ADVERTISEMENT

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ നൽകിയെങ്കിലും ചില മാനദണ്ഡങ്ങളിലും നിബന്ധനകളിലുമുള്ള ആശയക്കുഴപ്പവും അശാസ്ത്രീയതയും വ്യാപാരികളെയും ജനങ്ങളെയും കാര്യമായി വലയ്ക്കുന്നു. ഇപ്പോഴത്തെ നിബന്ധനകൾ കർശനമാക്കിയാൽ കടകളുടെ പ്രവൃത്തിസമയം കൂട്ടിയതുകൊണ്ടും ലോക്ഡൗൺ ഞായറാഴ്ച മാത്രമാക്കിയതുകൊണ്ടുമുള്ള പ്രയോജനംതന്നെ കിട്ടാതെവരുമെന്നാണു വ്യാപാരികളുടെയും സാധാരണ ജനങ്ങളുടെയും ആശങ്ക.  

കടകൾ, ഓഫിസുകൾ തുടങ്ങിയവ സന്ദർശിക്കുന്നവരും അവിടെ ജോലി ചെയ്യുന്നവരും രണ്ടാഴ്ചമുൻപ് ആദ്യ ഡോസ് എങ്കിലും വാക്സീൻ സ്വീകരിച്ചവരോ, അല്ലെങ്കിൽ 72 മണിക്കൂറിനകം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച‍വരോ, അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവ് ആയി രോഗമുക്തി നേടി‍യവരോ ആയിരിക്കണമെന്നാണു പുതിയ നിബന്ധന. ഇതുപ്രകാരം കടകളിലും ബാങ്കുകളിലും മറ്റും ഒട്ടേറെപ്പേർക്കു പോകാനാവില്ലെന്നാണ് ആശങ്ക. അൻപതോ നൂറോ രൂപയുടെ സാധനം വാങ്ങാൻപോകുന്നവർ  500 രൂപയുടെ ആർടിപിസിആർ പരിശോധനാ റിപ്പോർട്ട് കൈവശം കരുതണമെന്നു പറയുന്നതിലെ യുക്തി എന്താണ്? തുച്ഛശമ്പളത്തിനു കടകളിൽ ജോലി ചെയ്യുന്നവർക്ക് അതിൽ വലിയപങ്കും ആർടിപിസിആർ പരിശോധനയ്ക്കു മാറ്റിവയ്ക്കാനാവുമോ?  

സംസ്ഥാനത്തെ വാക്സിനേഷൻ മെല്ലെപ്പോക്കു തുടരുമ്പോഴാണു പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വാക്സീൻ ലഭ്യമാക്കാതെ, ലോക്ഡൗൺ ഇളവുകൾക്കു വാക്സിനേഷൻ മാനദണ്ഡമാക്കുന്നതിലെ വൈരുധ്യം സർക്കാരിന് ഇതിനകം ബോധ്യമാകേണ്ടതായിരുന്നു. കേരളത്തിൽ ആദ്യ ഡോസ് വാക്സീൻ എടുത്തവരുടെ എണ്ണം 1.5 കോടി മാത്രമാണ്. ബാക്കിയുള്ളവർക്കു കടകളിലും മറ്റും പോകണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നോ അല്ലെങ്കിൽ ഒരു മാസം മുൻപു കോവിഡ് വന്നു പോയവരാകണമെന്നോ പറയുന്നത് എത്രത്തോളം പ്രായോഗികമാണെന്നാണു ചോദ്യം. സംസ്ഥാനത്ത് ആദ്യ ഡോസ് എടുത്തവരിൽ യുവജനങ്ങൾ കുറവാണെന്നതുകൂടി ഓർമിക്കാം. 

റിവേഴ്‌സ് ക്വാറന്റീനിൽ ഇരിക്കേണ്ട 60 വയസ്സിനു മുകളിലുള്ളവർ സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുകയും ചെറുപ്പക്കാർ വീട്ടിൽ ഇരിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യമാകും പുതിയ ഉത്തരവു സംസ്ഥാനത്തുണ്ടാക്കുകയെന്നാണു  പ്രതിപക്ഷ വിമർശനം. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമെന്നു പ്രഖ്യാപിച്ചശേഷം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സർക്കാർ ജനങ്ങളെ പരിഹസിക്കുകയാണെന്നും അവർ പറയുന്നു.

വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ തുറക്കാൻ അനുമതി ലഭിച്ചതു വ്യാപാരമേഖലയ്ക്ക് ആശ്വാസമായെങ്കിലും പുതിയ നിബന്ധനകളിലെ കുരുക്ക് അവരെ കാര്യമായി ആശങ്കപ്പെടുത്തുന്നു. നിർദേശങ്ങൾ അടിച്ചേൽപ്പിക്കുന്ന സ്ഥിതി ഉണ്ടായാൽ കാര്യങ്ങൾ പഴയതിലും വഷളാവുമെന്നു ഭയക്കുന്ന വ്യാപാരികളുണ്ട്. കടകളിലും ബാങ്കുകളിലും മറ്റും പ്രവേശിക്കാനുള്ള നിബന്ധനകൾ വിവാദമായതോടെ തൽക്കാലം കർശന പരിശോധനയ്ക്കു മുതിരേണ്ടെന്നാണു സർക്കാർ നിർദേശം. മാനദണ്ഡങ്ങളെ ഉദ്യോഗസ്ഥർ പലതരത്തിൽ വ്യാഖ്യാനിച്ചും സ്വേച്ഛാപരമായി തീരുമാനങ്ങളെടുത്തും നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്ന സാഹചര്യമുണ്ടാവാതിരിക്കാൻ സർക്കാർ നിരന്തരശ്രദ്ധ പുലർത്തേണ്ടതുണ്ട്. 

ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾ അടച്ചിടുന്ന കാര്യത്തിലുള്ള അനിശ്ചിതത്വവും ഗൗരവമുള്ളതാണ്. രോഗനിരക്ക് പത്തിൽ കൂടുതലുള്ള പഞ്ചായത്തുകളും നഗരസഭ, കോർപറേഷൻ വാർഡുകളും അടച്ചിടാനാണു തീരുമാനം. എല്ലാ ജില്ലകളിലെയും ജനസംഖ്യാനുപാതികമായ കോവിഡ്  ബാധിതരുടെ    എണ്ണത്തെക്കുറിച്ചുള്ള പൂർണവിവരങ്ങൾ ഇതിനായി സർക്കാരിനു കിട്ടേണ്ടതുണ്ട്. ജനസംഖ്യ കണക്കാക്കുന്നതും കൃത്യമായിരിക്കണം. 

സാമ്പത്തികമായും സാമൂഹികമായും ജനജീവിതത്തെ സജീവമാക്കാൻതന്നെയാണു സർക്കാർ ഇപ്പോഴത്തെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. അതുപക്ഷേ, നമുക്കു തോന്നിയപടി ഇടപഴകാനും പരസ്പര അകലം മറക്കാനുമുള്ള സ്വാതന്ത്ര്യപ്രഖ്യാപനമല്ല. മികച്ച അച്ചടക്കമുള്ള, അതിജാഗ്രത പുലർത്തുന്ന സമൂഹമാണു നാം എന്നു നമ്മെത്തന്നെ ബോധ്യപ്പെടുത്താനുള്ള ദിവസങ്ങളാണു മുന്നിലുള്ളത്. അതേസമയം, അപ്രായോഗികവും അശാസ്ത്രീയവുമായ നിബന്ധനകളാണോ ഇളവുകളുടെ പേരിൽ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ആലോചിക്കാനും തിരുത്താനുമുള്ള ബാധ്യത സർക്കാരിനുമുണ്ട്.

English Summary: Confusion on lockdown relaxation in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com