വില്ലന്‍ ഫ്രീ ഫയര്‍; ചെന്നൈയില്‍ കളി തോറ്റ് ജീവനൊടുക്കിയത് ഇരുപത്തൊന്നുകാരന്‍

free-fire-logo
SHARE

12 വയസ്സു കഴിഞ്ഞവർ മാതാപിതാക്കളുടെ അനുവാദത്തോടെ വേണം കളിക്കാനെന്ന് നിർമാതാക്കൾത്തന്നെ നിർദേശിക്കുന്ന, വയലൻസ് കുത്തിനിറച്ച ഓൺലൈൻ കളിയാണു നാലും അഞ്ചും ക്ലാസുകളിലെ കുട്ടികൾ രാവെന്നോ പകലെന്നോ ഇല്ലാതെ കുത്തിയിരുന്നു കളിക്കുന്നത്. ലഹരിക്ക് അടിപ്പെട്ടു പോകുന്നവരിൽ കാണുന്നതുപോലെയുള്ള ഭ്രാന്തമായ ആവേശമാണു കുട്ടികൾക്ക് ഇത്തരം കളികളോട്. അതിൽനിന്ന് അകറ്റാൻ ശ്രമിച്ചാൽ അതിവൈകാരികമായി അവർ പ്രതികരിക്കും. ജാഗ്രത വേണമെന്നു ഡോക്ടർമാർ...

അഞ്ചാം ക്ലാസിലാണ് അഖിൽ. ഏതാനും മാസങ്ങളായി കുട്ടി വല്ലാതെ മെലിയുന്നു. നാവിന്റെ തുമ്പത്ത് ഉണങ്ങാത്ത മുറിവ്. കണ്ണുകൾ കുഴിയുന്നു. കണ്ണുചിമ്മൽ പതിവായി. പഴയ ഉന്മേഷമില്ല. എപ്പോഴും കൈവിരലുകൾ ചുഴറ്റിക്കൊണ്ടേയിരിക്കുന്നതുകൂടി കണ്ടപ്പോഴാണു മകനെ ഡോക്ടറെ കാണിക്കാൻ അമ്മ തീരുമാനിച്ചത്. ലക്ഷണങ്ങൾ പറഞ്ഞപ്പോൾത്തന്നെ ഡോക്ടർ ചോദിച്ചത് ഇതാണ്:
‘‘കുട്ടി മൊബൈൽ ഫോണിലോ ടാബ്‌ലറ്റിലോ ഗെയിം കളിക്കുന്നുണ്ടോ?’’
‘‘ഉണ്ട്’’
‘‘ഫ്രീ ഫയർ ആണോ കളിക്കുന്നത്’’
‘‘അതേ’’
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി ഒരു വർഷം മുൻപു വാങ്ങിയതായിരുന്നു ടാബ്‌ലറ്റ്. ക്ലാസ് കഴിഞ്ഞാലും ഹോം വർക്ക് ചെയ്യാനെന്ന പേരിൽ മണിക്കൂറുകളോളം കുട്ടി ടാബ്‌ലറ്റും പിടിച്ചിരിക്കും. ഗെയിം കളിക്കുന്നുണ്ടെന്നു പിന്നീട് അറിഞ്ഞെങ്കിലും ഇടയ്ക്കൊന്നു കളിച്ചോട്ടെ എന്ന മനോഭാവത്തിലായിരുന്നു മാതാപിതാക്കളും. പക്ഷേ, അതു കുട്ടിയുടെ സ്വഭാവത്തെയും ശരീരത്തെയും മനസ്സിനെയും ബാധിക്കുന്ന ഇത്ര വലിയ കെണിയായിരുന്നെന്നു ഡോക്ടർ പറഞ്ഞപ്പോഴാണ് അവർക്കു ബോധ്യപ്പെട്ടത്.

ബ്ലൂവെയ്ൽ, പബ്ജി തുടങ്ങിയവയ്ക്കു പിന്നാലെ കുട്ടികളെയും യുവാക്കളെയും മാനസികമായ അടിമത്തത്തിലേക്കും ചിലരെയെങ്കിലും മരണത്തിലേക്കും തള്ളിവിടുന്ന ഫ്രീ ഫയർ ഗെയിം തന്റെ സ്കൂളിലെ മിക്ക കൂട്ടുകാരും കളിക്കുന്നുണ്ടെന്ന് അഖിൽ ഡോക്ടറോടു പറഞ്ഞു. സ്കൂൾ അധികൃതർകൂടി ഇടപെട്ടാണ് ഇരുപതോളം കുട്ടികളെ ഇൗ തീക്കളിയിൽ നിന്നു പിന്തിരിപ്പിച്ചത്.

12 വയസ്സു കഴിഞ്ഞവർ പോലും മാതാപിതാക്കളുടെ അനുവാദത്തോടെ വേണം കളിക്കാനെന്നു നിർമാതാക്കൾത്തന്നെ നിർദേശിക്കുന്ന, വയലൻസ് കുത്തിനിറച്ച കളിയാണു നാലും അഞ്ചും ക്ലാസുകളിലെ കുട്ടികൾ രാവെന്നോ പകലെന്നോ ഇല്ലാതെ കുത്തിയിരുന്നു കളിക്കുന്നത്. ലഹരിമരുന്നിന് അടിപ്പെട്ടു പോകുന്നവരിൽ കാണുന്നതുപോലെയുള്ള ഭ്രാന്തമായ ആവേശമാണു കുട്ടികൾക്ക് ഇത്തരം കളികളോട്. അതിൽനിന്ന് അകറ്റാൻ ശ്രമിച്ചാൽ പ്രതീക്ഷിക്കാത്ത തരത്തിൽ അതിവൈകാരികമായി അവർ പ്രതികരിക്കും. അതിനാൽ കരുതലും സ്നേഹവും കായികവിനോദങ്ങളും പകരം നൽകി വേണം കുട്ടികളെ പിന്തിരിപ്പിക്കാനെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.

10 കഴിഞ്ഞപ്പോൾ ആകെ മാറി: വില്ലൻ ഫ്രീ ഫയർ

പത്തനംതിട്ടയിലാണു സംഭവം. പത്താംക്ലാസിൽ നന്നായി പഠിച്ചിരുന്ന മകൻ പ്ലസ് വൺ ആയതോടെ ആകെ മാറിയതാണ് അമ്മയെ പേടിപ്പിച്ചത്. അച്ഛൻ പ്രവാസിയാണ്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബം. ദിവസങ്ങൾ കഴിയുന്തോറും ഇളയകുട്ടികൾക്കു ചേട്ടന്റെ മുന്നിൽ വന്നുപെടാൻപോലും പേടിയാകുന്ന സ്ഥിതി. ദേഷ്യംവന്നാൽ വീട്ടുപകരണങ്ങളെല്ലാം തല്ലിത്തകർക്കുന്നതടക്കം പതിവായതോടെ പിതാവ് ജോലി മതിയാക്കി നാട്ടിലെത്തി.

കൗൺസലിങ്ങിനായി സർക്കാർ സംവിധാനങ്ങളെയാണ് ആശ്രയിച്ചത്. കൗൺസലിങ്ങിനെത്തിയവരുടെ മുന്നിൽ പയ്യൻ സാധു. മാതാപിതാക്കളുടെ കാർക്കശ്യം മാത്രമാണ് അവന്റെ പ്രശ്നം. ഇത്തിരി നേരമേ ഗെയിം കളിക്കുന്നുള്ളൂ എന്നതാണു കുട്ടിയുടെ പക്ഷം. എന്നാൽ, ഫോൺ പരിശോധിച്ചപ്പോൾ കളിമാറി. വെടിയും കൊല്ലും കൊലയും മാത്രം നിറഞ്ഞ കളികളാണു ഫോണിൽ. കൗൺസലിങ്ങും വിടുതൽ ചികിത്സയും പൂർത്തിയാക്കി മകനെത്തുന്നതും കാത്തിരിക്കുകയാണ് ഇപ്പോൾ വീട്ടുകാർ. കുറെക്കൂടി വൈകിയിരുന്നെങ്കിൽ വീണ്ടെടുപ്പ് ദുഷ്കരമാകുമായിരുന്നു.

online-gaming

നിരന്തരം തോൽവി; പിന്നെ, കളികളില്ലാത്ത ലോകത്തേക്ക്

കുട്ടികൾ മാത്രമല്ല ഇത്തരം കെണികളിൽ വീഴുന്നത്. ചെന്നൈയിൽ ഇൗ മാസം ഒന്നിനു വീട്ടിലെ മുറിക്കുള്ളിൽ ഷാളിൽ കെട്ടിത്തൂങ്ങി ജിവിതം അവസാനിപ്പിച്ച ശശി കുമാർ എന്ന ഇരുപത്തൊന്നുകാരന്റെ മരണത്തിനു കാരണം അന്വേഷിച്ച പൊലീസുകാർക്കു ലഭിച്ചത് ഒറ്റപ്പേരാണ്: ഫ്രീ ഫയർ. സ്വകാര്യ സ്ഥാപനത്തിൽ നല്ല ശമ്പളമുള്ള ജോലിയായിരുന്നു ശശികുമാറിന്. ഫ്രീ ഫയർ കളി തുടങ്ങിയതോടെ എപ്പോഴും മുറിയടച്ചിരിക്കലായി. എന്നാൽ, കളിയിൽ മുന്നേറാനായില്ല. തുടർച്ചയായ പരാജയങ്ങൾ ശശികുമാറിനെ മാനസികമായി തളർത്തി. അക്കാര്യം സുഹൃത്തുക്കളോടു പറഞ്ഞു കരയുകയും ചെയ്യുമായിരുന്നു. പിന്നീടു ജോലിക്കു പോകാതായി. രണ്ടാഴ്ച മുൻപു കൂട്ടുകാർ വീട്ടിലെത്തിയപ്പോൾ കതക് അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോൾ, ജയവും തോൽവിയും വെടിയൊച്ചകളും ഇല്ലാത്ത ലോകത്തേക്കു ശശി യാത്രതിരിച്ചിരുന്നു.

free-fire-game-2

എന്താണ് ഗരീന ഫ്രീ ഫയർ?

4 വർഷം മുൻപ് 111 ഡോട്സ് സ്റ്റുഡിയോസ് നിർമിച്ചു ഗരീന കമ്പനി പുറത്തിറക്കിയ അതിസാഹസികമായ പോരാട്ട ഓൺലൈൻ വിഡിയോ ഗെയിമാണ് ഫ്രീ ഫയർ. ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിലും കംപ്യൂട്ടറിലും പ്ലേ സ്റ്റേഷനുകളിലും പ്രവർത്തിക്കും. 2019ൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത മൊബൈൽ ഗെയിം. ആ വർഷം ഏറ്റവും പ്രചാരം നേടിയ കളിയായി ഗൂഗിൾ പ്ലേ സ്റ്റോറും തിരഞ്ഞെടുത്തു. ഇന്ത്യയിൽ കഴിഞ്ഞ വർഷം പബ്ജി നിരോധിച്ചതോടെ പകരക്കാരനെന്ന നിലയിൽ പെട്ടെന്നു പ്രചാരം വർധിച്ചു. ദിവസേന കളിക്കുന്നത് 8 കോടിയിലേറെപ്പേർ. ഇതിൽ മുക്കാൽപങ്കും കുട്ടികളും യുവാക്കളും. പുതിയ പഠനമനുസരിച്ച് 4 മുതൽ 15 വയസ്സു വരെയുള്ളവർ ഓരോ ദിവസവും 74 മിനിറ്റോളം ഫ്രീ ഫയർ കളിക്കാൻ ചെലവിടുന്നുണ്ടെന്നു കേരള പൊലീസ്.

ആ തീക്കളി ഇങ്ങനെ:

free-fire-game-1

നിഗൂഢതയിലേക്കു ലാൻഡിങ്

അപകടങ്ങളും പ്രതിബന്ധങ്ങളും ശത്രുക്കളും നിറഞ്ഞ നിഗൂഢദ്വീപിലേക്ക് അൻപതോളം പോരാളികൾ വന്നിറങ്ങുന്നതോടെയാണു കളിയുടെ തുടക്കം. കളിക്കുന്നയാൾ ആദ്യം വിമാനത്തിൽ പ്രവേശിക്കും. ദ്വീപിനു മുകളിലൂടെ വിമാനം നീങ്ങുമ്പോൾ ഇഷ്ടമുള്ള ഇടം തിരഞ്ഞെടുത്തു പാരച്യൂട്ടിലൂടെ ലാൻഡ് ചെയ്യാം.

കൊന്നൊടുക്കണം, അതിജീവിക്കണം

തോക്കും ഗ്രനേഡും അടക്കമുള്ള ആയുധങ്ങൾ, ആക്രമണം പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ, ചികിത്സാസാമഗ്രികൾ, വാഹനങ്ങൾ തുടങ്ങിയവയൊക്കെ ദ്വീപിൽനിന്നു ശേഖരിക്കാം. ഇനി പൊരിഞ്ഞ പോരാട്ടമാണ്. വെടിവച്ചും ഗ്രനേഡ് പ്രയോഗിച്ചും ഒക്കെ ശത്രുക്കളെ വകവരുത്തുക. എന്നാൽ, കൊല്ലപ്പെടാതിരിക്കുക. ഇതാണ് ആത്യന്തിക ലക്ഷ്യം. ജീവനോടെ അവശേഷിച്ചാൽ ജയിക്കാം. ജയം ആഘോഷമാക്കാൻ സംഗീതവും ആരവങ്ങളും വേറെ.

വയലൻസിന്റെ ആശാൻ

പലതരം തോക്കുകൾ കൊണ്ടുള്ള വെടിവയ്പിൽ എതിരാളിയുടെ തല പിളർക്കുന്നതും ചോര ചിന്തുന്നതും ഒക്കെ നേരിട്ടുള്ള ദൃശ്യം പോലെയാണു കുട്ടികൾക്കു മുന്നിൽ തെളിയുക. ഇതു കുട്ടികളിലെ ആക്രമണോത്സുകത വർധിക്കാൻ ഇടയാക്കിയേക്കാം. സംഘർഷം നിറഞ്ഞ കാഴ്ചകളോടുള്ള മരവിപ്പിനും കാരണമാകാം. കൊല്ലുന്നതു നിസ്സാരപ്രവൃത്തിയായി തോന്നാം.

സിംപിൾ; പവർഫുൾ

ഗ്രാഫിക്സിന്റെ അതിപ്രസരം നിറഞ്ഞ കളിയാണെങ്കിലും കുറഞ്ഞ ശേഷിയുള്ള ഫോണുകളിലും പ്രവർത്തിക്കുമെന്നതാണു സാധാരണക്കാർക്കിടയിലും ഫ്രീഫയർ കളി വ്യാപകമാകാൻ മുഖ്യകാരണം. രാജ്യത്തിനുള്ളിലെ ആർക്കൊപ്പവും സംഘം ചേർന്നു കളിക്കാനും സൗകര്യമുണ്ട്. അപരിചിതരുമായി കളിയിലൂടെ ഇടപഴകുന്നതിനാൽ സഭ്യമല്ലാത്ത വാക്കുകൾ കുട്ടികൾ കേട്ടു പഠിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. ഫോൺ നമ്പർ അടക്കം ശേഖരിച്ചു കുട്ടികളിൽ നിന്നു പണം ആവശ്യപ്പെടുന്ന സംഭവങ്ങളുമുണ്ടായി.

free-fire-game-3

ഫ്രീയെങ്കിലും പണം പോകും

സൗജന്യമായി കളിക്കാം എന്ന ധ്വനി, കളിയുടെ പേരിൽ തന്നെയുണ്ടെങ്കിലും കളിക്കാരിൽനിന്നു പണം പിഴിയാൻ പ്രലോഭനങ്ങൾ ഏറെ. സ്റ്റൈലൻ വസ്ത്രങ്ങൾ, ഹെയർ സ്റ്റൈലുകൾ, കഥാപാത്രങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ കലവറയിലേക്കു വേഗം കുട്ടികൾ ആകൃഷ്ടരാകും. മാതാപിതാക്കളുടെ ഡിജിറ്റൽ വാലറ്റുകളിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണമെടുത്ത് അവ വാങ്ങും. ഇൗ വർഷത്തിന്റെ ആദ്യപാദത്തിൽ യുഎസിൽ പബ്ജിയുടെ വരുമാനത്തെയും ഫ്രീഫയർ കടത്തിവെട്ടി. 744 കോടി രൂപയാണ് 3 മാസം കൊണ്ടു യുഎസിൽ മാത്രം ഇൗ കളി വിറ്റ് കമ്പനി സ്വന്തമാക്കിയത്.

അവർ പോലും പറയുന്നു, അരുത്

ഫ്രീഫയർ നിർമാതാക്കൾ പോലും പറയുന്നതു മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾ ഇൗ കളിക്കിറങ്ങരുതെന്നാണ്. മിക്ക രാജ്യങ്ങളിലും 12 വയസ്സ് കഴിഞ്ഞവർക്കു മാത്രമാണു ഫ്രീഫയർ ഇൻസ്റ്റാൾ ചെയ്തു കളിക്കാൻ അനുമതിയുള്ളത്. എന്നാൽ, കയ്യിൽ മൊബൈൽ ഫോണുണ്ടെങ്കിൽ ഏതു പ്രായക്കാരായ കുട്ടികളും ഫ്രീഫയർ ഡൗൺലോഡ് ചെയ്തു കളിക്കുന്നതാണു നമ്മുടെ നാട്ടിലെ കാഴ്ച. കുട്ടി കളിക്കുന്നുവെന്നേ മാതാപിതാക്കൾക്ക് അറിയൂ. എന്നാൽ, അവർ എത്ര മാരകമായ കളിക്കാണു മാനസികമായി അടിമകളാകുന്നതെന്ന് മാതാപിതാക്കളോ ബന്ധുക്കളോ അറിയുന്നില്ല.

ഇൻപുട്സ്: മനോരമ ലേഖകർ
സങ്കലനം: വി.ആർ.പ്രതാപ്

നാളെ: പണം പോകുന്ന വഴികൾ

English Summary: Online Gaming series part -1

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA