തല തോറ്റാലും, തലക്കെട്ട് തോൽക്കില്ല

dog
SHARE

തലക്കെട്ടുകൾക്കു ഹൈക്കോടതി ആദരം അർപ്പിച്ച ആഴ്ചയാണു കടന്നുപോയത്. പത്രവാർത്തകളെ തലക്കെട്ടു ധരിപ്പിക്കുകയും ചിലനേരം അതഴിച്ചു കുടയുകയും ചെയ്യുന്ന തലക്കെട്ടു തലൈവർക്കുള്ള ആദരം എന്നുകൂടി കരുതാൻ അപ്പുക്കുട്ടനു സന്തോഷമാണ്. തിരുവനന്തപുരം വിഴിഞ്ഞത്തിനു സമീപം ബ്രൂണോ എന്ന വളർത്തുനായയെ ക്രൂരമായി തല്ലിക്കൊന്ന സംഭവം കഴിഞ്ഞയാഴ്ച കേസായപ്പോൾ പരേതനായ നായയ്ക്കു തലക്കെട്ടു നൽകി ആദരിക്കാൻ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു; ഹർജിയുടെ തിരുനെറ്റിയിൽ ബ്രൂണോ എന്നെഴുതാൻ ഉത്തരവ്.  

ആരെയെങ്കിലും ആദരിക്കണമെന്നു തോന്നുമ്പോൾ ആ ആളുമായി ബന്ധപ്പെട്ട ഹർജിക്കു പേരെഴുതി തലക്കെട്ടിടുക എന്നതു ബഹുഭൂരിപക്ഷം ബഹുജനത്തിനും പുതിയ അറിവാണെന്നാണ് അപ്പുക്കുട്ടൻ മനസ്സിലാക്കുന്നത്; നായ്ക്കളുടെ കാര്യവും അങ്ങനെതന്നെ. 

സായ്പിന്റെ ഭരണകാലത്ത് ഇന്നാട്ടുകാർക്കു നൽകാൻവേണ്ടി നിർമിച്ച റാവു ബഹാദൂർ പോലുള്ള അലങ്കാരങ്ങൾക്കു നിർബന്ധമായും തലക്കെട്ട് ഉണ്ടായിരുന്നു. അതീവ ആദരണീയൻ, ധീരനായ രാജകുമാരൻ എന്നൊക്കെ മനസ്സിൽ കണ്ടാണു റാവു ബഹാദൂർ ബഹുമതി നൽകിയിരുന്നത്. റാവു ബഹാദൂർ ഇല്ലാതായതിനുശേഷം തല സ്റ്റാമ്പാക്കുക എന്നതായി ആദരത്തിന്റെ പരമമായ അടയാളം. എന്നുവച്ചാൽ തലയുടെ ചിത്രംവച്ച് സ്റ്റാമ്പിറക്കുക. 

കോടതി ഹർജിയുടെ തലക്കെട്ടിൽ പേരുവരുന്നത് ഇതിനൊക്കെ തുല്യമായ ആദരമായി കാണണം. ബ്രൂണോ മരിച്ചുപോയതിനാൽ കോടതിയിലെ തലക്കെട്ടുകൾ മരണാനന്തര ബഹുമതിയായിക്കരുതാം. ജീവിച്ചിരിക്കുന്നവർക്കുകൂടി തലക്കെട്ടു നൽകുന്നതു കോടതിയലക്ഷ്യമാവില്ലെങ്കിൽ തീർച്ചയായും പരിഗണിക്കേണ്ടതാണ്. പതിവായി കോടതി കയറുന്നവർക്കു നൽകാവുന്ന തലക്കെട്ടുകൾക്കുവേണ്ടി ഒരു മത്സരം തന്നെ നടത്താവുന്നതാണ്. ആദരണീയരായ വാദിയും പ്രതിയുമൊക്കെ കോടതിയിൽനിന്നു തലക്കെട്ടണിഞ്ഞ്  ഇറങ്ങിവരുന്നത് ആലോചിക്കുമ്പോൾതന്നെ നിയമം അനുസരിച്ചു ജീവിക്കുന്ന ഏതൊരു പൗരന്റെയും തലയ്ക്കു ചുറ്റും അഭിമാനത്തിന്റെ വിശുദ്ധ പരിവേഷം വന്നു വട്ടത്തിൽ നിൽക്കും. 

നായ്ക്കൾ കുരയ്ക്കുന്നതു കേൾക്കുന്നില്ലേ? അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ എന്നുതന്നെയാവും ഓരോ നായ്ക്കുരവയ്ക്കും അർഥം.

English Summary: Headline as honour

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA