ADVERTISEMENT

അഴിമതിരഹിത സംവിധാനം കെട്ടിപ്പടുക്കുക എന്നതാണ് ഏതു സർക്കാരും നേരിടുന്ന വെല്ലുവിളി. സേവനസന്നദ്ധരായി ജനങ്ങളോടൊപ്പം നിൽക്കുന്നവരാണു കേരളത്തിലെ നല്ല പങ്കു സർക്കാർ ഉദ്യോഗസ്‌ഥരെങ്കിലും അഴിമതിയും കൈക്കൂലിയും  ജീവിതശൈലിതന്നെയാക്കിയ കുറച്ചുപേരും അവർക്കൊപ്പം ഉണ്ടെന്നത് അവർക്കുതന്നെ കളങ്കമാണ്. ‘മതി’ എന്ന് ആ വാക്കിൽതന്നെയുണ്ടെങ്കിലും അഴിമതിയോട് ഈ നാട് അങ്ങനെ കണിശമായി പറയാത്തതെന്തുകൊണ്ടാണ് ? വ്യാപക ക്രമക്കേടുകൾ കണ്ടെത്തി‍‍‍‌യ ഫോർട്ട്കൊച്ചി ആർഡി ഓഫിസിലെ മിക്ക ജീവനക്കാരെയും കൂട്ടത്തോടെ സ്ഥലംമാറ്റിയത് ഈ വിഷയം വീണ്ടും പ്രസക്തമാക്കുന്നു. 

അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ഓഫിസ് നടപടിക്രമങ്ങളും സംബന്ധിച്ചു റവന്യു മന്ത്രിക്കും ലാൻഡ് റവന്യു കമ്മിഷണർക്കും ഉൾപ്പെടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു സ്ഥലംമാറ്റ നടപടി. നികത്തുഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷ സ്വീകരിച്ച് നമ്പറിട്ടു നൽകാൻപോലും ചിലർ വൻതുക കൈക്കൂലി വാങ്ങിയതായാണു പരാതി. ഇതിനു തയാറാകാത്തവരുടെ അപേക്ഷ സ്വീകരിക്കാതിരിക്കൽ, അനാവശ്യ പോരായ്മകൾ പറഞ്ഞു മടക്കൽ, നേരത്തേ സമർപ്പിച്ച അപേക്ഷകൾ കാണാതാകൽ തുടങ്ങിയ ആക്ഷേപങ്ങളും ഓഫിസിനെതിരെ നിലവിലുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സർക്കാരിനു സമർപ്പിക്കും. ക്ലാസ് ഫോർ മുതൽ സീനിയർ സൂപ്രണ്ട് വരെയുള്ള 23 ജീവനക്കാരെ ചൊവ്വാഴ്ച സ്ഥലംമാറ്റിയിരുന്നു. ഇന്നലെ മൂന്നുപേരെക്കൂടി സ്ഥലംമാറ്റി. ആർഡി ഓഫിസിൽ ചൊവ്വാഴ്ച വരെയുണ്ടായിരുന്ന ജീവനക്കാരിൽ ഇനി ശേഷിക്കുന്നതു സബ് കലക്ടറും ഏതാനും ആഴ്ച മുൻപെത്തിയ ഡപ്യൂട്ടി തഹസിൽദാരടക്കമുള്ള 2 ഉദ്യോഗസ്ഥരും മാത്രം. 

സേവനം ജനങ്ങളുടെ അവകാശമാക്കിയ സംസ്ഥാനമാണു കേരളം. 2012ലെ കേരളപ്പിറവിദിനത്തിൽ പ്രാബല്യത്തിൽവന്ന നിയമത്തിന്റെ ലക്ഷ്യം സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ്. ആത്മാർഥ ജനസേവനമായി സർക്കാർജോലിയെ കാണുന്ന ഉദ്യോഗസ്ഥർക്കു സേവനാവകാശ നിയമം കൂടുതൽ കർമോർജം പകരുകയും ചെയ്യുന്നു. എന്നാൽ, ഈ നിയമം നടപ്പാക്കിയശേഷവും സർക്കാർ സേവനങ്ങൾ പലപ്പോഴും കൃത്യമായി ജനങ്ങൾക്കു ലഭിക്കുന്നില്ല എന്നതാണ് അനുഭവം. കൈക്കൂലിക്കുവേണ്ടി മടിയില്ലാതെ കൈ നീട്ടുന്നവരും കാശുകിട്ടിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരുമായി ചിലരെങ്കിലുമുണ്ടെന്നതിൽ കേരളം ലജ്ജിക്കേണ്ടതുണ്ട്. ജോലി ചെയ്യാതെ, അപേക്ഷകരോടു ‘നാളെ വാ’, ‘വരട്ടെ നോക്കാം’ എന്നിങ്ങനെ പല്ലവി പാടുന്നവരെയും ചുവപ്പുനാടക്കുരുക്കിടുന്നതിൽ രസംകൊള്ളുന്നവരെയും ഇക്കൂട്ടത്തിൽ കാണാം.

പ്രത്യേകിച്ചു ജോലിയൊന്നുമില്ലെങ്കിലും അധികാരത്തിന്റെ ഇടനാഴികളിൽ പറ്റിക്കൂടി, നിയമപ്രകാരം അസാധ്യമായ കാര്യങ്ങൾ ഇടനിലനിന്നു സാധിച്ചുകൊടുത്തു സമ്പന്നരാകുന്ന രാഷ്‌ട്രീയക്കാരും ഇന്നു പതിവുകാഴ്‌ചയാണ്. വളയാൻ തയാറായി നിൽക്കുന്ന ചില ഉദ്യോഗസ്‌ഥർ കാര്യസാധ്യത്തിന് ഇവരെ സഹായിക്കുകയും ചെയ്യുന്നു. അഴിമതിയുടെ വിത്തുപാകുന്നതും വെള്ളവും വളവും കൊടുത്തു വളർത്തുന്നതും ഈ കൂട്ടുകെട്ടാണ്. അഴിമതിയാരോപണം കരുവാക്കി നല്ല ഉദ്യോഗസ്‌ഥരുടെമേൽ കളങ്കംചാർത്തുന്നതും ഇക്കൂട്ടർ തന്നെ. 

സർക്കാർകാര്യം മുറപോലെ എന്ന പതിവുശൈലിക്കെതിരെ ഭരണകർത്താക്കൾ കടുത്തഭാഷയിൽ കാലങ്ങളായി സംസാരിച്ചിട്ടും ബ്യൂറോക്രസിയുടെ വാതിലുകൾ വേണ്ടതുപോലെ തുറന്നുവയ്ക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. സർക്കാർജോലി ജനസേവനമാണെന്നും ജീവിതത്തിൽ ഒരിക്കലെങ്കിലും തങ്ങളും ഏതെങ്കിലും ഓഫിസിൽ അപേക്ഷയുമായി കാത്തുനിൽക്കേണ്ടിവരുമെന്നും എല്ലാ ഉദ്യോഗസ്ഥരും  ചിന്തിക്കുമ്പോഴാണു ഭരണയന്ത്രത്തിന്റെ പ്രവർത്തനം അഴിമതിരഹിതവും ജനോപകാരപ്രദവുമാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com