ADVERTISEMENT

കോവിഡിന്റെ കാര്യത്തിൽ കേരളത്തിലെ പകുതിയിലേറെപ്പേരും ഇപ്പോഴും വൈറസ്ബാധയേൽക്കാത്തവരാണ്. ഐസിഎംആറിന്റെ പുതിയ സിറോ സർവേ പ്രകാരം കേരളത്തിലെ 44.4% പേർക്കു മാത്രമാണു വൈറസിനെതിരെയുള്ള ആന്റിബോഡിയുള്ളത്. അതായതു കൊറോണ വൈറസ് പിടികൂടാൻ സാധ്യതയുള്ള ഒട്ടേറെപ്പേർ സംസ്ഥാനത്ത് ഇപ്പോഴും ബാക്കി. ഇപ്പോഴത്തെ ഈ സാഹചര്യം ഒരു മാസം കൂടിയെങ്കിലും തുടരാനാണു സാധ്യത.

ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള നല്ല മാർഗം എത്രയും വേഗം ഭൂരിഭാഗം പേർക്കും കോവിഡ് വാക്സീൻ നൽകുകയെന്നതാണ്. ഓണത്തിനുമുൻപു കേരളത്തിലെ 30% പേർക്കെങ്കിലും 2 ഡോസ് വാക്സീനും നൽകാൻ കഴിയണം. നിലവിൽ സംസ്ഥാനത്തു 2 ഡോസ് വാക്സീൻ കിട്ടിയിട്ടുള്ളത് 16% പേർക്കു മാത്രമാണ്. കേന്ദ്ര സർക്കാർ കൂടുതൽ വാക്സീൻ സംസ്ഥാനത്തിനു ലഭ്യമാക്കുകയും രണ്ടാം ഡോസ് കാത്തിരിക്കുന്ന പരമാവധിപ്പേർക്കു നൽകുകയും ചെയ്താൽ ഈ സാഹചര്യത്തെ മറികടക്കാൻ കഴിയും.

കോവിഡ് രണ്ടാം തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. മൂന്നാം തരംഗം ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനുമാകില്ല. മൂന്നു കാര്യങ്ങൾ ഇവിടെ ശ്രദ്ധിക്കണം. 1. ഇതിനകം എത്രപേർ വൈറസ് ബാധിതരായി? 2. എത്രപേർക്കു വാക്സീൻ ലഭിച്ചു? 3. ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ അപകടകരമായ പുതിയ വകഭേദങ്ങൾ വരുമോ?

വൈറസ് ബാധിതരാകാത്തതോ വാക്സീൻ പരിരക്ഷയില്ലാത്തതോ ആയ വലിയൊരു വിഭാഗം ജനങ്ങൾ ഇവിടെയുണ്ടെങ്കിൽ, അപകടകരമായ പുതിയൊരു വകഭേദം വരികയാണെങ്കിൽ ഇനിയുമൊരു തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

പ്രതിരോധത്തിൽ കേരളം മുന്നിൽ

രാജ്യത്ത് ആദ്യമായി കേരളത്തിലാണു കൊറോണ വൈറസ്ബാധ റിപ്പോർട്ട് ചെയ്തത്– കഴിഞ്ഞ വർഷം ജനുവരി 30ന്. ഐസിഎംആറിന്റെ ആദ്യത്തെ സിറോ സർവേപ്രകാരം കഴിഞ്ഞവർഷം മേയ് മൂന്നിനുള്ളിൽതന്നെ രാജ്യത്തെ 64 ലക്ഷം ജനങ്ങൾ വൈറസ് ബാധിതരായിട്ടുണ്ടാകണം. ആ കണക്കുവച്ചു നോക്കിയാൽ അതേ മാർച്ച് എട്ടിനുള്ളിൽ 4 ലക്ഷം പേർക്കെങ്കിലും വൈറസ്ബാധ ഉണ്ടാകണം. എന്നാൽ രാജ്യത്തു കണ്ടെത്തിയതു 40 പേരെ മാത്രമാണ്. വിദേശത്തുനിന്ന് എത്തിയ വൈറസ് ബാധിതരെ കണ്ടെത്താൻ മറ്റു പല സംസ്ഥാനങ്ങൾക്കും കഴിയാതെ പോയെന്നു കരുതണം.

പരിശോധനയുടെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ്. ലക്ഷത്തിൽ 76,000 പേരിൽ കേരളത്തിൽ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. തമിഴ്നാട് (48,500), കർണാടക (57,900), ആന്ധ്രപ്രദേശ് (46,500), ഗുജറാത്ത് (37,100), മഹാരാഷ്ട്ര (38,500) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ പരിശോധനയുടെ തോത്. (അവലംബം: www.covid19india.org)

jacob
ഡോ.ടി.ജേക്കബ് ജോൺ

ദേശീയ ശരാശരിയെക്കാൾ ഏറെ കുറവാണു കേരളത്തിലെ മരണനിരക്കും– 0.5%. ദേശീയ ശരാശരി 1.33 ശതമാനമാണ്. മഹാരാഷ്ട്ര– 2%, ഗുജറാത്ത്– 1.2%. തമിഴ്നാട്– 1.33%, കർണാടക– 1.25% എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്. കണക്കിൽപെടാതെപോയ മരണങ്ങളുടെ കാര്യത്തിലും മറ്റു സംസ്ഥാനങ്ങൾ കേരളത്തിനു മുന്നിലാണ്. മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യവുമായി കേരളത്തെ താരതമ്യം ചെയ്യുന്നത് ഉചിതമാകില്ലെന്നു പറയാം.

കേരളം മുഴുവൻ ഒരേ പോലെ

കേരളത്തിലെ കൊറോണ വൈറസ്ബാധ ഏതെങ്കിലും ഒരു സ്ഥലത്ത് ഒതുങ്ങിനിൽക്കുന്നതല്ല. സംസ്ഥാനത്തെ 14 ജില്ലകളിലും ഏകദേശം ഒരേപോലെ ബാധിക്കുന്ന രീതിയിലുള്ളതാണ്. ഇതിനു 2 കാരണങ്ങളുണ്ട്. 1. സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രത 2. കൊറോണ വൈറസിലെ ഡെൽറ്റ വകഭേദത്തിന്റെ ഉയർന്ന അണുബാധശേഷി.

ചെറിയ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തു വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ കൂടാൻ കാരണം ഡെൽറ്റ വകഭേദത്തിന്റെ കൂടുതൽ വ്യാപനം മൂലമാണെന്നു കരുതാം. മുൻകാലങ്ങളിൽ കോവിഡ് പോസിറ്റീവാകുന്നതു പരമാവധി വൈകിപ്പിച്ചു നമ്മൾ കൈവരിച്ച നേട്ടത്തെ പിന്നോട്ടടിക്കുന്നതായിരുന്നു ഇത്.

നേരത്തേ വലിയ തോതിൽ കോവിഡ് ബാധയുണ്ടായ മറ്റു സംസ്ഥാനങ്ങളുടെ രീതി കേരളം പിന്തുടർന്നിരുന്നുവെങ്കിൽ പ്രതിരോധശേഷി കുറഞ്ഞ ഒട്ടേറെയാളുകൾ വൈറസിന് ഇതിനകം ഇരകളാകുമായിരുന്നു. അങ്ങനെയെങ്കിൽ കേരളത്തിന്റെ സ്ഥിതിയും മറ്റു സംസ്ഥാനങ്ങളെപ്പോലെയാകുമായിരുന്നു.

പോസിറ്റീവിൽ പേടിക്കേണ്ട

സംസ്ഥാനത്തു കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നതിൽ ആശങ്കപ്പെടേണ്ട. ഇവരിൽ ഭൂരിഭാഗവും ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവരും വീടുകളിൽതന്നെ കഴിയുന്നവരുമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം, ഐസിയു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം, മരണനിരക്ക് തുടങ്ങിയ കാര്യങ്ങൾ നിലവിൽ സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്ന വിധത്തിൽ ഉയർന്നിട്ടില്ല. അത് ആശ്വാസമാണ്. പരിശോധന ശക്തമായതുകൊണ്ടാണു സംസ്ഥാനത്തു ലക്ഷണങ്ങളില്ലാത്ത കേസുകൾപോലും കണ്ടെത്തുന്നത്.

മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരം കേസുകൾ പരിശോധനകളിലൂടെ കണ്ടെത്തുന്നുണ്ടോയെന്നു സംശയമാണ്. നിലവിൽ ലഭ്യമായ കണക്കുകളെക്കാൾ കൂടുതൽപേർ മറ്റു സംസ്ഥാനങ്ങളിൽ വൈറസ് ബാധിതരായിരിക്കാൻ സാധ്യതയുണ്ട്.

സിറോ സർവേ: ആശങ്ക വേണ്ട

ഐസിഎംആർ നടത്തിയ സിറോ സർവേ പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് ആളുകൾക്കു കോവിഡ് 19 ആന്റിബോഡിയുള്ളത് (44.4%) കേരളത്തിലാണെന്നതിൽ ആശങ്കപ്പെടേണ്ട. കോവിഡിനെ പ്രതിരോധിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ മൂലമാണു കൂടുതൽപേരിലേക്കു വൈറസ് എത്താതിരുന്നത്. ജാഗ്രത കൈവിടരുത്. കാരണം ഒട്ടേറെപ്പേർ ഇനിയും വൈറസ് ബാധിതരാകാനിടയുണ്ട്. അതുകൊണ്ടുതന്നെ പോസിറ്റീവ് കേസുകൾ ഇനി കൂടുകയും ചെയ്യാം.

സിറോ സർവേ പ്രകാരം മറ്റു പല സംസ്ഥാനങ്ങളിലും 70 ശതമാനത്തിനു മുകളിൽ ജനങ്ങളിൽ ആന്റിബോഡിയുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. എന്നാൽ, അതിന് ആനുപാതികമായ തരത്തിൽ പോസിറ്റീവ് കേസുകൾ പരിശോധനയിലൂടെ ആ സംസ്ഥാനങ്ങളിൽ കണ്ടെത്തിയിട്ടില്ല. 

INDIA-KASHMIR-HEALTH-VIRUS

എന്നാൽ, കേരളത്തിൽ അങ്ങനെയല്ല. മൊത്തം ജനസംഖ്യയുടെ 9.43% പേർ പോസിറ്റീവായെന്നു പരിശോധനയിലൂടെത്തന്നെ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിലൂടെ പോസിറ്റീവ് കേസുകൾ കണ്ടെത്തുന്നതു മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ ഏറെ കൂടുതലാണ്. കോവിഡ് പ്രതിരോധത്തിൽ അതേറെ പ്രധാനപ്പെട്ടതാണ്.

നാം ഇനി ചെയ്യേണ്ടത്

∙ മറക്കരുത്, പ്രതിരോധം

വൈറസിനെ തുരത്താനുള്ള അടിസ്ഥാന പ്രതിരോധം– സാമൂഹിക അകലം, മാസ്ക് ധരിക്കുക, കൈകൾ കഴുകുക എന്നതാണ്. നമ്മുടെ സാഹചര്യങ്ങൾ എത്ര മാറിയാലും ഈ മാർഗങ്ങൾ മറക്കരുത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ നമുക്കു പിടിച്ചുനിൽക്കാൻ കഴിഞ്ഞതു ഈ പ്രതിരോധമുറകൾ കൃത്യമായി ശീലിച്ചതുകൊണ്ടാണ്.

∙ മാസ്ക്കിൽ ശ്രദ്ധ വേണം

ഡെൽറ്റ വകഭേദം ബാധിച്ച ഒരാളിൽനിന്നു കൂടിയ അളവിൽ വൈറസ് പുറത്തേക്കു വരുന്നുണ്ട്. ഇവ ഒരു മീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കും. മാസ്ക് ധരിച്ചിട്ടുണ്ടെങ്കിൽപോലും അതിന്റെ വിടവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കാൻ ഇത്തരം വൈറസുകൾക്കു കഴിയും. ഒറ്റപ്പാളിയുള്ള തുണി മാസ്ക്കുകൾ ഫലം ചെയ്യില്ല. വാൽവുകളില്ലാത്ത എൻ95 മാസ്ക്കുകളുടെ ഉപയോഗം ശീലമാക്കണം. വായു ചോർച്ചയില്ലാതെ ശരീരത്തോടു ചേർന്നു കിടക്കുന്ന ഇരട്ട മാസ്ക്കുകളും ഉപയോഗിക്കാം.

∙ കുട്ടികളെ പഠിപ്പിക്കണം

കുട്ടികളിലെ കോവിഡ് പ്രതിരോധം സംബന്ധിച്ചു വ്യക്തമായ നയം വേണം. ഡെൽറ്റ വകഭേദം കുട്ടികളെ കൂടുതലായി ബാധിക്കാം. അവരിൽ കാര്യമായ ലക്ഷണങ്ങളുണ്ടാകണമെന്നില്ല. അവർ വഴി മറ്റുള്ളവരിലേക്കും വൈറസ് എത്താം. അതുകൊണ്ടു തന്നെ ചെറുപ്രായത്തിൽതന്നെ കുട്ടികളെ മാസ്ക് ഉപയോഗിക്കാൻ പഠിപ്പിക്കണം. അടുത്ത ഒരു മാസത്തേക്കെങ്കിലും കുട്ടികൾ വീടിനു പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുന്നതു ശീലമാക്കണം. 

∙ ലോക്ഡൗൺ പരിഹാരമല്ല

ലോക്ഡൗൺ ഏർപ്പെടുത്തി കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തെ തടയാനാകുമെന്നു കരുതുന്നതു വെറുതെയാണ്. ഒന്നിടവിട്ട ദിവസം മാത്രം കടകൾ തുറക്കുന്നതിലും യുക്തിയില്ല. കടകൾ എല്ലാ ദിവസവും പ്രവർത്തിക്കാൻ അനുവദിക്കുക. പ്രവർത്തനസമയം ദീർഘിപ്പിക്കുക. അപ്പോൾ തിരക്കു കുറയും. എന്നാൽ, കടകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു വ്യക്തമായ മാർഗനിർദേശം വേണം. സ്ഥലലഭ്യതയ്ക്ക് അനുസരിച്ചു കടകളിൽ ഒരേസമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം േവണം. സാമൂഹിക അകലമുൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പാലിക്കണം.

∙ ശ്രേണീകരണം പ്രധാനം

സംസ്ഥാനത്തു ഡെൽറ്റ വകഭേദം എത്രത്തോളം വ്യാപിച്ചുവെന്നും പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നുണ്ടോയെന്നും അറിയാൻ ജനിതക ശ്രേണീകരണം വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ കൃത്യമായ പഠനം നടത്താൻ കേരളം മുൻകയ്യെടുക്കണം. അങ്ങനെയെങ്കിൽ പുതിയ വകഭേദങ്ങളുടെ സാന്നിധ്യം വേഗത്തിൽ തിരിച്ചറിയാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും കഴിയും.

(വെല്ലൂർ സിഎംസി വൈറോളജി വിഭാഗം റിട്ട. പ്രഫസറാണു ലേഖകൻ)

English Summary: Covid vaccination Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com