അശ്ലീലവിഡിയോ നിർമാണം: കോവിഡ്കാലത്ത് പച്ചപിടിച്ച ‘വ്യവസായം’;ഒടുവിൽ നീലവല പൊട്ടി

raj-kundra-gehena
രാജ് കുന്ദ്ര, ഗെഹന വസിഷ്ഠ്
SHARE

കോവിഡ്കാലത്ത് പച്ചപിടിച്ച ‘വ്യവസായ’മായി മാറി അശ്ലീലവിഡിയോ നിർമാണം. കാഴ്ചക്കാരേറിയതോടെ സാധ്യത മനസ്സിലാക്കിയാണു നടി ശിൽപ ഷെട്ടിയുടെ ഭർത്താവും  ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് മുൻ സഹഉടമയുമായ രാജ് കുന്ദ്ര കളത്തിലിറങ്ങുന്നത്. അറസ്റ്റിലായ നടി ഗെഹന വസിഷ്ഠിന്റെ മൊഴിയെത്തുടർന്നു തന്റെ സഹായി പിടിയിലായത് ഒടുവിൽ കുന്ദ്രയെയും കുടുക്കി

ഒരു വർഷം മുൻപു നടൻ സുശാന്ത് സിങ്ങിന്റെ മരണവാർത്തയും അതെച്ചൊല്ലിയുള്ള ലഹരിവിവാദങ്ങളുമാണു ബോളിവുഡിൽ നിറഞ്ഞുനിന്നതെങ്കിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അശ്ലീല വിഡിയോ നിർമാണക്കേസിൽ അറസ്റ്റിലായതാണ് ഇപ്പോഴത്തെ ചർച്ച. 

കോവിഡ്കാലത്ത് എല്ലാ മേഖലകളും തളർന്നപ്പോൾ പച്ചപിടിച്ച ‘വ്യവസായ’മാണ് അശ്ലീലവിഡിയോ (പോണോഗ്രഫി) രംഗം. നിയമത്തിന്റെ കണ്ണുവെട്ടിച്ചു പ്രവർത്തിക്കുന്നതിനാൽ ലോക്ഡൗൺ നിയന്ത്രണങ്ങളൊന്നും ബാധകമാകാതെ അശ്ലീലചിത്ര നിർമാണം കൂടുതൽ സജീവമായി. എല്ലാവരും വീട്ടിൽ അടച്ചിരുന്നകാലത്ത് കാഴ്ചക്കാരേറുകയും ചെയ്തു. ഒന്നാം ലോക്ഡൗണിന്റെ ആദ്യ മൂന്ന് ആഴ്ചകളിൽത്തന്നെ ഇന്ത്യയിൽ അശ്ലീല വിഡിയോകൾ കാണുന്നവരുടെ എണ്ണത്തിൽ 20% വർധനയുണ്ടായതായാണു കണക്ക്. പോൺ വെബ്സൈറ്റുകൾപോലെ ബ്ലോക്ക് ചെയ്യപ്പെടില്ലെന്നതിനാൽ അശ്ലീല ആപ്പുകൾക്കും പ്രചാരമേറി. ഈ ‘സാധ്യതകൾ’ തിരിച്ചറിഞ്ഞ് ഒന്നരവർഷം മുൻപാണു ബിസിനസുകാരൻ രാജ് കുന്ദ്ര ഇൗ രംഗത്തെത്തുന്നത്. 

ആപ്പിന്റെ പൊല്ലാപ്പ്

വിഡിയോകൾ, ഫോട്ടോകൾ, ഹോട്ട് ഫോട്ടോ ഷൂട്ടുകൾ എന്നിവയുമായി ഹോട്ഷോട്സ് എന്ന മൊബൈൽ ആപ് അവതരിപ്പിക്കുകയാണു കുന്ദ്ര ആദ്യം െചയ്തത്. ആഗോളതലത്തിൽത്തന്നെ അശ്ലീലചിത്ര പ്രേക്ഷകർക്കിടയിൽ ‘ഇന്ത്യൻ’ എന്ന വിഭാഗത്തിന് ഇടം ലഭിച്ചതു പെട്ടെന്നാണ്. 

ആപ്പിന്റെ വരിസംഖ്യയിലൂടെ ചുരുങ്ങിയകാലംകൊണ്ടു രാജ് കുന്ദ്ര കോടികൾ കൊയ്തെന്നു പൊലീസ് പറയുന്നു.  ബിസിനസ്’ വളരുകയും ആപ് ചർച്ചാവിഷയമാവുകയും ചെയ്തതോടെ പൊലീസിന്റെ പിടിവീഴുമെന്നായി ആശങ്ക. അങ്ങനെയാണ് ഇതു ലണ്ടനിലുള്ള തന്റെ സഹോദരീഭർത്താവ് പ്രദീപ് ബക്ഷിയുടെ കെൻറിൻ എന്ന കമ്പനിക്കു കുന്ദ്ര കൈമാറുന്നത്. 

തുടർന്നും വിഡിയോകൾ മുംബൈയിൽ നിർമിച്ചിരുന്നതു രാജ് കുന്ദ്ര തന്നെയായിരുന്നു. അറസ്റ്റുണ്ടായാൽ വരുമാനം നഷ്ടമാകാതിരിക്കാൻ ബദൽ ആപ്പും സജ്ജമാക്കിയിരുന്നത്രേ! ഗൂഗിൾ പ്ലേ സ്റ്റോറും ആപ് സ്റ്റോറും വിവാദ ആപ് പിന്നീടു നീക്കി. അശ്ലീല ചിത്രങ്ങളുടെ നിർമാണവും പ്രചാരണവും ഇന്ത്യയിൽ നിയമവിരുദ്ധമാണെന്നിരിക്കെ വി ട്രാൻസ്ഫർ വഴി ഓൺലൈനായി ചിത്രങ്ങൾ ലണ്ടനിലേക്കു കൈമാറി അവിടെനിന്നാണ് അപ്‌ലോഡ് ചെയ്തിരുന്നത്.

madh-island-kundra
മുംബൈയിലെ മഡ് ഐലൻഡ്

രഹസ്യചിത്രീകരണം മഡ് ഐലൻഡിൽ

മുംബൈയിലെ അശ്ലീല സിനിമാ ചിത്രീകരണ സംഘത്തിന്റെ ഇഷ്ടയിടമാണ് ഒറ്റപ്പെട്ട പ്രദേശമായ മഡ് ഐലൻഡ്. വടക്കൻ മുംബൈയുടെ ഭാഗമായ ഇവിടേക്കു ബസിലും ഫെറിയിലും എത്താം. കടൽത്തീരവും റിസോർട്ടുകളുമാണു പ്രധാന ആകർഷണം. ഒട്ടേറെ സിനിമകളും സീരിയലുകളും ചിത്രീകരിച്ചിരുന്ന ഇവിടം വെബ് സീരിസ് സംഘങ്ങളുടെ പ്രിയകേന്ദ്രമാണിപ്പോൾ. അതിന്റെ മറവിലാണ് അശ്ലീല ചിത്രീകരണം കൊഴുത്തത്. റിസോർട്ട് വാടകയ്ക്കെടുത്ത് നാലോ അഞ്ചോ പേർ ഉൾപ്പെടുന്ന സംഘങ്ങളെത്തുകയാണു രീതിയെന്നു പൊലീസ് പറയുന്നു. നിർമാണവും ചിത്രീകരണവും മാർക്കറ്റിങ്ങുമെല്ലാം ഇവർ തന്നെ.

നടികളെ സംഘടിപ്പിച്ചത് വെബ് സീരീസിന്റെ മറവിൽ

സിനിമയിലും ടെലിവിഷൻ രംഗത്തും അവസരംതേടി രാജ്യത്തിന്റെ പല മേഖലകളിൽ നിന്നും മുംബൈയിലെത്തുന്ന യുവതികൾക്കിടയിലാണു സംഘം വലവിരിച്ചത്. വെബ് സീരീസുകളിൽ അവസരം വാഗ്ദാനം ചെയ്താണ് ഇവരെ സമീപിച്ചിരുന്നത്. അശ്ലീലവിഡിയോ ആണെന്നറിയുമ്പോൾ പിന്മാറുന്നവരെ ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കും. 25,000 രൂപയാണു വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം. 

ഒന്നോ രണ്ടോ ലക്ഷം മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രങ്ങൾ ആപ്പുകളിൽ ഇടംപിടിക്കുമ്പോൾ വരിസംഖ്യാവരുമാനമായി പ്രതിദിനം ലക്ഷങ്ങളാണു നിർമാതാക്കളുടെ പോക്കറ്റിൽ എത്തുന്നതെന്ന് അന്വേഷണസംഘം പറയുന്നു. സമൂഹമാധ്യമങ്ങളിലാണ് ആപ്പുകളെക്കുറിച്ചുള്ള പരസ്യം  നൽകിയിരുന്നത്. 

നടിയുടെ അറസ്റ്റിൽനിന്ന് കുന്ദ്രയിലേക്ക്

രഹസ്യവിവരത്തെത്തുടർന്നു ഫെബ്രുവരി ആദ്യം മഡ് ഐലൻഡിൽ പൊലീസ് നടത്തിയ പരിശോധനയാണു കേസിൽ വഴിത്തിരിവായത്. ആദ്യഘട്ടത്തിൽ അശ്ലീല വിഡിയോ ചിത്രീകരണത്തിന് 5 പേരെ അറസ്റ്റ് ചെയ്തു. പിന്നീട്, ഗെഹന വസിഷ്ഠ് എന്ന നടിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ, ഇൗ ഘട്ടത്തിലൊന്നും രാജ് കുന്ദ്രയിലേക്കു കേസ് എത്തുമെന്ന് ആരും കരുതിയില്ല. 

ഗെഹനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമേഷ് കാമത്ത് എന്നയാൾ പിടിയിലായതോടെയാണു കുന്ദ്രയിലേക്ക് അന്വേഷണം എത്തിയത്. രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ ഉമേഷ്, യുകെ ആസ്ഥാനമായ കെൻറിൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ ചുമതലയാണു വഹിച്ചിരുന്നത്. ഇയാളും രാജ് കുന്ദ്രയും ചേർന്നാണ് അശ്ലീല ബിസിനസ് നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. അഭിനയരംഗത്ത് ഉയർച്ച തേടിയെത്തിയ മൂന്നു യുവതികളാണ് ഇൗ സംഘത്തിനെതിരെ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. അശ്ലീലചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നാണ് ആരോപണം.

Gehana-Vasisth-3
ഗെഹന വസിഷ്ഠ്

പ്രതിദിനം 8 ലക്ഷം രൂപ വരെ വരുമാനം

കുന്ദ്രയും സഹോദരീഭർത്താവ് പ്രദീപ് ബക്ഷിയും തമ്മിലുള്ള വാട്സാപ് ചാറ്റുകളടക്കം ഒട്ടേറെ െതളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിഡിയോകളും കരാർ രേഖകളും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും കുന്ദ്രയുടെ ഓഫിസിലും വസതിയിലും നടത്തിയ പരിശോധനയിൽ കണ്ടെത്തി. 

തുടക്കത്തിൽ പ്രതിദിനം 2-3 ലക്ഷം രൂപ അശ്ലീല ആപ്പിൽ നിന്നു ലഭിച്ചിരുന്നത് പിന്നീട്  6-8 ലക്ഷമായി ഉയർന്നത്രേ! സംഘവുമായി ബന്ധപ്പെട്ട വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 7.5 കോടി രൂപ പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്. 

മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമേ പുറത്തുവന്നിട്ടുള്ളൂവെന്നു പൊലീസ് വ്യക്തമാക്കുന്നു. ലണ്ടനിൽ ജനിച്ചുവളർന്ന കുന്ദ്ര നേപ്പാളിൽ നിന്നുള്ള ആഡംബര ഷാൾ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്താണു ബിസിനസ് രംഗത്തു ചുവടുറപ്പിക്കുന്നത്. പിന്നീട്, കെട്ടിടനിർമാണം, ഖനനം, സിനിമ ഫിനാൻസിങ്, സിനിമ നിർമാണം, സ്പോർട്സ്, റസ്റ്ററന്റ് എന്നിവയടക്കം ഒട്ടേറെ മേഖലകളിൽ സജീവമായി. മുൻപു രാജസ്ഥാൻ റോയൽസ് ഐപിഎൽ ടീമിന്റെ ഉടമകളിൽ ഒരാളായിരുന്നു. പിന്നീട് ഒത്തുകളി വിവാദത്തിൽ വിലക്കു നേരിട്ടു. കുന്ദ്രയുടെ വളർച്ചയ്ക്കു പിന്നിൽ അധോലോകമടക്കം മറ്റേതെങ്കിലും ശക്തികളുണ്ടോ എന്ന ദിശയിലേക്കും അന്വേഷണം നീളുമെന്നാണു സൂചന.

English Summary: Porn business of Raj Kundra and Gehana Vasisth 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA