കേരള ഗദ്യപാരായണ സഭ

assembly
SHARE

നിയമസഭയിലെ അതിക്രമത്തെ അപലപിച്ച സുപ്രീംകോടതി വിധിയുടെ പേരിൽ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന ആവശ്യം തള്ളിയെങ്കിലും മുൻ പാർലമെന്ററികാര്യ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലൻ അതിനൊപ്പം ഒരു നിർദേശം മുന്നോട്ടു വച്ചിരുന്നു: നിയമസഭാംഗങ്ങൾക്ക് ഒരു പെരുമാറ്റച്ചട്ടം ആലോചിക്കണം. നിലവിൽ പെരുമാറ്റച്ചട്ടം ഉണ്ടെന്നറിയാത്ത ആളല്ല മുൻമന്ത്രി. അതിലെ ഒരു സുപ്രധാന വ്യവസ്ഥ കേരള നിയമസഭയിൽ ഇന്നു നിരന്തരം ലംഘിക്കപ്പെടുകയാണ്. 

‘ഒരംഗം സംസാരിക്കുമ്പോൾ’ എന്ന ശീർഷകത്തിനു കീഴിലുള്ള ആ പത്താം വ്യവസ്ഥ ഇതാണ്: ‘ അധ്യക്ഷന്റെ മുൻകൂട്ടിയുള്ള അനുവാദം കൂടാതെ എഴുതിയ പ്രസംഗം വായിക്കാൻ പാടില്ല’. ‘കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങൾ’ എന്ന ഗ്രന്ഥം സാമാജികർക്ക് അവരുടെ ബൈബിളാണ്. അതിലെ 149–ാം പേജിലെ ‘പെരുമാറ്റച്ചട്ടത്തിൽ’ നിഷ്കർഷിക്കുന്ന  ഇക്കാര്യം വായിക്കുകയോ അറിയുകയോ ചെയ്യാത്തവർ അല്ല 140 അംഗങ്ങളും. പക്ഷേ, വെള്ളക്കടലാസിൽ എഴുതിയ പ്രസംഗം ഒരു മടിയുമില്ലാതെ കയ്യിൽ പൊക്കിപ്പിടിച്ചു വായിക്കുന്ന കലാ പരിപാടിയാണ് അവരി‍ൽ ഒരുവിഭാഗം ഇപ്പോൾ ചെയ്യുന്നത്. അങ്ങനെയുള്ളവരുടെ ഗദ്യപാരായണ മത്സരം തന്നെ സ്പീക്കർക്കു സംഘടിപ്പിക്കാം. അല്ലെങ്കിൽ നിയമസഭ എന്നു കൂടാതെ വായനസഭ എന്ന പേരുകൂടി ഉപയോഗിക്കാൻ നിർദേശിക്കുന്ന ബിൽ കൊണ്ടുവന്നു പാസാക്കാം. ഭരണ–പ്രതിപക്ഷങ്ങൾ യോജിച്ചു കയ്യടിച്ചു പാസാക്കുക തന്നെ ചെയ്യും. 

പാരമ്പര്യത്തിൽനിന്ന് പിശകുകളിലേക്ക്  

തിരു –കൊച്ചി നിയമസഭയിൽ പനമ്പിള്ളി ഗോവിന്ദ മേനോന്റെയും പിന്നീട് എം.എൻ. ഗോവിന്ദൻ നായർ, ടി.കെ.ദിവാകരൻ, ബേബി ജോൺ, എൻ.ഐ.ദേവസ്സിക്കുട്ടി തുടങ്ങിയവരുടെയും ഉജ്വലവും  പ്രൗഢഗംഭീരവുമായ പ്രസംഗങ്ങളുടെ പാരമ്പര്യം പേറുന്നതാണു കേരള നിയമസഭ. ആ പ്രതിഭകളുടെ അനർഗള നിർഗളമായി ഒഴുകുന്ന പ്രസംഗവും പരസ്പരമുള്ള വാക്പോരുകളും സഭയുടെ ചരിത്രത്തിൽ തങ്കംകൊണ്ട് എഴുതപ്പെട്ടതാണ്. ആ യശസ്വികൾക്കു ചേരുന്ന പിൻഗാമികൾ ഇല്ലെന്നല്ല. 

പക്ഷേ, പ്രസംഗം പൊലിപ്പിക്കാനുള്ള തമാശപോലും എഴുതിത്തയാറാക്കി വന്നു വായിക്കുന്നതിലേക്കു സഭയുടെ ചിത്രം മാറുകയാണ്. അതുതന്നെ ചിലരെല്ലാം തപ്പിത്തടഞ്ഞാണു വായിക്കുന്നത്. ചില സാംപിളുകൾ: കോവിഡൊരുപാട്– കോവിഡ് ഒരുപാട് എന്നാണ്  ഉദ്ദേശിച്ചത്, ഉദാരഹണം– ഉദാഹരണം തിരിഞ്ഞുപോയതാണ്, സജീവനി– സഞ്ജീവനി ആണ് ഉദ്ദേശിച്ചത്. പിഎമാർ തയാറാക്കി ടൈപ്പ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്തുകൊടുക്കുന്ന പ്രസംഗം നേരെ വന്നു വായിക്കുകയാണെന്നു സംശയിക്കേണ്ടി വരും. 

ചോദ്യങ്ങൾക്കും ചർച്ചകൾക്കും ശ്രദ്ധ ക്ഷണിക്കലുകൾക്കും മറുപടി പറയേണ്ട മന്ത്രിമാർക്കു മുൻകൂട്ടി തയാറാക്കിയ രേഖയെ ആശ്രയിക്കേണ്ടി വരാറുണ്ട്. ‘ചർച്ചകൾ കേട്ട് അതിനു മറുപടി പറയേണ്ട മന്ത്രിമാർ അതു ചെയ്യാതെ മുൻകൂട്ടി മറുപടിയുമായിവന്നു വായിക്കുന്നതിൽ പോലും അനൗചിത്യമുണ്ട്’’ – മുൻ സ്പീക്കർ എം.വിജയകുമാർ ചൂണ്ടിക്കാട്ടുന്നു. എഴുതിയ പ്രസംഗം വായിക്കുന്നതിനെതിരെ  പണ്ടൊക്കെ എതിർപക്ഷം ക്രമപ്രശ്നം ഉന്നയിക്കുമായിരുന്നു. അങ്ങനെയുള്ള പ്രസംഗം വിലക്കി താൻ റൂളിങ് നൽകിയിട്ടുണ്ടെന്നും വിജയകുമാർ പറഞ്ഞു. 

വക്കം പുരുഷോത്തമൻ സ്പീക്കറായിരുന്നപ്പോൾ വായനമത്സരം കർശനമായി നിയന്ത്രിച്ചിരുന്നു. സഭയിലെ ഉന്നതമായ ചർച്ച സംബന്ധിച്ച സങ്കൽപംതന്നെ ഇല്ലാതാക്കുന്നതാണു പ്രസംഗവായനയെന്നു മുൻ സ്പീക്കർ വി.എം. സുധീരൻ അഭിപ്രായപ്പെടുന്നു. പോയിന്റുകൾ എഴുതിയ കുറിപ്പ് കയ്യിൽ വയ്ക്കുന്നതൊഴിച്ചാൽ വായനശീലം മുൻപ് ഇല്ലായിരുന്നുവെന്നു മുതിർന്ന മാധ്യമപ്രവർത്തകനായ കെ.ജി.പരമേശ്വരൻനായർ ഓർമിച്ചു. സ്വതന്ത്ര അംഗമായതിനാൽ കഷ്ടിച്ച് ഒന്നര മിനിറ്റ്  കിട്ടുമായിരുന്ന ലോനപ്പൻ നമ്പാടനു മാത്രമാണ് ഇടക്കാലത്തു വായനസ്വാതന്ത്ര്യം സ്പീക്കർമാർ അനുവദിച്ചിരുന്നത്. 

സമയക്കുറവിന്റെ പേരിൽ 

സമയക്കുറവു കണക്കിലെടുത്തും പിശകുകൾ വരുമെന്ന പേടികൊണ്ടുമാവും ചിലർ വായനയിലേക്കു തിരിയുന്നതെന്നു സ്പീക്കർ എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു. ‘ വായന നിരോധിക്കണമെന്നു ‍പറയില്ല. പക്ഷേ, പ്രോത്സാഹിപ്പിക്കാൻ കഴിയില്ല’. ലോക്സഭയിലെ പത്തു വർഷവും ഒരു പ്രസംഗംപോലും എഴുതിവായിച്ചിട്ടില്ലാത്ത രാജേഷ് വ്യക്തമാക്കി. വായിക്കുമ്പോൾ അതു ഹൃദയത്തിൽ നിന്നു വരുന്നതായി തോന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയോ പ്രസംഗം വായിക്കുന്ന ഈ ശൈലി തുടർന്നാൽ നാളെ നിയമസഭാപ്രസംഗത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുമെന്നു സംശയിക്കുന്നവരും ഉണ്ട്. 

തയാറാക്കിയ കുറിപ്പ് ഒരിക്കൽപോലും കയ്യിലെടുക്കാതെ പറയേണ്ടതെല്ലാം പറഞ്ഞ് കൃത്യസമയത്തു പ്രസംഗം   തീർത്ത കന്നിയംഗം കെ.വി. സുമേഷിനെപ്പോലെ പ്രതീക്ഷ തരുന്നവരുണ്ട്. നിയമസഭാ ചട്ടങ്ങൾപോലും കാണാപ്പാഠമായി പറയുന്ന പുതുമുഖ മന്ത്രി പി. രാജീവിനെപ്പോലെയുള്ളവരുമുണ്ട്. പക്ഷേ, ഒരുകെട്ടു കടലാസ് മറിച്ചുമറിച്ച് വായിച്ചശേഷം വിജയകരമായി ഒരു ദൗത്യം നിർവഹിച്ച  നിർവൃതിയോടെ ചുറ്റുംനോക്കി ഇരിക്കുന്നവരുടെ എണ്ണം കേരള നിയമസഭയിൽ കൂടിവരുന്നു.‘സഭാ ടിവി’യിലൂടെ തങ്ങളുടെ ഗദ്യപാരായണം ലോകം മുഴുവൻ കാണുമെന്ന് അങ്ങനെ ചെയ്യുന്നവർ വിസ്മരിക്കരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA