റോമിയോ & ജൂലിയറ്റ്, കേരള മോഡൽ

pink-police
SHARE

പ്രേമലോലുപനായ യുവാവിനെയാണു നിഘണ്ടുക്കൾ റോമിയോ എന്നു വിളിക്കുന്നത്. ഷെയ്ക്സ്പിയർ നാടകമായ റോമിയോ ആൻഡ് ജൂലിയറ്റിൽനിന്നു ഭാഷയിലേക്കിറങ്ങി നടക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ. നാടകത്തിൽ റോമിയോയുടെ കാമുകി ജൂലിയറ്റ്. രണ്ടും നല്ല പിള്ളേരായിരുന്നു. പാവങ്ങൾ. രണ്ടും മരിച്ചുപോയി. അങ്ങനെയതു ദുരന്തനാടകമായി. 

കേരള പൊലീസിനു ഷെയ്ക്സ്പിയർ നാടകങ്ങളിൽ എത്രത്തോളം പിടിപാടുണ്ടെന്ന് അപ്പുക്കുട്ടനറിയില്ല. ഏതായാലും, സ്ത്രീപീഡനങ്ങളും പീഡനസാധ്യതകളും കയ്യോടെ പിടിക്കാൻ കഴിഞ്ഞദിവസം വനിതാ പൊലീസിന്റെ ബുള്ളറ്റ് പട്രോൾ സംഘം ഉണ്ടാക്കിയപ്പോൾ അതിനു നൽകിയ പേര്, പിങ്ക് റോമിയോ.

പിങ്ക് ജൂലിയറ്റ് എന്നല്ലേ പേരിടേണ്ടിയിരുന്നതെന്നു നാടകതൽപരർ ചോദിച്ചേക്കാം. പിങ്ക് പ്രയോഗം സ്ത്രീകളുമായി കൂട്ടിക്കെട്ടുന്നതിനെതിരെ സ്ത്രീകൾ‍തന്നെ രംഗത്തുവന്നുതുടങ്ങിയിരിക്കുന്ന കാലവുമാണ്.

റോമിയോ ആൻഡ് ജൂലിയറ്റല്ലെങ്കിലും വേറെ നാടകം കേരള പൊലീസ് കരുതിവച്ചിട്ടുണ്ട്. 

കർ‍ട്ടനുയരുന്നു.

പൊലീസ്, ചിലപ്പോൾ മഫ്തിയിലാവാം, ഒരു വീടിന്റെ വാതിലിൽ മുട്ടുന്നു. ഒരു സ്ത്രീ വന്നു വാതിൽ തുറക്കുന്നു. പൊലീസ്, ശബ്ദം താഴ്ത്തി, ഡയലോഗ് പറയുന്നു: ഇവിടെ കുഴപ്പമൊന്നുമില്ലെന്നറിയാം. അയൽപക്കത്ത്, ആ കറുത്ത ഗേറ്റുള്ള വീട്ടിൽ, എന്തെങ്കിലും പ്രശ്ന മുണ്ടോ? 

എന്തു പ്രശ്നമാണു സർ? 

സ്ത്രീധനം.

സ്ത്രീധനമോ?

അതെ, സ്ത്രീധനം. അതുമായി ബന്ധപ്പെട്ടതോ ബന്ധപ്പെടാത്തതോ ആയ പീഡനങ്ങൾ മുൻകൂട്ടി കണ്ടു തടയുന്ന പിങ്ക് ജനമൈത്രി പൊലീസാണു ഞങ്ങൾ. ആ വീട്ടിൽ എന്തോ ഒരു പീഡനത്തിന്റെ മണമില്ലേ?

ഇല്ല സർ. അവിടെ പ്രായമായ ഭാര്യയും ഭർത്താവും മാത്രമാണു താമസം.

കർട്ടൻ വീഴുന്നു. 

വീണ്ടും കർട്ടൻ ഉയരുമ്പോൾ അടുത്ത വീടിന്റെ പൂമുഖം. മുട്ടിവിളിച്ചപ്പോൾ കാരണവർ ഇറങ്ങിവന്നു.

എന്താ?

ദാ, അപ്പുറത്തെ വീട്ടിൽ എന്തോ ഒരു പ്രശ്നമില്ലേ? 

എന്തു പ്രശ്നം?

സ്ത്രീധനം? പീഡനം?

ആ വീട്ടിലൊരു ടീച്ചറാ താമസം. കല്യാണം 

കഴിച്ചിട്ടില്ല. 

വീണ്ടും കർട്ടൻ മന്ദം മന്ദം വീഴുന്നു. 

പിങ്ക് ജനമൈത്രി ബീറ്റ് വീടുതോറും സഞ്ചരിക്കുമ്പോൾ പഞ്ചായത്ത് അംഗങ്ങളും അയൽവാസികളുമൊക്കെ സ്വഭാവ നടീനടന്മാരായി ഒപ്പം അഭിനയിക്കും. ഇവരാണു പൊലീസിനു വിവരം നൽകുക. ഈ നാടകത്തോടുകൂടി സ്ത്രീധനം മുതൽ പീഡനം വരെയുള്ള സാമൂഹികതിന്മകളെല്ലാം ആവിയായിപ്പോകും. ഒരു പൊലീസ് സ്റ്റേഷനു കീഴിൽ ഒരു ദിവസം മിനിമം ഇത്ര പീഡനം കണ്ടുപിടിച്ചിരിക്കണമെന്നു ലക്ഷ്യബോധം അടിച്ചേൽപിക്കുമോ എന്നാണു നമ്മുടെ പാവം പൊലീസുകാർക്കു പേടി.  

ചരിത്രത്തിന്റെ പിന്നാമ്പുറത്തൊരു രാജ്ഞിയുണ്ടായിരുന്നത്രെ; കൊതുകിനെ കൊല്ലാൻ സവിശേഷമായൊരു ചെറുപീരങ്കി വികസിപ്പിച്ചെടുത്ത രാജ്ഞി. 

രാജ്ഞി മരിച്ചു; പീരങ്കി നീണാൾ വാഴട്ടെ.

English Summary: Kerala police pink protection

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA