സംസ്ഥാന താൽപര്യം കാത്ത് സുപ്രീം കോടതി

HIGHLIGHTS
  • കരുവന്നൂരിലെ തട്ടിപ്പ് സഹകരണമേഖലയ്ക്കു കളങ്കം
Supreme Court
SHARE

കേരളത്തിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണു സഹകരണമേഖല. കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന ആശങ്ക കേരളവും പങ്കിടുന്ന അവസരത്തിലാണ്, സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിനു കർശനവ്യവസ്ഥകൾ ബാധകമാക്കിയ ഭരണഘടനാ ഭേദഗതി കഴിഞ്ഞദിവസം സുപ്രീം കോടതി ഭാഗികമായി റദ്ദാക്കിയത്. ഈ നിർണായകവിധിയിൽ അധികാരകേന്ദ്രീകരണ ശ്രമത്തോടുള്ള മുന്നറിയിപ്പുകൂടി വായിച്ചെടുക്കാം.

യുപിഎ ഭരണകാലത്ത് 2012 ഫെബ്രുവരിയിലാണ് ഈ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായത്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ കേരളമടക്കം 17 സംസ്ഥാനങ്ങൾ നിയമം പാസാക്കിയിരുന്നു. സഹകരണ സംഘങ്ങൾ സംസ്ഥാന വിഷയമാണെന്നിരിക്കെ, പകുതിയിലേറെ സംസ്ഥാന നിയമസഭകളുടെ അംഗീകാരത്തോടെവേണം ഭേദഗതി പ്രാബല്യത്തിൽവരാനെന്ന ഭരണഘടനാവ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്നാണു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. അതേസമയം, ഒന്നിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള സഹകരണസംഘങ്ങളെ സംബന്ധിച്ച വ്യവസ്ഥകൾ നിലനിർത്തിയിട്ടുമുണ്ട്. 

കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുകയും അമിത് ഷായ്ക്കു ചുമതല നൽകുകയും ചെയ്തു രണ്ടാഴ്ച തികയും മുൻപാണു സുപ്രീം കോടതി വിധിയെന്നതു ശ്രദ്ധേയമാണ്.  മന്ത്രാലയരൂപീകരണം, ബിജെപിക്കു രാഷ്ട്രീയമുന്നേറ്റമില്ലാത്ത സംസ്ഥാനങ്ങളിലെ സഹകരണമേഖലയിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സഹകരണമേഖലയെ കൈപ്പിടിയിലാക്കി രാഷ്ട്രീയവിജയം നേടിയ ബിജെപി അതേ തന്ത്രം രാജ്യമാകെ പ്രയോഗിക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനവും ഉയരുകയുണ്ടായി.

ഇപ്പോൾ സുപ്രീം കോടതി സംസ്ഥാന താൽപര്യം സംരക്ഷിച്ചതിലൂടെ കൈവന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടാതിരിക്കാനുള്ള ശ്രദ്ധ ബന്ധപ്പെട്ടവരിൽനിന്ന് ഉണ്ടാവുകയും വേണം. കേരളം കൈവരിച്ച വികസനത്തിൽ വലിയ പങ്കുള്ള സഹകരണപ്രസ്‌ഥാനത്തിന്റെ വളർച്ചയ്‌ക്കു വിഘാതമാവുന്നതരത്തിൽ അഴിമതിയും സാമ്പത്തികതട്ടിപ്പുകളും ചിലയിടത്തു നടക്കുന്നതുകൂടി നാം കാണേണ്ടതുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ – നിക്ഷേപത്തട്ടിപ്പുകളാണ് ഈ പരമ്പരയിൽ ഒടുവിലത്തേത്. തട്ടിപ്പിന്റെ വ്യാപ്തി 300 കോടിക്കു മുകളിലെന്നാണു പ്രാഥമിക നിഗമനം. ബാങ്കിൽനിന്നു ചെറു തുകകൾ വായ്പയെടുത്ത പലരും ഈടായി സമർപ്പിച്ച ഭൂരേഖകളും പണയപ്പണ്ടങ്ങളും കൈവശപ്പെടുത്തിയാണു വൻതട്ടിപ്പു നടത്തിയത്. 

ചില സിപിഎം നേതാക്കളുടെ മൗനസമ്മതത്തോടെ പാർട്ടി അംഗങ്ങളുടെ പേരിൽ അവരറിയാതെ കരുവന്നൂർ ബാങ്കിൽനിന്നു വൻതുക കടമെടുക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ തട്ടിപ്പു മൂടിവയ്ക്കാൻ ഉന്നതതലശ്രമം നടന്നെന്നാണ് ആരോപണം. പ്രതികളിൽ പലരും സിപിഎം ഭാരവാഹികളോ അംഗങ്ങളോ ആണെന്നത് ഈ ആരോപണം ബലപ്പെടുത്തുന്നു. രാഷ്ട്രീയസ്വാധീനത്തിനു വഴങ്ങാതെ, നീതിയുക്തമായ അന്വേഷണത്തിലൂടെ ഈ വൻതട്ടിപ്പിന്റെ മുഴുവൻ ചുരുളും അഴിക്കേണ്ടതുണ്ട്. 

ഒട്ടുമിക്ക സഹകരണസംഘങ്ങളും നല്ലരീതിയിൽ പ്രവർത്തിച്ചു നന്മയുടെ മാതൃകകളാവുമ്പോൾ ചില സ്‌ഥാപനങ്ങൾ മാത്രം അഴിമതിക്കറ പുരണ്ട പ്രവർത്തനങ്ങളിലൂടെ പ്രസ്‌ഥാനത്തിന്റെ സൽപ്പേരിനു നിഴൽ വീഴ്‌ത്തുന്നതു നിർഭാഗ്യകരംതന്നെ. പ്രവർത്തനമികവിന്റെ മാതൃകകളായവർക്കുകൂടി ചീത്തപ്പേരുണ്ടാക്കുന്ന ഇത്തരം ഇടപാടുകൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവരുടെ നിരന്തരശ്രദ്ധ ആവശ്യമാണ്. അഴിമതിക്കറ പുരണ്ട സ്‌ഥാപനങ്ങളെ തിരിച്ചറിയുകയും സഹകരണപ്രസ്‌ഥാനത്തിന്റെ ശക്‌തി ചോർന്നുപോകാതിരിക്കാൻ നടപടിയെടുക്കുകയും വേണം. ജനകീയതയിലൂന്നിയ ഈ മേഖല നിലനിൽക്കേണ്ടതു കേരളത്തിന്റെയാകെ ആവശ്യമാണ്. സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുതടയാൻ സമഗ്രമായ നിയമനിർമാണം നടത്തുമെന്നും ഓഡിറ്റിങ് കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞിട്ടുണ്ട്. 

സഹകരണപ്രസ്ഥാനത്തിൽ രാഷ്ട്രീയം ഉണ്ടെങ്കിലും അതു നശീകരണ രാഷ്ട്രീയമായിക്കൂടാ. കരുവന്നൂർ ബാങ്കിൽ നടന്നതുപോലെയുള്ള തട്ടിപ്പുകൾ നമ്മുടെ അഭിമാനമായ ഒരു പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കു കാരണമായേക്കുമെന്നു സർക്കാരും ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയകക്ഷികളും തിരിച്ചറിയേണ്ടതുണ്ട്.

English Summary: Cooperative society: SC quashes amendment; Hope 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA