ADVERTISEMENT

എന്താണ് കരുവന്നൂർ സഹകരണ ബാങ്കിന്റെ ഭാവി? നിക്ഷേപകർക്കു പണം തിരികെ ലഭിക്കുമോ? വായ്പ എടുക്കാതിരുന്നിട്ടും ജപ്തി നോട്ടിസ് ലഭിച്ചവരുടെ കാര്യം എന്താകും? ബാങ്കിനെ രക്ഷിക്കാൻ കേരള ബാങ്ക അവതരിക്കുമോ? ആശങ്ക ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാ...

കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയുടെ കണക്കു പടിപടിയായി 300 കോടി രൂപയിലേക്കു കയറിയപ്പോൾ ഹൃദയംപൊട്ടി നിൽക്കുകയാണു നിക്ഷേപകർ. ജീവിതകാലമത്രയും കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ പണം തിരികെ ലഭിക്കുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നല്ലാതെ പൂർണമായി തിരിച്ചുകൊടുക്കുമോ എന്നു സർക്കാർ ഇപ്പോഴും പറയുന്നില്ല എന്നതാണു വാസ്തവം. മുതലും പലിശയും പൂർണമായും ഇൻഷുർ ചെയ്തിട്ടില്ല എന്നതാണു പ്രധാന കാരണം. അത്തരമൊരു സംവിധാനം സംസ്ഥാനത്തു നിലവിലില്ല.

ബാങ്കിന്റെ നഷ്ടം ശതകോടികളിലേക്കു കടക്കുമെങ്കിലും നിക്ഷേപകരുടെ മുതൽ 100 കോടിയിൽ താഴെയേ ഉണ്ടാകൂ. തട്ടിപ്പുകാരുടെ സ്വത്തു പിടിച്ചെടുത്തതുകൊണ്ടൊന്നും ഇത്രയും തുക ഈടാക്കാനാകില്ല. കാരണം, പലരും സ്വന്തം പേരിൽ അധികം സ്വത്തൊന്നും കൈവശം വച്ചിട്ടില്ല. മാത്രമല്ല, ഒട്ടേറെ വായ്പകൾക്കായി സമർപ്പിച്ചതു വ്യാജരേഖകളും. കുറ്റക്കാരെ ശിക്ഷിക്കണമെങ്കിലും ബാങ്കിനെ രക്ഷിക്കണമെങ്കിലും ഇനി സർക്കാർ ഇടപെടണം.

കേരള ബാങ്ക് ഏറ്റെടുക്കുമോ ?

നിലവിലുള്ള നിയമമനുസരിച്ച് ഏറ്റെടുക്കൽ പ്രായോഗികമല്ല. കാരണം, കേരള ബാങ്കിനു പ്രാഥമിക സഹകരണ സംഘങ്ങളെ ഏറ്റെടുക്കാനാകില്ല. ബാങ്ക് തീരുമാനിച്ചാലും ഏറ്റെടുക്കൽ റിസർവ് ബാങ്ക് അംഗീകരിക്കുന്നില്ല. സഹകരണ സ്ഥാപനങ്ങൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ വരുന്നവയല്ല. നിക്ഷേപം സ്വീകരിക്കുന്നതിനും പലിശ നിശ്ചയിക്കുന്നതിനും മാത്രമാണു റിസർവ് ബാങ്ക് നിർദേശമുള്ളത്.

കേരള ബാങ്കിൽ കരുവന്നൂർ ബാങ്കിനു നിലവിൽ 42 കോടി രൂപയുടെ കടമുണ്ട്. ബാങ്കിനെ ഏറ്റെടുക്കേണ്ടി വന്നാൽ വായ്പബാധ്യതകളടക്കം കേരള ബാങ്കിന്റെ ചുമലിലാകും. സമാന ചുറ്റുപാടിലുള്ള മറ്റു പ്രാഥമിക സഹകരണ സംഘങ്ങളുടെയും ‘രക്ഷാപ്രവർത്തനം’ കേരള ബാങ്ക് ഭാവിയിൽ ഏറ്റെടുക്കേണ്ടിവരും.

രക്ഷാമാർഗങ്ങൾ എന്തെല്ലാം?

∙ കരുവന്നൂർ ബാങ്കിന് ആവശ്യമായ തുകയുടെ ഒരു ഭാഗം കേരള ബാങ്കിൽനിന്നു വായ്പയെടുക്കുക. തുടർന്നു ബാങ്കിന്റെ സാമ്പത്തിക നിയന്ത്രണം കേരള ബാങ്കിനു കൈമാറുക. തിരുവനന്തപുരം, കാസർകോട്, മാവേലിക്കര, പട്ടണക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ ചില സംഘങ്ങൾക്കു കേരള ബാങ്ക് പണം നൽകി സാമ്പത്തികനിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ഇതെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളുടെ സ്ഥാപനങ്ങളാണ് എന്നതു യാദൃച്ഛികമാകാം.

∙ ഇത്തരം കടമെടുപ്പു നടത്തിയാൽ കരുവന്നൂർ ബാങ്കിൽ കേരള ബാങ്കിന്റെ ഉദ്യോഗസ്ഥനെ നിയമിക്കണം. അദ്ദേഹത്തിന്റെ ശമ്പളം കരുവന്നൂർ ബാങ്ക് നൽകണം. വായ്പയ്ക്കു റിസർവ് ബാങ്ക് പറയുന്ന പലിശയും കൊടുക്കണം.

∙ കേരള കോ ഓപ്പറേറ്റീവ് ഡവലപ്മെന്റ് ബോർഡിൽനിന്നു കടമെടുക്കാം. സാമ്പത്തികകുരുക്കിൽപെടുന്ന സ്ഥാപനങ്ങളെ രക്ഷിക്കാനുള്ള സംവിധാനം കൂടിയാണിത്.

∙ ഡിപ്പോസിറ്റ് ഗാരന്റി സ്കീമിൽ കരുവന്നൂർ ബാ‌ങ്കും അംഗമാണ്. ഒരു നിക്ഷേപകന് ഒന്നരലക്ഷം രൂപവരെ നൽകാൻ ഈ സംവിധാനത്തിനു കഴിയും. ഒന്നിലേറെ അക്കൗണ്ടുകളും കൂടുതൽ നിക്ഷേപവും ഉണ്ടെന്നുവച്ചാലും ഒന്നരലക്ഷം രൂപയിലധികം നൽകില്ല. ഇതിനായി ബാങ്ക് ലാഭവിഹിതം സ്കീമിലേക്കു നൽകിയിരിക്കണം. കൃത്യമായ ഓഡിറ്റും മറ്റും ഉണ്ടായിരിക്കണം. കരുവന്നൂർ ബാങ്കിൽ ഇതൊന്നും ഇല്ല. ബോർഡിന്റെയും ഗാരന്റി സ്കീമിന്റെയും ചുമതല സഹകരണമന്ത്രിക്കാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തുക നൽകാൻ സർക്കാരിനു കഴിയും.

∙ ബാങ്കിന്റെ ചെലവ് അടിയന്തരമായി കുറയ്ക്കാൻ ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളിൽ കുറവുവരുത്തി, ബാങ്ക് ലാഭത്തിലാകുന്നതോടെ തിരിച്ചു നൽകാനുള്ള ധാരണയുണ്ടാക്കുക.

∙ നിക്ഷേപം കൂട്ടത്തോടെ പിൻവലിക്കുന്നതു തടയാനായി നി‌ക്ഷേപകരുടെ മുതൽമാത്രം തിരിച്ചുകൊടുക്കാനുള്ള ധാരണയുണ്ടാക്കുക. മുതൽ ലഭിക്കുമെന്ന ഉറപ്പുണ്ടായാൽത്തന്നെ പിൻവലിക്കുന്നതു കുറയും. ഇതിലൂടെ പലിശയിനത്തിൽ വലിയൊരു തുക ലാഭിക്കാനാകും.

സമ്പാദ്യം കാക്കാൻ മാർഗമെന്ത്? ആശങ്കയോടെ മുൻസൈനികൻ

കരസേനയിൽ ജോലിചെയ്യുന്ന കാലത്ത് ഗറില സൈനികനും പൊലീസിൽനിന്നു വിരമിക്കുന്നകാലത്ത് എസ്ഐയുമായിരുന്നു ജോൺസൺ. രാജ്യത്തെയും ജനങ്ങളെയും കാക്കാൻ 38 കൊല്ലം ചെലവഴിച്ച ജോൺസണു തന്റെ സമ്പാദ്യം കാക്കാൻ എന്തുചെയ്യണമെന്ന കാര്യത്തിൽ ആശങ്കയാണ്. കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച സമ്പാദ്യത്തെച്ചൊല്ലി തീ തിന്നുന്ന അനേകരുടെ കൂട്ടത്തിലാണു മാപ്രാണം എടത്തിരുത്തി സ്വദേശി ജോൺസണും. 2 പെൺമക്കളുടെ വിവാഹശേഷം ബാക്കിയായതും കുറ‍ിയിലൂടെ സ്വരൂപിച്ചതുമായ 3 ലക്ഷം രൂപ ബാങ്കിലുണ്ട്. ഈ തുക നഷ്ടപ്പെടുമോ എന്നാണു പേടി.

johnson-karuvannur
ജോൺസൺ

20 വർഷത്തെ സൈനിക സേവനത്തിൽ 18 വർഷവും കരസേനാധിപന്റെ സുരക്ഷാചുമതലയുള്ള ഗറില വിഭാഗത്തിലായിരുന്നു ജോൺസൺ. വിരമിക്കലിനു ശേഷം പൊലീസിൽ കോൺസ്റ്റബിൾ ആയി ചേർന്നു. 18 വർഷത്തിനുശേഷം വിരമിച്ചത് എസ്ഐയായി. ഇതിനിടെ കാലുകൾക്കു സ്വാധീനം നഷ്ടപ്പെടുന്ന രോഗം ബാധിച്ച് ഒരുവർഷംമുൻപു കിടപ്പിലായി. ഊന്നുവടി ഉപയോഗിച്ചു നടന്നു തുടങ്ങിയെങ്കിലും ചികിത്സ തുടരുന്നു. എഴുത്തുകാരൻ കൂടിയായ ജോൺസന്റെ പല കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കരുതലില്ലാത്ത ബാങ്ക്

ആകെ നിക്ഷേപത്തിന്റെ 20% തുക കരുതൽ നിക്ഷേപമായി സൂക്ഷിക്കണമെന്നാണു വ്യവസ്ഥ. ബാക്കിതുക മാത്രമേ വായ്പ നൽകാവൂ. കരുവന്നൂർ ബാങ്കിൽ അവസാന ഓഡിറ്റ് കണക്കുപ്രകാരം 506 കോടി രൂപയുടെ നിക്ഷേപമുണ്ട്. അതിനാൽ 101.20 കോടി രൂപ കരുതൽനിക്ഷേപമായി കാണണം. എന്നാൽ, അന്വേഷണസംഘത്തിനു കണ്ടെത്താനായത് വെറും 2 കോടി രൂപ മാത്രം. ബാക്കി തുകയത്രയും മാനദണ്ഡങ്ങൾ ലംഘിച്ചു വായ്പയായി നൽകിയെന്നാണു സൂചന. സ്വർണപ്പണയം ഒഴികെ ബാങ്കിന്റെ വായ്പബാധ്യത നിലവിൽ 68% ആണ്. ബെനാമി വായ്പകളിലൂടെ ആസ്തി ശോഷണവും സംഭവിച്ചു.

റിക്കവറികൊണ്ടും രക്ഷപ്പെടില്ല

ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളുടെയും വായ്പക്കുടിശ‍ികയുള്ളവരുടെയും സ്വത്തുവകകൾ ജപ്തി ചെയ്താലും ബാങ്കിനെ രക്ഷപ്പെടുത്തുക എളുപ്പമല്ലെന്നു സഹകരണ വകുപ്പിനു ബോധ്യമായി. ഇതിനു 3 കാരണങ്ങളുണ്ട്:

1. ജപ്തി ചെയ്യേണ്ടവരെ അറിയില്ല: ബാങ്ക് പാസാക്കി നൽകിയ 379 വായ്പകളിൽ 100 പേർക്കു ശരിയായ പേരോ വിലാസമോ ഇല്ല. 246 പേർക്കു ശരിയായ ഈടില്ലാതെയാണു വായ്പ നൽകിയത്. ബാക്കിയുള്ളവ പ്രതികളുടെ ബെനാമികളും. ഇത്തരം കേസുകളിൽ എങ്ങനെ, ആർക്കെതിരെ ജപ്തി നടപടി സ്വീകരിക്കും? 379 വായ്പയിൽ 329 വായ്പയും 50 ലക്ഷം വീതം ഉള്ളവയാണ്.

karuvannur-bank-272
ബാങ്കില്‍നിന്നു നിക്ഷേപം പിൻവലിക്കാനെത്തിയ വയോധിക പൊലീസ് ഉദ്യോഗസ്ഥരോടു സങ്കടം പങ്കുവയ്ക്കുന്നു.

2. പ്രതികളുടെ പേരിൽ സ്വത്തില്ല: 300 കോടി തട്ടിച്ച കേസിൽ പ്രതിചേർക്കപ്പെട്ടവർ ആരും സ്വന്തം പേരിൽ നിക്ഷേപം നടത്തിയിട്ടില്ലെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. 6 പ്രതികൾക്കുമെതിരെ റവന്യു റിക്കവറി നടപടിയെടുത്താലും 50 കോടി കവിയില്ലെന്നാണു സൂചന.

3. ഈടുവസ്തുവിനു മൂല്യമില്ല: മാനദണ്ഡങ്ങൾ പാലിച്ചു നൽകിയ വായ്പകളിൽ കുടിശികയുള്ളവയ്ക്കെതിരെ ജപ്തി നടപടി സ്വീകരിക്കാമെന്നു വച്ചാലും രക്ഷയില്ല. 2010നും 2016നും ഇടയിൽ വായ്പയെടുത്തവയാണ് ഇതിലേറെയും. റിയൽ എസ്റ്റേറ്റ് മേഖല നല്ലനിലയിലായിരുന്ന അക്കാലത്ത് ഈടിനു മൂല്യമായി രേഖപ്പെടുത്തിയതിന്റെ 50% വില പോലും ഇപ്പോഴില്ലെന്നാണ് ഏകദേശ നിഗമനം. ജപ്തി ചെയ്താലും ബാങ്കിനു വായ്പത്തുകയുടെ മുതൽപോലും ലഭിക്കില്ല.

നാളെ: മാറേണ്ട സംവിധാനങ്ങൾ, മാറ്റം വരുത്തേണ്ട സമീപനങ്ങൾ

തയാറാക്കിയത്: ഉണ്ണി കെ.വാരിയർ, എസ്.പി.ശരത്

Content Highlights: Karuvannur Bank Scam, Kerala Bank, CO-Operative Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com