ADVERTISEMENT

മലപ്പുറം പുത്തൂരിൽ അടഞ്ഞുകിടന്ന കടയിലും വീട്ടിലുമായി സൂക്ഷിച്ച 120 കിലോഗ്രാം കഞ്ചാവാണു കഴിഞ്ഞദിവസം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ഏതാനും വർഷം മുൻപു പത്തും പതിനഞ്ചും കിലോയായിരുന്നു ഓരോ റെയ്ഡിലും പരമാവധി പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ ശരാശരി പിടിത്തം 100 കിലോയായി മാറി. അത്രയധികം കഞ്ചാവ് കേരളത്തിലേക്കു ദിനംപ്രതിയെത്തുന്നുവെന്നതാണു ഞെട്ടിക്കുന്ന വസ്തുത. കോവിഡ് നിയന്ത്രണങ്ങളിൽ,ഏതാണ്ടെല്ലാ മേഖലകളും അടഞ്ഞുകിടന്നിട്ടും കഞ്ചാവുവരവ് നിർബാധം തുടരുകയാണ്. കേരളം കഞ്ചാവ് കച്ചവടത്തിന്റെ ഹബ്ബായി മാറുന്നുവെന്ന വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനങ്ങൾ അരക്കിട്ടുറപ്പിക്കുകയാണ് അടുത്തകാലത്ത് കേരളത്തിലേക്കൊഴുകിയ കഞ്ചാവിന്റെയും ഹഷീഷ് ഓയിലിന്റെയും അളവ്. രാജ്യാന്തര അധോലോക വിപണിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഹഷീഷുമായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫും എക്സൈസും ചേർന്ന് ഒരാളെ പിടികൂടിയത് ഇന്നലെ. 

അതിതീവ്രതയിൽ കഞ്ചാവ് വ്യാപനം

ganja
ആലുവയിൽ 40 കിലോ കഞ്ചാവുമായി പിടിയിലായ കാറിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്ന അറ.

കേരളത്തിൽ കോവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രിൽ മുതൽ 2021 ജൂലൈ 31 വരെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണു നടന്നത്. 16 മാസത്തിനിടെ പൊലീസും എക്സൈസും ചേർന്നു പിടിച്ചത് 9094.66 കിലോഗ്രാം. ഒരു ബീഡി നിറയ്ക്കാൻ ഒരു ഗ്രാം എന്നു കൂട്ടിയാൽ, 90 ലക്ഷത്തിലധികം ബീഡിക്കുള്ളിൽ വച്ചു പുകയ്ക്കാമായിരുന്ന കഞ്ചാവ്! ഇതിന്റെ എത്രയോ ഇരട്ടി പിടിക്കപ്പെടാതെ വന്നുപോയി, ഉപയോഗിക്കുകയും, പുറത്തേക്കു കടത്തുകയും ചെയ്തു!  വർക്ക് ഫ്രം ഹോം കാലത്ത്, വീടുകളിൽ കഞ്ചാവുകൃഷി കൂടി ചില മലയാളികൾ നടത്തിയെന്നു വ്യക്തമാക്കുന്നതാണ്, വീടുകളിൽനിന്നും മറ്റുമായി പിടിച്ചെടുത്ത കഞ്ചാവുചെടികളുടെ എണ്ണം- 1169.  

കഞ്ചാവ് വ്യാപനത്തിന്റെ ‘റൂട്ട് മാപ്പ്’

കേരളത്തിൽ  കഞ്ചാവുകൃഷിയുള്ളത് അട്ടപ്പാടി മേഖലയിലാണ്. തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽനിന്നു കുമളി വഴി എത്തുന്നത് അളവിൽ കുറവാണ്. ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ വനമേഖലയിൽ ആദിവാസികളുടെ സഹായത്തിലും മാവോയിസ്റ്റുകളുടെ സംരക്ഷണയിലും ഉൽപാദിപ്പിക്കുന്ന കഞ്ചാവും, വാറ്റിയെടുക്കുന്ന ഹഷീഷ് ഓയിലുമാണു കേരളത്തിന്റെ ചന്ത നിറയ്ക്കുന്നത്. നേരിട്ടു കേരളത്തിലേക്കെത്തുകയല്ല. തിരുപ്പൂർ, ബെംഗളൂരു, ആന്ധ്രയിലെ ഓങ്കോൾ തുടങ്ങിയ നഗരങ്ങളുടെ പ്രാന്തപ്രദേശത്തു വാടകയ്ക്കെടുത്ത ഗോഡൗണുകളുണ്ട്. ലോറിയിലെത്തിച്ച് ഇവിടെ സൂക്ഷിച്ചശേഷം െചറുവാഹനങ്ങളിലേക്കു മാറ്റും. വണ്ടികളിൽ 50 കിലോ വരെ നിറയ്ക്കാവുന്ന അറകൾ (സിസ്റ്റം) ഉണ്ടാകും. പുറമേ, സ്റ്റെപ്പിനി ടയറിലും ബോണറ്റിലും ഡോർ പാനലിലുമെല്ലാം നിറയ്ക്കാനാകും.  കേരളത്തിലും ഇടത്താവളങ്ങൾ ഇഷ്ടംപോലെ. 

വാഹനം മാറി, ‘സിസ്റ്റം’ പഴയതു തന്നെ

ഇപ്പോൾ വ്യാപകമായി കേരളത്തിലേക്കെത്തിക്കുന്ന കഞ്ചാവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു മേഖലകളും തുറക്കുന്നതുവരെ സംഭരിച്ചുവയ്ക്കാൻ കൊണ്ടുവരുന്നതാണോ എന്നു സംശയമുണ്ട്. അത്രയും വലിയ അളവിലാണ് ഓരോ കേന്ദ്രത്തിൽനിന്നും പിടിക്കുന്നത്. ഇതിൽ കുറച്ച് കേരളത്തിനു പുറത്തേക്കു കടത്താനുദ്ദേശിച്ചുള്ളതാണ്. പരിശോധനയും ബോധവൽക്കരണവും വ്യാപകമാക്കാൻ സർക്കാരും എക്സൈസ് വകുപ്പും തീരുമാനിച്ചിട്ടുണ്ട്.

എസ്.ആനന്ദകൃഷ്ണൻ, എക്സൈസ് കമ്മിഷണർ

കോവിഡ് സാഹചര്യത്തിൽ പൊതുഗതാഗത സർവീസ് അനിശ്ചിത്വത്തിലായതോടെ സ്വകാര്യ വാഹനങ്ങളിലാണു കടത്ത്. സ്പിരിറ്റ് കടത്താൻ ഉപയോഗിച്ചിരുന്ന സിസ്റ്റം (പ്രത്യേക അറ) ലോറികളുടെ ചെറുപതിപ്പുകളായി സ്വകാര്യ വാഹനങ്ങൾ മാറ്റുന്നു. എത്ര കടത്തിയാലും ‘റിസ്ക്’ ഒരുപോലെയാണെന്നതിനാൽ അളവുകൂടി. ആർടിപിസിആർ പരിശോധനയും പാസും പോലെ അന്തർസംസ്ഥാന യാത്രയ്ക്കു നിയന്ത്രണമുള്ളതിനാൽ ഒരു പോക്കിൽ പരമാവധി കൊണ്ടുവരികയാണു ലക്ഷ്യം. മണം പുറത്തുവരാതിരിക്കാൻ കഞ്ചാവുപൊതികൾക്കുമേൽ മുളകുപൊടി വിതറിയാണു കടത്ത്. സ്കൂൾ കുട്ടികൾക്കായി കേരളത്തിലേക്കു പുസ്തകങ്ങളെത്തിച്ച ലോറിയിൽനിന്നു പിടിച്ചത് 68 കിലോ കഞ്ചാവാണ്.  

ഇടുക്കി ബ്രാൻഡിന് ഡിമാൻഡ്

ഒരു വർഷം ഇത്രയും ക്വിന്റൽ കഞ്ചാവ് പുകയ്ക്കുന്ന നാടായി കേരളം മാറിയോ എന്ന ചോദ്യത്തിനു രണ്ടുത്തരമുണ്ട്. കേരളത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ചു കഞ്ചാവ് ഉപയോഗം വൻതോതിൽ വർധിച്ചു. രണ്ടാമത്തേത്, ഈ കഞ്ചാവ് മുഴുവൻ ഇവിടെ ഉപയോഗിക്കാനുള്ളതല്ല. 

ഹൈറേഞ്ചിലെ നീലച്ചടയൻ കഞ്ചാവ്, ഇടുക്കി ഗോൾഡ് എന്ന പേരിൽ വിദേശത്തുവരെ പരിചിതമാണ്. ഇതിനു നല്ല വിപണിമൂല്യമുണ്ടായിരുന്നു. പൊലീസ്, എക്സൈസ് എൻഫോഴ്സ്മെന്റുകളുടെ പരിശോധനയുടെ ഫലമായി ഇടുക്കിയിൽ ഇന്നു വാണിജ്യാവശ്യത്തിനുള്ള കഞ്ചാവുകൃഷിയില്ല. പക്ഷേ  ബ്രാൻഡ് മൂല്യം ഇപ്പോഴുമുണ്ട്. ഇതു നിലനിർത്താൻ ആന്ധ്രയിലെ മലയാളി ലോബി തന്നെയാണ് ഇടുക്കിയിൽ നാമമാത്രമായി കൃഷി ചെയ്യുന്നതെന്നാണു വിവരം. ചെറിയ വിലയ്ക്കു കേരളത്തിലെത്തിക്കുന്ന കഞ്ചാവ് ഇവിടെനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റിവിടുന്നത് ഇടുക്കി ഗോൾഡ് എന്ന പേരിൽ. ആന്ധ്രയിൽനിന്നു നേരെ അയയ്ക്കുന്നതിനെക്കാൾ പതിന്മടങ്ങു വില ലഭിക്കും. 

കഞ്ചാവ് ട്രാഫിക്കിന്റെ ഹബ്ബായി കേരളം മാറുമ്പോൾ ആദ്യം ഉപയോക്താക്കളായും പിന്നീട് വിൽപനക്കാരായും ചെറുപ്പക്കാർ ഈ വലയിൽ ചെന്നുപെടും. 

അളവിൽ കുറവെങ്കിലും  ലാഭം എണ്ണ

കഞ്ചാവിനോളം തന്നെയോ, അതിലധികമോ ഹഷീഷ് ഓയിലും കേരളം വഴി പുറത്തേക്കു കടത്തുന്നുണ്ട്. വിദേശത്തു പ്രിയമാണെന്നതും വിദേശത്തേക്കു കടത്താൻ കഞ്ചാവിനെ അപേക്ഷിച്ച് എളുപ്പമാണെന്നതും നല്ല വില കിട്ടുമെന്നതുമാണു കാരണം. 

മുൻപ്, കഞ്ചാവ് ഉണക്കി വാറ്റിയെടുത്താണു ഹഷീഷ് ഓയിൽ നിർമിച്ചിരുന്നത്. ഇതിനു കൂടുതൽ സമയമെടുക്കുമായിരുന്നു. ഇപ്പോൾ പച്ചക്കഞ്ചാവാണു വാറ്റാൻ ഉപയോഗിക്കുന്നത്. ഒറ്റദിവസംകൊണ്ട് ഓയിൽ റെഡി. മൂന്നു വർഷത്തിനിടെ എക്സൈസ് എൻഫോഴ്സ്മെന്റ് പിടിച്ചതു 120 കിലോഗ്രാം ഹഷീഷാണ്. 

വീട്ടിലും കൂട്ടിലുമായി ‘സെറ്റ്’ ആകുന്നവർ

ചെറുപ്പക്കാർ ഉൾപ്പെടുന്ന വളരെ ക്രൂരമായ കുറ്റകൃത്യങ്ങളുടെ എണ്ണം ഈ കോവിഡ്കാലത്തു വല്ലാതെ കൂടിയെന്നു കാണാം. ഇതിനു പലതിനും പിന്നിൽ ലഹരി ഒരു കാരണമാണ്. കോവിഡിനെത്തുടർന്നു ചെറുപ്പക്കാരിലും മറ്റുമുണ്ടായ നിരാശയും ആശങ്കയും ഒറ്റപ്പെടലുമെല്ലാം മാറ്റാൻ ലഹരിക്കു കഴിയും എന്നു തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ട്. ഇതിനുള്ള ഒരു കാലാവസ്ഥയാണു കോവിഡ് വ്യാപനമുണ്ടാക്കിയത്. ഇതൊരു റിസ്കി പീരിയഡാണ്. കൂടുതൽ ജാഗ്രതയുണ്ടാകണം.

ഡോ. സി.െജ.ജോൺ, മനശ്ശാസ്ത്രജ്ഞൻ

ഏതു കഞ്ചാവുകച്ചവടക്കാരനെ പിടിച്ചാലും അയാളുടെ ഫോണിലെ മുഴുവൻ വിശദാംശങ്ങളും അധികൃതർ എടുക്കാറുണ്ട്. ഇവരുടെ വാട്സാപ് ചാറ്റുകളിൽ വിദ്യാർഥികളുടെ സന്ദേശങ്ങളാണു കൂടുതൽ. പെൺകുട്ടികളുമുണ്ട്. ആരൊക്കെയാണ് ആവശ്യക്കാരെന്നും എവിടെ കഞ്ചാവു ലഭിക്കുമെന്നുമെല്ലാം അറിയാൻ വാട്സാപ് ഗ്രൂപ്പുകളുണ്ട്. വീട്, കൂട്, ജോയിന്റ്്, സെറ്റ് എന്നിങ്ങനെ പോകുന്നു എക്സൈസ് കണ്ടെത്തിയ  രഹസ്യഗ്രൂപ്പുകളുടെ പേരുകൾ. 

graph

കോവിഡ് ലോക്ഡൗണിൽ പുറത്തിറങ്ങാതെ മാസങ്ങളായി വീട്ടിലിരുന്നു പഠിക്കുന്ന എൻജിനിയറിങ് വിദ്യാർഥിയുടെ വീട്ടിൽനിന്നു കഴിഞ്ഞ ദിവസം എക്സൈസിനു ലഭിച്ചതു കഞ്ചാവ് വലിക്കാനുള്ള ഉപകരണമാണ്. പിടിയിലായ കഞ്ചാവുകടത്തുകാരന്റെ ഫോണിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്നാണ് എക്സൈസ് പരിശോധനയ്ക്കെത്തിയത്. ഡാർക് നെറ്റിലെ ഇടപെടൽ വഴി സംഘടിപ്പിച്ചതാണ് ഉപകരണമെന്നു കണ്ടെത്തി. ഉപകരണങ്ങൾ മാത്രമല്ല, ലഹരിവസ്തുക്കളും ഹോം ഡെലിവറിയായി എത്തുന്നുണ്ടെന്ന സംശയത്തിലാണിപ്പോൾ എക്സൈസ്. 

കേരള മോഡൽ മേക്കിങ്, പാക്കിങ്

കേരളത്തിലേക്ക് എത്തുന്ന കഞ്ചാവിന്റെയും ഹഷീഷിന്റെയും ഉൽപാദകരിലും കച്ചവടക്കാരിലും നല്ലൊരുപങ്ക് മലയാളികളാണ്. വ്യാജവിലാസത്തിൽ ആന്ധ്രയിൽ താമസമാക്കിയവരാണ് അധികം പേരും. പലരും ഇവിടെ ഒളിവുജീവിതം നയിക്കുന്നവരുമാണ്. 

11 കിലോഗ്രാം ഹഷീഷ് ഓയിലുമായി 2019 ജനുവരിയിൽ വിശാഖപട്ടണത്തെ മേൽവിലാസക്കാരനായ സാബു സേവ്യർ എന്നയാൾ തിരുവനന്തപുരത്ത് എക്സൈസിന്റെ പിടിയിലായി. വിശദമായ അന്വേഷണത്തിലാണ്, 17 വർഷമായി തമിഴ്നാട് ക്യൂ ബ്രാഞ്ച് തേടുന്ന പിടികിട്ടാപ്പുള്ളി ഇടുക്കി ഉടുമ്പൻചോല സ്വദേശി സാബുവാണ് ആളെന്നു മനസ്സിലായത്. 2002ൽ മസിനഗുഡിയിൽ കഞ്ചാവ് തോട്ടം റെയ്ഡ് ചെയ്യാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന കേസിൽ പ്രതിയായിരുന്നു ഇയാൾ.  വിശാഖപട്ടണം കുമരിയിൽ കഞ്ചാവ് കൃഷിയും ഓയിൽ വാറ്റുമായി ജീവിക്കുകയായിരുന്നു. വിദേശത്തേക്ക് ഓയിൽ കടത്താൻ കേരളത്തിൽ വന്നുപോകുന്നതിനിടെയായിരുന്നു അറസ്റ്റ്.  ബെംഗളൂരു കേന്ദ്രീകരിച്ച്, കേരളത്തിലേക്കുള്ള കഞ്ചാവുകടത്തിനെ നിയന്ത്രിക്കുന്ന മറ്റൊരാൾ കേരളത്തിലെ റിട്ട. എസ്പിയുടെ മകനാണ്. 406 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് എക്സൈസിന്റെ രണ്ടു കേസുകളിൽ പ്രതിയായ ഇയാൾ ‘ഒളിവിൽ’ ഇരുന്നു കഞ്ചാവ് വ്യാപാരം നിയന്ത്രിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com