ADVERTISEMENT

രാജ്യാതിർത്തിയിലെ വനത്തിനുള്ളിലുള്ള കൊട്ടാരത്തിൽ നായാട്ടിനു ശേഷമുള്ള വിശ്രമത്തിനു മാത്രമായാണു രാജാവും പരിവാരങ്ങളും സാധാരണ എത്താറുള്ളത്. അന്നു രാജാവ് എത്തുമെന്നറിഞ്ഞു കാവൽക്കാരൻ എല്ലാ ക്രമീകരണങ്ങളും നടത്തി. അപ്പോഴാണു ദേഹമാസകലം മുറിവേറ്റ ഒരാൾ കൊട്ടാരമുറ്റത്തേക്ക് ഓടിവരുന്നതു കണ്ടത്. രാജാവിനായി ഒരുക്കിയ കിടക്കയിൽ കിടത്തി അദ്ദേഹത്തെ ശുശ്രൂഷിച്ചു. രാജാവിനുവേണ്ടി തയാറാക്കിയ ഭക്ഷണത്തിൽനിന്നു കുറച്ചു നൽകി. ഇതെല്ലാം കണ്ടു കയറിവന്ന സൈന്യാധിപൻ കാവൽക്കാരനോടു ദേഷ്യപ്പെട്ടു. രാജാവിനുവേണ്ടി ഒരുക്കിയ സൗകര്യങ്ങൾ എന്തു ധൈര്യത്തിലാണു മറ്റൊരാൾക്കുവേണ്ടി ഉപയോഗിച്ചത്. അകത്തു കിടന്നയാൾ ബഹളം കേട്ട് എഴുന്നേറ്റു വന്നു. രാജാവ് തന്നെയായിരുന്നു അത്. താനാരാണെന്നു മനസ്സിലാകാതിരുന്നിട്ടും തന്നെ ശുശ്രൂഷിച്ച കാവൽക്കാരനു രാജാവ് സ്ഥാനക്കയറ്റം നൽകി. 

പെരുമാറ്റമര്യാദകൾ ആന്തരികമായി കാത്തുസൂക്ഷിക്കുന്നവരും ബാഹ്യമായി നിലനിർത്തുന്നവരുമുണ്ട്. മുന്നിൽവരുന്ന ആളുകളുടെ സ്ഥാനവും നിലവാരവും അവരിലൂടെയുള്ള പ്രയോജന സാധ്യതകളും അളന്നു പെരുമാറുന്നവർക്കു സ്വഭാവവൈശിഷ്ട്യമോ സ്വാഭാവികനന്മയോ ഇല്ല. മുതിർന്നവരെയും ഉയർന്നവരെയും എല്ലാവരും ബഹുമാനിക്കും. താഴ്ന്നവരെയും ഒരർഹതയുമില്ലാത്തവരെയും ആദരിക്കാൻ എത്രപേർ തയാറാകും? ബഹുമാനാദരങ്ങൾക്കു ചില സാമ്പ്രദായികചട്ടങ്ങൾ എങ്ങനെയോ രൂപപ്പെട്ടിട്ടുണ്ട്. ഇളയവർ മൂത്തവർക്കു നൽകേണ്ടതാണ്, ശിഷ്യർ ഗുരുക്കന്മാർക്കു കൊടുക്കേണ്ടതാണ്, സ്ഥാനങ്ങൾ കയറുന്നതിനനുസരിച്ചു കൂടുതൽ ലഭിക്കേണ്ടതാണ് തുടങ്ങിയ അലിഖിത നിയമങ്ങൾ ഒട്ടേറെയുണ്ട്. നിയമസംഹിതകളിൽ ഉള്ളതുകൊണ്ട് മാത്രം നൽകുന്ന ഉപചാരങ്ങൾ ആത്മാർഥതയില്ലാത്തതുകൊണ്ട് ഒരുതരം അവഹേളനം തന്നെയാണ്. 

കൂടെ നിൽക്കുന്നവരെ കണ്ടെത്താൻ രണ്ടു മാർഗങ്ങളുണ്ട്. ഒന്നുകിൽ ഇടയ്ക്കൊന്നു തളർന്നു വീഴുക, അല്ലെങ്കിൽ വല്ലപ്പോഴുമൊന്നു വേഷപ്രച്ഛന്നൻ ആകുക. കരുത്തുള്ളപ്പോൾ മാത്രം കാവലാളാകുന്നവർ ആ കരുത്തിൽനിന്ന് എന്തൊക്കെയോ നേട്ടങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അല്ലെങ്കിൽ അധികാരിയുടെ അടുത്തയാളാണു താനും എന്നുള്ളതിൽ അഹങ്കരിക്കുകയെങ്കിലും ചെയ്യുന്നുണ്ട്. വ്യക്തിയെ ബഹുമാനിക്കുന്നവരെയും സ്ഥാനത്തെ ബഹുമാനിക്കുന്നവരെയും തമ്മിൽ വേർതിരിച്ചറിയുക എന്നതാണു  ഏറ്റവും വലിയ വെല്ലുവിളി. സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കുന്നവരെക്കാൾ വിശ്വസിക്കാവുന്നതു സ്ഥാനഭ്രഷ്ടനാകുമ്പോൾ ഒപ്പമുള്ളവരെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com