ADVERTISEMENT

മറ്റേതു വിളയിൽനിന്നുള്ളതിലും കുറഞ്ഞവരുമാനമേ നെൽക്കൃഷിയിൽനിന്ന് കർഷകർക്കു കിട്ടുന്നുള്ളൂ. മോശമായ സാമ്പത്തികസ്ഥിതിക്ക് പുറമേ, നെൽപ്പാട– തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഒട്ടേറെ കർശനനിയന്ത്രണങ്ങളുടെ ഭാരവും ചുമക്കേണ്ടിവരികയാണ് നെൽക്കർഷകർ. മണ്ണും കാലാവസ്ഥയും  അനുകൂലമായാൽപ്പോലും അവർക്ക്  മറ്റു ലാഭകരമായ വിളകളിലേക്കു മാറാനാകുന്നില്ല

കേരളത്തിലെ കർഷകരുടെ വരുമാനം അടുത്ത 5 വർഷംകൊണ്ട് 50% വർധിപ്പിക്കാനാണു പുതിയ സർക്കാർ‌ ലക്ഷ്യമിടുന്നതെന്നാണു ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിൽ പറഞ്ഞിരുന്നത്. ഇതു നേടാനാവശ്യമായ മൂല്യവർധന കൈവരിക്കാൻ കാർഷിക സംസ്കരണവും വിപണനവും ശക്തമാക്കുമെന്നും ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകളും അഗ്രോപാർക്കുകളും സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ആഹ്ലാദകരമായ വാക്കുകൾ. 

പിന്നാലെ വന്ന ബജറ്റ്പ്രസംഗത്തിൽ ഈ ആവേശകരമായ പ്രഖ്യാപനം അതിനു ചേരുംപടി പ്രതിഫലിച്ചില്ലെങ്കിലും, കൂടുതൽ നയപരിഷ്കരണങ്ങൾ വരാനിരിക്കുന്നു എന്നാണെന്റെ പ്രതീക്ഷ. തോട്ടങ്ങളിൽ മറ്റു വിളകളും കൃഷിചെയ്യാനുള്ള അനുമതി അത്തരത്തിലൊന്നാണ്. ധീരമായ തുടക്കം. 

സമാനമായൊരു വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്രമോദി 2016 ഫെബ്രുവരി 28ന്, അതായതു കേന്ദ്ര ബജറ്റിനു തലേന്ന്, നൽകിയത് ഓർക്കാം. ‘കർഷകരുടെ വരുമാനം 2022 ആകുമ്പോഴേക്ക് ഇരട്ടിയാകുക എന്നതാണ് എന്റെ സ്വപ്നം’. പിറ്റേന്നത്തെ ബജറ്റ് പ്രസംഗത്തിൽ ഇത് ഇടം നേടി. ഇതു സംബന്ധിച്ചു വിപുലമായ റിപ്പോർട്ട് ദൽവായ് കമ്മിറ്റി തയാറാക്കുകയും ചെയ്തു. എന്നാൽ 2021ലെ സാമ്പത്തികസർവേ പ്രകാരം, 7 വർഷത്തെ ശരാശരി കാർഷിക മൂല്യവർധന വർഷം 3.3% മാത്രമാണ്. കഴിഞ്ഞ 5 വർഷത്തെ കാർഷിക മൂല്യവർധനയിലെ ആകെ വളർച്ച 24.5%. അടുത്ത വർഷം നിതി ആയോഗ് പ്രവചിക്കുന്നത് 3.5%. അതായത്, അടുത്ത വർഷത്തോടെ നേടാനാകുന്ന ആകെ വളർച്ച 30 ശതമാനത്തിൽത്താഴെയാണ്. ലക്ഷ്യമിട്ട 100% വളർച്ചയെക്കാൾ ഏറെത്താഴെ. 2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാകില്ല. കർഷകർ തീർച്ചയായും നിരാശരാണ്. 

farmer-income

നടപ്പാക്കൽ വെല്ലുവിളി

വിലക്കയറ്റംകൊണ്ടല്ലാതെ 5 വർഷം കൊണ്ട് 50% കാർഷിക വിലവർധന നേടാനുള്ള പ്രതിബദ്ധത ഗവർണറുടെ പ്രസംഗത്തിലുണ്ടായിരുന്നു. കർഷകരുടെ ഇപ്പോഴത്തെ ശരാശരി വരുമാനം (റഫറൻസ് വർഷം 2020–21) 5 വർഷംകൊണ്ട് 50% എങ്കിലും ഉയരണം എന്ന ആശയം തീർച്ചയായും എല്ലാ മലയാളികളുടെയും പിന്തുണ അർഹിക്കുന്നു.

നടപ്പാക്കലിലാണ് ഇതിന്റെ ശരിയായ വെല്ലുവിളി. ചില അടിസ്ഥാനവിവരങ്ങൾ നോക്കാം. 2010–11ലെ കണക്കുപ്രകാരം, സംസ്ഥാനത്ത് 68.31 ലക്ഷം കൃഷിയിടങ്ങളാണുണ്ടായിരുന്നത്. ഒരു കൃഷിയിടത്തിന്റെ ശരാശരി വലുപ്പം 0.22 ഹെക്ടറായിരുന്നു. ഇതു പിന്നീട് 0.18 ഹെക്ടറായി കുറഞ്ഞു. എന്നാൽ കർഷകകുടുംബങ്ങൾ കൈവശം വയ്ക്കുന്ന ഭൂമിയുടെ അളവ് ഇതിലും കൂടുതലായിരിക്കും. പ്രധാനമന്ത്രി കിസാൻ പദ്ധതിക്ക് കേരളത്തിൽ 37 ലക്ഷം ഉപയോക്താക്കളുണ്ട്. സംസ്ഥാനത്തെ കർഷകന്റെ ശരാശരി മാസവരുമാനം 16,927 രൂപയാണ് (നബാർഡ് സർവേ 22016–17). ഇത് വിള, കന്നുകാലി, കൂലി, ശമ്പളം എന്നിവയിൽനിന്നും മറ്റു ബിസിനസുകളിൽനിന്നുമുള്ളതാണ്. 

കൃഷിമന്ത്രാലയത്തിന്റെ കണക്കുപ്രകാരം (2013) കേരളത്തിലെ കർഷകകുടുംബത്തിന്റെ ശരാശരി വാർഷിക വരുമാനം 1,45,299 രൂപയാണ്; അതായത് മാസം 12,108 രൂപ. ചെറുകിട നാമമാത്ര കർഷകരുടെ വരുമാനത്തിന്റെ 45% കൂലി അഥവാ വേതനം ഇനത്തിലാണ്. 24.8% കാർഷികേതര സംരംഭങ്ങളിൽനിന്നും 23.2% കാർഷിക വിളകളിൽനിന്നും 6.2% കന്നുകാലികളിൽനിന്നുമാണ്. 

കേരളത്തിലെ വിവിധ വിളകളുടെ വിന്യാസം കൗതുകകരമാണ്. ഭക്ഷ്യവിളകൾ 10 ശതമാനത്തിൽത്താഴെ മാത്രം സ്ഥലത്തു കൃഷിചെയ്യുമ്പോൾ 62% സ്ഥലത്തു നാണ്യവിളകളും 28% സ്ഥലത്തു മറ്റു വിളകളുമാണ്. വരുമാനത്തിന്റെ പകുതിയിലേറെയും സംഭാവന ചെയ്യുന്നതു റബറും തെങ്ങുമാണ്. നെൽക്കൃഷി 10 ശതമാനത്തിൽത്താഴെ സ്ഥലത്തുമാത്രം; കാർഷികോൽപാദന മൂല്യത്തിന്റെ വെറും 4%. 

മറ്റേതു വിളയിൽനിന്നുള്ളതിലും കുറഞ്ഞവരുമാനമേ നെൽക്കൃഷിയിൽനിന്നു കിട്ടുന്നുള്ളൂവെന്നു കേരള കാർഷിക സർവകലാശാലയിലെ പ്രഫ.ഇന്ദിരാദേവി നടത്തിയ പഠനവും സ്ഥിരീകരിക്കുന്നു.  മോശമായ സാമ്പത്തികസ്ഥിതിക്കുപുറമേ, നെൽപ്പാട– തണ്ണീർത്തട സംരക്ഷണനിയമപ്രകാരമുള്ള ഒട്ടേറെ കർശനനിയന്ത്രണങ്ങളുടെ ഭാരവും ചുമക്കേണ്ടിവരികയാണു നെൽക്കർഷകർ. മണ്ണും കാലാവസ്ഥയും അനുകൂലമായാൽപ്പോലും അവർക്കു മറ്റു ലാഭകരമായ വിളകളിലേക്കു മാറാനാകുന്നില്ല. 

ശ്രദ്ധയോടെ തന്ത്രങ്ങൾ ആവിഷ്കരിച്ചാലേ ഗവർണർ പ്രഖ്യാപിച്ച നയം നടപ്പാക്കാനാകൂ. 

farm

നടപ്പാക്കുന്ന തന്ത്രങ്ങളിൽ നിർബന്ധമായും ഉണ്ടാകേണ്ട ചില കാര്യങ്ങൾ: 

1. കർഷകരുടെ വരുമാനം ദീർഘകാല– സുസ്ഥിര അടിസ്ഥാനത്തിൽ വർധിപ്പിക്കാനാകണം ഊന്നൽ. കർഷകർക്ക് ഉൽപന്നങ്ങൾ ഏറ്റവും മികച്ച വിലയിൽ എവിടെയും വിൽക്കാനാകണം.  

2. കൃഷിവിളകൾക്കുള്ള നിയന്ത്രണങ്ങൾ എടുത്തുകളയണം. നെൽക്കർഷകർക്കു പച്ചക്കറിയിലേക്കോ പഴവർഗങ്ങളിലേക്കോ മാറുന്നതിനു സ്വാതന്ത്ര്യം വേണ്ടേ, അതാണു ലാഭകരമെങ്കിൽ? തോട്ടങ്ങളിൽ വിളവൈവിധ്യം അനുവദിക്കുന്ന ബജറ്റ് തീരുമാനം ഒരു തുടക്കമായെടുക്കാം. ആ സൗകര്യം എല്ലാ കർഷകർക്കും ലഭ്യമാക്കണം. 

3. കാർഷികവരുമാനം നേരത്തേ പറ‌ഞ്ഞ 4 ഇനങ്ങളിലാണ്. എന്നാൽ, മൃഗപരിപാലനം (കന്നുകാലി, കോഴി) കേരളത്തിൽ അവഗണിക്കപ്പെടുകയാണ്. അതും ഉൾനാടൻ മത്സ്യക്കൃഷിയും അതിവേഗം വളരാൻ സഹായകമായ വിപണിയാണിവിടെയുള്ളത്. 

4. കാർഷികവിലശൃംഖലയിൽ കർഷകർക്കു പരമാവധി വില ഉറപ്പാക്കണം. ക്ഷീര സഹകരണസംഘങ്ങൾ പാഠമാകണം. കർഷകർക്കു വില കിട്ടാത്തതിനുള്ള പ്രതിവിധി സർക്കാർ ഇടപെടലോ പൊതുമേഖലയുടെ കുത്തകയാക്കലോ അല്ല. 

5. എണ്ണമറ്റ പദ്ധതികൾ കാരണം കൃഷിഭവനുകൾ സബ്സിഡി വിതരണകേന്ദ്രങ്ങളായി മാറുന്നു. കർഷകർക്കു സുസ്ഥിരമാർഗങ്ങളിൽ വരുമാനം വർധിപ്പിക്കാൻ സാങ്കേതിക പിന്തുണയേകുക എന്ന പ്രധാന ലക്ഷ്യത്തോടെയാകണം അത്തരം വികസന–ഗവേഷണ സ്ഥാപനങ്ങളുടെ പ്രവർത്തനം. 

nandakumar
നന്ദകുമാർ

6. വിപണികളാകും കാർഷികവരുമാനത്തിന്റെ ഭാവി നിശ്ചയിക്കുക. അതു പുതിയ ഉൽപന്നങ്ങളാകാം, പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടുന്ന ഉൽപന്നങ്ങളാകാം, ആരോഗ്യകരമായ ഭക്ഷ്യോൽപന്നങ്ങളാകാം. വിപണിയുടെ ആവശ്യത്തിന് അനുസൃതമായ ഉൽപാദനപദ്ധതി സ്വീകരിച്ചാലേ കർഷകർക്ക് ഉയർന്നവില ലഭിക്കൂ. ഉൽപാദനക്ഷമത കൂട്ടുക എന്നതിനെക്കാൾ കർഷകരുടെ വരുമാനത്തിനായിരിക്കണം വികസന–ഗവേഷണ ഏജൻസികൾ ഊന്നൽ നൽകേണ്ടത്. 

7. മേഖലയിലെ പുതിയ–ലാഭകരമായ സംരംഭങ്ങൾക്കു സാങ്കേതിക പിന്തുണ നൽകണം. ആശ്രയിക്കാവുന്ന, നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണു നവീന സംരംഭങ്ങൾക്കു വേണ്ടത്. കേന്ദ്രത്തിന്റെ, ഒരു ലക്ഷം കോടി രൂപയുടെ കാർഷിക അടിസ്ഥാന സൗകര്യനിധി പരമാവധി പ്രയോജനപ്പെടുത്തണം. പദ്ധതികൾ ബുദ്ധിപൂർവം ആസൂത്രണം ചെയ്തു മറ്റു ഫണ്ടുകളും ലഭ്യമാക്കണം. 

8. കഴിഞ്ഞ 5 വർഷത്തിനിടെ അറുനൂറോളം അഗ്രി–ടെക് കമ്പനികൾ രാജ്യത്തുയർന്നുവന്നു. അഗ്രി–ടെക് കമ്പനികളെയും കാർഷിക സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന ഇക്കോസിസ്റ്റം രൂപപ്പെടുത്തണം. 

9. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കാണു (എഫ്പിഒ) ഭാവി. കർഷകർതന്നെ നയിക്കുന്ന എഫ്പിഒകൾ അവർക്കു കൂടുതൽ മികച്ച ആദായമേകും. വലിയ എഫ്പിഒകൾ രൂപീകരിക്കുകയോ എഫ്പിഒകളെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുകയോ ആണു വേണ്ടത്. ബ്യൂറോക്രസിയുടെ നിയന്ത്രണമില്ലെങ്കിൽ സഹകരണസംഘങ്ങൾക്ക് ഇതു ചെയ്യാനാകും. കർഷകരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനികളായി അവയെ കാണണം. 

10. വിലവർധനയ്ക്കു പ്രാഥമികതല സംസ്കരണം പ്രോത്സാഹിപ്പിക്കണം. അനുയോജ്യമായ അന്തരീക്ഷമൊരുക്കി സ്വകാര്യമേഖലയെ ഭക്ഷ്യോൽപന്ന സംസ്കരണത്തിലേക്ക് ആകർഷിക്കണം. 

ഇത് ഏതാനും ആശയങ്ങൾ മാത്രം. സദുദ്ദേശ്യം മാത്രം പോരാ, മികച്ചഫലം കിട്ടാൻ നല്ല നടപടികളും വേണം. 

 

വാൽക്കഷണം

അരിയാഹാരം കഴിക്കുന്നവർ അറിയാൻ: കേരളം പ്രതിവർഷം ഏകദേശം 6 ലക്ഷം ടൺ അരി ഉൽപാദിപ്പിക്കുന്നു. ഉപഭോഗമാകട്ടെ, 40 ലക്ഷം ടണ്ണും. 

(കേന്ദ്ര ഭക്ഷ്യ–കൃഷി മുൻ സെക്രട്ടറിയും  നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് മുൻ ചെയർമാനുമാണു ലേഖകൻ)

English Summary: Policy to Increase Farmers' Income

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com