സീതായനത്തിലെ ശാശ്വതമുദ്രകൾ; രാമായണ മാസാചരണത്തിന് ഇന്നു തുടക്കം

seeta
SHARE

പുരുഷനും പ്രകൃതിയും എന്ന ജൈവസങ്കൽ‌പ സംയുക്തത്തിന്റെ നേർച്ചിത്രമാണ് രാമനും സീതയും എന്നറിയാത്തവർ‌ ആരുമില്ല. രാമന്റെ കഥകൾ ചൊല്ലിവന്ന പൈങ്കിളി പാടിയ സീതയുടെ കഥ കൂടി കേൾക്കാൻ നാം കണ്ണും കാതും തുറന്നിടേണ്ടതുണ്ട്

ഒറ്റമരം കാടാകുന്നതു പോലെയാണു രാമായണത്തിലെ രാമൻ. എന്നാൽ ആ കാട് ആകെപ്പിഴിഞ്ഞെടുത്ത സ്ത്രൈണസത്തയാണു സീത. അതുകൊണ്ടുതന്നെ രാമായണം സീതായനമായി വായിക്കുന്നതിൽ പ്രത്യേക സുഖമുണ്ട്. ഒരു ജീവിതത്തിൽ മനുഷ്യർ അനുഭവിക്കാനിടയുള്ള ധർമാധർമ സങ്കീർണ സംഘർഷങ്ങൾ, അതിനുള്ള പരിഹാരമന്ത്രങ്ങൾ ഇവയെല്ലാം കഥാസംഭവങ്ങളിൽ സംഭരിച്ചുവച്ചിട്ടുണ്ട്. 

ജീവിതരസങ്ങളുടെ ദർശനപരിണാമം രാമനിൽ നിന്നു തുടങ്ങി രാമനിൽത്തന്നെ അവസാനിക്കുന്ന എത്രയെങ്കിലും വായനകൾ നമുക്കു സുപരിചിതമാണല്ലോ. പുരുഷനും പ്രകൃതിയും എന്ന ജൈവസങ്കൽ‌പ സംയുക്തത്തിന്റെ നേർച്ചിത്രമാണു രാമനും സീതയും എന്നറിയാത്തവർ‌ ആരുമില്ല. രാമന്റെ കഥകൾ ചൊല്ലിവന്ന പൈങ്കിളി പാടിയ സീതയുടെ കഥ കൂടി കേൾക്കാൻ നാം കണ്ണും കാതും തുറന്നിടേണ്ടതുണ്ട്. 

arya
ആര്യ ഗോപി

സ്വയം തിരഞ്ഞെടുപ്പുകൾ നടത്തുന്ന ‘അഭിമാനിനി’യായ സീതയെ പുതിയ കാലത്തെ സ്ത്രീകൾ പുനർവായനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. തീരുമാനങ്ങളെടുക്കാനുള്ള ത്രാണിയാണു യഥാർഥ സ്ത്രീസൗന്ദര്യം എന്നു തിരുത്തിപ്പറയേണ്ടതുണ്ട്. സ്വയംവരത്തിലൂടെ രാമനെ തിരഞ്ഞെടുത്തതു മുതൽ വനത്തിലേക്കു ഭർത്താവിനെ അനുഗമിക്കാനുള്ള തീരുമാനം വരെ മറ്റാരുടെയും പ്രേരണയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവായിരുന്നു സീതയ്ക്ക്. 

ലക്ഷ്മണരേഖ മറികടക്കാൻ തുനി‍ഞ്ഞതും അശോകവനികയിലിരുന്ന് ഹനുമാനല്ല, രാമൻ തന്നെയാണു തന്നെ രക്ഷിക്കാൻ വരേണ്ടതെന്നു പറയുന്നതും അത്തരം കൃത്യമായ തീരുമാനത്തിന്റെ പ്രതിഫലനമായിരുന്നു.  

ചരിത്രത്തിന്റെ തുലാസിൽ സ്ത്രീയെ നിർവചിക്കാൻ വന്നവർക്കു മുന്നി‍ൽ സീത നിന്ന ഒരു നിൽപുണ്ട്. അഗ്നിശുദ്ധിയാൽ, ജലശുദ്ധിയാൽ, ഭൂമിശുദ്ധിയാൽ സീതയുടെ വ്യക്തിത്വശുദ്ധിയാണു വെളിപ്പെടുന്നത്. 

അപ്രത്യക്ഷമാകലിലൂടെ സീത സ്വീകരിക്കുന്ന അനശ്വരജീവിതം സമൂഹത്തോടുള്ള അവരുടെ പ്രതികാരം തന്നെയാണ്. തന്നെയളക്കാൻ താൻതന്നെ മതിയെന്ന ഉജ്വലസന്ദേശം പകർന്നുതന്ന മറ്റേതു കഥാപാത്രമുണ്ട് ഇതിഹാസത്തിൽ? അതുകൊണ്ട് എന്റെ എളിയ കണ്ണാൽ വായിക്കുമ്പോൾ രാമായണത്തിൽ സീതായനത്തിന്റെ പാദമുദ്രകൾക്കു നൂറുനൂറർഥങ്ങളുണ്ട്. 

(എഴുത്തുകാരിയും അധ്യാപികയുമാണ് ലേഖിക)

English Summary: Ramayana month begins

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA