അവിസ്മരണീയമായ സ്നേഹസ്പർശം

HIGHLIGHTS
  • കാതോലിക്കാ ബാവായ്ക്ക് ആദരാഞ്ജലി
Baselios-Marthoma-Paulose-II-Catholicos-2
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ
SHARE

ഭാരതത്തിലെ ക്രൈസ്തവ സഭാനേതൃത്വത്തിൽ ഉന്നത സ്ഥാനീയനായിരുന്നിട്ടും സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. അതുകെ‍ാണ്ടാണ് അശരണരുടെയും നിസ്സഹായരുടെയും ഹൃദയവേദന അദ്ദേഹത്തിനു തിരിച്ചറിയാൻ കഴിഞ്ഞത്. അവർക്കു സാന്ത്വനമാകുന്ന ഒട്ടേറെ പദ്ധതികൾ സഭാതലത്തിൽ നടപ്പാക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സ്മരണയെ അനശ്വരവും ദീപ്തവുമാക്കുന്നു. മലങ്കര സഭയെന്ന നൗകയെ ദിശതെറ്റാതെ നയിക്കുവാൻ ദൈവനിയോഗമുണ്ടായ പരിശുദ്ധ ബാവാ ആത്മസംതൃപ്തിയോടെയാണു മടങ്ങുന്നതെന്നതിൽ സംശയമില്ല. നല്ല ജീവിതംതന്നെ യഥാർഥ സുവിശേഷം എന്ന വിശ്വാസസംഹിതയിലൂടെ സഞ്ചരിച്ച ബാവായുടെ വേർപാടിൽനിന്നുണ്ടാകുന്ന ശൂന്യത വലുതാണ്.

ദൈവാശ്രയം മാത്രം കൈമുതലാക്കി പ്രാർഥനയോടെയാണ് അദ്ദേഹം സഭയെ നയിച്ചത്. പുറംമോടികളില്ലാതെ, ഹൃദയസുതാര്യതയോടെയും സന്തോഷത്തോടെയും ജീവിക്കാൻ ബാവായ്‌ക്കു കഴിഞ്ഞു. എവിടെയും എപ്പോഴും ഓടിയെത്തിയിരുന്ന അദ്ദേഹം സാധാരണക്കാരായ വിശ്വാസികൾക്ക് ഒരിക്കലും അപ്രാപ്യനായിരുന്നില്ല. കരുണയുടെ വഴികൾ അദ്ദേഹത്തെ എപ്പോഴും അശരണരിലേക്കും നിരാലംബരിലേക്കും കൊണ്ടുപോയി.

പരുമല കാൻസർ സെന്റർ എന്ന സ്വപ്നപദ്ധതി പൂർത്തിയാക്കാനും സാധുക്കളായ ഒട്ടേറെ രോഗികൾക്കു മെച്ചപ്പെട്ട ചികിത്സ നൽകാനും കഴിഞ്ഞതു ബാവായുടെ മനുഷ്യസ്നേഹത്തിന്റെ മുഖം വെളിവാക്കുന്നു. അദ്ദേഹത്തിന്റെ സപ്തതി വർഷത്തിലെ പ്രധാനപരിപാടിതന്നെ ഈ ആശുപത്രിയുടെ ഉദ്ഘാടനമായിരുന്നു. സൗജന്യ ചികിത്സാ സഹായപദ്ധതിയായ ‘സ്നേഹസ്പർശം’ നടപ്പാക്കി നിർധനരായ കാൻസർ രോഗികൾക്കു സാന്ത്വനം പകർന്നതും എത്രയോ കുടുംബങ്ങൾക്ക് ആശ്വാസം പകരുകയുണ്ടായി. പ്രശസ്ത ഗായിക കെ.എസ്. ചിത്രയാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചതും സംഗീതപരിപാടിയിലൂടെ കൈത്താങ്ങായതും.

കത്തോലിക്കാ സഭയുമായുള്ള അടുത്തബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയതു സഭൈക്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതായി. ദുഃഖവെള്ളിയാഴ്ച മൊബൈൽ ഫോൺ, ടിവി, ഇന്റർനെറ്റ് തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കി ആചരിക്കുന്ന ‘സൈബർ ഫാസ്റ്റ്’ ബാവായുടെ ആശയമാണ്. സൈബർ അടിമത്തം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, മനുഷ്യബന്ധങ്ങളിലെ തകർച്ച, വർധിച്ചുവരുന്ന ആത്മഹത്യാപ്രവണത, സൈബർ കുറ്റകൃത്യങ്ങളുടെ വർധന എന്നിവ ഒഴിവാക്കുന്നതിനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണു സൈബർ ഫാസ്റ്റ് ആചരിക്കുന്നത്.

മെത്രാനാകാൻ 40 വയസ്സ് പൂർത്തിയായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നപ്പോഴാണ് 36 വയസ്സുകാരനായ അദ്ദേഹം മെത്രാനാകാൻ നിയുക്തനായത്. ഭാരതത്തിലെ പഴമയും പാരമ്പര്യമുള്ളതുമായ ക്രൈസ്തവ സഭയുടെ തലവനാകാൻ നിയോഗിക്കപ്പെട്ടത് താരതമ്യേന ചെറിയപ്രായത്തിലാണ്. ഇനിയും ആത്മീയപാതയിലൂടെ സഭയെയും സമൂഹത്തെയും അദ്ദേഹത്തിനു നയിക്കാനാവുമെന്ന് സഭാ വിശ്വാസികൾ കരുതിയിരിക്കുമ്പോഴാണ് ഈ വിടവാങ്ങൽ. 

സ്േനഹത്തിന്റെയും കരുണയുടെയും വഴിത്താരയിൽ മാർഗദീപമായി അദ്ദേഹം എന്നുമുണ്ടാകും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്‌ക്ക് മലയാള മനോരമയുടെ ആദരാഞ്‌ജലി.

English Summary: Life of Catholicos Baselios Marthoma Paulose

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA