ഭദ്രമാക്കാം, സഹകരണബാങ്കുകൾ

nottam
SHARE

സംസ്ഥാനത്തൊട്ടാകെ നല്ല വേരോട്ടവും ഉപഭോക്തൃസേവനത്തിൽ മാതൃകാപരമായ പാരമ്പര്യവുമുള്ളതാണു നമ്മുടെ സഹകരണ ബാങ്കിങ് മേഖല. പക്ഷേ, തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ നമ്മുടെ പ്രാഥമിക സഹകരണ ‘ബാങ്കിങ്’ മേഖലയെ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ട്. ഒരു പ്രതിസന്ധിയെയും പാഴാക്കരുത് എന്ന അർഥത്തിൽ ഇംഗ്ലിഷിൽ ഒരു ചൊല്ലുണ്ട്. കരുവന്നൂർ ബാങ്ക് നൽകുന്ന പാഠങ്ങൾ ശരിയാംവണ്ണം ഉൾക്കൊണ്ടാൽ സംസ്ഥാനത്തെ സഹകരണമേഖലയിലെ ഏറ്റവും വിപുലമായ ‘സർവീസ് സഹകരണ ബാങ്കിങ്’ രംഗത്തെ നവീകരിക്കാൻ നമുക്കു സാധിക്കും. അതിന്റെ ആവശ്യമുണ്ടെന്നാണു പൊതുവേ ഉയരുന്ന അഭിപ്രായം. 

മറ്റേതു സംസ്ഥാനത്തെ അപേക്ഷിച്ചും കൂടുതൽ നിക്ഷേപവും വായ്പയും ഇടപാടുകാരും ഓഹരിയുടമകളും അടങ്ങുന്നതാണു കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല. കേരള ബാങ്കിന്റെ രൂപീകരണത്തോടെ, സർവീസ് സഹകരണ ബാങ്കുകൾ ഒഴിച്ചുള്ള സഹകരണ ബാങ്കിങ് സ്ഥാപനങ്ങൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായി. (മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രം കേരള ബാങ്കിൽ ലയിച്ചിട്ടില്ല).

ബാങ്കിങ് റഗുലേഷൻ ആക്ട് പ്രകാരം, ഇവയുടെ ഇൻസ്‌പെക്‌ഷൻ/ ഓഡിറ്റ് നബാർഡ് മുഖാന്തരം റിസർവ് ബാങ്ക് നടത്തുന്നു എന്നു മാത്രം. ഈ ബാങ്കുകളുടെ നിക്ഷേപകർക്ക് 5 ലക്ഷം രൂപ വരെ ഡിപ്പോസിറ്റ് ഇൻഷുറൻസ് പരിരക്ഷയും ഉണ്ട്. പക്ഷേ, പ്രൈമറി കോഓപ്പറേറ്റീവ് സൊസൈറ്റി (സർവീസ് സഹകരണ ബാങ്ക് എന്നു നാം വിളിക്കുന്നവ) റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലോ മേൽനോട്ടത്തിലോ അല്ല പ്രവർത്തിക്കുന്നത്. അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സഹകരണ സൊസൈറ്റീസ് ആക്ടിന്റെ അടിസ്ഥാനത്തിൽ പൂർണമായും റജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസിനാണ്. അപ്പോൾ ‘ബാങ്കിങ്’ സേവനങ്ങൾ ചെയ്യുന്ന ഒരു ശൃംഖല ബാങ്കിങ് റഗുലേഷനു സമാനമല്ലാത്ത ചട്ടക്കൂടിൽ പ്രവർത്തിക്കുന്നതിന്റെ പ്രശ്നം കൂടി നാം അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. 

കരുവന്നൂർ പ്രശ്നം അതുകൊണ്ടു രണ്ടു രീതിയിൽ കൈകാര്യം ചെയ്യണം. ആ ബാങ്കിലെ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ സമയബന്ധിതമായി ശിക്ഷിക്കണം. അതോടൊപ്പം, അവിടത്തെ സംഭവവികാസങ്ങൾ വിരൽചൂണ്ടുന്നതു വ്യവസ്ഥാപരമായ ന്യൂനതകളിലേക്കുകൂടിയാണ്. സമാനപ്രശ്നങ്ങൾ എത്രത്തോളം മറ്റുള്ള സൊസൈറ്റികളിൽ ഉണ്ടെന്നതുകൂടി അടിയന്തരമായി പരിശോധിക്കേണ്ടിയിരിക്കുന്നു. 

സഹകരണ മേഖലയിലെ നിക്ഷേപം പ്രധാനമായും വരുന്നതു പ്രാഥമിക സഹകരണസംഘങ്ങൾ വഴിയാണ്. വായ്പയും അതുപോലെതന്നെ. സഹകരണ ബാങ്കുകളിലെ നിക്ഷേപം 2021 മാർച്ചിൽ ഏകദേശം 72,000 കോടി രൂപയായിരുന്നു. വായ്പ 50,000 കോടിയും. പ്രാഥമിക സഹകരണ ബാങ്കുകളുടെയും മറ്റു സഹകരണ സംഘങ്ങളുടെയും (സർക്കാർ ജീവനക്കാരുടെ കോഓപ്പറേറ്റീവ് സൊസൈറ്റി പോലെയുള്ളവ) മേൽനോട്ടം, നിരീക്ഷണം, നിയന്ത്രണം എന്നീ മൂന്നു കാര്യങ്ങളും ശക്തമാക്കുന്നതിനൊപ്പം സ്വതന്ത്രവുമാക്കണം. 

പാവപ്പെട്ടവരുടെയടക്കം പൊതുജനങ്ങളുടെ നിക്ഷേപത്തിന്, ഒരുപക്ഷേ വാണിജ്യ ബാങ്കുകളെക്കാളേറെ പരിരക്ഷയും ഭദ്രതയും നമ്മുടെ സംസ്ഥാനത്തിന് ഒരുക്കാൻ പറ്റണം. 

ഇന്നത്തെ സഹകരണനിയമത്തിൽ വകുപ്പുകളുണ്ടെങ്കിലും (ഉദാഹരണമായി, നേരാംവണ്ണം പ്രവർത്തിക്കാത്ത സംഘങ്ങളുടെ ഭരണസമിതിയെ സെക്‌ഷൻ 32 പ്രകാരം റജിസ്ട്രാർക്കു നോട്ടിസ് കൊടുത്തു പിരിച്ചുവിടാം) സഹകരണവകുപ്പിന്റെ ഭാഗം തന്നെയാകുമ്പോൾ, ഒരുപക്ഷേ, അതിനുവേണ്ട സ്വാതന്ത്ര്യം ഉദ്യോഗസ്ഥതലത്തിൽ ഇല്ലാതെവന്നേക്കാം. അതുകൊണ്ട്, വളരെപ്പെട്ടെന്നു കാര്യങ്ങൾ പുനരവലോകനം ചെയ്തു സ്വതന്ത്രവും കർശനവുമായ നിയന്ത്രണം കൊണ്ടുവരാൻപറ്റുന്ന റഗുലേറ്ററി അതോറിറ്റി ഈ മേഖലയ്ക്ക് ആവശ്യമാണ്. ഇതിനു നിയമനിർമാണം വേണ്ടിവന്നേക്കാം. ഒരു നവീന സമീപനം ഇല്ലെങ്കിൽ നാം ചെയ്യുന്നതെന്തും തൊലിപ്പുറത്തെ ചികിത്സ മാത്രമാകും. ഇനിയും നമുക്കുതകേണ്ട സഹകരണ സാമ്പത്തിക മേഖലയെ വളർത്തുക തന്നെ വേണം. ഭദ്രതയോടെ.

(ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം. )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA