ADVERTISEMENT

ട്രാൻസ് വ്യക്തികൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനോ അതിനു പരിഹാരം കണ്ടെത്താനോ ഉള്ള ശ്രമങ്ങൾ സമൂഹത്തിന്റെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അവഗണനയ്ക്കും നീതിനിഷേധത്തിനും എതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന അനന്യയുടെ മരണം ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നു. സഹതാപമല്ല, അംഗീകരിക്കലാണ് ഞങ്ങൾക്കു വേണ്ടത്

ജീവിതത്തിൽ സാമൂഹികവും മാനസികവും ശാരീരികവുമായ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണു ട്രാൻസ് വ്യക്തികൾ കടന്നുപോകുന്നത്. അവർ നേരിടുന്ന സ്വത്വപരമായ പ്രതിസന്ധിയെ ഒരിക്കലും പൊതുസമൂഹം തിരിച്ചറിയാറില്ല; മനസ്സിലാക്കാൻ ശ്രമിക്കാറില്ല. 

ബാല്യകാലത്തു വീടുകളിൽ തുടങ്ങി സമൂഹത്തിൽ എല്ലായിടത്തും അനുഭവിക്കുന്ന അവഗണന, അതു സൃഷ്ടിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ എല്ലാം ഏറെ വലുതാണ്. കുടുംബം, വിദ്യാഭ്യാസം, മതം, ആരോഗ്യം, തൊഴിൽ, സർക്കാർ, നീതിന്യായ വ്യവസ്ഥ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലും അവർ അവഗണിക്കപ്പെടുന്നു. അതൊന്നും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ നമ്മുടെ സമൂഹം ഇപ്പോഴും വികസിച്ചിട്ടില്ല. 

ബാല്യകാലത്തു തങ്ങളുടെ പ്രശ്നം തിരിച്ചറിയാൻ ട്രാൻസ് വ്യക്തികൾക്കു കഴിയാറില്ല. വർഷങ്ങൾ കഴിഞ്ഞു തിരിച്ചറിയുമ്പോഴേക്കും അവരുടെ കഴിവുകളെല്ലാം നഷ്ടമായിരിക്കും. ലിംഗമാറ്റ ശസ്ത്രക്രിയ എന്ന ഘട്ടത്തിലേക്ക് എത്തുന്നതുവരെ നേരിടുന്ന മാനസികവും ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങൾ ഭീകരം.

ഒരു ട്രാൻസ് വ്യക്തി നേരിടുന്ന പ്രശ്നങ്ങൾ നമ്മുടെ ആരോഗ്യ സംവിധാനങ്ങളും ശരിയായ വിധത്തിൽ തിരിച്ചറിഞ്ഞിട്ടില്ലെന്നതാണു ദൗർഭാഗ്യം. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ അവർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. സ്വകാര്യ ആശുപത്രികൾ ഇതിൽ സാമ്പത്തികലാഭം മാത്രമാണു കാണുന്നത്. അവിടെയും അവർ അവഗണിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം മരിച്ച അനന്യ ഈ അവഗണനയ്ക്കും നീതിനിഷേധത്തിനുമെതിരെ പൊരുതുകയായിരുന്നു.

seethal
ശീതൾ ശ്യാം

ലിംഗമാറ്റ ശസ്ത്രക്രിയ, ഹോർമോൺ ചികിത്സ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ഏജൻസികൾ മാർഗനിർദേശങ്ങൾ തയാറാക്കിയിട്ടുണ്ട്. എന്നാൽ അതൊന്നും എവിടെയും പാലിക്കുന്നില്ല. ഓരോ ട്രാൻസ് വ്യക്തിയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണം സ്വന്തം നിലയിൽ കണ്ടെത്തുകയാണ്. ശസ്ത്രക്രിയയ്ക്കുശേഷം 45 ദിവസത്തോളം വിശ്രമം വേണം. താമസം, ഭക്ഷണം എന്നിവയെല്ലാം വേണം. ഇതിന് അവരെ സഹായിക്കാൻ ആരാണുള്ളത്?

ട്രാൻസ് വ്യക്തികളെ സമൂഹം എപ്പോഴും സംശയത്തോടെയാണു കാണുന്നത്. ജൂഡീഷ്യറി, പൊലീസ്, ആരോഗ്യസംവിധാനങ്ങൾ... എല്ലാം ഇക്കാര്യത്തിൽ ഒരു പോലെ. എവിടെയെങ്കിലും സഹായമഭ്യർഥിച്ചു ചെല്ലാൻ അവർക്കു കഴിയില്ല. ചെന്നാൽത്തന്നെ ഫലമുണ്ടാകുമോ? സഹതാപത്തോടെ നോക്കുന്നവരുണ്ടാകും. എന്നാൽ, അവരുടെ അവകാശത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ?

ട്രാൻസ് വ്യക്തികളുടെ അവകാശത്തെക്കുറിച്ചു ബോധ്യമില്ലാത്ത ഭരണകൂടമാണ് ഇവിടെയുള്ളത്. ഞങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്നു കേൾക്കാനുള്ള മാനസികാവസ്ഥ പോലും പലർക്കുമില്ല. സാധാരണക്കാരുടെ പ്രശ്നങ്ങളോടുപോലും നമ്മുടെ സംവിധാനങ്ങൾ എത്ര മോശമായ രീതിയിലാണു പെരുമാറുന്നത്. അപ്പോൾ ട്രാൻസ് വ്യക്തികളുടെ കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ.

വിദ്യാഭ്യാസം, തൊഴിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലും വെല്ലുവിളികളേറെ. ബജറ്റിൽ അവർക്കുവേണ്ടി എത്ര തുക വകയിരുത്തുന്നു, അത് എങ്ങനെയെല്ലാം വിനിയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ട്രാൻസ്ജെൻഡർ സമൂഹത്തിൽ ഒന്നല്ല, ഒട്ടേറെ മരണങ്ങൾ ഉണ്ടായിട്ടുണ്ട്. അവർക്കൊന്നും നീതി ലഭിച്ചിട്ടില്ല. സംസ്ഥാനത്തു ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് ഉണ്ടെങ്കിലും ശക്തമായ രീതിയിൽ തീരുമാനങ്ങളെടുക്കാൻ കഴിയുന്നതല്ല. അധികാരം വിനിയോഗിക്കാൻ കഴിയുന്ന തരത്തിൽ ശക്തമായ സംവിധാനമാകണം. ഈ സമൂഹം നേരിടുന്ന നീതിനിഷേധം ചോദ്യം ചെയ്യാൻ കഴിയുന്ന ശക്തമായ സമിതി വേണം.

ഭിക്ഷയാചിക്കാനും ലൈംഗികവൃത്തിയിൽ ഏർപ്പെടാനും ട്രാൻസ് വിഭാഗത്തെ പ്രേരിപ്പിക്കുന്നതു സമൂഹം തന്നെയാണ്. ഞങ്ങൾക്കെന്തോ പ്രശ്നമുണ്ടെന്നാണു ധാരണ. യഥാർഥത്തിൽ പ്രശ്നം സമൂഹത്തിനാണ്. കൗൺസലിങ് നൽകേണ്ടതും അതേ സമൂഹത്തിനു തന്നെ.

(സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗമാണ് ശീതൾ)

English Summary: Transgender Ananya Kumari Alex death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com