ADVERTISEMENT

അമേരിക്കയിൽ വ്യാപകമായ സിപ്-കാർ മാതൃകയിൽ ഗതാഗത സംവിധാനങ്ങൾ ലഭ്യമാകുന്ന കാലം അകലെയല്ല. ഏതുതരം  പാസഞ്ചർ വാഹനവും ഇപ്പോഴുള്ളതിന്റെ പകുതി ചെലവിൽ സ്ഥിര ഉപയോഗത്തിനും ആപ്പ് വഴി താൽക്കാലികമായും പ്രയോജനപ്പെടുത്താനുള്ള മാതൃകകൾ നിലവിൽ വരികയാണ്. ദിവസവും ഓരോ വ്യത്യസ്ത വാഹനം നമുക്ക് ഓടിക്കാം 

എണ്ണവില വർധിച്ചുവർധിച്ച്, ഒടുവിൽ നൂറെന്ന പരിധിയും കടന്നു മുന്നോട്ടുപോയിരിക്കുന്നു. സാധാരണക്കാരായ വാഹനഉടമകളെല്ലാം ഇക്കാര്യത്തിൽ നിരാശരും ആശങ്കാകുലരുമാണ്. ഒന്നരക്കോടിയോളം വാഹനങ്ങളുള്ള കേരളത്തിലെ മൂന്നരക്കോടി മലയാളികൾ പ്രത്യേകിച്ചും. എണ്ണവില വർധിപ്പിക്കുന്ന രീതി, നികുതിഘടന എന്നിവയെക്കുറിച്ചുള്ള വിമർശനങ്ങൾ പല കോണുകളിൽനിന്ന് ഉയരുന്നുമുണ്ട്. ഉടൻ എണ്ണവില കുറയാനുള്ള സാഹചര്യം നിലവിലില്ല. ഈ സ്ഥിതിയിൽ, ഉയർന്നുനിൽക്കുന്ന എണ്ണവില സൃഷ്ടിക്കാവുന്ന വലിയ വികസനക്കുതിപ്പിനുള്ള സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയാണു നാം ചെയ്യേണ്ടത്. കാലത്തിനു മുൻപേ നടന്നാൽ ഏറ്റവും കാര്യക്ഷമതയുള്ള ഊർജ ഗതാഗത സമ്പദ്‌വ്യവസ്ഥയായി കേരളത്തിനു മാറാനാകും.

ഊർജ വ്യവസ്ഥ ആകെ മാറി

KENYA-THEME-GLOBAL-WARMING
Street lamps powered by wind and solar energy line the side of a road leading from Athi-river town in Machakos county, approximately 25 kilometres from the Kenyan capital Nairobi, on August 19, 2015. With the increase in GHG emissions and environmental concerns, several developing countries such as India, China, South Korea, Kenya, and Brazil are investing heavily in the deployment of clean energy technologies such as wind power, solar power, smart grids, biofuels, and low carbon transportation. Utility-scale solar and wind projects being built in Morocco and Kenya have in part seen the east African nation increase its green energy output, outpacing some of its African peers where hundreds of millions of Africans — including more than 75 percent of the populations in countries such as Ethiopia, Sierra Leone and Uganda — are still living without power. AFP PHOTO / TONY KARUMBA (Photo by Tony KARUMBA / AFP)

വെറും അഞ്ചു വർഷംകൊണ്ടു നമ്മുടെ കൺമുന്നിൽ നടന്നതു സാങ്കേതികവിദ്യ മാധ്യസ്ഥ്യം വഹിക്കുന്ന ഊർജ-ഗതാഗത സമ്പദ്‌വ്യവസ്ഥയുടെ പൂർണ അഴിച്ചുപണിയാണ്. സ്റ്റാൻഫഡ് സർവകലാശാല എനർജി പ്രോഗ്രാമിന്റെ ഭാഷയിൽ പറഞ്ഞാൽ 'ഗ്രേറ്റ് എനർജി ഡിസ്റപ്‌ഷൻ’. സ്റ്റാൻഫഡിലെ പ്രഫ. ടോണി സീബായുടെ ഭാഷയിൽ പറഞ്ഞാൽ കംപ്യൂട്ടിങ് സങ്കേതം, ഊർജം സംഭരിക്കാനുള്ള ബാറ്ററികളുടെ ഉയർന്ന ഗുണനിലവാരം, സോളർ വൈദ്യുതി ഉൽപാദനത്തിലെ കാര്യക്ഷമത എന്നിങ്ങനെ വിവിധ സാങ്കേതികമികവുകൾ 2007-2016 കാലഘട്ടത്തിൽ സംയോജിക്കപ്പെട്ടു.  തൽഫലമായി ഇന്നു ലോകത്ത് ഏറ്റവും ചെലവുകുറഞ്ഞ ഊർജ സ്രോതസ്സായി സൗരോർജവും (യൂണിറ്റിന് 2 രൂപ) കാറ്റാടി വൈദ്യുതിയും (യൂണിറ്റിനു 3 രൂപ) മാറി. കഴിഞ്ഞ നൂറ്റാണ്ടു മുതൽ ഗാർഹിക– വ്യാവസായിക ഗ്രിഡിനെ നയിക്കുന്ന പ്രകൃതി വാതകം, കൽക്കരി, അണുശക്തി  എന്നിങ്ങനെയുള്ള സ്രോതസ്സുകളെല്ലാം സൂര്യതാപ ഊർജ ഉൽപാദനത്തിന്റെ കാര്യക്ഷമതയ്ക്കു മുന്നിൽ നിഷ്പ്രഭമായിക്കഴിഞ്ഞു. ഇനി ജല, കൽക്കരി, അണുശക്തി പ്ലാന്റുകളൊന്നും ലോകത്തു സ്ഥാപിക്കപ്പെടില്ല. ഇവയുടെ നിക്ഷേപകരെല്ലാം ആഗോളവ്യാപകമായി തങ്ങളുടെ പങ്കു മരവിപ്പിക്കുന്നു.

യാത്രയ്ക്ക് ദിവസവും പുത്തൻ കാർ

ലോകമെമ്പാടുമുള്ള ജല, കൽക്കരി, അണുശക്തി വൈദ്യുതി ഉൽപാദനത്തിന്റെ ധനകാര്യവും നടത്തിപ്പും വലിയ പ്രതിസന്ധിയിലാണ്. ഈ മാറ്റത്തിന്റെ വലിയൊരു ഭാഗമാണ് ഓട്ടോണമസ് ഇലക്ട്രിക് ട്രാൻസ്പോർട്ടേഷൻ. പ്രൈവറ്റ് പാസഞ്ചർ കാറുകൾ സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ നഷ്ടമാണ്. ഒരു വീടിന്റെ പാതി ചെലവുള്ള 'രണ്ടാം വീട്' എന്ന കാർ, ദിവസവും ഏതാണ്ട് ശരാശരി ഒന്നരമണിക്കൂർ മാത്രം ഉപയോഗിക്കുന്നതിനാണു വാങ്ങി സൂക്ഷിക്കുന്നത്. ബാക്കിസമയം അതു വെറുതെ കിടക്കുകയാണ്. മലിനീകരണം, അപകടങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഒട്ടേറെയാണെങ്കിലും ശേഷിയുള്ളവരെല്ലാം കാറിൽ പണം നിക്ഷേപിക്കുന്നത് അതു വലിയൊരു സ്വാതന്ത്ര്യവും സ്റ്റേറ്റസ് ചിഹ്നവുമായതിനാലാണ്. അതിനിനി കാർ സ്വന്തമായിരിക്കണമെന്നില്ല.

അമേരിക്കയിൽ വ്യാപകമായ സിപ്-കാർ (zip-car) മാതൃകയിൽ ഗതാഗത സംവിധാനങ്ങൾ ലോകവ്യാപകമായി ലഭ്യമാകും. ടോണി സീബയുടെയും സ്റ്റാൻഫഡിന്റെയും പ്രവചനങ്ങൾ യാഥാർഥ്യമായാൽ ഏതുതരം പാസഞ്ചർ വാഹനവും ഇപ്പോഴുള്ളതിന്റെ പകുതി ചാലകച്ചെലവിൽ സ്ഥിര ഉപയോഗത്തിനും നമ്മൾ ‘സ്വിഗി’ വഴി ഓർഡർ ചെയ്യുംപോലെ ആപ്പ് വഴി താൽക്കാലികമായും പ്രയോജനപ്പെടുത്തുന്നതിനുള്ള മാതൃകകൾ നിലവിൽവരികയാണ്. ദിവസവും ഓരോ വ്യത്യസ്ത വാഹനം നമുക്ക് ഓടിക്കാം. ഇന്ന് ടാറ്റാ നാളെ ടെസ്‌ല എന്ന മട്ടിൽ. കമ്പനിയുടെ ഗാരിജിൽ ഇന്ന് ഓടിച്ചതു തിരിച്ചുകൊണ്ടിട്ടു നാളെ പുതിയതെടുത്ത് ഓടിക്കാം.

ashok
ബി. അശോക്

എല്ലാറ്റിനും ജിപിഎസ് ഉള്ളതുകൊണ്ടു കാർ നഷ്ടപ്പെടുമെന്നു കമ്പനിക്കും പേടിയില്ല. ഇങ്ങനെയാകുമ്പോൾ മൊത്തം 50% പെട്രോൾ- ഡീസൽ വ്യക്തിഗത വാഹനങ്ങൾ നിരത്തിൽ കുറയുമെന്നാണു കരുതുന്നത്. ഇതൊക്കെ ഉടനെ സംഭവിക്കില്ലെന്നു കരുതിയാൽ തെറ്റി. 2030ൽ നിരത്തിൽ പെട്രോൾ- ഡീസൽ വണ്ടികളുണ്ടാവില്ലെന്നാണു സ്റ്റാൻഫഡ് എനർജി പ്രോഗ്രാമിന്റെ പ്രവചനം. 

ആപ്പിലൂടെ ആവശ്യപ്പെടാം; വാഹനം അരികിലെത്തും

ചെലവുകുറഞ്ഞ ലൈഡാർ (LIDAR) സാങ്കേതികവിദ്യ ചലിപ്പിക്കുന്ന ഓട്ടോണമസ് കാറുകളും നിരത്തിലേക്കു വരികയാണ്. ഡ്രൈവിങ് അറിയാത്തവർക്കും കാർ ആപ്പിലൂടെ ആവശ്യപ്പെട്ട് ഇഷ്ടവാഹനം ഷെഡ്യൂൾ ചെയ്യാം.  ഇഷ്ടഭക്ഷണം പോലെ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ഇഷ്ടവാഹനം ഓർഡർ ചെയ്യാം; ഉപയോഗിക്കാം. എത്തിപ്പെടേണ്ട  സ്ഥലം കൃത്യമായി ടൈപ്പ് ചെയ്താൽ നിർമിതബുദ്ധിയുള്ള കാർ ദൈർഘ്യവും ട്രാഫിക്കും കുറവുള്ള പാത തിരഞ്ഞെടുത്ത് ഒരിടത്തും മുട്ടാതെയും തട്ടാതെയും നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും.

യാത്രയ്ക്കിടെ നമുക്കു കാറിൽ സിനിമ കാണാം; ഫോൺ ചെയ്യാം, ഡ്രൈവിങ് റിസ്‌ക്കുമില്ല. ഇപ്പോൾത്തന്നെ മനുഷ്യ ഡ്രൈവറെക്കാൾ കംപ്യൂട്ടർ ചലിപ്പിക്കുന്ന കാറുകൾ  സുരക്ഷിതമാണ്. 'ഓട്ടോണമസ്' സാങ്കേതികവിദ്യയ്ക്ക് ഓരോകാറിനും പത്തുലക്ഷം രൂപ ചെലവുണ്ടെങ്കിലും ഇത് അടുത്ത 3 വർഷം കൊണ്ടു സാധാരണക്കാരനു താങ്ങാവുന്ന നിലയിലെത്തും. 2-3 ലക്ഷം രൂപ അധികച്ചെലവിൽ ഓട്ടോണമസ് വാഹനങ്ങൾ നമ്മുടെ നിരത്തിൽ വരും.

മനസ്സിലാക്കണം, ലോകത്തിന്റെ മാറ്റം

ഇന്ധനവിലയെക്കുറിച്ച്  ഉത്കണ്ഠപ്പെടുന്നതുപോലെ നമ്മൾ സാങ്കേതികവിദ്യാമാറ്റവും ശ്രദ്ധിക്കണം. ലഭ്യമായ സബ്സിഡി സ്വീകരിച്ച് രണ്ട് - മൂന്ന് കിലോവാട്ട് ശേഷിയുള്ള സോളർപാനൽ  വീട്ടിൽ സ്ഥാപിക്കുകയും ഇലക്ട്രിക് സ്കൂട്ടറോ കാറോ വാങ്ങുകയുമാണു നാം ചെയ്യേണ്ടത്. ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ  ബാറ്ററിയിൽനിന്നു വീട്ടിലേക്കും വൈദ്യുതി പ്രസരിപ്പിക്കും. ചെലവുകുറഞ്ഞ സൗരോർജം ഗ്രിഡിലുള്ളപ്പോൾ കംപ്യൂട്ടർവൽകൃത സ്മാർട്ട് മീറ്ററുകൾ മുഖേന കാറിന്റെ ബാറ്ററി ചാർജ് ചെയ്യാം. വൈദ്യുതി വിലയുയരുമ്പോൾ നേരത്തെ സംഭരിച്ചതു വീട്ടിലേക്കു ലഭ്യമാക്കാം. ഇത് ഇന്ധനവിലക്കയറ്റത്തിൽനിന്ന് ഏതാണ്ടു പൂർണമുക്തി നമുക്കു നൽകും.

പുരപ്പുറത്തുള്ള സൂര്യനെ പിടികൂടാത്തവർക്കാണ് ഇനി ഇന്ധനവില ബാധ്യതയാകുക. രണ്ട് ഇ-കാറുള്ളവർക്കു സദാ വൈദ്യുതി സ്റ്റാൻഡ്ബൈയും ഉണ്ടാവും. 15 ലക്ഷം രൂപ ചെലവുള്ള ഇ-കാർ വാങ്ങി അഞ്ചു വർഷത്തിനുള്ളിൽ ഇപ്രകാരം പൂർണലാഭമാകും. 2 ലക്ഷം രൂപ ഗാർഹിക സൗരോർജത്തിൽ ചെലവിട്ടതു ഫലത്തിൽ ഗതാഗതം സൗജന്യമാക്കും.

ഭൂരിപക്ഷം വീടുകളും നല്ല ശതമാനം വാണിജ്യവ്യവസായങ്ങളും ചെലവുകുറഞ്ഞ സൗരോർജ-കാറ്റാടി വൈദ്യുതി സ്വന്തമാക്കിയാൽ കൽക്കരി-ഗ്യാസ് വൈദ്യുതി ഉൽപാദകർ ഭാവിയിൽ എന്തുചെയ്യും?  50% മലയാളികളെങ്കിലും ഗാർഹിക സോളർ-ഇ വാഹനം- സ്മാർട് മൈക്രോഗ്രിഡ് സങ്കേതത്തിലായാൽ ഇന്നുള്ള മുഴുവൻ പെട്രോൾ വിതരണശൃംഖലകളും അനുബന്ധവ്യവസായങ്ങളും മാറിമറിയും. എത്ര വലിയ സാങ്കേതിക– സാമ്പത്തികമാറ്റമാണ് വരാനിരിക്കുന്നതെന്നു നമ്മൾ മനസ്സിലാക്കുന്നുണ്ടോ? 2030ൽ കൺമുന്നിലുണ്ടാകുന്ന മാറ്റത്തിനായി നമ്മൾ എത്രകണ്ട് തയാറെടുക്കും; എത്ര ഭംഗിയായി തടസ്സങ്ങളില്ലാതെ അതു കൈകാര്യം ചെയ്യും എന്നതാണു ചോദ്യം.

(സംസ്ഥാന ഊർജ സെക്രട്ടറിയാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)

English Summary: Energy management in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com