ADVERTISEMENT

ഏതാനും ദിവസം മുൻപു രാഹുൽ ഗാന്ധി ഇങ്ങനെ ട്വീറ്റ് ചെയ്തിരുന്നു: ‘ നിങ്ങൾ എന്താണു വായിക്കുന്നതെന്നു ഞാൻ അദ്ഭുതപ്പെടുന്നു.’ എന്താണ് ഈ ട്വീറ്റിന്റെ അർഥമെന്നു പലരും തലപുകച്ചെങ്കിലും അതു വെളിപ്പെട്ടതു ഞായറാഴ്ചയാണ്. രാഹുൽ ഗാന്ധിതന്നെ പഴയ ട്വീറ്റിന് ഇന്നലെ മറുപടിയും നൽകി: ‘അദ്ദേഹം എന്താണു വായിച്ചതെന്ന് ഇപ്പോൾ ഞങ്ങൾക്കറിയാം – നമ്മുടെ ഫോണിലെ എല്ലാം!’

രാജ്യത്തെ നടുക്കുന്ന ഒരു വാർത്ത വരാനിരിക്കുന്നുവെന്നു കുറച്ചുദിവസങ്ങളായി മാധ്യമപ്രവർത്തകരും രാഷ്ട്രീയനേതാക്കളുമടക്കം സൂചനകൾ നൽകിയിരുന്നു. പാ‍ർലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങുന്നതിനു തൊട്ടുതലേന്ന് അതു പുറത്തുവരികയും ചെയ്തു. 

ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിന്റെ ഉൽപന്നമായ ചാര സോഫ്റ്റ്‌വെയർ ‘പെഗസസ്’ ഉപയോഗിച്ച് ഇന്ത്യയിൽ ജഡ്ജിമാരും മന്ത്രിമാരും നേതാക്കളും മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും അടക്കമുള്ളവരുടെ ഫോൺ വിവരങ്ങൾ ചോർത്തി എന്ന ഞെട്ടിക്കുന്ന വാർത്ത.

ഇതുവരെ പുറത്തുവന്ന വിവരങ്ങൾ ആശങ്കയുണർത്തുന്നതാണ്. പെഗസസ് നിരീക്ഷണം അന്വേഷിച്ച മാധ്യമങ്ങളുടെ കൂട്ടായ്മയ്ക്കു വിവിധ രാജ്യങ്ങളിലായുള്ള അരലക്ഷത്തോളം ഫോൺ നമ്പരുകളുടെ പട്ടികയാണു ലഭിച്ചിട്ടുള്ളത്.

50 രാജ്യങ്ങളിലെ ആയിരത്തിലേറെ വ്യക്തികളെ ഇതിൽനിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അറബ് രാജകുടുംബാംഗങ്ങൾ മുതലുള്ള വിവിധ മേഖലകളിലെ പ്രമുഖർ ഇതിലുൾപ്പെടുന്നു.

ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, ജഡ്ജിമാർ, ബിസിനസുകാർ, പ്രമുഖരായ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എല്ലാം ഈ പട്ടികയിലുണ്ട്. ഇവരിൽ പലരുടെയും ഫോണിൽ പെഗസസ് സാന്നിധ്യം ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിക്കഴിഞ്ഞു.

anil-antony
അനിൽ കെ. ആന്റണി

ഭരണകൂട ഭീകരതയും സീറോ ക്ലിക്ക് ഭീഷണിയും

2016ൽ ആണ് പെഗസസിന്റെ ആദ്യകാലപതിപ്പു കണ്ടെത്തുന്നത്. വെബ് ലിങ്കുകളിലൂടെയോ എസ്എംഎസ് പോലുള്ള ടെക്സ്റ്റ് മെസേജുകളിലെ ലിങ്കുകളിലൂടെയോ ആകണം അന്നു പെഗസസ് സ്മാർട്ഫോണുകളിൽ എത്തിച്ചിട്ടുണ്ടാവുക. ഫോണിലേക്ക് അയച്ചുകിട്ടുന്ന ലിങ്കുകളിൽ ഉടമ ക്ലിക്ക് ചെയ്യുമ്പോഴാണ് ചാര സോഫ്റ്റ്‌വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുക.

എന്നാ‍ൽ, ഇപ്പോൾ കണ്ടെത്തിയ പെഗസസിന്റെ പുതിയ പതിപ്പ് ‘സീറോ ക്ലിക്ക്’ ആകാമെന്നതു ഭീഷണിയുടെ ആഴം വർധിപ്പിക്കുന്നു. അതായത്, ഫോൺ ഉടമ ഒന്നും ചെയ്യാതെ തന്നെ അദ്ദേഹത്തിന്റെ ഫോണിൽ മറ്റൊരാൾക്കു പെഗസസ് ഇൻസ്റ്റാൾ ചെയ്യാം. ഒറ്റ ക്ലിക്ക് പോലും ആവശ്യമില്ല!

ഒറ്റത്തവണ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടാൽ അതിലെ ഏതു വിവരവും – കോൾ റിക്കോർഡ്, അഡ്രസ് ബുക്ക്, എസ്എംഎസ്, ചിത്രങ്ങളും വിഡിയോകളും, ഇ മെയിലുകൾ, ലൊക്കേഷൻ അങ്ങനെ എന്തും – ചാര സോഫ്റ്റ്‍വെയറിനു ചോർത്താനാകും.

ഏറ്റവും അപകടകരമായ കാര്യം, ചോർത്താൻ മാത്രമല്ല, നമ്മുടെ ഫോണിൽ ഫയലുകളോ മറ്റു വിവരങ്ങളോ നമ്മൾ അറിയാതെ പെഗസസിനു സ്ഥാപിക്കാൻ കഴിയുമെന്നതാണ്. ഭീമ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള പലരുടെയും ഫോണുകൾ പെഗസസ് പട്ടികയിലുണ്ട്. കസ്റ്റഡിയിൽ അന്തരിച്ച ഫാ. സ്റ്റാൻ സ്വാമിയടക്കമുള്ളവരെ ഭരണകൂടം ഇത്തരത്തിൽ പൈശാചികമായി കേസിൽ കുടുക്കിയിട്ടുണ്ടാകാം. സ്മാർട്ഫോണും ഇന്റർനെറ്റ് കണക്‌ഷനുമുള്ള നമ്മളിലാരും ഏതു നിമിഷവും ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെടാം എന്നു ചുരുക്കം.

ജനാധിപത്യത്തിൽനിന്നുള്ള പിൻനടത്തം

സർക്കാരുകൾക്കു മാത്രമേ പെഗസസ് വാങ്ങാൻ കഴിയൂ എന്നത് ഇന്ത്യൻ സർക്കാരിനെ തീർച്ചയായും ഈ ക്ഷുദ്രപ്രവൃത്തിയിൽ പ്രതിസ്ഥാനത്തു നിർത്തുന്നുണ്ട്. എൻഎസ്ഒയുടെ ഉപയോക്താക്കളുടെ പട്ടികയിൽ ഇന്ത്യയുമുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെ വാക്കുകളെ വിശ്വാസത്തിലെടുക്കാനാകില്ല. വിശദമായ അന്വേഷണം ഉണ്ടാകേണ്ടതുണ്ട്.

സ്വന്തം മന്ത്രിമാരെപ്പോലും ഭരണകൂടം പെഗസസ് ഉപയോഗിച്ചു നിരീക്ഷിച്ചിരിക്കാമെന്ന വിവരം അമ്പരപ്പിക്കുന്നതാണ്. ഇന്നത്തെ ചൈനയും മുൻകാല സോവിയറ്റ് യൂണിയനും പോലുള്ള സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ വഴിയേ ഇന്ത്യ നീങ്ങുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. സ്വന്തം ജനതയ്ക്കുമേൽ നിയമവിരുദ്ധമായി രഹസ്യനിരീക്ഷണം നടത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ആധുനിക ജനാധിപത്യരാജ്യമായ ഇന്ത്യയെ പിന്നോട്ടടിക്കാനുള്ള ഭരണകൂടശ്രമം നമ്മുടെ ആത്മാഭിമാനത്തിനുമേലുള്ള കടന്നുകയറ്റമാണ്.

ചൈനയും പാക്കിസ്ഥാനും പോലുള്ള ഇന്ത്യാവിരുദ്ധ ശക്തികൾ ഒരുപക്ഷേ, ഇതിൽ പ്രതിസ്ഥാനത്തുണ്ടായേക്കാം. കോടതി മേൽനോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണത്തിലൂടെയോ സംയുക്ത പാർലമെന്റ് സമിതി അന്വേഷണത്തിലൂടെയോ മാത്രമേ യാഥാർഥ്യം പുറത്തുകൊണ്ടുവരാനാകൂ. ത്വരിത സാങ്കേതികവിദ്യയുടെ ഈ കാലത്ത്, സൈബർ ആക്രമണങ്ങളിൽനിന്നും ഭരണകൂടങ്ങളുടെ അതിരുകടക്കുന്ന ഇടപെടലുകളിൽനിന്നും പൗരനെ രക്ഷിക്കുന്ന, സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച നിയമങ്ങളും വ്യവസ്ഥയും ഉണ്ടായേ തീരൂ.

(കെപിസിസി ഡിജിറ്റൽ മീഡിയ സെൽ  കൺവീനറാണു ലേഖകൻ)

English Summary: Pegasus: Govt reading your phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com