ഓൺലൈൻ ഗെയിം: അതീവശ്രദ്ധ വേണം

HIGHLIGHTS
  • രക്ഷിതാക്കളുടെ ജാഗ്രത പരമപ്രധാനം
alappuzha-game
പ്രതീകാത്മക ചിത്രം
SHARE

കുട്ടികൾ‌ക്കും യുവാക്കൾക്കുമിടയിൽ ഉയർന്നുവരുന്ന പുതിയ വിപത്തായി മാറിയിരിക്കുകയാണു ചില ഓൺലൈൻ ഗെയിമുകളോടുള്ള കടുത്ത ആഭിമുഖ്യം. മുൻപു ചില ഗെയിമുകൾ കുട്ടികളുടെ ജീവനുപോലും ഭീഷണിയായി മാറിയപ്പോൾ അവ നിരോധിക്കപ്പെട്ടുവെങ്കിലും ആപൽക്കരമായ ഒരു ഡസനോളം പുതിയ ഓൺലൈൻ കളികൾ ഇപ്പോൾ എത്തിയിരിക്കുകയാണ്. സ്കൂൾ, കോളജ് പഠനത്തിനായി ഓൺലൈൻ ക്ലാസുകൾ വേണ്ടിവന്നതോടെ, പഠിക്കുന്ന എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോണോ ടാബ്‌ലറ്റോ കംപ്യൂട്ടറോ നിർബന്ധമായിവേണ്ട ഉപകരണമായി മാറിയതും ഇൗ കളികളുടെ അതിവേഗവ്യാപനത്തിനു വഴിയൊരുക്കി. 

മലയാള മനോരമ പ്രസിദ്ധീകരിച്ച ‘e- കളി തീക്കളി’ പരമ്പര ഈ ദിശയിലുള്ള അന്വേഷണമായിരുന്നു. 12 വയസ്സു കഴിഞ്ഞവർ മാതാപിതാക്കളുടെ അനുവാദത്തോടെവേണം കളിക്കാനെന്നു നിർമാതാക്കൾതന്നെ നിർദേശിക്കുന്ന, അക്രമം കുത്തിനിറച്ച ഓൺലൈൻ കളികളാണു നാലും അഞ്ചും ക്ലാസുകളിലെ കുട്ടികൾപോലും രാവെന്നോ പകലെന്നോ ഇല്ലാതെ കളിക്കുന്നത്. ഇതിനിടെ, ചില നിർഭാഗ്യസംഭവങ്ങൾ ഉണ്ടായതോടെ ഇക്കാര്യം പെ‍ാതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തുകയും ചെയ്തു. 

ലഹരിക്ക് അടിപ്പെട്ടുപോകുന്നവരിൽ കാണുന്നതുപോലെയുള്ള ഭ്രാന്തമായ ആവേശമാണ് ഇത്തരം കളികളോടു ചില കുട്ടികൾക്കുണ്ടാകുന്നത്. സംഘട്ടനവും വെടിവയ്പും നിറഞ്ഞ കളികൾ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പടർന്നുപന്തലിക്കുന്നതു കേരളത്തിന്റെ ആശങ്കയായി മാറിയിരിക്കുന്നു. കുടുംബങ്ങളിൽ കുട്ടികളും മാതാപിതാക്കളും തമ്മിൽ വലിയ സംഘർഷങ്ങൾ‌ക്കുവരെ ഇൗ കളികൾ കാരണമാകുന്നുവെന്നു പൊലീസിനും മറ്റു സർക്കാർ സംവിധാനങ്ങൾക്കും ലഭിക്കുന്ന പരാതികൾ വ്യക്തമാക്കുന്നുണ്ട്. 

മാനസിക ഉല്ലാസത്തിനു മറ്റെല്ലാ കളികളെയുംപോലെ, മൊബൈൽ ഫോണും ടാബ്‌ലറ്റും കംപ്യൂട്ടറും ഉപയോഗിച്ചുള്ള കളികളിൽ ഏർപ്പെടുന്നതിൽ തെറ്റുപറയാനാകില്ല; നാട് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്കു നീങ്ങുന്ന ഇക്കാലത്തു വിശേഷിച്ചും. എന്നാൽ, കുട്ടികളെയും യുവാക്കളെയും മാനസികമായും ശാരീരികമായും തളർത്തുന്നതും മനോനില താളംതെറ്റിക്കുന്നതുമായ കളികൾ ഒഴിവാക്കുകതന്നെ വേണം. സൈബർ സൂപ്പർ ഹൈവേയിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക്കണമെന്നു വിദഗ്ധർ പറയുമ്പോൾ അതിന് അങ്ങേയറ്റം ഗൗരവം കൊടുക്കേണ്ടതുണ്ട്. ദേശീയപാതയിൽ ഇറങ്ങുന്ന അഞ്ചുവയസ്സുള്ള കുട്ടിക്ക് എന്തൊക്കെ സുരക്ഷാനിർദേശങ്ങൾ നൽകുന്നുവോ അതുപോലെതന്നെ വേണം ഇതിലും. എന്നാൽ, പല രക്ഷിതാക്കൾക്കും ഇക്കാര്യത്തിൽ വേണ്ടത്ര അറിവില്ലാത്തതാണു ചതിക്കുഴികളിൽ പതിക്കുന്നവരുടെ എണ്ണമേറാനുള്ള കാരണം. 

ഓൺലൈൻ കളികളെയും അവയുടെ സ്വഭാവത്തെയും നിയന്ത്രിക്കാൻ നമ്മുടെ നാട്ടിൽ ഫലപ്രദമായ നിയമമില്ലാത്തതും ആപൽസാധ്യതകൾ വർധിപ്പിക്കുന്നു. അച്ഛനെ കൊല്ലാൻ കഠാരയെടുക്കുന്ന മകൻ, ഗെയിമിലെ ടാസ്ക് കൈവരിക്കാൻ വീട്ടുകാരെപ്പോലും അറിയിക്കാതെ വിദൂരനഗരത്തിലേക്കു രാത്രി ബൈക്ക് റൈഡിന് ഇറങ്ങുന്ന യുവാവ്, മകനെ ഗെയിമിന്റെ ലോകത്തുനിന്നു തിരികെപ്പിടിക്കാൻ പാതിരാത്രി വരെ ഉറക്കമൊഴിച്ചിരിക്കുന്ന മാതാപിതാക്കൾ, കളിക്കുവേണ്ടി രക്ഷിതാക്കളുടെ അക്കൗണ്ടിൽനിന്ന് അവരറിയാതെ പണമെടുക്കുന്നവർ... മനോരമ പരമ്പരയിൽ പങ്കുവച്ച ഇത്തരം അനുഭവങ്ങൾ നമ്മെ ആശങ്കാകുലരാക്കുന്നു. 

നവലോകത്ത് അനന്തമായ ഗുണസാധ്യതകളുള്ള ഗാഡ്ജറ്റുകളുടെ ദുരുപയോഗം സ്വയംവിനാശത്തിലേക്കു മാറാതിരിക്കാൻ അതീവജാഗ്രത ഉണ്ടായേതീരൂ. എല്ലാ കുട്ടികളും ഇവ ദുരുപയോഗം ചെയ്യുന്നുവെന്നല്ല. അതേസമയം, അറിവില്ലായ്‌മകൊണ്ടും സാഹസികതാൽപര്യം കൊണ്ടും വഴിതെറ്റലുകൾ ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ, ഗാഡ്ജറ്റ് ഉപയോഗത്തിലെ ഗുണങ്ങളും ദോഷങ്ങളും കുട്ടികളെ ബോധ്യപ്പെടുത്താൻ രക്ഷിതാക്കളും അധ്യാപകരും മുൻകയ്യെടുക്കണം. 

സ്കൂൾ അധ്യയനമില്ലാതെ വീട്ടിലിരിക്കുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ ശ്രദ്ധ പരമപ്രധാനംതന്നെ. പുറത്തെ സൗഹൃദങ്ങളും കളിനേരങ്ങളുമെ‍ാക്കെ നഷ്ടപ്പെട്ട കുട്ടികൾ അപകടകരമായ ഓൺലൈൻ കളികളിലേക്ക് എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണ്. കുടുംബാന്തരീക്ഷം കൂടുതൽ ഉൗഷ്മളമാക്കിയും വീട്ടകങ്ങളിൽ കൂടുതൽ സന്തോഷം നിറച്ചും വീട്ടിലുള്ളവർ ഒന്നിച്ചിരിക്കുന്ന നേരങ്ങളുടെ ദൈർഘ്യം കൂട്ടിയുമെ‍ാക്കെ കുട്ടികളുടെ മടുപ്പും ഏകാന്തതയും മാറ്റാനാകും. നമ്മുടെ കുട്ടികൾ സൈബർ ചതിക്കുഴികളിലെ അപകടത്തിൽപ്പെട്ടാൽ രക്ഷപ്പെടാനുള്ള വഴി അവർക്കു പറഞ്ഞുകൊടുക്കുകയും വേണം.

English Summary: Precautions on students online game addiction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA