ADVERTISEMENT

തുടക്കത്തിൽ വിജയം സമ്മാനിച്ചു കുട്ടികളെ കളിയിലേക്ക് ആകർഷിക്കും. പിന്നാലെ പുതിയ ടാസ്ക്കുകൾ നൽകി ഹരം പിടിപ്പിക്കും. 

കളിക്കണമെന്ന ഒറ്റച്ചിന്ത മാത്രമാകും പിന്നെ. അപ്പോഴാണ് പണം ആവശ്യപ്പെടുക. പുതിയ കഥാപാത്രങ്ങളും ആയുധങ്ങളും  സ്വന്തമാക്കാൻ 

മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിൽ നിന്ന് അവരറിയാതെ പണം മോഷ്ടിച്ചാണ് പല കുട്ടികളും കളിയുടെ അടുത്ത ഘട്ടത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നത്. 

 

പണമില്ലാതിരുന്നിട്ടും ഫോൺ വാങ്ങിക്കൊടുത്തു; അവൻ പോയി

പഠിക്കാൻ മിടുക്കനായിരുന്നു ആ പതിനാലുകാരൻ. ഇടുക്കി കട്ടപ്പനയിലെ മലയോര മേഖലയിൽ കൂലിപ്പണിക്കാരനായ അച്ഛൻ വളരെ കഷ്ടപ്പെട്ടാണ് അവനു സ്മാർട്ഫോൺ വാങ്ങി നൽകിയത്. പിന്നെ ഫോൺ അവൻ താഴെ വച്ചിട്ടില്ല. ക്ലാസുകളും അസൈൻമെന്റും എന്നായിരുന്നു വീട്ടിൽ പറഞ്ഞ കാരണങ്ങൾ. മകൻ എന്താണു ഫോണിൽ ചെയ്യുന്നതെന്നു തിരിച്ചറിയാനുള്ള സാങ്കേതിക അറിവ് ആ മാതാപിതാക്കൾക്കില്ലായിരുന്നു. ഒരുദിവസം അച്ഛൻ ജോലികഴിഞ്ഞു മടങ്ങുമ്പോൾ വീടിനു സമീപത്തെ മൊബൈൽ ഷോപ് ഉടമ പറഞ്ഞു: മകൻ 1500 രൂപയ്ക്കു ഫോൺ റീചാർജ് ചെയ്തിട്ടുണ്ട്. പണം അച്ഛൻ തരുമെന്നു പറഞ്ഞു.

ദിവസം 500 രൂപയ്ക്കു കൂലിപ്പണിയെടുക്കുന്ന അച്ഛന് അതു സഹിച്ചില്ല. നേരെ വീട്ടിലെത്തി മകനെ കുറെ വഴക്കു പറഞ്ഞു. കരഞ്ഞു. പിന്നാലെ മുറിക്കുള്ളിൽ കയറിയ കുട്ടി കതകടച്ചു. ജനലിൽ തൂങ്ങിമരിച്ച നിലയിലാണു പിന്നീട് അവനെ കണ്ടത്. ഫ്രീ ഫയർ എന്ന ഗെയിമിന് അടിമയായി കളിക്കാൻ ആവശ്യമായ വെർച്വൽ തോക്കുകളും വാഹനങ്ങളും ഓൺലൈനിൽ വാങ്ങാനാണ് അവൻ പണം ഉപയോഗിച്ചത്. റീചാർജ് ചെയ്യാനും പുത്തൻ ഉപകരണങ്ങൾ വാങ്ങാനും പ്രത്യേകം വാട്സാപ് ഗ്രൂപ്പുകളും അവനുണ്ടായിരുന്നു. 

game

കഴിഞ്ഞമാസം 30ന് ആയിരുന്നു അവന്റെ ആത്മഹത്യ. കോവിഡ്‌ കാരണം ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായതോടെ ഗ്രാമങ്ങളും നഗരങ്ങളും എന്ന വ്യത്യാസമില്ലാതെയാണു ഡിജിറ്റൽ സൗകര്യങ്ങളിൽ മുന്നേറുന്നത്. കുട്ടികൾ‌ക്കു സ്വയം നിയന്ത്രണവും അവർക്കുമേൽ മാതാപിതാക്കളുടെ ജാഗ്രതയും നഷ്ടപ്പെടുന്ന വീടുകളിൽ, കൊല്ലുന്ന കളികൾക്കു വിപണി കണ്ടെത്താൻ ഇതു കാരണമായി. 

വെർച്വൽ വജ്രം വാങ്ങാൻ അമ്മയുടെ 2.93 ലക്ഷം!

കഴിഞ്ഞ മാസം എറണാകുളം റൂറൽ എസ്പി കെ.കാർത്തിക്കിന് ആലുവയിലെ വീട്ടമ്മ നൽകിയ പരാതിയുടെ അന്വേഷണം ചെന്നുനിന്നതും ഫ്രീ ഫയറിലാണ്. തന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു പലപ്പോഴായി 2.93 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നു തിരിച്ചറിഞ്ഞ സ്ത്രീ സൈബർ‌ തട്ടിപ്പാണെന്നു സംശയിച്ച് ആദ്യം ബാങ്കിൽ ചെന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ 225 തവണയായി അക്കൗണ്ടിൽ നിന്നു പണം മൊബൈൽ വോലറ്റിലേക്കു കൈമാറിയതായി കണ്ടെത്തി. അതോടെ സ്റ്റേറ്റ്മെന്റ് സഹിതം പൊലീസിനു പരാതി നൽകി.  

chiri

ബാങ്കിൽ നിന്നു മൊബൈൽ വോലറ്റിലേക്ക് എത്തിയ പണം അവിടെനിന്ന് എങ്ങോട്ടുപോയെന്നായിരുന്നു പൊലീസിന്റെ അന്വേഷണം. 50 രൂപ മുതൽ 5000 രൂപ വരെ പലപ്പോഴായി അക്കൗണ്ടിൽനിന്നു മാറ്റിയാണ് ആകെ 2.93 ലക്ഷം രൂപ കവർന്നിരിക്കുന്നത്. ഇൗ തുക ഉപയോഗിച്ചു ഫ്രീ ഫയറിലെ വെർച്വൽ വജ്രങ്ങൾ വാങ്ങിയെന്നു പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ, ആ ഫ്രീ ഫയർ അക്കൗണ്ട് മറ്റാരുടേതുമല്ല, പരാതിക്കാരിയുടെ മകന്റേതു തന്നെ. വെർച്വൽ വജ്രങ്ങൾകൊണ്ടു കളിക്കാൻ ആവശ്യമായ ആയുധങ്ങളും വസ്ത്രങ്ങളും കഥാപാത്രങ്ങളും വാങ്ങുകയായിരുന്നു ഒൻപതാം ക്ലാസുകാരൻ. മകനെ പ്രതിയാക്കാതിരിക്കാൻ കേസ് പിൻവലിക്കുന്നതിന് അപേക്ഷ നൽകിയിരിക്കുകയാണ് അമ്മ. 

ചിരിയിലേക്കു വിളിക്കൂ: 94979 00200

കുട്ടികൾക്കു ചുറ്റും  പൊലീസ് തീർത്തിട്ടുള്ള അദൃശ്യമെങ്കിലും ശക്തമായ സംരക്ഷണവലയമാണു ‘ചിരി’ പദ്ധതി. സുരക്ഷിതവും ആനന്ദകരവുമായ ബാല്യം കുട്ടികൾക്ക് ഉറപ്പാക്കുകയും അവർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും ചൂഷണങ്ങളും തടയുകയും ചെയ്യുകയാണു ലക്ഷ്യം. വൈകാരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് ചൈൽഡ് സൈക്കോളജിസ്റ്റുകളുടെയും കൗൺസലർമാരുടെയും സഹായത്തോടെ മനോനില വിശകലനം ചെയ്തശേഷം ഏതുരീതിയിലുള്ള സഹായമാണ് ആവശ്യമെന്നു നിർണയിക്കുന്നതാണ് ആദ്യഘട്ടം. ശിശുപീഡനങ്ങൾ അതതു പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുകയും തുടർനടപടി ഉറപ്പാക്കുകയും ചെയ്യും. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്നുറപ്പാക്കാൻ മേലുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംവിധാനമുണ്ട്. കോവിഡ് കാലത്തു മാത്രം 17,100 ഫോൺ വിളികളാണു ചിരിയിലേക്കെത്തിയത്. 

ഫോൺ പിടിച്ചുവാങ്ങി; വീടുവിട്ടിറങ്ങി മകൻ

കണ്ണൂർ സ്വദേശികളായ അധ്യാപികയുടെയും പൊലീസ് ഉദ്യോഗസ്ഥന്റെയും ഏകമകൻ. പത്താം ക്ലാസ് വിദ്യാർഥി. ഫ്രീ ഫയർ ഗെയിമിൽ കമ്പം കയറി. വാതിൽ അടച്ചിട്ട് രാത്രി മുഴുവൻ ഗെയിം കളിക്കും. മാതാപിതാക്കൾ എത്ര ശ്രമിച്ചിട്ടും ഫോൺ പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം രാത്രി മൂന്നു മണിക്ക് അച്ഛൻ വാതിലിൽ മുട്ടിവിളിച്ചു. തുറക്കുന്നില്ല. ചവിട്ടിപ്പൊളിച്ച് അകത്തു കടന്നു. മകൻ ഗെയിമിൽത്തന്നെ.

ഫോൺ പിടിച്ചെടുക്കാൻ അച്ഛൻ ശ്രമം നടത്തി; അച്ഛനെ കായികമായി നേരിടാൻ മകനും. വലിയ അടി നടന്നു. ഒടുവിൽ ഫോൺ അച്ഛൻ കൈക്കലാക്കി. പക്ഷേ, മകൻ വീടുവിട്ട് ഇറങ്ങിപ്പോയി. പൊലീസ് സഹായത്തോടെയാണു മകനെ കണ്ടെത്തിയത്. 

വീടുവിട്ടുപോകൽ ഭീഷണിയും ആത്മഹത്യാഭീഷണിയും മൂലം മകനെ ഉപദേശിക്കാൻ പോലും ഇപ്പോൾ മാതാപിതാക്കൾക്കു പേടിയാണ്. കൗൺസലിങ്ങിനായി ശ്രമിക്കുന്നുണ്ടെങ്കിലും മുറിക്കു പുറത്തിറങ്ങാൻപോലും അവൻ കൂട്ടാക്കുന്നില്ലെന്നു കണ്ണീരോടെ ആ മാതാപിതാക്കൾ പറഞ്ഞു. 

ഒടിപി ചോർത്തി  മകനെടുത്തത് 3 ലക്ഷം! 

പാലക്കാട് തച്ചനാട്ടുകരയിൽ മകന്റെ ഓൺലൈൻ ഗെയിം കളി മൂലം അധ്യാപകദമ്പതികൾക്കു 3 ലക്ഷം രൂപ നഷ്ടമായതു കഴിഞ്ഞയാഴ്ചയാണ്. അക്കൗണ്ടിൽനിന്നു പണം നഷ്ടമായതിനെത്തുടർന്നു മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു ഫോണിലേക്ക് എത്തുന്ന ഒടിപി നമ്പർ ഉപയോഗിച്ചു പണം പിൻവലിച്ചതു പ്ലസ് വൺ വിദ്യാർഥിയായ മകൻ തന്നെയാണെന്നു തിരിച്ചറിഞ്ഞത്. തുടർന്നു മാതാപിതാക്കൾ കേസ് പിൻവലിച്ചു. പഠനത്തി‍ൽ ശ്രദ്ധ കുറഞ്ഞതോടെ നടത്തിയ അന്വേഷണത്തിൽ മകൻ ഓൺലൈൻ ഗെയിമിന് അടിമയാണെന്നു വീട്ടുകാർ മുൻപുതന്നെ തിരിച്ചറിഞ്ഞിരുന്നു. വിലക്കിയാൽ വീടുവിട്ടു പോകുമെന്നും ജീവനൊടുക്കുമെന്നും ഭീഷണി പതിവായതോടെ മാതാപിതാക്കൾ മൗനം പാലിക്കുകയായിരുന്നു. 

അക്കൗണ്ടിൽനിന്ന് 60,000 രൂപ നഷ്ടപ്പെട്ടപ്പോഴാണ് അടുത്തിടെ സർക്കാർ ഉദ്യോഗസ്ഥ സൈബർ സെല്ലിനെ സമീപിച്ചത്. പലപ്പോഴായി 400 മുതൽ 5000 രൂപ വരെ ഒടിപി നമ്പർ ഉപയോഗിച്ചാണു പിൻവലിച്ചിരിക്കുന്നതെന്നു കണ്ട പൊലീസിനു വീട്ടിലാരെങ്കിലും കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യമേ വേണ്ടിവന്നുള്ളൂ. മുഴുവൻ സമയവും ‘ഓൺലൈൻ ക്ലാസിൽ’ മുഴുകിയ ഏഴാം ക്ലാസുകാരൻ മകനെ ചോദ്യംചെയ്തപ്പോൾ സത്യം പുറത്തുവന്നു. നാലുമാസം കൊണ്ടാണു തുക അമ്മയുടെ അക്കൗണ്ടിൽനിന്നു പിൻവലിച്ചത്.

പൊലീസ് കണക്കുകൾ പറയുന്നു...കെണിയിൽപെടുന്നവരിൽ ഏറെയും ആൺകുട്ടികൾ 

∙പരാതി കൂടുതൽ കൊല്ലത്തും എറണാകുളത്തും കളിയിൽ മുന്നിൽ 12 മുതൽ 16 വരെ പ്രായക്കാർ

കുട്ടികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കേരള പൊലീസ് ഏർപ്പെടുത്തിയ ‘ചിരി’ ഹെൽപ്‌ ലൈനിലേക്ക് ഏറ്റവുമധികം വിളികൾ വരുന്നതു കൊല്ലത്തുനിന്ന്. എറണാകുളം ജില്ലയാണു രണ്ടാം സ്ഥാനത്ത്. 12 മുതൽ 16 വയസ്സു വരെയുള്ള ആൺകുട്ടികളാണു കളിയിൽ മുന്നിൽ. ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ള മാതാപിതാക്കളുടെ കുട്ടികളാണ് പ്രധാനമായും കുരുക്കിൽപെടുന്നത്. അത്യാധുനിക സൗകര്യങ്ങളും ഉയർന്ന വേഗവുമുള്ള മൊബൈൽ ഫോണുകളാണ് ഏറെപ്പേരുടെയും കയ്യിലുള്ളത്. മുഴുവൻ സമയ വൈഫൈ കണക്‌ഷനും മിക്ക വീടുകളിലുമുണ്ട്. കുട്ടികൾ ദിവസത്തിൽ ഏറെ സമയവും ജോലിക്കാരുടെയോ മാതാപിതാക്കളുടെ അച്ഛനമ്മമാരുടെയോ നിയന്ത്രണത്തിലാകും. കർശനമായി ഇടപെടാൻ ഇവർക്കു കഴിയാറില്ല. ഓൺലൈൻ സാങ്കേതികപരിജ്ഞാനം ഇവരിൽ പലർക്കും വളരെക്കുറവുമാണ്. ഇതു മുതലെടുത്താണു കുട്ടികൾ മണിക്കൂറുകളോളം ഓൺലൈനിൽ ചെലവഴിക്കുന്നത്.

‘ഗെയിം കളിക്കേണ്ട’ എന്നു നിർദേശിക്കുന്നതോടെ പലരും അക്രമാസക്തരാകുന്നു. കൗൺസലിങ്ങും ചൈൽഡ് സൈക്കോളജിസ്റ്റിന്റെ സേവനവും നൽകിയിട്ടും പരിഹരിക്കാൻ കഴിയാതെ മനോരോഗ വിദഗ്ധരുടെ സഹായംവരെ തേടേണ്ടിവന്ന ഒട്ടേറെ കുട്ടികൾ കൊല്ലം ജില്ലയിലുണ്ടെന്നും ‘ചിരി’ അധികൃതർ പറഞ്ഞു. മാതാപിതാക്കൾക്കൊപ്പം ഇരിക്കാനോ സംസാരിക്കാനോ തയാറാകാതെ വെർച്വൽ‍ ലോകത്തേക്കു കുട്ടികളുടെ പ്രവർത്തനം ചുരുങ്ങുന്നതോടെയാണു മിക്ക മാതാപിതാക്കളും കുട്ടികൾ അപകടത്തിലാണെന്ന് അറിയുന്നതുതന്നെ. ആ ഘട്ടത്തിൽ വിലക്കുന്നതിനോടു ഭീകരമായാണു കുട്ടികൾ പ്രതികരിക്കുക. കണ്ണിൽ കാണുന്നതൊക്കെ തല്ലിത്തകർക്കുക, എറിഞ്ഞു പൊട്ടിക്കുക, അസഭ്യം പറയുക തുടങ്ങി ലഹരിക്കടിമപ്പെട്ടവർ അതു കിട്ടാതെ വരുമ്പോൾ കാട്ടാറുള്ള ലക്ഷണങ്ങൾ ഇവരും കാട്ടും. അച്ഛനമ്മമാരെയും സഹോദരങ്ങളെയും ശാരീരികമായി ആക്രമിക്കാൻ മുതിർന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്നും കൗൺസ ലർമാർ പറയുന്നു.

ഇൻപുട്സ്: മനോരമ ലേഖകർ

സങ്കലനം:  വി.ആർ.പ്രതാപ്

നാളെ: കളി കാര്യമായോ? എങ്ങനെ അറിയാം?

English Summary: Teenagers free fire game addiction 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com