ADVERTISEMENT

അടുത്തിടെ റിലീസ് ചെയ്ത ‘ഓപ്പറേഷൻ ജാവ’ എന്ന മലയാള സിനിമയിൽ ബാങ്കിൽനിന്നു ചിലർ പണം തട്ടിയെടുത്തെന്ന പരാതിയുമായി സൈബർ പൊലീസ് സ്റ്റേഷനിൽ എത്തുന്ന ഒരു കഥാപാത്രമുണ്ട്. തന്നെ ഫോണിൽ വിളിച്ച്  ഒരാൾ കാർഡ് നമ്പറും ഒടിപിയുമെല്ലാം വാങ്ങിയെന്നും പിന്നാലെ ബാങ്കിൽനിന്നു പണം പോയെന്നുമാണ് അദ്ദേഹത്തിന്റെ പരാതി. 

ഇതു വെറുമൊരു സിനിമാക്കഥയല്ല; ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ഓരോ ദിവസവും നമ്മൾ യഥാർഥ ജീവിതത്തിൽ കേൾക്കുന്നുണ്ട്. സിനിമയിൽ തട്ടിപ്പിനിരയായത് ഒരു ബാങ്ക് ഉദ്യോഗസ്ഥനാണെന്നാണു പറയുന്നത്! ജീവിതത്തിലാകട്ടെ എല്ലാമേഖലകളിലുംപെട്ടവർ ഇരകളാകുന്നുണ്ട്.  

3 രീതിയിലാണു തട്ടിപ്പുകാർ നമ്മളെ സമീപിക്കുക: ഫോൺ കോൾ, ഇ മെയിൽ, എസ്എംഎസ്. ബാങ്കിൽനിന്നാണെന്ന വ്യാജേന നിങ്ങളെ ഒരാൾ ഫോണിൽ വിളിക്കുന്നു. പുതിയ ക്രെ‍ഡിറ്റ് കാർഡ് തരാമെന്നോ ഉള്ളതിന്റെ പരിധി വർധിപ്പിക്കാമെന്നോ വായ്പ അനുവദിക്കാമെന്നോ ഒക്കെയാകും ഓഫർ. ഇതിൽ നമ്മളെ വീഴ്ത്തി നമ്മുടെ അക്കൗണ്ട് വിശദാംശങ്ങളെല്ലാം ചോർത്തിയെടുത്തു പണം തട്ടും.  Vishing എന്നാണ് ഈ രീതി അറിയപ്പെടുന്നത്.

മറ്റൊന്ന്, ഫോണിലേക്കു വരുന്ന എസ്എംഎസ് സന്ദേശമാണ്. ലോൺ, ക്രെഡിറ്റ് കാർഡ്, എടിഎം കാർഡ് ബ്ലോക്ക്, അക്കൗണ്ട് കെവൈസി പുതുക്കൽ എന്നിങ്ങനെ പല രീതിയിൽ എസ്എംഎസ് വരും. അതിൽ ഒരു വെബ്സൈറ്റിലേക്കുള്ള ലിങ്കും ഉണ്ടാകും. ആ ലിങ്കിൽ കയറി നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നായിരിക്കും സന്ദേശം. വിവരങ്ങൾ കൊടുക്കുന്നതോടെ തട്ടിപ്പുകാർക്കു നിങ്ങളുടെ അക്കൗണ്ട് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. ഇതാണു Smishing. ഇതേ രീതിയിലാണ് ഇ മെയിൽ വഴിയുള്ള തട്ടിപ്പും. മെയിലിലെ ലിങ്കിൽ പോയി വിവരങ്ങൾ കൊടുത്താൽ കാശു പോയ വഴിയറിയില്ല.  

bank-msg

ഫിഷിങ് (Phishing) എന്നാണു പൊതുവേ ഇത്തരം തട്ടിപ്പുകളെ വിളിക്കുന്നത്. ഒരു ചൂണ്ടെയെറിഞ്ഞ്, അതിൽ നമ്മൾ കൊത്തിയാൽ നമ്മുടെ വിവരങ്ങൾ ചോർത്തി തട്ടിപ്പു നടത്തുന്നതുകൊണ്ട് ഈ പേര് വളരെ ഉചിതവുമാണ്! 

കോവിഡിനൊപ്പം വ്യാപനം  

കോവിഡ്കാലത്ത് ഫിഷിങ് തട്ടിപ്പുകൾ വളരെയധികം വർധിച്ചെന്നാണു വിലയിരുത്തൽ. ലോക്ഡൗണും മറ്റും വന്നതോടെ ഓൺലൈൻ ഇടപാടുകളിലുണ്ടായ കുതിച്ചുചാട്ടം ഇതിന്റെ കാരണങ്ങളിലൊന്നാണ്. 

ടെലികമ്യൂണിക്കേഷൻ കമ്പനിയായ വെരിസോണിന്റെ 2021ലെ ഡേറ്റ ബ്രീച്ച് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പ്രകാരം ഈ വർഷം ഫിഷിങ് തട്ടിപ്പ് 11% വർധിച്ചിട്ടുണ്ട്. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഇത്തരം തട്ടിപ്പുകൾ തടയുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്ന അമേരിക്കൻ കമ്പനി സ്ലാഷ്‌നെക്സ്റ്റിന്റെ പഠനപ്രകാരം 2020ൽ മുൻവർഷത്തെ അപേക്ഷിച്ച് ഫിഷിങ് കേസുകളുടെ എണ്ണം 40 ശതമാനത്തോളമാണു വർധിച്ചത്. 

എങ്ങനെ കരുതിയിരിക്കാം

ഇതോടൊപ്പം ചേർത്തിട്ടുള്ള ചിത്രങ്ങൾ നോക്കൂ.   പല ബാങ്കുകളുടെ പേരിൽ വന്നിട്ടുള്ള മെസേജുകളാണിത്. ഇവ ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ നമുക്കു മനസ്സിലാക്കാം:

∙ ഉപയോഗിച്ചിരിക്കുന്ന ഭാഷ. അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുമെല്ലാമുണ്ട്. കൊള്ളാവുന്ന ബാങ്കുകൾ അയയ്ക്കുന്ന മെസേജുകളിൽ ഇങ്ങനെ വരാനിടയില്ല. 

∙ മെസേജിലുള്ള ലിങ്കുകൾ നോക്കുക: യഥാർഥ ബാങ്കുകളുടെ വെബ്സൈറ്റുകളുടെ അഡ്രസ് ഇങ്ങനെയാവില്ല. ഉദാഹരണത്തിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ യഥാർഥ വെബ്സൈറ്റ് വിലാസം   www.rbi.org.in എന്നാണ്.  

∙ മാത്രമല്ല, എല്ലാ ബാങ്കുകളും ആവർത്തിച്ചാവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്. അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് ഒരിക്കലും അവർ ഫോൺ ചെയ്യില്ല. ഇക്കാര്യങ്ങൾ തേടി എസ്എംഎസോ ഇ മെയിലോ അയയ്ക്കില്ല. 

∙ ബാങ്കിൽനിന്നുള്ള ഇ മെയിൽ എന്ന പേരിൽ വരുന്നവയുടെ ഫ്രം അഡ്രസ് പ്രത്യേകം നോക്കുക. അതിൽ യഥാർഥ ബാങ്കിന്റെ പേരിനോട് ഒരക്ഷരമോ മറ്റോ കൂട്ടിച്ചേർത്തിട്ടുണ്ടാകും. അതുപോലെ നല്ല ബാങ്കുകളൊന്നും ജി മെയിൽ പോലുള്ള പൊതു മെയിൽ സേവനങ്ങളാകില്ല ഉപയോഗിക്കുക. അവർക്കു സ്വന്തമായ മെയിൽ ഐഡി ഉണ്ടാകും.  

തട്ടിപ്പുകൾ വർധിക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, കരുതിയിരുന്നാൽ അതിനെ അതിജീവിക്കാൻ കഴിയും.  സിനിമയിൽ പറഞ്ഞതുപോലെ ഫോൺ ചെയ്യുന്ന എല്ലാവരോടും എല്ലാം വിളിച്ചു പറയരുത്. എസ്എംഎസിൽ വരുന്ന എല്ലാ ലിങ്കിലും കൈവയ്ക്കരുത്!

English Summary: Online bank fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com