ക്യൂബൻ മരുന്നുമൂലം ഹൃദയവേദന

pinarayi
SHARE

ചെ എന്നു കേട്ടാൽ സിരകൾ നുരയുന്നവർ ചോദിക്കുന്നു, ‘ഛെ, ഇതെങ്ങനെ ന്യായീകരിക്കും?’ ഡിഫിയുടെ ഉയിരായ ചെ ഗവാരയുടെ കർമഭൂവിൽ,സിപിഎമ്മിന്റെ ഉടലായ ഫിദലിന്റെ നാട്ടിൽ, കരളിന്റെ കരളായ ക്യൂബയിൽ പട്ടിണിമൂലം ‍‍ജനം തെരുവിൽ!. സിപിഎമ്മിൽ പൊളിറ്റ്ബ്യൂറോക്കാർ മുതൽ അങ്ങു താഴേത്തട്ടിൽ എവിടെയോ ഉള്ള പാറയിൽ സജയൻ വരെ തുളുമ്പാതെ, തുള്ളി കളയാതെ നിത്യേന ആസ്വദിച്ചിരുന്നതാണു ക്യൂബനോർമകൾ. 

ഇപ്പോൾ അവിടെ മരുന്നില്ല, ഭക്ഷണവുമില്ല!. പിണറായിയും ഐസക്കും വികസിപ്പിച്ചെടുത്ത സൂത്രവാക്യം കിറ്റും പെൻഷനും ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡൂയസ് കനേലും കോപ്പിയടിച്ചതായിരുന്നു. ശമ്പളവും പെൻഷനും അഞ്ചിരട്ടിയാക്കി; എല്ലാ വീട്ടുകാർക്കും കിറ്റും നൽകി. ക്യൂബക്കാർക്കിടയിൽ പക്ഷേ അതൊന്നും ഏശിയില്ല. 

കോവിഡ് കുതിക്കുന്നൊരു സന്ധ്യാവേളയിൽ മുൻപു പിണറായി മുഖ്യൻ നടത്തിയ ആ പ്രഖ്യാപനം മറക്കാൻ പറ്റുമോ? കോവിഡിനുള്ള മരുന്നു ക്യൂബയിൽനിന്നു വരുമെന്ന്. കേട്ടിരുന്ന സഖാക്കൾക്കു വിശ്വസിക്കാനായില്ല. എണീറ്റ രോമങ്ങളെ അവർ ഒരുവിധം സമാധാനിപ്പിച്ചു. ക്യൂബാവേശത്തിൽ അവയങ്ങു പറന്നുപോയാലോ!. ആ മരുന്ന് പക്ഷേ ഇതുവരെ ക്യൂബൻതീരം വിട്ടതായി അറിവില്ല. വിഎസ് സർക്കാരിന്റെ കാലത്ത് ക്യൂബയിൽപോയി വന്ന മന്ത്രി പി.കെ.ശ്രീമതി വട്ടിയൂർക്കാവിൽ ആരംഭിച്ച ക്യൂബൻമോഡൽ ചികിത്സ എവിടെയെത്തിയോ എന്തോ? 

നിത്യഭക്ഷണത്തിൽ പലവിധത്തിൽ ക്യൂബ ചേർത്തു കഴിക്കുന്ന ബേബി സഖാവിനും ഇപ്പോൾ മിണ്ടാട്ടമില്ല. ചെ ഗവാരയുടെ മകൾ അലൈഡയെ മുൻപു കേരളത്തിലെത്തിച്ചതു സഖാവായിരുന്നു, 1997ൽ. അവരെ സാക്ഷിയാക്കി ക്യൂബൻ സ്വാതന്ത്ര്യഗാനം ആലപിച്ചു. അതു ക്യൂബൻ കായികോത്സവ ഗാനമല്ലേയെന്നു പിന്നീടു പലരും സംശയിച്ചു. എന്തായാലെന്ത്? സംഗതി ക്യൂബനല്ലേ? ആ ബേബിയൻ ചോദ്യം അലിഞ്ഞുചേരാതെ അന്തരീക്ഷത്തിലുണ്ട്. ഒരു കോടി ജനമുള്ള ക്യൂബയിലെ സഖാക്കളേ നിങ്ങളോർക്കുക, വിപ്ലവസർക്കാരിനെതിരെ നിങ്ങൾ വിപ്ലവം നടത്തുമ്പോൾ മൂന്നരക്കോടി ജനങ്ങളുടെ കേരളത്തിലെ സഖാക്കളുടെ ഹൃദയവേദനകൾ.

lexican

മലയാള മഹാനിഘണ്ടുവും മോഹസാക്ഷാത്കാരവും

ചില സമരങ്ങളുടെ ആവശ്യങ്ങൾ കേട്ടാൽ മൂക്കത്തല്ല, ചിലപ്പോൾ ഉച്ചിയിലും കൈവച്ചുപോകും. അത്രയ്ക്കു കടുകട്ടിയായിരിക്കും അവരുടെ ആവശ്യങ്ങൾ. ലോകത്തിലെ ഏറ്റവും ലളിതമായ ആവശ്യമെന്നു ചരിത്രം രേഖപ്പെടുത്തിയേക്കാവുന്ന ഒരു സമരം ഈയിടെ കേരള സർവകലാശാലയിൽ നടന്നു. 

വിവാദമുയർത്തി മലയാള മഹാനിഘണ്ടു എഡിറ്റർ പദവിയിൽ എത്തിയ വനിതാ സംസ്കൃതം പ്രഫസറോട് കെഎസ്‍യുക്കാരാണ് ആ ചോദ്യം. ഉന്നയിച്ചത് . ‘പണ്ഡിതശ്രേഷ്ഠയായ ടീച്ചറേ, ഞങ്ങൾ പറയുന്ന 4 മലയാളം വാക്കുകൾ എഴുതിക്കാണിക്കാമോ?’ ഒളിംപിക്സിൽ ഓടിത്തളർന്നവർപോലും പ്രഫസറെപ്പോലെ വിയർത്തിട്ടുണ്ടാകില്ല. നിയന്ത്രണംവിട്ട മനസ്സിനെ അൽപസമയംകൊണ്ടു വരുതിയിലാക്കി പണ്ഡിത പറഞ്ഞു, ‘എനിക്കു മലയാളം അറിയാമോയെന്നു കുട്ടികളുടെ മുന്നിൽ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.’ 

സംസ്കൃതത്തിൽ മാത്രമല്ല ജർമനിൽവരെ പാണ്ഡിത്യമുണ്ടു പ്രഫസർക്ക്. തമിഴ്നാട്ടിൽ ജനിച്ചുവളർന്നതിനാൽ മലയാളം മലയാളിയെപ്പോലെ പഠിച്ചിട്ടില്ലെങ്കിലും മലയാളത്തിന്റെ മഹാനിഘണ്ടു പ്രസ്ഥാനത്തിന്റെ തലപ്പത്ത് പ്രഫസർക്കിതു മോഹസാക്ഷാത്കാരമാണ്. മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള അടുത്തബന്ധംവച്ച് അതു മോഹന സാക്ഷാത്കാരമാണെന്നു ദോഷൈകദൃക്കുകൾ ചൂണ്ടിക്കാട്ടും. അതുപക്ഷേ ശരിയല്ല. യോഗ്യത അറിഞ്ഞുതന്നെയാണ് സർവകലാശാലാ സിൻഡിക്കറ്റ് അംഗങ്ങൾ മിനിറ്റുകൾകൊണ്ടൊരു സ്ഥാനമൊരുക്കിയത്. മലയാളം ബിരുദാനന്തര ബിരുദം വേണമെന്ന കർശന നിബന്ധനയുടെ അറ്റത്ത് അവർ ഒരു ബാർ വരച്ചു സംസ്കൃതവും ആകാമെന്നു ചേർത്തു. തലൈവിക്കു മലയാളം അറിയാമോയെന്നു ചോദ്യം ചെയ്യുന്നവരോടു സിൻഡിക്കറ്റിലെ സഖാക്കൾക്കൊരു മറുചോദ്യമുണ്ട്, ‘ചപ്പാത്തിയും സബ്ജിയും കഴിച്ചു ശീലിച്ച ബംഗാളികൾ കേരളത്തിലെ ഹോട്ടലുകളിൽ ചോറും മീൻകറിയും വയ്ക്കുന്നില്ലേ?’. 

കേസുകളേശാതെ കേസുരേന്ദ്രൻ

ഒന്നാം പിണറായി സർക്കാരിന്റെ ഒന്നാം ശത്രുവാകാൻ മത്സരിച്ചയാളായിരുന്നു സാക്ഷാൽ കെ. സുരേന്ദ്രൻ. സ്വർണക്കടത്തുകേസ് കിട്ടിയപ്പോൾ സുരേന്ദ്രൻ തിമർത്തുല്ലസിച്ചു. സുരേന്ദ്രവചനങ്ങൾ ഫ്ലാഷുകളായി ഒഴുകിക്കളിച്ചപ്പോൾ സംഘപുത്രർ മനസ്സിൽ കുറിച്ചു, നിയമസഭയിൽ കുറഞ്ഞത് 25 സീറ്റ് താമരയ്ക്കു തന്നെ. സുരേന്ദ്രൻ പ്രഖ്യാപിക്കുന്നു, ഇഡി റെയ്ഡ് ചെയ്യുന്നു. അല്ലെങ്കിൽ ഇഡി പിടികൂടുന്നു, സുരേന്ദ്രൻ ശിക്ഷ വിധിക്കുന്നു. ഇതായിരുന്നല്ലോ ആ നാളുകളിലെ കാഴ്ചകൾ. 

വോട്ട് എണ്ണിയപ്പോൾ പക്ഷേ, ഉള്ള താമരയുടെയും തണ്ടൊടിഞ്ഞു. സ്വർണക്കടത്ത് ഇപ്പോഴും കടവത്തുതന്നെ. എങ്കിലും സഖാക്കളുടെ സുരേന്ദ്രവിരോധം കെട്ടടങ്ങിയിട്ടില്ല. കേസുകൾ കൂടുമ്പോൾ അവർക്ക് അദ്ദേഹം കേസുരേന്ദ്രനാണ്, അല്ലെങ്കിൽ കുഴൽ സുരേന്ദ്രൻ. പരിഹാസങ്ങളിൽ സുരേന്ദ്രനു തെല്ലും വിഷമമില്ല. സുരേന്ദ്രൻ നൈസായൊന്നു കുഴലിൽ വീണു. തീർന്നെന്നു കരുതിയതാണു പലരും. കൊടകര കയറില്ലെന്നു കുറിച്ചവരുമുണ്ട്. സി.കെ.ജാനുവിനുവേണ്ടിയുള്ള ഫോൺവിളി പുറത്തുവന്ന് അൽപം കഴിയുമ്പോൾ കുഴൽക്കേസിലെ മൊഴി വരും. രണ്ടും നിലയ്ക്കുമ്പോൾ മഞ്ചേശ്വരത്തെ സ്ഥാനാർഥിക്കു പണം കൊടുത്ത കഥകൾ വരും. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇതൊക്കെ താങ്ങാനാകാതെ തകർന്നടി‍ഞ്ഞേനെ.

ഒടുവിൽ സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്തു. ഇനി സൂര്യോദയം കാണില്ലെന്നു സഖാക്കൾ ഉറപ്പിച്ചു. സുരേന്ദ്രനെ മൂക്കിൽ കയറ്റിനിൽക്കുന്ന പൊലീസുകാരൻ ആരായിരിക്കുമെന്ന ചോദ്യം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. പക്ഷേ, ഉടവിലോ വടിവിലോ വീഴ്ചയില്ലാതെ സുരേന്ദ്രൻ ദാ മുന്നിൽ. ഇപ്പോൾ സുരേന്ദ്രനാണു പരാതിക്കാരൻ. പൊലീസിനു ചോദ്യം ചെയ്യാനറിയില്ല. പരസ്പരബന്ധമില്ലാത്ത എന്തൊക്കെയോ ചോദിച്ചു, ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞു. സുരേന്ദ്രനെ വെറുതെവിട്ടത് ഒത്തുതീർപ്പാണെന്നു ധാരാസിങ്ങിന്റെ കേരളരൂപമായ കെ.സുധാകരൻ ആരോപിച്ചിട്ടുണ്ട്. പക്ഷേ, ആരു കേൾക്കാൻ?

കിടുക്കാച്ചി സ്റ്റേറ്റിന് മനോഹരപദ്ധതികൾ

മുഖ്യമന്ത്രി ഡൽഹിക്കു പോകുന്നു. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കാണുന്നു. നിവേദനം നൽകുന്നു. പ്രധാനമന്ത്രി അതു വാങ്ങുന്നു. ഒരുകെട്ട് ഉറപ്പ് തിരികെ കൊടുക്കുന്നു. മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് അതൊക്കെ വിളമ്പുന്നു. നമ്മൾ കേൾക്കുന്നു. പെർഫെക്ട് ഓകെ. 

കേരളമുണ്ടായ കാലം മുതൽ നടക്കുന്ന ഇൗ കലാപരിപാടി ചെറിയ ഇടവേളയ്ക്കുശേഷം കഴിഞ്ഞയാഴ്ച വീണ്ടും കാണാൻ നമുക്കു മഹാഭാഗ്യമുണ്ടായി. മോദി റീലോഡഡിനെ കാണാൻ റീലോഡഡ് പിണറായിയുടെ ആദ്യയാത്ര. 

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, അനന്തപുരിയെ വട്ടമിട്ടു വലിയ റിങ് റോഡ്, സിൽവർ ലൈൻ പദ്ധതി, ശബരിമല വിമാനത്താവളം...  അങ്ങനെ, പിടിച്ചാൽ കിട്ടാത്ത ഒരു ഡസനോളം പ്രോജക്ടുകൾ നിരത്തി മുന്നിൽ വച്ചപ്പോൾ പ്രധാനമന്ത്രി നോക്കിയിട്ടു പറഞ്ഞത്രേ ‘‘പിൺറായിജി പേടിക്കണ്ട. എല്ലാം ഇപ്പ ശര്യാക്കിത്തരാം.’’ പിന്നെ ഡൽഹിയിലെ മുഖ്യ മേസ്തിരി ഗഡ്കരിജിയെ വിളിച്ചു വേണ്ട ഏർപ്പാടുകളും ചെയ്തതോടെ യാത്ര സക്സസ്. പ്രധാനമന്ത്രിയുടെ മോദി ലാംഗ്വേജും മൊത്തത്തിൽ കേരളത്തിനു ഫേവറബിൾ ആയിരുന്നത്രേ. ഇനി ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ മതി. കേരളം ഒരു കിടുക്കാച്ചി സ്റ്റേറ്റായി നെഞ്ചുവിരിച്ചു നിൽക്കും. 

ഒരിക്കലും നടക്കാത്ത എത്ര മനോഹരമായ പദ്ധതികളാണ് ഇതിൽ പലതുമെന്നു പരിഹസിക്കുന്നവർ എന്തറിഞ്ഞിട്ടാണു തുള്ളുന്നത്?. സിൽവർ ലൈൻ പദ്ധതി കഴിഞ്ഞ 5 വർഷം ഭരിച്ചിട്ടും നടപ്പാക്കാത്തത് ഇൗ സർക്കാരിന് ആർജവമോ ഇച്ഛാശക്തിയോ ഇല്ലാഞ്ഞിട്ടല്ല. ആകാശത്തുകൂടി വേണോ ഭൂമിക്കടിയിലൂടെ വേണോ എന്നു പാർട്ടി പഠിക്കുകയായിരുന്നു. പഠനമനനങ്ങൾ കഴിഞ്ഞപ്പോൾ ലേശം ലേറ്റായി എന്നല്ലേയുള്ളൂ.  തിരുവനന്തപുരത്തെ റിങ് റോഡ് വലിയൊരു തള്ളാണെന്നു തെറ്റിദ്ധരിച്ചു തള്ളിക്കളയല്ലേ. സംഗതി പ്രഖ്യാപിച്ചിട്ട് 10 വർഷം കഴിഞ്ഞെങ്കിലും ബജറ്റിൽ ചേർത്തതു കഴിഞ്ഞ വർഷമല്ലേ?. 

സ്റ്റോപ് പ്രസ്

ഗവർണറുടെ ഉപവാസത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അവസാനിക്കുന്നില്ല.

കർക്കടകത്തിലേക്കു പ്രവേശിക്കാനുള്ള ഒരുക്കം എന്ന ന്യായം എല്ലാവരും വിട്ടുകളഞ്ഞു.

English Summary: Cuban crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA