ADVERTISEMENT

മൂന്നു ഫോൺവിളികൾ സിപിഎമ്മിനും എ‍ൽഡിഎഫിനും നൽകുന്ന പാഠങ്ങളും സർക്കാരിനുണ്ടാക്കിയ ആഘാതവും വലുതാണ്. പെഗസസ് ഫോൺ ചോർത്തൽ കേന്ദ്രസർക്കാരിനെതിരെ കൊടുങ്കാറ്റ് ഉയർത്തുമ്പോൾ കേരളത്തിൽ ഫോണിൽ നടത്തിയ മൂന്നു പ്രതികരണങ്ങൾ തുടർഭരണ നേട്ടത്തിലെ കാറ്റുവീഴ്ചയായി.

പരാതിക്കാരിയോടു ചാനൽ പരിപാടിക്കിടെ ‘അനുഭവിച്ചോ’ എന്നു പ്രതികരിച്ച വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈന് 71–ാം വയസ്സിൽ ഏറ്റവും കയ്പുനിറഞ്ഞ അനുഭവപാഠം കിട്ടി. ഓൺലൈൻ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ, ഓൺലൈൻ പഠനസഹായത്തിനു വിദ്യാർഥി വിളിച്ചതു കൊല്ലം എംഎൽഎ മുകേഷിനു പിടിച്ചില്ല. സിനിമാ ശൈലിയിൽ അദ്ദേഹം പ്രതികരിച്ചതു ശബ്ദരേഖയായി പുറത്തുവന്നു. ഏറ്റവും ഒടുവിൽ സ്ത്രീപീഡനപരാതി പറഞ്ഞുതീർക്കണം എന്നതരത്തിൽ സംസ്ഥാന മന്ത്രിസഭാംഗം തന്നെ ആവശ്യപ്പെടുന്നതു കേരളം കേട്ടു. മന്ത്രി എ.കെ.ശശീന്ദ്രനെ ഫോൺശാപം പിന്തുടരുന്നു.

ഈ നേതാക്കളുടെ സംഭാഷണങ്ങൾ ജനം കേൾക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുമ്പോൾ വിഷമത്തിലാകുന്നതു ഭരണമുന്നണിയാണ്. 

കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയിൽ ജോസഫൈൻ സിപിഎം സംഘടനാരംഗത്ത് ഉയർന്നശ്രേണിയിലുള്ള നേതാവു കൂടിയാണ്. മുകേഷ് രണ്ടാംവട്ടമാണ് എംഎൽഎയാകുന്നത്. രണ്ടു പിണറായി മന്ത്രിസഭകളിലും ഇടം പിടിച്ച നാലുപേരിൽ ഒരാളാണു ശശീന്ദ്രൻ. 

കെണികൾ പലവിധം 

ചാനലുകളിൽ പ്രത്യക്ഷപ്പെടുമ്പോഴും ഫോൺ ഉപയോഗിക്കുമ്പോഴും പൊതുപ്രവർത്തകർ പാലിക്കേണ്ട ഉയർന്ന ജാഗ്രതയും പാഠവും ആണ് ഈ സംഭവങ്ങൾ രാഷ്ട്രീയനേതൃത്വത്തിനു നൽകുന്നത്. പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തലയോട് ഒരു വ്യവസായി ഉന്നയിച്ച പരാതി റിക്കോർഡ് ചെയ്തു പുറത്തുവിട്ടത് അദ്ദേഹത്തിനുണ്ടാക്കിയ പ്രയാസം ചെറുതായിരുന്നില്ല. ഫോണിൽ ലഭിക്കാൻ ഏറ്റവും എളുപ്പമുള്ള കേരളത്തിലെ രാഷ്ട്രീയക്കാരിൽ ഒരാളാണു ചെന്നിത്തല. ആരുവിളിച്ചാലും അദ്ദേഹമോ സഹായിയോ എടുക്കും, ഫോൺ കൈമാറും. പരിചയക്കുറവു കണക്കിലെടുക്കാതെ ആരോടും സംസാരിച്ചുവന്ന ചെന്നിത്തല ആ സംഭവത്തോടെ ജാഗ്രതയിലായി. 

ഫോണിൽ ‘സേവ്’ ചെയ്തിട്ടില്ലാത്ത നമ്പറുകളിൽനിന്നു വരുന്ന വിളികൾ കഴിയുന്നതും ഒഴിവാക്കേണ്ട സ്ഥിതിയുണ്ടെന്ന് ഉന്നതനായ ഒരു സിപിഎം നേതാവ് പറഞ്ഞു. കോൺഗ്രസിലെ നേതൃമാറ്റഘട്ടത്തിൽ കെപിസിസി പ്രസിഡന്റായി പരിഗണിച്ചേക്കും എന്ന വാർത്ത വന്നതോടെ മുതിർന്ന നേതാവ് കെ.സി.ജോസഫിന്റെ ഫോണിലേക്കു നിരന്തരം അജ്ഞാതരുടെ ചീത്തവിളിയായി. തന്നെ നീചമായി അധിക്ഷേപിക്കുന്ന ഒരു വോയ്സ് ക്ലിപ് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാഷ്ട്രീയകാര്യസമിതിയിൽ എല്ലാവരെയും കേൾപ്പിക്കുകതന്നെ ചെയ്തു. കോൺഗ്രസിൽ പുനരധിവാസം വൈകിയതിൽ  ഇടഞ്ഞ മുതിർന്നനേതാവ് കെ.വി.തോമസിനും സമാനമായ അനുഭവം അക്കാലത്തു നേരിട്ടു. താനുമായി ബന്ധപ്പെട്ട ചാനൽ, പത്രവാർത്തകൾകൂടി കണക്കിലെടുത്താണു പല രാഷ്ട്രീയ നേതാക്കളും ഇപ്പോൾ ഫോൺ എടുക്കുന്നത്. റിക്കോർഡിങ്, ചോർത്തൽ സാധ്യതകൾ ഭയന്നു വാട്സാപ്പിൽ വിളിച്ചാൽ മതിയെന്നു ശഠിക്കുന്നവരുടെ എണ്ണവും കൂടുന്നു. 

ദിവസം നൂറുകണക്കിനു ഫോൺവിളികൾ തേടിയെത്തുന്ന എംഎൽഎമാർക്ക് ഈ നിയന്ത്രണങ്ങളൊന്നും നിർബന്ധമാക്കാൻ കഴിയില്ല. അങ്ങനെയുള്ള ഓരോ വിളിയും സഹായിയെ ആശ്രയിക്കാതെ നേരിട്ടെടുക്കുന്ന എംഎൽഎമാരിൽ ഒരാളാണു മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ‘‘ രാത്രി 11 കഴിഞ്ഞാൽ വിളി കുറയും. അസമയത്തെ വിളിയും എടുക്കും, എന്റെ ഒരു സംഭാഷണം ശബ്ദരേഖയായി പുറത്തുപോയി ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. പക്ഷേ കോടതിയിൽ ചോദ്യം ചോദിക്കുന്നതു പോലെ ചിലർ സംസാരിച്ചു തുടങ്ങിയാൽ ശ്രദ്ധിക്കണം. ലക്ഷ്യം വേറെയാണ്’’– തിരുവഞ്ചൂർ പറഞ്ഞു

വരുമോ പെരുമാറ്റച്ചട്ടം? 

സിപിഎമ്മിന്റെ മാധ്യമവിഭാഗത്തിന്റെ ചുമതല വഹിച്ചുവന്ന പി.രാജീവിന്റെ നേതൃത്വത്തിൽ ചാനൽ ചർച്ചകളിലെ പെരുമാറ്റം സംബന്ധിച്ചു ചില ജാഗ്രതാനിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ പുതിയ കാലത്തെ ആപത്തെന്ന നിലയിൽ ഗൗരവത്തോടെ ഇക്കാര്യങ്ങളെ  സിപിഎമ്മും ഇതുവരെ സമീപിച്ചിട്ടില്ല.  ജനങ്ങളോടുള്ള പെരുമാറ്റം ഹൃദ്യവും മാന്യവും ആയിരിക്കണമെന്നു തെറ്റുതിരുത്തൽ രേഖയിൽ ഉൾപ്പെടെ സിപിഎം ആവർത്തിച്ച് ഉദ്ബോധിപ്പിക്കാറുണ്ട്. ‘‘ അതു പാലിക്കപ്പെട്ടില്ലെങ്കിൽ പാർട്ടി ക്ഷമിക്കില്ല എന്ന സന്ദേശം കൂടി നൽകാൻ ഇത്തവണ ഞങ്ങൾ തീരുമാനിച്ചു’’–: ജോസഫൈന്റെ രാജി ഉടൻ ചോദിച്ചു വാങ്ങിയതിനെക്കുറിച്ചു മുതിർന്ന പൊളിറ്റ്ബ്യൂറോ അംഗം പറഞ്ഞു

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ  പെരുമാറ്റച്ചട്ടത്തിനു തന്നെ രാഷ്ട്രീയകക്ഷികൾ മുതിരുമായിരിക്കാം. ഇംഗ്ലണ്ടിലെ തെംസ് ടെലിവിഷനു വേണ്ടി മാധ്യമപ്രവർത്തകനായ ജോനാഥൻ ഡിംബിൾബി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി 43 വർഷം മുൻപു നടത്തിയ അഭിമുഖം യു ട്യൂബിലുണ്ട്. അടിയന്തരാവസ്ഥയും സെൻസറിങ്ങും നിർബന്ധിത വന്ധ്യംകരണവും അടക്കമുള്ള അങ്ങേയറ്റം അസുഖകരമായ ചോദ്യങ്ങളോട് ഒരു ചെറുചിരിയോടെ, സംയമനം പാലിച്ച് അന്നു രാജ്യത്തെ ഏറ്റവും ശക്തയായ സ്ത്രീ പ്രതികരിക്കുന്നതു കാണണം. ഇന്നത്തെ പൊതുപ്രവർത്തകർക്ക് ഒന്നാന്തരം ക്ലാസ് ആകുമത്.

English Summary: Phone call controversies in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com