ADVERTISEMENT

ഓൺലൈൻ കളിയിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചാലോ ഫോൺ പിടിച്ചുവാങ്ങിയാലോ അതുവരെ കണ്ടിട്ടില്ലാത്ത ഉഗ്രരൂപമാണ് ചില കുട്ടികൾ പുറത്തെടുക്കുക. അച്ഛനെയും  അമ്മയെയും അപരിചിതരെപ്പോലെ കാണും, ആക്രമിക്കും. മാതാപിതാക്കൾ തിരികെത്തല്ലിയാൽ വീടുവിട്ടിറങ്ങുകയോ കടുംകൈയ്ക്ക് മുതിരുകയോ ചെയ്യും. എന്തു ചെയ്യണമെന്നറിയാതെ ചൈൽഡ് ലൈൻ പ്രവർത്തകരെയും പൊലീസിനെയും വിളിച്ചുകരയുകയാണ് മാതാപിതാക്കൾ

ഫോൺ‌ പിടിച്ചുവാങ്ങി; കഠാരയെടുത്ത് മകൻ

ഇടുക്കി ആദിവാസി പിന്നാക്കമേഖലയിലെ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ബാലൻ അച്ഛനെ കൊല്ലാൻ കഠാരയുമായി നടക്കുന്നുവെന്ന് അമ്മ അറിയിച്ചതനുസരിച്ചായിരുന്നു പഞ്ചായത്ത് അംഗവും ചൈൽഡ് ലൈൻ പ്രവർത്തകരും വീട്ടിലെത്തിയത്. ഏതാനും മാസം മുൻപുവരെ ഉൗർജസ്വലനായിരുന്ന ബാലന്റെ പെരുമാറ്റത്തിൽ വല്ലാത്ത അസ്വാഭാവികത. ഫോൺ നിലത്തു വയ്ക്കാതെയുള്ള കളിയെക്കുറിച്ചു വീട്ടുകാർ വിവരിച്ചു. കഴിഞ്ഞ ദിവസം അമ്മ കാര്യമായൊന്നു ശകാരിച്ചു. ഇതോടെ വീടിനു സമീപത്തുള്ള പാറക്കെട്ടിനു മുകളിലേക്കു പോയ ബാലൻ അവിടെനിന്നു ചാടി മരിക്കുമെന്നായി. 

അമ്മയും ബന്ധുക്കളും നിർബന്ധിച്ചും ബലം പ്രയോഗിച്ചുമാണു വീട്ടിലേക്കു തിരികെ കൊണ്ടുവന്നത്. വൈകിട്ടു വീട്ടിലെത്തിയ തടിപ്പണിക്കാരനായ അച്ഛൻ വിവരമറിഞ്ഞു ദേഷ്യപ്പെട്ടു. കുട്ടിയുടെ കയ്യിൽനിന്നു ഫോൺ പിടിച്ചു നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇതോടെ സകലനിയന്ത്രണവും നഷ്ടപ്പെട്ട ബാലൻ അച്ഛനെ കൊല്ലാൻ കഠാര കയ്യിലെടുക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ‌ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവൻ വഴങ്ങിയില്ല. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണു കുട്ടി സഹകരിക്കാൻ തയാറായത്. കുട്ടികൾ കളിക്കടിമകളായി മാറിയ മിക്ക വീടുകളിലും ഇതാണവസ്ഥ. 

കളി കാര്യമായോ? നിരീക്ഷിക്കൂ,  ഇൗ ലക്ഷണങ്ങൾ

∙പഠനത്തിൽ പിന്നോട്ട്

മിടുക്കരായ കുട്ടികളാണു പലപ്പോഴും ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നത്. കഴിവുകൾ മറ്റൊരു തലത്തിലേക്കു വഴിതിരിഞ്ഞുപോകും. ഊർജം, സമയം, സമ്പത്ത് എല്ലാം നഷ്ടപ്പെടുത്തി കുട്ടികൾ ഫോണുകളിൽ ഒതുങ്ങും. ക്ലാസിലെ ഹാജർനില കുറയും. 

student-book

∙കുളിയില്ല, നനയില്ല

സൗന്ദര്യബോധം നഷ്ടപ്പെടുന്നതിനാൽ കുളിക്കാനോ വസ്ത്രം മാറാനോ തയാറാകില്ല. ദിവസങ്ങളോളം അടിവസ്ത്രം മാറാൻ പോലും മെനക്കെടാതെ കളിച്ചുകൊണ്ടിരുന്നവരുണ്ട്. വ്യക്തിശുചിത്വം കുറയും. താടിയും മുടിയും വെട്ടിയൊതുക്കാനോ ചീകിവയ്ക്കാനോ തയാറാകാത്തവരുമുണ്ട്.

∙വിശപ്പില്ല; കഴിക്കില്ല

ഓൺലൈൻ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പലപ്പോഴും ഭക്ഷണം കഴിക്കാൻപോലും മറക്കും. ചിലർ കളിയിലെ സമ്മർദം മാറ്റാൻ അമിതമായി ഭക്ഷണം കഴിക്കാറുമുണ്ട്. രാത്രികളിൽ മുറിയടച്ചിരുന്നു മണിക്കൂറുകളോളം ഓൺലൈൻ കളിയിൽ ഏർപ്പെടും. 

∙തിരിച്ചടിയിൽ തകരാം

വീട്ടുകാർക്കു കുട്ടികളെ നിയന്ത്രിക്കാൻ കഴിയാതെയാകും. വീട്ടുകാരുമായുള്ള ആത്മബന്ധം നഷ്ടപ്പെടും. കൂട്ടുകാർ വിട്ടുപോകാം. ഗെയിമിൽ നിന്നുള്ള തിരിച്ചടികൾ മരണമല്ലാതെ മറ്റുവഴികളില്ലെന്ന ചിന്തയിലേക്കു കുട്ടികളെ നയിച്ചേക്കാം. 

mobile

∙മോഷണവും ദേഷ്യവും

മാതാപിതാക്കളുടെ ബാങ്ക്, മൊബൈൽ വോലറ്റ് അക്കൗണ്ടുകളിൽനിന്നു പണമെടുത്തു ഗെയിമിൽ നേട്ടമുണ്ടാക്കാൻ കുട്ടികൾ ശ്രമിക്കും. സുഹൃത്തുക്കളെ പ്രേരിപ്പിച്ചും പ്രോത്സാഹിപ്പിച്ചും ഗെയിമുകളിലേക്കു കൊണ്ടുവരും. മുതിർന്നവരോടുള്ള ബഹുമാനം നഷ്ടപ്പെടും. അനാവശ്യമായി ദേഷ്യപ്പെടും.

∙ഉണങ്ങാത്ത മുറിവുകൾ

നിരന്തരമായ ഓൺലൈൻ കളി കാരണം  കൈവിരലുകൾ എപ്പോഴും ഫോണിൽ‌ കളിക്കുന്നതു പോലെ ചലിപ്പിച്ചുകൊണ്ടേയിരിക്കും. മാനസിക സംഘർഷം കാരണം ചുണ്ടുകളിലും നാവിലും മുറിവുകൾ പ്രത്യക്ഷപ്പെടാം. അവ ഉണങ്ങാതെ തുടരാനുമിടയുണ്ട്. 

mobile-money

നിർത്താതെ കളി; ബോധം പോയതറിയാതെ വീട്ടുകാർ

ആഴ്ചകൾക്കു മുൻപാണു മലപ്പുറം തിരൂരിൽ 4 മണിക്കൂർ തുടർച്ചയായി ഓൺലൈൻ ഗെയിം കളിച്ച എട്ടാം ക്ലാസുകാരൻ ബോധംകെട്ടു വീണത്. പഠിക്കാനെന്നു പറഞ്ഞു മുറിയിൽകയറി കതകടച്ചിരിക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി പുറത്തുവരാത്തതിൽ സംശയം തോന്നിയ സഹോദരി വാതിലിൽ മുട്ടിവിളിച്ചപ്പോൾ മറുപടിയില്ല. വീട്ടുകാർ വാതിൽ തകർത്തു നോക്കിയപ്പോഴാണു  ബോധംകെട്ടു കിടക്കുന്നതു കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ച വീട്ടുകാർക്ക് അപ്പോഴും കാര്യം മനസ്സിലായിരുന്നില്ല. ബോധംവന്ന ശേഷം ഡോക്ടറുടെ ചോദ്യം ചെയ്യലിൽ കുട്ടി ഗെയിമിന്റെ കാര്യം വെളിപ്പെടുത്തി. തുടർച്ചയായി ഭക്ഷണംപോലും വേണ്ടെന്നുവച്ചായിരുന്നു മുറിയടിച്ചിരുന്നുള്ള കളി. അങ്ങനെ തളർന്നുവീണു. പകലും രാത്രിയും മുറി പൂട്ടിയിരിക്കുന്ന കുട്ടി പഠിക്കുകയാണെന്നായിരുന്നു വീട്ടുകാർ ധരിച്ചത്. ഓൺലൈനായി കളിക്കുന്നവരുമായുള്ള സംഭാഷണം ക്ലാസിൽനിന്നുള്ള ശബ്ദമാണെന്നും തെറ്റിദ്ധരിച്ചു. ഇപ്പോൾ കുട്ടി പഠിക്കുന്ന സമയം വീട്ടിലാരെങ്കിലും കൂടെയിരിക്കുകയാണ്. അല്ലാതെന്തു ചെയ്യാനെന്നു മാതാപിതാക്കൾ ചോദിക്കുന്നു. 

child

മകനു വേണ്ടി ഉറങ്ങാതെ  ഇൗ അച്ഛനും അമ്മയും 

ഫ്രീ ഫയർ തലയ്ക്കു പിടിക്കുംമുൻപു വളരെ ശാന്തനായിരുന്നു ആ പത്താം ക്ലാസുകാരൻ. കണ്ണൂരിൽ അധ്യാപികയാണ് അമ്മ. അച്ഛൻ വിദേശത്തും. ഓൺലൈൻ പഠനം ആരംഭിച്ചതോടെ ഫ്രീ ഫയർ കളിയും തുടങ്ങി. മാസങ്ങൾക്കുള്ളിലാണു കുട്ടിയുടെ സ്വഭാവം മാറിയത്. കളി തോൽക്കുന്നൂ എന്ന ഘട്ടത്തിലെത്തുമ്പോൾ മുഖം മാറും. തന്റെ മകനാണോ എന്നു പോലും സംശയിക്കുന്ന തരത്തിലേക്കാണ് അപ്പോഴത്തെ മാറ്റമെന്ന് ആ അമ്മ പറയുന്നു. കളിയിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചാൽ തന്നെയും മകളെയും മാരകമായി ഉപദ്രവിക്കും. കയ്യിൽ കിട്ടുന്ന സാധനങ്ങളെല്ലാം നിലത്തെറിഞ്ഞുടയ്ക്കും. കരഞ്ഞു കാലുപിടിച്ചാലും ഉപദ്രവം തുടരും.

അവനെ രക്ഷിക്കാൻ ഒരുപാടു വഴികൾ നോക്കി. ചൈൽഡ് ലൈൻ പ്രവർത്തകരെ വിളിച്ചു കൗൺസലിങ് നൽകി. അവൻ ശാന്തനായി ഇരിക്കുമ്പോൾ കാലുപിടിച്ചു കരഞ്ഞു. പക്ഷേ, ഫലമുണ്ടായില്ല. വികാരിയച്ചനോടും ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരോടും അവനെക്കുറിച്ചു പറഞ്ഞതിന്റെ പേരിലും ഒരുപാടു ദേഹോപദ്രവം സഹിക്കേണ്ടി വന്നു. സഹികെട്ടു ഭർത്താവിനെ വിദേശത്തുനിന്നു വിളിച്ചു വരുത്തി. അച്ഛൻ കുട്ടിക്കൊപ്പം രാപകൽ ഇരുന്നു. കളിയുടെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി. അച്ഛൻ അവധി കഴിഞ്ഞു പോകുംവരെ അവൻ കളിക്കാതെയിരുന്നു. അദ്ദേഹം മടങ്ങിയ അന്നു രാത്രി മുതൽ വീണ്ടും ആളുമാറി. ഉപദ്രവവും ഭീഷണിയും തുടങ്ങി. ജീവിതം അവസാനിപ്പിക്കാമെന്ന ചിന്തയിലേക്ക് ഒരുപാടുതവണ പോയിട്ടുണ്ടെന്ന് അമ്മയും സഹോദരിയും പറയുന്നു.

ഒടുവിൽ അച്ഛൻ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. മികച്ച ശമ്പളവും പദവിയുമുള്ള ജോലിയാണു മകനുവേണ്ടി വേണ്ടന്നുവച്ചത്. ഇപ്പോൾ 24 മണിക്കൂറും അച്ഛൻ മകനൊപ്പമാണ്. മകൻ ഉറങ്ങിയതിനുശേഷം മാത്രം മാതാപിതാക്കൾ ഉറങ്ങും. അവൻ ഉണരും മുൻപേ ഉണരും. 

കുട്ടികൾ വിഡിയോ ഗെയിം കളിക്കുമ്പോൾ കണ്ടില്ലെന്നു നടിക്കുന്ന മാതാപിതാക്കളാണ് അധികവും.  വീട്ടിൽ എല്ലാവരും ഫോണിലാണ്. പിന്നെങ്ങനെ കുട്ടികളെ വിലക്കും? കുട്ടികൾ ശരീരത്തിനും മനസ്സിനും ഹാനികരമായ ഗെയിമുകൾ കളിച്ചു തുടങ്ങുമ്പോൾത്തന്നെ പിന്തിരിപ്പിക്കാൻ കഴിയണമെന്നു മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. തന്റെ മക്കൾ അങ്ങനെയൊന്നും ചെയ്യില്ലെന്നാണു പല മാതാപിതാക്കളും കരുതുന്നത്. അതുകൊണ്ടുതന്നെ ആദ്യം അവർ ഇത്തരം തെറ്റായ പ്രവണതകൾ കണ്ടില്ലെന്നു നടിക്കും. നിവൃത്തിയില്ലാതെ ഏറ്റവും ഒടുവിലാണു മറ്റു വഴികൾ തേടുന്നത്. അപ്പോഴേക്കും കുട്ടികളുടെ വ്യക്തിത്വത്തെ വരെ ഇത്തരം ഗെയിമുകൾ സ്വാധീനിച്ചിരിക്കും.

mobile-game

മകനും പോയി പണവും പോയി; നീതി തേടി പിതാവ്

തിരുവനന്തപുരത്തെ സർക്കാർ എൻജിനീയറിങ് കോളജിൽ പഠിക്കുമ്പോഴാണ് അർജുൻ (23) ഓൺലൈൻ ഗെയിമിന്റെ വലയിൽ വീണത്. പരീക്ഷയ്ക്കു ഫീസ് അടയ്ക്കാൻ നൽകിയ പണവും  കൂട്ടുകാരന്റെ പരീക്ഷാഫീസും വാങ്ങി ഉൗണും ഉറക്കവുമില്ലാതെ കളിച്ചു. ആ പണമെല്ലാം പോയി. ഒടുവിൽ പിടിച്ചുനിൽക്കാൻ കഴിയാതെ നാടുവിട്ടപ്പോഴാണു വീട്ടുകാർ വിവരം അറിയുന്നത്. പിന്നീടു കളിയിൽനിന്നു പിന്മാറിയെന്നു വീട്ടുകാർ കരുതി. എന്നാൽ, മാതാപിതാക്കളുടെ അക്കൗണ്ടിൽനിന്ന് അവരറിയാതെ പണം പിൻവലിച്ചും പലരിൽ നിന്നും പണം കടം വാങ്ങിയും കളി തുടർന്നു. 

6 ലക്ഷം രൂപ ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആലപ്പുഴ വീയപുരം സ്വദേശിയായ പിതാവ് പറഞ്ഞു. പ്രായപൂർത്തിയായ മകനെ കളിയിൽനിന്ന് എങ്ങനെ മോചിപ്പിക്കുമെന്ന് അദ്ദേഹത്തിനും അറിയില്ലായിരുന്നു. 

സുഹൃത്ത് പണയം വച്ച ബൈക്ക് തിരിച്ചെടുക്കാൻ അർജുനെ ഏൽപിച്ച 60,000 രൂപയും അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 25,000 രൂപയും എടുത്തു കളിച്ചു. പണം നഷ്ടമായതോടെ വീട്ടിൽനിന്നു രണ്ടു ദിവസം മാറിനിന്നു. 

പിന്നീടു വീടിനു സമീപത്തുവച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. സാരമായി പൊള്ളലേറ്റ അർജുൻ പിറ്റേന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ഗെയിം തയാറാക്കിയ കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നൽകാൻ പോകുകയാണെന്നു പിതാവ് പറഞ്ഞു. 

ഇൻപുട്സ്: മനോരമ ലേഖകർ

സങ്കലനം:  വി.ആർ.പ്രതാപ്

നാളെ: എന്താണു പരിഹാരം? 

English Summary: Mobile game addiction of children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com