വ്യാപാരികൾക്കും അതിജീവിക്കണം

HIGHLIGHTS
  • അടച്ചുപൂട്ടലിൽ ശ്വാസംമുട്ടി വ്യാപാരിസമൂഹം
lockdown
SHARE

നീളുന്ന കോവിഡ്കാലത്തിന്റെ ആഘാതമേറ്റു ജീവിതം വഴിമുട്ടിനിൽക്കുകയാണു സംസ്ഥാനത്തെ വ്യാപാരിസമൂഹം. കടകൾ അടച്ചിടേണ്ടിവന്നതുകൊണ്ടു കടം കയറി വീട്ടുചെലവിനുപോലും  ബുദ്ധിമുട്ടുന്ന പതിനായിരക്കണക്കിനു വ്യാപാരികൾ എന്തു ചെയ്യണമെന്നറിയാതെ പതറുമ്പോൾ ഒപ്പമുണ്ടാവേണ്ട ചുമതല തീർച്ചയായും സർക്കാരിനുണ്ട്. 

സംസ്ഥാനത്തെ മിക്ക വ്യാപാരികൾക്കും ഇപ്പോൾ പറയാനുള്ളതു നിരാശയും സങ്കടവുംകൊണ്ടെഴുതിയ ആത്മകഥയാണ്. ജീവിതത്തിന്റെ മുഴുവൻ സമ്പാദ്യവുംകൊണ്ടുണ്ടാക്കിയ കടകൾ നഷ്ടത്തിന്റെ കണക്കുമാത്രം പറയുമ്പോൾ ഇനിയെങ്ങനെ മുന്നോട്ടുനീങ്ങുമെന്നറിയാത്ത സാഹചര്യത്തിലാണു വ്യാപാരികൾ. കടവാടക, വൈദ്യുതി ബിൽ, ബാങ്ക് വായ്പയുടെ മാസത്തവണ, ജീവനക്കാരുടെ ശമ്പളം... പലരും സ്വർണം പണയംവച്ചും പലിശയ്ക്കു കടമെടുത്തുമാണു കാര്യങ്ങൾ നടത്തുന്നത്. 

ലോക്ഡ‍ൗണിനെത്തുടർന്നു സംസ്ഥാനവ്യാപകമായി വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടപ്പോൾ ചരക്ക്, സേവന നികുതി (ജിഎസ്ടി) നൽകുന്ന 20,000 കച്ചവടക്കാർ വ്യാപാരം നിർത്തിയതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. സംസ്ഥാനത്ത് 14 ലക്ഷത്തോളം വ്യാപാരി‍കളാണുള്ളത്. ഒരു വർഷം ജിഎസ്ടി ഇനത്തിൽ 35,000 കോടി രൂപയാണ് ഇവർ സർക്കാരിനു നൽകുന്നതെന്നു സമിതി വ്യക്തമാക്കുന്നുണ്ട്. പഞ്ചായത്ത് ലൈസൻസ്, തൊഴിൽനികുതി എന്നിവ ഇതിനു പുറമേയാണ്. ലോക്ഡൗണിനെത്തുടർന്നു കടകൾ അട‍ച്ചതോടെ 2,000 കോടി രൂപയുടെ സ്റ്റോക്ക് നശിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു രൂപ പോലും സഹായം ലഭിച്ചില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു.

രണ്ടാം വ്യാപനത്തെത്തുടർന്നു രണ്ടു മാസത്തിലേറെയായി നീളുന്ന ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വ്യാപാരിസമൂഹത്തിനു നഷ്ടമായ വിറ്റുവരവ് 25,000 കോടി രൂപയെന്നാണ് ഏകദേശ കണക്ക്. ആഴ്ചയിൽ ഒരു ദിവസം അല്ലെങ്കിൽ 3 ദിവസം എന്നൊക്കെയുള്ള ഇളവുകൾ യാത്രാനിയന്ത്രണം മൂലം പ്രയോജനപ്പെട്ടില്ലെന്നും അതുകൊണ്ടു ചെലവുകാശുപോലും ലഭിച്ചിരുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. ഇതിനിടെ, ബാങ്ക് വായ്‌പകൾ യഥാസമയം തിരിച്ചടയ്‌ക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ സംസ്‌ഥാനത്തെ വ്യാപാരികളിൽ ബഹുഭൂരിപക്ഷത്തിന്റെയും ക്രെഡിറ്റ് സ്‌കോറിൽ ഇടിവുണ്ടായിരിക്കുകയാണ്. ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ നിർണയിക്കുന്ന സ്‌കോർ കുറയുന്നത് ഓരോ വ്യാപാരിക്കും ഭാവിയിൽ വായ്‌പ ലഭിക്കാനുള്ള അർഹതയെയാണു ബാധിക്കുക.

കോവിഡിനെത്തുടർന്നു കേരളത്തിൽ ഇതിനകം അടച്ചുപൂട്ടിയതിൽ കൂടുതലും ഹോട്ടലുകളാണ്. നാടിനെ അന്നമൂട്ടിയവർക്ക് അന്നം മുട്ടുമ്പോൾ അതു നാടിന്റെകൂടി വലിയ സങ്കടമായി മാറുന്നു. പ്രവർത്തനസമയത്തിലെ നിയന്ത്രണം നീക്കണമെന്നു വാണിജ്യ–വ്യാപാരമേഖല ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു മാസത്തിലേറെയായി കടകൾ കൃത്യമായി തുറക്കാനാകാതെ വ്യാപാരികൾ നട്ടംതിരിയുകയാണെന്ന യാഥാർഥ്യം സർക്കാർ മനസ്സിലാക്കിയേ തീരൂ. ജീവിതം കഷ്ടസ്ഥിതിയിലായ തങ്ങൾക്ക് ഇനിയെങ്കിലും പിടിച്ചുനിൽക്കണമെങ്കിൽ എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യമാണു വ്യാപാരികൾ ഉന്നയിക്കുന്നത്. കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന തിരക്കു കുറയ്ക്കാനും ഇതാവശ്യമാണ്. 

ഓണക്കാല വിൽപന കേരളത്തിലെ വ്യാപാരിസമൂഹത്തിന്റെ ഇനിയുള്ള വലിയ പ്രതീക്ഷയാണെന്നതുകൂടി പരിഗണിക്കണം. 2020 ഏപ്രിൽ മുതലുള്ള ആഘോഷ അവസരങ്ങളിലെല്ലാം കച്ചവടം നഷ്ടമായ നമ്മുടെ വ്യാപാരികൾ ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിയിൽനിന്ന് ഓണക്കാല വിൽപനയിലൂടെ കരകയറാൻ കാത്തിരിക്കുകയാണ്. ജീവിതം വഴിമുട്ടിനിൽക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ വ്യാപാര സീസൺകൂടി പ്രയോജനമില്ലാതെപോയാൽ അതിന്റെ ആഘാതം വലുതായിരിക്കും. 

സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതു സംബന്ധിച്ചു സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചെന്നാണ് ഇന്നലെ ഹൈക്കോടതി അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നടത്തുന്ന ചർച്ചയിൽ നമ്മുടെ വ്യാപാരിസമൂഹത്തിന് ആവശ്യമായ അതിജീവനവഴി തെളിയേണ്ടതുണ്ട്. അവർക്കു നിവർന്നുനിൽക്കാനുള്ള കൈത്താങ്ങ് നൽകാൻ സർക്കാർ ഇനിയും വൈകിക്കൂടാ. 

English Summary: Kerala industries in crisis due to lockdown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA