വാചകമേള

karassery-mt
SHARE

∙എം.എൻ. കാരശ്ശേരി: നേരു പറയാം. ഒരു ദാഹം ബാക്കിയുണ്ട് - പ്രണയം എന്താണെന്ന് അനുഭവിച്ചറിയാൻ കഴിഞ്ഞില്ല. ഏതെങ്കിലും പെണ്ണിനോട് എനിക്കോ ഏതെങ്കിലും പെണ്ണിന് എന്നോടോ ഒരിക്കലും പ്രണയം തോന്നിയിട്ടില്ല. മക്കളും മരുമക്കളും പേരമക്കളുമായി ജീവിച്ചുപോരുന്ന ഈ വയസ്സുകാലത്ത് ഇനി അതൊന്നും നിവൃത്തിയാവാൻ ഒരു പാങ്ങുമില്ല!  ആ തോന്നൽ വല്ലപ്പോഴും തേട്ടിവരുമ്പോൾ ഞാൻ ഓസ്കാർ വൈൽഡിന്റെ വാക്കുകൾ ഓർത്തു ചിരിക്കും. ‘ജീവിതത്തിൽ ദുരന്തം രണ്ടുതരത്തിലാണ് -ആദ്യത്തേത്: ആഗ്രഹിച്ചതു കിട്ടാതിരിക്കുക. മറ്റേത്: ആഗ്രഹിച്ചതു കിട്ടുക’.

∙എം.ടി. വാസുദേവൻ നായർ: പ്ലേഗ് പടർന്നുപിടിച്ച കാലത്താണ് അൽബേർ കമ്യു പ്ലേഗ് എന്ന നോവലെഴുതിയത്. അതുപോലൊരു മഹാമാരിയുടെ നടുവിൽ നിൽക്കുമ്പോൾ ആ നോവലിൽ കമ്യു അവതരിപ്പിച്ച ഭയവും വേദനയും ലോകത്തിന്റെ യാഥാർഥ്യമായിത്തീരുകയാണെന്ന് എനിക്കു തോന്നുന്നു. ജീവിതവും മരണവും മുഖാമുഖം നോക്കിനിൽക്കുന്ന ഈയൊരു ഘട്ടത്തിൽ കോവിഡുണ്ടാക്കിയ ഡിപ്രഷനിൽനിന്ന് എനിക്കിതേവരെയും മുക്തനാവാൻ കഴിഞ്ഞിട്ടില്ല. എഴുതാനുണ്ടായിരുന്നെങ്കിലും ഇന്നു ഞാനൊന്നും എഴുതുന്നില്ല. 

∙ എം.കെ.ഭദ്രകുമാർ: ഇന്ത്യ ചൈനയുമായി തോളോടുതോൾ എത്തുമെന്നു ചിലർ ധരിച്ചുവച്ചിരിക്കുന്നു. ഒരുഘട്ടം കഴിയുമ്പോൾ ചൈനയെ മറികടക്കുമെന്നും വിശ്വസിക്കുന്നവരുണ്ട്. ചൈനീസ് സമ്പദ്‌വ്യവസ്ഥ ഇന്ത്യയെക്കാൾ ആറിരട്ടി വലുതാണ്. ചൈനയും ഇന്ത്യയും ഒരേ നിലവാരത്തിലുണ്ടായിരുന്ന കാലം കഴിഞ്ഞുപോയി. ഇടിവുസംഭവിച്ചാലും അവരുടെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം പരിഗണിക്കുമ്പോൾ ഇന്ത്യയ്ക്കു സമീപകാലത്തൊന്നും അടുത്തെത്താൻ കഴിയുകയില്ല.

∙ ടി.വി.അനുപമ: സ്ത്രീകൾക്കെതിരെ ബോഡിഷെയ്മിങ് നടത്തുന്നതും തെറ്റാണ്. സൗന്ദര്യമില്ല, വണ്ണം കൂടുതലാണ് എന്നുപറഞ്ഞു മാനസികമായി പീഡിപ്പിക്കുന്നെങ്കിലും പരാതി നൽകാം. പലപ്പോഴും പ്രശ്നങ്ങൾ പുറത്തുപറയാതെ അതുമായി പൊരുത്തപ്പെടാനാണു സ്ത്രീകൾ ശ്രമിക്കാറുള്ളത്. അതു തുടർന്നാൽ നീതി ലഭിക്കില്ല.

∙ മുസാഫിർ: അതീവലളിതമായ പൊതുജീവിതം നയിച്ചു കടന്നുപോയവരുടെ കൂട്ടത്തിലാണു പി.കെ.വാസുദേവൻ നായരുടെ പേര് ചരിത്രം രേഖപ്പെടുത്തുക. സിപിഐ എംഎൽഎ പൊലീസുകാർ സല്യൂട്ട് നൽകാത്തതിന്റെ പേരിൽ അസ്വസ്ഥയാകുന്നുവെന്ന വാർത്തയ്ക്കിടെ, പൊലീസുകാരോടും അംഗരക്ഷകരോടും മാനുഷികമായ അനുകമ്പയും വിനയവും ആവോളം കാണിച്ച പികെവിയുടെ വലുപ്പം എത്രയെന്ന് ഈ ഓർമദിനത്തിലെങ്കിലും പുതുതലമുറ നേതാക്കൾ ഓർത്തെങ്കിൽ.

∙ റിമ കല്ലിങ്കൽ: പെൺകുട്ടി ജനിച്ച ദിവസം മുതൽ മരിക്കുന്നതുവരെ അവൾ എങ്ങനെ ജീവിക്കണം എന്നത് അവളിൽ അടിച്ചേൽപ്പിക്കാതെ അവരെ വെറുതേ വിട്ടാൽ മാത്രം മതി. പെമ്പിള്ളേർ അടിപൊളിയാണ്. അവർ എങ്ങനെയാണോ അങ്ങനെ തന്നെ അവർ അടിപൊളിയാണ്. അവരെ അവരുടെ വഴിക്കുവിട്ടാൽ മതി. ബാക്കി അവർ തന്നെ നോക്കിക്കോളും.

English Summary: Malayalam famous quotes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA