കൻവർയാത്ര: ഇടപെടാതെ കേന്ദ്രം

modi
SHARE

കൻവർയാത്ര‍ാ വിഷയത്തിൽ ഗംഗാതട സംസ്ഥാനങ്ങൾ അവരവരുടെ സാഹചര്യം അനുസരിച്ചു തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ സ്വീകരിച്ചത്. പരിമിതമായ തോതിലെങ്കിലും തീർഥയാത്ര അനുവദിക്കണമെന്ന വിഎച്ച്പിയുടെ സമ്മർദം ബിജെപി സർക്കാരുകൾക്കുമേൽ  ശക്തമാണ്

ഏഴു വർഷം മുൻപു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാനദിയുടെ പുനരുജ്ജീവനത്തിനു പുതിയ മന്ത്രാലയം രൂപീകരിക്കുമ്പോൾ, ഗംഗ ഒഴുകുന്ന സംസ്ഥാനങ്ങൾ ഒന്നും അദ്ദേഹത്തിന്റെ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്നില്ല. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളെല്ലാം ഭരിച്ചിരുന്നതു പ്രതിപക്ഷ മുഖ്യമന്ത്രിമാരായിരുന്നു. പുണ്യനദിയെ മാലിന്യമുക്തമാക്കാനും പരിരക്ഷിക്കാനുമായി ഉണ്ടാക്കിയ മന്ത്രാലയത്തിന്റെ ചുമതല മോദി ഏൽപിച്ചതു ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവായ ഉമാഭാരതിയെയാണ്.

തുടർന്നുള്ള വർഷങ്ങളിൽ, ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയു എൻഡിഎയിൽ ചേർന്നു. പിന്നാലെ ഉത്തരാഖണ്ഡ്, യുപി എന്നിവിടങ്ങളിൽ ബിജെപി അധികാരത്തിലെത്തി. ബംഗാൾ ഒഴികെ ഗംഗാതട സംസ്ഥാനങ്ങളെല്ലാം ബിജെപിയുടെയോ സഖ്യകക്ഷിയുടെയോ ഭരണത്തിലായി. 2019ൽ ഗംഗാനദി ശുചീകരണം ഊർജിതമാക്കാനും നദീഗതാഗതം വിപുലമാക്കാനും ജലശക്തി മന്ത്രാലയത്തിനു മോദി സർക്കാർ രൂപം നൽകി. 2014നു ശേഷം ജലശക്തി, നഗരവികസനം, ഉൾനാടൻ ഗതാഗതം എന്നീ മന്ത്രാലയങ്ങളിലൂടെ കേന്ദ്ര സർക്കാർ ഗംഗയുടെ പുനരുജ്ജീവനത്തായി 25,000 കോടിയിലേറെ രൂപ ചെലവഴിച്ചു.

ഈ കേന്ദ്രവൽക്കരണം പക്ഷേ, ഗംഗാനദിയുമായി ബന്ധപ്പെട്ട രാഷ്ട്രീയമോ മതപരവുമായ വിഷയങ്ങളിൽ യാഥാർഥ്യമായില്ല. ഗംഗയുടെയും പോഷകനദിയായ യമുനയുടെയും തീരങ്ങളിലെ പ്രശസ്ത ക്ഷേത്രങ്ങളുടെ നടത്തിപ്പും നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉത്തരാഖണ്ഡിലെ രണ്ടു മുഖ്യമന്ത്രിമാരെ താഴെയിറക്കി. കുംഭമേള, കൻവർയാത്ര എന്നീ ലക്ഷങ്ങൾ പങ്കെടുക്കുന്ന തീർഥയാത്രകളുമായി ബന്ധപ്പെട്ടു കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ മാത്രമല്ല സംസ്ഥാനങ്ങൾക്കിടയിലും ഒട്ടേറെ ഭിന്നതകളുണ്ട്. ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലൂടെ ഒഴുകിയാണു യമുന യുപിയിലെ പ്രയാഗ്‌രാജിൽ ഗംഗയിൽ സംഗമിക്കുന്നത്. ഹരിയാന ഭരിക്കുന്നതു ബിജെപിയുടെ മനോഹർ ലാൽ ഖട്ടർ ആണെങ്കിൽ ഡൽഹി ഭരിക്കുന്നത് ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കേജ്‌രിവാളാണ്.

ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഗംഗാതട സംസ്ഥാനങ്ങളുമായി നിരന്തരയോഗങ്ങൾ നടത്താറുണ്ട്. രാഷ്ട്രീയ,മത പ്രശ്നങ്ങളെ മാറ്റിനിർത്തി അദ്ദേഹത്തിന്റെ ഊന്നൽ ഗംഗയുടെ ശുചീകരണത്തിലാണ്. പക്ഷേ, കൻവർയാത്ര നടത്തുന്നതിനെതിരെ സുപ്രീം കോടതി രംഗത്തെത്തിയതോടെ സംസ്ഥാനങ്ങൾക്കിടയിലെ ഭിന്നതകൾ വീണ്ടും വ്യക്തമായി. 

പ്രധാനമായും ഹരിയാന, ഡൽഹി, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തർ ഗംഗയിൽ സ്നാനം ചെയ്തു ഗംഗാതീർഥം കാൽനടയായി ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോകുന്ന കൻവർതീർഥയാത്ര തടസ്സപ്പെടുത്തരുതെന്ന നിലപാടാണു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചത്. എന്നാൽ ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി തീർഥയാത്ര വിലക്കി. ബിഹാറിലാകട്ടെ മതാഘോഷങ്ങൾക്കുള്ള പൊതുവിലക്ക് കൻവർയാത്രയ്ക്കും ബാധകമാണെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി. ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർ ഹരിദ്വാറിലും (ഉത്തരാഖണ്ഡ്) മുക്തേശ്വറിലും (യുപി) തീർഥയാത്ര നടത്തിയാണു ഗംഗാതീർഥം കൊണ്ടുവരുന്നത്. പക്ഷേ ഖട്ടറും കേജ്‌രിവാളും മനസ്സു തുറന്നില്ല.

ഇത്തരമൊരു സന്ദർഭത്തിൽ ദുരന്തനിവാരണ നിയമം അനുസരിച്ചുള്ള കർശനമായ വ്യവസ്ഥകൾ ഗംഗാതീരത്ത് ഉടനീളം നടപ്പാക്കുന്ന തീരുമാനം കേന്ദ്രസർക്കാരിന് എടുക്കാവുന്നതാണ്. എന്നാൽ വിശ്വഹിന്ദു പരിഷത്തിൽനിന്നും മറ്റു ഹിന്ദുത്വ സംഘടനകളിൽനിന്നും കേന്ദ്രസർക്കാരിനുമേൽ കടുത്ത സമ്മർദമുണ്ട്. മതാഘോഷങ്ങളോ ചടങ്ങുകളോ നിരോധിക്കുകയോ വിശ്വാസപരമായ കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യുന്ന നയം സർക്കാർ സ്വീകരിക്കാൻ പാടില്ലെന്ന നിലപാടാണ് അവർക്കുള്ളത്. ബദരീനാഥ്, കേദാർനാഥ്, യമുനോത്രി, ഗംഗോത്രി എന്നിവ അടക്കമുള്ള 40 പ്രധാന ക്ഷേത്രങ്ങളുടെ ഭരണനിർവഹണത്തിനു സർക്കാർ ബോർഡ് രൂപീകരിക്കാനുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്തിന്റെ തീരുമാനം വിഎച്ച്പിയെ പ്രകോപിച്ചിരുന്നു. കുംഭമേളയ്ക്കു വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയും ത്രിവേന്ദ്ര സിങ് വച്ചു.

ആർഎസ്എസിന്റെയും വിഎച്ച്പിയുടെയും അനിഷ്ടം പരിഗണിച്ചു ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി ലോക്സഭാംഗമായ തീരഥ് സിങ് റാവത്തിനെ കഴിഞ്ഞ മാർച്ചിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാക്കി. പുതിയ മുഖ്യമന്ത്രി സ്ഥാനമേറ്റതിനു പിന്നാലെ, ക്ഷേത്രങ്ങൾ ഏറ്റെടുക്കാനുള്ള തീരുമാനം പിൻവലിക്കുകയും കോവിഡ് നിയമങ്ങളിൽ ഇളവു നൽകുകയും ചെയ്തു. തീരഥിന്റെ സർക്കാർ ചുമതലപ്പെടുത്തിയ സ്ഥാപനം ഒരു ലക്ഷത്തോളം വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയ സംഭവം ഇതിനിടെ പുറത്തുവന്നു. കുംഭമേളയ്ക്കിടെ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്നു സ്ഥാപിക്കാൻ വേണ്ടിയായിരുന്നു വ്യാജരേഖകൾ ചമച്ചത്. 6 മാസത്തിനകം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടാൻ തീരഥിനു സാധിക്കില്ലെന്നു വന്നതോടെയാണ് അദ്ദേഹത്തെ മാറ്റി ഉത്തരാഖണ്ഡിൽ പുഷ്കർ സിങ് ധാമിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാൽ, കോവിഡ് അതിവ്യാപനം തടയാനായി ഹരിദ്വാറിലേക്കുള്ള കൻവർയാത്ര വിലക്കി ഉത്തരവിടുകയാണു ധാമി ചെയ്തത്.  

തീർഥയാത്രാവിവാദത്തിൽ ഉൾപ്പെടാതെ കേന്ദ്ര സർക്കാർ മാറിനിന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. 2020ൽ വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗൺ ഏർപ്പെടുത്തൽ, ഒഴിവാക്കൽ പ്രഖ്യാപനങ്ങൾ കേന്ദ്ര സർക്കാർ നേരിട്ടു നടത്തിയതു വിമർശനമുയർത്തിയിരുന്നു. അതിനാൽ 2021ൽ രണ്ടാം വ്യാപനം ഉണ്ടായപ്പോൾ തീരുമാനം സംസ്ഥാനങ്ങൾക്കു വിട്ടുകൊടുത്തു. അതിനാൽ, കൻവർ വിഷയത്തിൽ ഗംഗാതട സംസ്ഥാനങ്ങൾ അവരവരുടെ സാഹചര്യമനുസരിച്ചു തീരുമാനമെടുക്കട്ടെ എന്ന നിലപാടാണു കേന്ദ്ര ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ സ്വീകരിച്ചത്. 

പക്ഷേ, പരിമിതമായ തോതിലെങ്കിലും തീർഥയാത്ര അനുവദിക്കണമെന്ന വിഎച്ച്പിയുടെ സമ്മർദം ബിജെപി സർക്കാരുകൾക്കുമേൽ ശക്തമാണ്. ഇളവ് അനുവദിച്ചാൽ ഉണ്ടാകാവുന്ന ജനപ്രവാഹം നിയന്ത്രിക്കാൻ സർക്കാരിന് എളുപ്പമല്ലെന്നു ധാമി വ്യക്തമാക്കുകയും ചെയ്തു. കൻവർ യാത്ര സമാപിക്കുന്ന ഓഗസ്റ്റ് അവസാനം വരെ ഈ തർക്കം തുടരാനാണു സാധ്യത.

English Summary: Kanwar Yatra: Centre keeps silence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA