വിവേകിയാകാം, വിനയത്തോടെ

HIGHLIGHTS
  • ത്യാഗത്തിന്റെ കനൽവഴിയിലൂടെയുള്ള യാത്രയുടെ ഓർമയായി ബലിപെരുന്നാൾ
eid
SHARE

ഭക്തിയുടെ നിറവും ത്യാഗത്തിന്റെ സന്ദേശവുമാണു ബലിപെരുന്നാളിന്റെ ആന്തരികസൗന്ദര്യം. ഇബ്രാഹിം പ്രവാചകന്റെയും ഭാര്യ ഹാജറിന്റെയും മകൻ ഇസ്മാഈലിന്റെയും ത്യാഗത്തിന്റെ കനൽവഴിയിലൂടെയുള്ള യാത്രയാണു പെരുന്നാൾദിനത്തിൽ വിശ്വാസികളുടെ മനസ്സിനെ ആവേശഭരിതമാക്കുന്നത്. മുസ്‌ലിം, ക്രിസ്ത്യൻ, ജൂത വിശ്വാസികൾ ആദരിക്കുന്ന പ്രവാചകപിതാവാണ് ഇബ്രാഹിം/ഏബ്രഹാം. വിശ്വാസവഴിയിലെ അർപ്പണബോധവും ത്യാഗസന്നദ്ധതയുമാണ് ഇബ്രാഹിംകുടുംബം ലോകത്തിനു നൽകിയ ഏറ്റവും വലിയ സന്ദേശം. സത്യമാർഗത്തിൽ സഞ്ചരിക്കാനും ദൈവകൽപനകൾ ശിരസാവഹിക്കാനും ഇബ്രാഹിം പ്രവാചകന് അകബലം നൽകിയതു കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു.

മക്കയിലെ മരുഭൂമിയിൽ ഭാര്യയെയും കുഞ്ഞിനെയും പാർപ്പിച്ചു പലസ്തീനിലേക്കു പുറപ്പെടുന്ന ഇബ്രാഹിം പ്രവാചകനോടു പത്നി ഹാജർ ചോദിക്കുന്ന ചോദ്യവും അതിനു നൽകുന്ന മറുപടിയും ശ്രദ്ധേയമാണ്: ‘ദൈവകൽപനയാലാണോ ഈ പുറപ്പാട്?’. ‘അതെ’. ‘എങ്കിൽ അല്ലാഹു ഞങ്ങളെ കൈവിടില്ല’. പ്രതിസന്ധിഘട്ടത്തിൽ ദൈവത്തിൽ മാത്രം ഭരമേൽപിക്കാനുള്ള സന്നദ്ധതയാണു ഹാജറിൽ കാണുന്നത്.

ജലവും ആൾപാർപ്പുമില്ലാത്ത മരുഭൂമിയിൽ ദൈവസഹായത്താൽ ഉറവയുണ്ടാകുന്നു. ജലസാന്നിധ്യം തിരിച്ചറിയുന്ന സംഘങ്ങൾ അവിടെ താമസമാക്കുന്നു. അതു സംസം ഉറവയായി അറിയപ്പെട്ടു. സംസം കിണർ ഇന്നും വിശ്വാസികളുടെ ദാഹമകറ്റുന്നു. ഈ പുണ്യജലം വിശ്വാസിലക്ഷങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൊണ്ടുപോകുന്നു.

ഇബ്രാഹിം പ്രവാചകനും മകൻ ഇസ്മാഈലും ദൈവകൽപനയാൽ അല്ലാഹുവിനെ മാത്രം ആരാധിക്കാൻ ഭൂമിയിലെ ഒന്നാമത്തെ ഭവനം മക്കയിൽ പണിയുന്നു. ആ ഭവനത്തിലേക്കു തീർഥാടനത്തിനായി വിശ്വാസികളെ വിളിക്കാനും ദൈവകൽപന വരുന്നു. ഭൂഖണ്ഡങ്ങൾ കടന്നു വർഷംതോറും വിശ്വാസിലക്ഷങ്ങൾ ഹജ്‌ കർമത്തിനെത്തുന്നു. ഹജ്ജിലെ പ്രധാനകർമം അറഫയിൽ നിൽക്കലാണ്. 

muhammed-madani
എം.മുഹമ്മദ് മദനി

മുഹമ്മദ് നബി ഒരു തവണയാണു ഹജ് നിർവഹിച്ചത്. അറഫയിൽ മുഹമ്മദ് നബി നിർവഹിച്ച വിടവാങ്ങൽ പ്രസംഗം വലിയ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു. ‘ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേൾക്കുക. ഇനി ഒരിക്കൽകൂടി ഇവിടെ കണ്ടുമുട്ടാൻ കഴിയുമോയെന്ന് എനിക്കറിയില്ല’ എന്നു തുടങ്ങുന്ന പ്രഭാഷണം നിത്യപ്രസക്തമാണ് – ‘നിങ്ങളുടെ രക്തവും ധനവും അഭിമാനവും പവിത്രമാണ്; ഈ ദിവസത്തിന്റെയും മാസത്തിന്റെയും നാടിന്റെയും പവിത്രത പോലെ’. വ്യക്തിസ്വാതന്ത്ര്യം, ജീവിക്കാനും സമ്പാദിക്കാനുമുള്ള അവകാശം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അവകാശം, വംശീയതയ്ക്കും കലഹത്തിനും അക്രമങ്ങൾക്കുമെതിരായ മുന്നറിയിപ്പ് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു ആ പ്രസംഗം.  

‘എല്ലാ പലിശ ഇടപാടുകളും ഇന്നുമുതൽ ദുർബലപ്പെടുത്തിയിരിക്കുന്നു. ആദ്യമായി എന്റെ പിതൃസഹോദരൻ അബ്ബാസിനു കിട്ടാനുള്ള പലിശയിതാ ഞാൻ റദ്ദുചെയ്യുന്നു. അജ്ഞാനകാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുർബലപ്പെടുത്തിയിരിക്കുന്നു, അജ്ഞാനകാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു. ജനങ്ങളേ, നിങ്ങൾക്കു സ്ത്രീകളോടു ചില ബാധ്യതകളുണ്ട്‌, അവർക്കു നിങ്ങളോടും. സ്ത്രീകളോടു നിങ്ങൾ ആർദ്രതയോടെ പെരുമാറുക. വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ്. മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആർക്കും ഒന്നും അനുവദനീയമല്ല. നിങ്ങൾ പരസ്പരം കൊല നടത്താതിരിക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾ സത്യനിഷേധികളാകും. ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമിൽനിന്നുള്ളവരാണ്. ആദമോ മണ്ണിൽനിന്നും. അതിനാൽ അറബ്‌വംശജർക്കു മറ്റുള്ളവരെക്കാളോ മറ്റുള്ളവർക്ക് അറബ്‌വംശജരെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല – ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ. അറിയുക, ഈ സന്ദേശം കിട്ടിയവർ അതു കിട്ടാത്തവർക്ക്‌ എത്തിച്ചുകൊടുക്കട്ടെ’ – മുഹമ്മദ്  നബിയുടെ അറഫ പ്രസംഗത്തിന്റെ സംക്ഷിപ്തമാണിത്. 

പരസ്പരം കഴുത്തറുത്തു നശിക്കുന്ന മനുഷ്യർക്ക് എപ്പോഴാണു വിവേകമുണ്ടാകുന്നത്. മനുഷ്യരേ, നിങ്ങളുടെ ദൈവം ഒന്നാണ്, പിതാവും ഒന്നാണ്. മനുഷ്യരെല്ലാം ആദംസന്തതികളാണെന്ന ഓർമപ്പെടുത്തൽ വിഭാഗീയതയുടെ വേരുകൾ പിഴുതെറിയാനാണു പ്രേരിപ്പിക്കുന്നത്. 

വിഭാഗീയതയുടെയും വർഗീയതയുടെയും വേലികൾ തകർത്ത്, ആഘോഷങ്ങൾ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്നു. വിഷമമനുഭവിക്കുന്നവന്റെ കണ്ണീരൊപ്പുമ്പോഴാണ് ആഘോഷങ്ങളിൽ കൂടുതൽ മധുരമുണ്ടാകുന്നത്. സ്വാർഥതയും പകയും ദുരഭിമാനവും മനുഷ്യരെ നശിപ്പിക്കുന്ന മഹാവൈറസുകളാണ്. വിവേകവും വിനയവുമാണു വിശ്വാസികളുടെ അടയാളം. ആദർശപിതാവായ ഇബ്രാഹിം പ്രവാചകന്റെ ഏറ്റവും ശ്രേഷ്ഠമയ സ്വഭാവമായി ഖുർആൻ പഠിപ്പിക്കുന്നതു വിവേകമാണ്. കുടുംബം എന്ന പവിത്രമായ ആശയത്തിനു കരുത്തു പകരുന്നതാകണം ആഘോഷനാളുകൾ. ബലിപെരുന്നാൾ സുദിനത്തിൽ ദൈവത്തെ വാഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുക. സൃഷ്ടികളോടു കൂടുതൽ ആർദ്രതയും അലിവും കാണിക്കുക. 

(കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും കേരള നദ്‌വത്തുൽ മുജാഹിദീൻ ജനറൽ  സെക്രട്ടറിയുമാണ് ലേഖകൻ)

English Summary: Muslims celebrate Eid al-Adha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA