ADVERTISEMENT

പ്രതികരണമറിയിക്കാൻ നൽകിയ വാട്സാപ് നമ്പറിലേക്ക് എത്തി യ ഒരു ശബ്ദസന്ദേശമിങ്ങനെ: 

‘‘15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽപെട്ട ഭർത്താവ്, ഞങ്ങളുടെ മോളോടു മോശമായി പെരുമാറാൻ തുടങ്ങിയപ്പോഴാണു ബന്ധം വേണ്ടെന്നു വച്ചത്. ആ സങ്കടങ്ങളെക്കാളും വലുതാണ് കുടുംബക്കോടതിയിൽ വനിതാ ജ‍ഡ്ജിയിൽനിന്നു നേരിട്ടത്. മോളെ കൊണ്ടുവന്ന് അയാളെ കാണിക്കണമെന്നു പറഞ്ഞപ്പോൾ, ‘വീട്ടിൽ വന്നു കണ്ടോട്ടെ’ എന്നൽപം കടുപ്പിച്ചു പറഞ്ഞതിന് ജ‍ഡ്ജി ചൂടായി, ‘തന്റേടം കാണിക്കാൻ നിന്നാൽ കൊച്ചിനെ പിടിച്ച് അങ്ങോട്ടു കൊടുക്കും’ എന്നായിരുന്നു ഭീഷണി. മോൾക്കു ചെലവുകാശു പോലും കൊടുക്കാത്ത, അവളെ മകളായി കാണുമോ എന്നുറപ്പില്ലാത്ത അയാളോടു ഞാൻ പ്രതികരിച്ചതാണോ തെറ്റ്? കുടുംബക്കോടതിയിലെ കൗൺസലിങ് റൂമിലിട്ട് അയാൾ എന്നെ തല്ലിയിട്ടും ആരും ഇടപെട്ടില്ല. പെണ്ണായാൽ കുറച്ചൊക്കെ സഹിക്കണമെന്നായിരുന്നു ഉപദേശം. 10–12 വർഷമായി കേസ് തീരാതെ കുടുംബക്കോടതി കയറിയിറങ്ങുന്നവരുടെ ജീവിതത്തിന് ഒരു വിലയുമില്ലേ?’’

പിഞ്ചുകുഞ്ഞ് കരയരുത്!

മറ്റൊരു സന്ദേശം: ‘‘8 മാസം പ്രായമുള്ള എന്റെ മകൾ കരഞ്ഞാൽ അപ്പോൾ ഭർത്താവിന്റെ വീട്ടുകാർ തുടങ്ങും – ‘പെൺകൊച്ചാ, ഇങ്ങനെ കരയാനൊന്നും സമ്മതിക്കരുത്’. കരയാൻ പാടില്ല, ഉറക്കെ ചിരിക്കാൻ പാടില്ല, കളിക്കാൻ പാടില്ല. എന്നോടുള്ള പീഡനത്തിന്റെ തുടർച്ചയാണു കുഞ്ഞിനോട്. അവൾക്ക് അലർജിയുള്ളതിനാൽ ആഹാരത്തിൽ ശ്രദ്ധിക്കുമ്പോഴും പറയും –  ‘പെൺകൊച്ചാണ്, പഴങ്കഞ്ഞി വരെ കൊടുത്തു പഠിപ്പിക്കണ’മെന്ന്. ആൺകുട്ടികൾക്കു വാശിയാകാം. ഭർത്താവിന് അടിക്കാം. ഈ വിവേചനം അവസാനിച്ചാലേ, സ്ത്രീധന – ഗാർഹിക പീഡനവും തീരൂ.’’

എല്ലാം മാറും, മാറണം

സ്ത്രീധന – ഗാർഹിക പീഡനങ്ങൾ അരങ്ങേറുന്നതു ഭർതൃവീടുകളിലാണെന്നതു ശരിതന്നെ. പക്ഷേ, അതിന്റെ പരിശീലനം പല സ്ത്രീകൾക്കും സ്വന്തം വീട്ടിൽനിന്നുതന്നെ കിട്ടുന്നുണ്ട്. ആണിനു കീഴ്പ്പെടേണ്ടയാളാണു പെണ്ണെന്ന് ആണും പെണ്ണും പഠിക്കുന്നത് സ്വന്തം വീട്ടിലും സമൂഹത്തിലും നിന്നാണ്. രണ്ടു കൂട്ടരും കൈകോർത്ത്, തുല്യതയോടെ നീങ്ങണമെന്ന് ആരും പഠിപ്പിക്കുന്നില്ല. മകന്റെ മുന്നിൽ വരെ അമ്മ പേടിച്ചു നിൽക്കേണ്ട സ്ഥിതിയാണ്. ഇതുമാറണം. അമ്മമാർ വീട്ടിൽ നല്ല ഭക്ഷണം കഴിക്കണം. കരിഞ്ഞതും ചീഞ്ഞതും ബാക്കിവന്നതും കഴിക്കുന്ന അമ്മയിൽനിന്ന് മക്കൾ തെറ്റായ പലതും പഠിക്കും. വീട്ടിലെ ജോലികൾ തുല്യമായി വീതിക്കുക. വീട്ടമ്മമാർ അടിമയോ വേലക്കാരിയോ അല്ല. ജോലിക്കുപോകുന്ന ഭർത്താവിനെക്കാൾ അവർ അധ്വാനിക്കുന്നുണ്ട്. ഭാര്യയും ഭർത്താവും ജോലിക്കാരെങ്കിൽ കുട്ടികളെ നോക്കുന്നതടക്കം എല്ലാ ചുമതലകളും പങ്കിടുക.

സ്ത്രീ സ്വന്തം വീടു വിട്ട് പുതിയ ജീവിതത്തിൽ പ്രവേശിക്കുന്നതു പോലെ പുരുഷനും തയാറാകട്ടെ. ഇരുവരും ചേർന്ന് അവരുടേതായ കുടുംബം ഉണ്ടാക്കട്ടെ. വീട്ടുകാരുടെ അനാവശ്യ ഇടപെടലുകളാകും പല ദാമ്പത്യത്തെയും ഉലയ്ക്കുന്നത്. വീടിനോടുള്ള കടമ ചെയ്യാനും ബന്ധുക്കളെ സ്നേഹിക്കാനും അവർക്കൊപ്പം തന്നെ താമസിക്കണമെന്നില്ല; കയ്യകലെ നിന്നും ബന്ധങ്ങൾക്ക് ഉറപ്പുകൂട്ടാം.

dr-u-vivek
ഡോ. യു. വിവേക്

മാറേണ്ടത് സമൂഹം

ഡോ. യു. വിവേക്, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, റെനൈ മെഡിസിറ്റി, കൊച്ചി

∙ സ്ത്രീകൾ എത്ര ശാക്തീകരിക്കപ്പെട്ടു എന്നു പറഞ്ഞാലും സമൂഹം അവരെ പഠിപ്പിക്കുന്നത്, പരമാവധി സഹിക്കുക, പ്രശ്നങ്ങൾ പുറത്തു പറയാതിരിക്കുക എന്നാണ്. ഇത് മാറാൻ സമൂഹത്തിനുതന്നെയാണ് ആദ്യം ബോധവൽക്കരണം വേണ്ടത്.

∙ ഡോക്ടറുടെയോ കൗൺസലറുടെയോ അടുത്തെത്തുന്നത് ആപൽഘട്ടം വരുമ്പോഴാണ്. വലിയ പീഡനങ്ങൾ അപ്പോഴേക്കും സംഭവിച്ചുകഴിഞ്ഞിരിക്കും. പ്രശ്നം തുടങ്ങുമ്പോൾത്തന്നെ ശാസ്ത്രീയസഹായം തേടാൻ സ്ത്രീകൾക്കു ബോധവൽക്കരണം നൽകണം.

∙ പെട്ടെന്ന് സ്വഭാവത്തിൽ വ്യത്യാസമുണ്ടാവുക, കൂടുതൽ സംസാരിക്കുക, നിശ്ശബ്ദയാവുക, ഉൾവലിയുക, എന്തിനു ജീവിക്കുന്നു എന്ന തരത്തിൽ സംസാരിക്കുക, മരിക്കും എന്ന് ആവർത്തിക്കുക – ഇതെല്ലാം റെഡ് ഫ്ലാഗ് സൈൻസ് ആണ്. ഇതു ശ്രദ്ധയിൽപെട്ടാൽ അവരോട് ഉടൻ ശാസ്ത്രീയസഹായം തേടാൻ നിർദേശിക്കുക. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്.

∙ സമ്മർദത്തിൽപെട്ടവർ സമീപിച്ചാൽ ആക്ടീവ് ലിസണർ (സജീവ കേൾവിക്കാരൻ അല്ലെങ്കിൽ കേൾവിക്കാരി) ആവുക. അങ്ങോട്ടു നിർദേശങ്ങൾ നൽകാതിരിക്കുക. നിങ്ങ ൾക്കുമുന്നിൽ ഇത്രയും മാർഗങ്ങളുണ്ട് എന്നു പറഞ്ഞു കൊടുക്കുക മാത്രം ചെയ്യുക.

advocate-radhika-padmavathy
അഡ്വ. രാധിക പദ്മാവതി

ചട്ടങ്ങളിൽ മാറ്റം വേണം

അഡ്വ. രാധിക പദ്മാവതി

1961ൽ സ്ത്രീധന നിരോധന നിയമം നടപ്പാക്കി 6 പതിറ്റാണ്ടു കഴിഞ്ഞിട്ടും, വിവാഹ അന്വേഷണങ്ങളിൽ ഏറ്റവും പ്രധാനം പെൺകുട്ടിയുടെ സാമ്പത്തികസ്ഥിതി തന്നെയാണെന്നതു നമ്മുടെ നാടിന് അപമാനമാണ്. സ്ത്രീധനം നൽകുന്നയാളും ശിക്ഷിക്കപ്പെടുമെന്നതാണ് ഈ നിയമത്തിന്റെ ഏറ്റവും വലിയ പോരായ്മ.

നിയമം നടപ്പാക്കാൻ 2004ൽ സംസ്ഥാനം കൊണ്ടുവന്ന ചട്ടത്തിന്റെ 3–ാം വകുപ്പിൽ സ്ത്രീധന നിരോധന ഓഫിസർമാരെ നിയമിക്കണമെന്നു പറയുന്നുണ്ടെങ്കിലും എത്രയോ വർഷങ്ങളായി തസ്തിക ഒഴിഞ്ഞുകിടക്കുന്നു. അതിലേറെ പ്രധാനമാണ്, സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്നുള്ള സത്യവാങ്മൂലം ഭാര്യയുടെ ഒപ്പു സഹിതം മേലധികാരിക്കു നൽകണമെന്ന 7(4) വ്യവസ്ഥ. കേരളത്തിലെ എത്ര സർക്കാർ ഉദ്യോഗസ്ഥർ ഇതു പാലിച്ചിട്ടുണ്ട്?

1985ലെ കേന്ദ്ര ചട്ടമനുസരിച്ച് വിവാഹവേളയിൽ കിട്ടുന്ന സമ്മാനങ്ങൾ, ഏകദേശ മൂല്യം നിർണയിച്ചു ലിസ്റ്റ് ചെയ്തു സമർപ്പിക്കണമെന്നുണ്ട്. വരനും വധുവും ഒപ്പുവച്ചു ലിസ്റ്റ് നൽകുക എന്നതു പരമ്പരാഗത ചിന്താഗതിയുള്ള കേരളീയസമൂഹത്തിൽ എത്രത്തോളം പ്രായോഗികമാകും? സത്യസന്ധമായി ലിസ്റ്റ് നൽകാൻ മുതിർന്നാൽ പെൺകുട്ടിയുടെ ജീവൻതന്നെ അപകടത്തിലായേക്കാം. സ്ത്രീധന നിരോധന ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികളും കോടതി ഇടപെടലുകളും ഉണ്ടാകണം.

j-sandhya
ജെ.സന്ധ്യ

‘സ്ത്രീധനം നിരോധിക്കുമ്പോൾത്തന്നെ കുടുംബസ്വത്തിൽ സ്ത്രീകൾക്കു തുല്യാവകാശം എന്നതു കർശനമായി നടപ്പാക്കണം. വീടും കൂടുതൽ സ്വത്തും ആൺമക്കൾക്കു നൽകുന്ന രീതി പലയിടത്തുമുണ്ട്. വിവാഹ സമയത്തെ സ്വർണവും പണവും മാത്രമായിരിക്കും മകളുടെ വിഹിതം. മകനു കിട്ടിയ സ്വത്തുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു വളരെ കുറവുമായിരിക്കും. സ്ത്രീധനം വിലക്കുമ്പോൾ, അതു സ്ത്രീകൾക്ക് ഒരു സ്വത്തും നൽകാത്ത കൂടുതൽ അനീതിയിലേക്കു പോകരുത്. അതിനാൽ സ്വത്ത് തുല്യമായി വീതം വയ്ക്കുക, മകളുടെ ഓഹരി അവളുടെ പേരിൽത്തന്നെ നൽകുക’ –ജെ.സന്ധ്യ (അഭിഭാഷക, ബാലാവകാശ കമ്മിഷൻ മുൻ അംഗം)

അമ്മയും മനുഷ്യനാണ്

സ്നേഹത്തിന്റെ നിറകുടം, ക്ഷമയുടെ പര്യായം തുടങ്ങിയ ‘മഹദ് വരികൾ’ വെട്ടി, ‘മറ്റുള്ളവരെപ്പോലെ സ്നേഹവും സങ്കടവും ദേഷ്യവും ക്ഷീണവും എല്ലാമുള്ള സാധാരണ വ്യക്തി’ എന്ന കുറിപ്പോടെയാണ് വനിതാ, ശിശു വികസന വകുപ്പ് മാതൃദിനത്തിൽ അമ്മയെ അവതരിപ്പിച്ചത്. സ്ത്രീ–പുരുഷ സമത്വം ഉറപ്പാക്കുന്ന വിവിധ സന്ദേശങ്ങൾ വകുപ്പിന്റെ ഫെയ്സ്ബുക് പേജിനെ ജനപ്രിയമാക്കുന്നു. 

ഇവയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന കൊച്ചി മൈത്രി അഡ്വർടൈസിങ് വർക്സിന്റെ കോപ്പിറൈറ്റർ ജോൺ സക്കറിയ പറയുന്നു: ‘‘പതിവ് അമ്മദിന ആശംസകളിൽ ക്ഷമയും സഹനവും ത്യാഗവും മാത്രമാണ്. ഇതുതന്നെയല്ലേ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നു തോന്നി. ആരിലായാലും താങ്ങാവുന്നതിനപ്പുറം പ്രതീക്ഷ വച്ചുപുലർത്തുന്നത് അവരെ നശിപ്പിക്കും. അങ്ങനെയാണ്, അമ്മയെ സാധാരണ വ്യക്തിയായി കണ്ടാൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നർഥം വരുന്ന വരികൾ എഴുതിയത്.

നിർദേശങ്ങളിൽ ചിലത്

∙ വിവാഹ റജിസ്ട്രേഷനൊപ്പം, സമ്മാനമായി എന്തൊക്കെ നൽകി എന്ന കൃത്യമായ റജിസ്ട്രേഷൻ കൂടി നിയമം മൂലം നിർബന്ധമാക്കണം.

∙ കുടുംബവസ്തുക്കൾ മകനും മകൾക്കും തുല്യമായി വീതിക്കണം.

∙ ഗാർഹിക പീഡനത്തെത്തുടർന്ന് വീടു വിടേണ്ടിവരുന്നവർക്കായി തൊഴിൽപരിശീലന കേന്ദ്രങ്ങൾ, പാർപ്പിടങ്ങൾ, കുട്ടികളുടെ സംരക്ഷണകേന്ദ്രം എന്നിവ വ്യാപകമാകണം.

∙ സ്കൂൾ, കോളജ്, പ്രഫഷനൽ തലങ്ങളിലെ പുസ്തകങ്ങളിലെല്ലാം സ്ത്രീ–പുരുഷ സമത്വവും തുല്യനീതിയും ഉറപ്പാക്കണം.

∙ തനിയെ കുടുംബം പോറ്റുന്ന സ്ത്രീ, അല്ലെങ്കിൽ പുരുഷൻ എന്നത് സിംഗിൾ പേരന്റ് ഫാമിലി എന്ന ബഹുമാനത്തോടെ അവതരിപ്പിക്കണം.

∙ വിവാഹ ആചാരങ്ങളിൽ കാലോചിത പരിഷ്കാരം ഉണ്ടാകണം.

∙ അംഗീകൃത വിവാഹപൂർവ കൗൺസലിങ്ങിൽ പങ്കെടുത്തവർക്കു മാത്രമേ വിവാഹ സർട്ടിഫിക്കറ്റ് നൽകൂ എന്ന നിയമം പരിഗണിക്കണം. കൗൺസലിങ് നടത്തുന്നവർ പുതിയകാലത്തിന്റെ ചിന്താഗതികൾ ഉള്ളവരാകണം.

∙ സമൂഹത്തിൽ മാന്യമായി ഇടപെടുന്ന പുരുഷന്മാർ പോലും ദേഷ്യവും നിരാശയും തീർക്കാൻ ഭാര്യയെ തല്ലുന്ന സംഭവങ്ങൾ ഏറെ. ഭാര്യ ഒരു വസ്തുവല്ല, വ്യക്തിയാണ് എന്ന ബോധവൽക്കരണത്തിന് ഓഫിസുകളിലും കുടുംബങ്ങളിലും പദ്ധതി വേണം.

∙ നിയമങ്ങൾക്കുപരി, സമൂഹത്തിന്റെ അലിഖിത ചട്ടങ്ങൾക്ക് അനുസരിച്ചാണ് വ്യക്തികൾ ജീവിക്കുന്നത്. ഇതിൽ ബോധപൂർവമായ ഇടപെടൽ സർക്കാർ തലത്തിൽത്തന്നെ ഉണ്ടാകണം.

∙ വനിതാ കമ്മിഷൻ പോലുള്ള സ്ഥാപനങ്ങളിൽ പരാതിക്കാരെ സഹാനുഭൂതിയോടെ കേൾക്കുന്നവരെ നിയോഗിക്കണം.

∙ ഓരോ മേഖലയിലെയും കുടുംബങ്ങളിൽ ഗാർഹിക പീഡനമോ മറ്റു പ്രശ്നങ്ങളോ ഉണ്ടോയെന്നറിയാൻ തദ്ദേശതലത്തിൽ സംവിധാനമുണ്ടാകണം. ഇതു റിപ്പോർട്ട് ചെയ്യാൻ കേന്ദ്രീകൃത യൂണിറ്റും ഉദ്യോഗസ്ഥരും വേണം.

∙ ആത്മഹത്യാമുനമ്പിൽ നിൽക്കുന്നവരെ കേൾക്കാൻ, അവരെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ പ്രത്യേക സംഘമുണ്ടാകണം.

English Summary: Suicide due to dowry - series part

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com