ADVERTISEMENT

പൗരന്മാരുടെ വിമർശനമേറ്റാൽ തളരാനും തകരാനും തക്ക ദുർബലമാണോ നമ്മുടെ രാജ്യത്തെ ഭരണസംവിധാനം എന്ന ചോദ്യത്തിന് എന്നത്തെയുംകാൾ പ്രസക്തിയുള്ള കാലമാണിത്. 

സ്വതന്ത്രഇന്ത്യയിലെ ആദ്യ അഭിപ്രായസ്വാതന്ത്ര്യക്കേസിൽ (റൊമേഷ് ഥാപ്പറും മദ്രാസ് സർക്കാരും തമ്മിൽ – 1950) ജനാധിപത്യത്തെ ഹ്രസ്വമായി, എന്നാൽ വിശാലമായി, സുപ്രീം കോടതി ഇങ്ങനെ നിർവചിച്ചു: ജനാധിപത്യമെന്നാൽ, ജനങ്ങളുടെ തുറന്നചർച്ചകളിലൂടെയുള്ള സർക്കാരാണ്. അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ഏതു ജനാധിപത്യസമൂഹത്തിന്റെയും അടിസ്ഥാനമാണെന്നും അന്നു കോടതി ചൂണ്ടിക്കാട്ടി. 

ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹം സംബന്ധിച്ച 124എ വകുപ്പു കാലഹരണപ്പെട്ടില്ലേ എന്നാണു കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചത്. ബ്രിട്ടിഷുകാർ ഇന്ത്യ ഭരിച്ചകാലത്ത് സ്വാതന്ത്ര്യസമരസേനാനികളെ നിശ്ശബ്ദരാക്കാൻ കൊണ്ടുവന്ന ഈ വകുപ്പിനു ജനാധിപത്യ ഇന്ത്യയിൽ എന്തു പ്രസക്തി എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ഈ വകുപ്പ് രാഷ്ട്രീയ ആയുധമാണെന്ന് 1922ൽ രാജ്യദ്രോഹത്തിനു ബ്രിട്ടിഷുകാർ ശിക്ഷിച്ച മഹാത്മാഗാന്ധിതന്നെ വ്യക്തമാക്കിയിരുന്നു.

സ്വാതന്ത്യ്രപ്രാപ്തിക്കുശേഷവും, മാറിമാറിവന്ന സർക്കാരുകളും അവയുടെ അധികാര സംവിധാനങ്ങളും ഈ വകുപ്പിനെ പലപ്പോഴും രാഷ്ട്രീയ ആയുധമായിത്തന്നെ ഉപയോഗിക്കുന്നുവെന്നതാണ് അനുഭവം. വിവാദമായ കാർഷികനിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരിൽ നൂറോളം പേർക്കെതിരെ കഴിഞ്ഞ ദിവസം 124എ വകുപ്പുപ്രകാരം കേസെടുത്തത് ഒടുവിലത്തെ ഉദാഹരണമാണ്. പൗരത്വനിയമത്തിലെ പുതിയ വ്യവസ്ഥകൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്ത ചിലർക്കെതിരെയും അടുത്തകാലത്ത് ഇതേ വകുപ്പു പ്രയോഗിച്ചു. 

1870ൽ ആണ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹ വകുപ്പ് ബ്രിട്ടിഷുകാർ ഉൾപ്പെടുത്തിയത്. എന്നാൽ, ബ്രിട്ടനിൽ വിമർശനസ്വഭാവമുള്ള അഭിപ്രായപ്രകടനങ്ങൾ പിന്നീടു കുറ്റകരമല്ലാതാക്കി. അതിനായി 2009ൽ കൊറോണേഴ്സ് ആൻഡ് ജസ്റ്റിസ് നിയമം പാസാക്കിയപ്പോൾ ബ്രിട്ടിഷ് പാർലമെന്റ് വ്യക്തമാക്കിയത്, അഭിപ്രായപ്രകടനം രാജ്യദ്രോഹമായി തുടരുന്നത്, രാഷ്ട്രീയ സംവാദങ്ങൾ തടയാൻ ഈ വ്യവസ്ഥ മറയാക്കുന്ന രാജ്യങ്ങൾക്കു തെറ്റായ സന്ദേശം നൽകുമെന്നാണ്. 

എന്തിനുമേതിനും രാജ്യദ്രോഹ വകുപ്പു പ്രയോഗിച്ചു കേസെടുക്കുന്നുവെന്നാണു ചീഫ് ജസ്റ്റിസ് കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയത്. കേസ് കോടതിയിലെത്തുമ്പോൾ ശിക്ഷിക്കപ്പെടുന്നതു വളരെക്കുറച്ചു പേർ മാത്രമാണെന്നതു ദുരുപയോഗത്തിന്റെ തെളിവായി അദ്ദേഹം എടുത്തുപറയുകയും ചെയ്തു. 1962ൽ കേദാർനാഥ് സിങ് കേസിലെ വിധിയിൽ, 124എ വകുപ്പ് ഭരണഘടനാവിരുദ്ധമല്ലെന്ന നിലപാടെടുത്ത സുപ്രീം കോടതി, വകുപ്പു പ്രയോഗിക്കുന്നതിനു ചില മാനദണ്ഡങ്ങൾ നിർദേശിക്കുകയുണ്ടായി. കഴിഞ്ഞ മാസം വിനോദ് ദുവ കേസിലും സുപ്രീം കോടതി ഈ വിധിയാണ് എടുത്തുപറഞ്ഞത്; ഈ വിധിയിലെ വ്യവസ്ഥകൾ പാലിച്ചു മാത്രമാവണം നടപടികളെന്നും. എന്നാൽ, ആഴ്ചകൾ മാത്രം കഴിഞ്ഞപ്പോൾ ഹരിയാനയിൽ കർഷകർക്കെതിരെ രാജ്യദ്രോഹ വകുപ്പ് പ്രയോഗിച്ചു. മാർഗരേഖയുടെ അഭാവമല്ല പ്രശ്നമെന്ന് ഇതോടെ വ്യക്തമായി. 

124എ വകുപ്പ് ഒഴിവാക്കുന്നതിനെക്കുറിച്ചു നിലപാടു വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്. കാലഹരണപ്പെട്ടതെന്നു സുപ്രീം കോടതി അസന്ദിഗ്ധമായി പ്രസ്താവിച്ചിരിക്കുന്ന വകുപ്പ് നിലനിർത്തണമെന്നു സർക്കാർ വാദിക്കുമോ എന്നതും അതിനു പറയുന്ന കാരണങ്ങളുമാണ് ഇനി വ്യക്തമാകേണ്ടത്.

ജനാധിപത്യസംവിധാനത്തിൽ, രാഷ്ട്രപുരോഗതിക്കെന്നതുപോലെ ബഹുസ്വരത നിലനിർത്തുന്നതിനും അഭിപ്രായസ്വാതന്ത്ര്യം പരമപ്രധാനമാണ്. രാജ്യതാൽപര്യവിരുദ്ധമായ പ്രവർത്തനങ്ങൾ തടയാൻ മറ്റു ധാരാളം നിയമങ്ങൾ നിലവിലുണ്ടുതാനും. എന്തിനുമേതിനും രാജ്യദ്രോഹത്തിന്റെ മറയുയർത്തുന്നതല്ല അഭിജാത ജനാധിപത്യം.

English Summary: Sedition law and Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com