യന് മലയാള മനോരമയുടെ അന്ത്യാഞ്ജലി.

Content Highlight: Dr. P.K. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com