പായും ട്രെയിൻ, പറക്കും വിമാനം

fighter
SHARE

211 വർഷം മുൻപു ലോകത്താദ്യമായി ട്രെയിൻ ഓടിയതിന്റെ വിഡിയോ കണ്ടിട്ടുണ്ടോ? 1809 ഡിസംബർ 24നു നടന്ന ആ മഹാചരിത്രസംഭവത്തിന്റേതെന്ന പേരിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോ ഇപ്പോൾ വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. ആളുകളെ കയറ്റിയ തുറന്ന ബോഗികളുള്ള, ആവി എൻജിൻ ട്രെയിനാണു ദൃശ്യങ്ങളിലുള്ളത്. ട്രെയിനിന്റെ യാത്ര വളരെ രസകരമാണ്. ഇടയ്ക്കു ട്രാക്കിൽ വന്നുനിൽക്കുന്ന കഴുത എത്ര ശ്രമിച്ചിട്ടും മാറുന്നില്ല. ഒടുവിൽ എൻജിനിലുള്ളവർ പുറത്തിറങ്ങി ട്രാക്ക് തന്നെ മാറ്റിയാണു മുന്നോട്ടു പോകുന്നത്! എന്തൊക്കെയോ അപാകതകൾ തോന്നുന്നില്ലേ?

ശരിയാണ്. 1809ൽ വിഡിയോഗ്രഫി നിലവിൽ വന്നതായി വിവരമില്ല. 1878ലാണു ചലിക്കുന്ന ദൃശ്യങ്ങളെന്നു പറയാവുന്ന ആദ്യ റെക്കോർഡിങ് ഉണ്ടാകുന്നത്. 1888ൽ ആദ്യത്തെ യഥാർഥ വിഡിയോ റെക്കോർഡിങ് ഉണ്ടായി – അതും വെറും 2 സെക്കൻഡ് മാത്രമുള്ളത്. അപ്പോൾ 1809ലെ ട്രെയിൻ യാത്രയുടെ രണ്ടര മിനിറ്റിലേറെയുള്ള വിഡിയോ എങ്ങനെ വന്നു?

train

പ്രചരിക്കുന്ന വിഡിയോ 1923ൽ അമേരിക്കയിൽ പുറത്തിറങ്ങിയ ‘അവർ ഹോസ്പിറ്റാലിറ്റി’ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കോമഡി സിനിമയിൽനിന്നുള്ള ദൃശ്യമാണ്.

വ്യാജ ട്രെയിൻ ഓടിയ സ്ഥിതിക്കു വിമാനത്തിനു പിന്നിലാകാൻ കഴിയില്ലല്ലോ! ഈ ദിവസങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന മറ്റൊന്നാണ് ഒരു ഡാമിൽ ലാൻഡ് ചെയ്യുകയും അവിടെനിന്നു ടേക്ക് ഓഫ് ചെയ്യുകയും ചെയ്യുന്ന മിഗ് വിമാനത്തിന്റെ വിഡിയോ. ട്വിറ്ററിലും ഫെയ്സ്ബുക്കിലുമൊക്കെ ഒട്ടേറെ ആളുകൾ പോസ്റ്റ് ചെയ്ത ഈ വിഡിയോ വാട്സാപ്പിലും വ്യാപകമായി വരുന്നുണ്ട്.

    യുദ്ധമുഖത്ത് ഉപയോഗിക്കുന്ന മിഗ് വിമാനങ്ങൾക്കു സാധാരണ വിമാനങ്ങൾക്കില്ലാത്ത പല കഴിവുകളുമുണ്ടെങ്കിലും പ്രചരിക്കുന്ന വിഡിയോ യഥാർഥമല്ല. ഡിജിറ്റൽ കോംബാറ്റ് സിമുലേറ്റർ (ഡിസിഎസ് വേൾഡ്) എന്ന വിഡിയോ ഗെയിമിൽനിന്നുള്ള വിഡിയോ ദൃശ്യമാണിത്! വിമാനം പോലും ഡിജിറ്റലി സൃഷ്ടിച്ചതാണെന്നർഥം.

കടുവയെ പിടിച്ച കിടുവ!

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വ്യാജവിവരങ്ങളെ നേരിടാനായി ‘പിഐബി ഫാക്ട്ചെക്ക്’ കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെയാണു പിഐബി വ്യാജവാർത്തകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നതും. ഈയിടെ പിഐബി ഫാക്ട്ചെക്കിന്റെ പേരിൽ യുട്യൂബിൽ ചില വ്യാജ ചാനലുകൾ പ്രത്യക്ഷപ്പെട്ടു. അതെല്ലാം വ്യാജമാണെന്നു പിഐബി തന്നെ അറിയിക്കുന്നു! യൂട്യൂബിൽ തങ്ങൾ നിലവിൽ ഇല്ലെന്നും.

പിഐബി ഫാക്ട്ചെക്കിന്റെ ഈയാഴ്ചത്തെ മറ്റു പ്രധാന അറിയിപ്പുകൾ ഇവയാണ്:

∙ ടെറിട്ടോറിയൽ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന വ്യാജേന joinindianta-gov.ga സൈറ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സൈറ്റും അതിലെ അറിയിപ്പുകളും വ്യാജമാണ്. ടെറിട്ടോറിയൽ ആർമിയുടെ യഥാർഥ സൈറ്റ് ഇതാണ്: jointerritorialarmy.gov.in

∙ ബിഎസ്എഫ്, സിആർപിഎഫ്, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് തുടങ്ങിയ സായുധ സേനകളുടെ ആസ്ഥാനം ഡൽഹിയിൽനിന്നു മറ്റിടങ്ങളിലേക്കു മാറ്റാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നു എന്ന പ്രചാരണം വ്യാജം.

English Summary: Viral video about first train

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA