ADVERTISEMENT

ആറു പൊലീസുകാരുൾപ്പെടെ ഏഴ് അസം സ്വദേശികൾ കൊല്ലപ്പെട്ട അസം– മിസോറം ‘അതിർത്തി യുദ്ധം’ അവസാനിച്ചെങ്കിലും സംഘർഷസ്ഥിതി മാറിയിട്ടില്ല. അസമിന്റെ അപ്രഖ്യാപിത ഉപരോധം മൂലം മിസോറമിൽ മരുന്നടക്കമുള്ള അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷം. ഇന്നലെ പുലർച്ചെ അസം അതിർത്തികടന്ന് ചില ട്രക്കുകൾ എത്തിയെന്നതാണ് ആകെയുള്ള ആശ്വാസം

ഏഴു പേർ കൊല്ലപ്പെട്ട അസം - മിസോറം ‘അതിർത്തി യുദ്ധ’ത്തിനു താൽക്കാലിക വിരാമമായെങ്കിലും ഇരു സംസ്ഥാനങ്ങളിലെയും അതിർത്തി ജില്ലകളിൽ സംഘർഷാവസ്ഥ തുടരുകയാണ്. അസമിലെയും മിസോറമിലെയും മുതിർന്ന മന്ത്രിമാർ ഐസോളിൽ ഒത്തുചേർന്ന് അനുരഞ്ജനചർച്ചകൾക്കു തുടക്കമിട്ടു മണിക്കൂറുകൾക്കകം അസമിലെ കച്ചറിൽ മിസോറമിലേക്കുള്ള ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടു. അസമിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം മൂലം ദുരിതത്തിലാണു മിസോറം ജനത. മരുന്നും ഓക്സിജനും എത്തിക്കാനാവാത്തതിനാൽ കോവിഡ് രോഗികൾ ഉൾപ്പെടെയുള്ളവരുടെ കൂടുതൽ മരണത്തിനു മിസോറം സാക്ഷ്യംവഹിക്കുമെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് അസമിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും മിസോറം ആരോഗ്യമന്ത്രിതന്നെ പറയുന്നു. ഇന്ധനലഭ്യത കുറഞ്ഞതിനാൽ മിസോറമിൽ പെട്രോളിനും ഡീസലിനും റേഷനിങ് ആരംഭിച്ചു. ഇന്നലെ പുലർച്ചെയോടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ട്രക്കുകളിൽ ചിലത് അസം അതിർത്തികടന്നു മിസോറമിലെത്തിയത് ആശ്വാസവാർത്തയായി. എന്നാൽ, വാഹനം ആക്രമിക്കപ്പെടുമോയെന്ന ഭയംമൂലം ട്രക്ക്ഡ്രൈവർമാരിൽ പലരും അസം അതിർത്തി കടക്കാൻ മടിക്കുകയാണ്. 

കഴിഞ്ഞ മാസം 26ന് ആണ് അസം പൊലീസും മിസോറം പൊലീസും അതിർത്തിയിൽ ഏറ്റുമുട്ടിയത്. ആറു പൊലീസുകാർ ഉൾപ്പെടെ ഏഴുപേർ വെടിയേറ്റു മരിച്ചു. അസമിലെ കച്ചർ എസ്പി: വൈഭവ് ചന്ദ്രകാന്ത് നിംബൽക്കർ ഉൾപ്പെടെ അൻപതിലധികം പൊലീസുകാർക്കു വെടിയേറ്റു. മരിച്ചവരെല്ലാം അസമിൽ നിന്നുള്ളവരാണ്. 

ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളിലെ പൊലീസുകാർ ശത്രുരാജ്യങ്ങളെന്നപോലെ ആയുധങ്ങളുമായി അതിർത്തിയിൽ പോരടിക്കുന്നതു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ താമസിക്കുന്നവരെ  അദ്ഭുതപ്പെടുത്തുന്നതാണ്. പക്ഷേ, അതിർത്തികൾ അഭിമാനംപോലെ കരുതുന്ന ഗോത്രവർഗവിഭാഗങ്ങൾ ജീവിക്കുന്ന വടക്കുകിഴക്കൻ ഇന്ത്യയിൽ അതിർത്തി സംരക്ഷണത്തിനായുള്ള പോരാട്ടങ്ങൾ പുതിയതല്ല. മിസോറമുമായി മാത്രമല്ല, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളുമായും അസമിന് അതിർത്തിത്തർക്കമുണ്ട്. നാഗാലാൻഡുമായി നടന്ന അതിർത്തി കലാപത്തിൽ നൂറിലധികംപേർ കൊല്ലപ്പെടുകയും ചെയ്തു. ഇരുസംസ്ഥാനങ്ങളിലെയും പൊലീസുകാർ ഏറ്റുമുട്ടിയ സംഭവങ്ങളും മുൻപുണ്ടായിട്ടുണ്ട്.

അതിർത്തിത്തർക്കത്തിന് ഒന്നരനൂറ്റാണ്ടിന്റെ പഴക്കം

മിസോറമും അസമും തമ്മിലുള്ള അതിർത്തിത്തർക്കത്തിന് 150 വർഷത്തെ ചരിത്രമുണ്ട്. ബ്രിട്ടിഷ്കാലത്തു പുറപ്പെടുവിച്ച രണ്ടു വിജ്ഞാപനങ്ങളാണ് അസം -മിസോറം തർക്കത്തിനു തുടക്കമിട്ടത്.  പ്രത്യേക കേന്ദ്രഭരണപ്രദേശവും പിന്നീടു സംസ്ഥാനവുമാകുന്നതിനു മുൻപ് ഇപ്പോഴത്തെ മിസോറം, അസമിന്റെ ഭാഗമായ ലുഷായ് ഹിൽസ് ഡിസ്ട്രിക്ട് ആയിരുന്നു. ലുഷായ് ഗോത്രപ്രദേശങ്ങളും  അസമിലെ കച്ചർ സമതലവും തമ്മിലുള്ള അതിർത്തി വിഭജിക്കുന്നതിനു ബ്രിട്ടിഷ്കാലത്ത് രണ്ടു വിജ്ഞാപനങ്ങളാണ് ഇറക്കിയത്- 1875ലും 1933ലും. ഇതിൽ 1875ലെ വിജ്ഞാപനത്തെയാണു മിസോറം അംഗീകരിക്കുന്നത്. എന്നാൽ ലുഷായ് കുന്നുകളെ മണിപ്പുരുമായി വിഭജിക്കുന്ന 1933ലെ വിജ്ഞാപനമാണ് അസം അംഗീകരിക്കുന്നത്. 

 തങ്ങളുടെ ഗോത്രത്തലവൻമാരുമായി ആലോചിക്കാതെയാണ്  1933ലെ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും ഇതു സ്വീകാര്യമല്ലെന്നും മിസോറം പറയുന്നു. 1873ലെ ബംഗാൾ ഫ്രണ്ടിയർ റഗുലേഷൻ ആക്ടിന്റെ തുടർച്ചയാണ് 1875ലെ വിജ്ഞാപനമെന്നും  ഇതരസംസ്ഥാനക്കാർക്കു മിസോറമിൽ പ്രവേശിക്കുന്നതിന് ആവശ്യമായ ഇന്നർലൈൻ പെർമിറ്റിന്റെ തുടക്കം അവിടെനിന്നാണെന്നും മിസോറം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പുതിയ വിജ്ഞാപനം വരുമ്പോൾ പഴയത് അപ്രസക്തമാകുമെന്നാണ് അസം മുന്നോട്ടുവയ്ക്കുന്ന വാദം.

ബ്രിട്ടിഷ്കാലത്തെ നിയമങ്ങളും വിജ്ഞാപനങ്ങളുമല്ല, മിസോറമിനെ അസമിൽനിന്നു വേർപെടുത്തി കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചപ്പോൾ തീരുമാനിച്ച അതിർത്തിയാണു പരിഗണിക്കേണ്ടതെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറയുന്നത്. പക്ഷേ, ഈ അതിർത്തി തുടക്കംതൊട്ടേ തർക്കങ്ങൾക്കു കാരണമായിരുന്നു. മിസോറമിലെ ലുഷായ് ഗോത്രം അധിവസിക്കുന്ന ഏതാനും പ്രദേശങ്ങൾ ഇപ്പോഴത്തെ അസമിലാണ്. സമതലങ്ങളും ചെറുകുന്നുകളും അസം കയ്യടക്കിവച്ചപ്പോൾ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള, കുത്തനെയുള്ള കുന്നുകളാണു മിസോറമിനു ലഭിച്ചതെന്ന് അവർ ആരോപിക്കുന്നു.

അടി തുടങ്ങിയത് വനത്തിന്റെ പേരിൽ

ഒരു കാലത്ത്  അസമിന്റെ ഭാഗമായിരുന്നു മിസോറമും മേഘാലയും നാഗാലാൻഡും. 1963ൽ നാഗാലാൻഡ് ആണ് ആദ്യം വേർപെടുന്നത്. ഒട്ടേറെ സായുധകലാപങ്ങളുടെകൂടി അനന്തരഫലമായിരുന്നു അത്. 1972ൽ മേഘാലയയും മിസോറമും അസമിൽനിന്നു വേർപെട്ടു. അസമിന്റെ തലസ്ഥാനമായിരുന്ന ഷില്ലോങ് മേഘാലയയുടെ ഭാഗമായി. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണസമയത്തു പലയിടത്തും കൃത്യമായി അതിർത്തികൾ രേഖപ്പെടുത്താത്തതു പ്രശ്നങ്ങൾ രൂക്ഷമാക്കി. അസം - മിസോറം അതിർത്തിയിലെന്നപോലെ ചില സ്ഥലങ്ങളിൽ വനങ്ങളും മറ്റുമാണ് അതിർത്തിയായത്. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ അനുസരിച്ച് അസം, മേഘാലയ, ത്രിപുര, മിസോറം എന്നിവിടങ്ങളിലെ ഗോത്രപ്രദേശങ്ങൾക്കു സ്വയംഭരണ കൗൺസിലുകൾ അനുവദിച്ചതോടെ ഭൂമി, വനം എന്നിവയിൽ സ്വതന്ത്രാധികാരവുമായി. സംസ്ഥാനങ്ങളുടെ വിശാലതാൽപര്യങ്ങൾക്കപ്പുറം സ്വയംഭരണ കൗൺസിലുകൾ ഇത്തരം തർക്കങ്ങൾ കൈകാര്യം ചെയ്തതു സ്ഥിതി രൂക്ഷമാക്കി.  

assam riot 1

അസമിലെ കച്ചർ, ഹെയ്‌ലകന്ദി, കരിംഗഞ്ച് ജില്ലകളിലും മിസോറമിലെ ഐസോൾ, കൊലാസിബ്, മാമിത് ജില്ലകളിലുമായി 164 കിലോമീറ്റർ അതിർത്തിയാണ് ഇരുസംസ്ഥാനങ്ങളും പങ്കുവയ്ക്കുന്നത്.  ജനവാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അതിർത്തിത്തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും അസം - മിസോറം അതിർത്തിയിലെ വനമേഖലയാണ് (ഇന്നർലൈൻ ഫോറസ്റ്റ്) രണ്ടു സംസ്ഥാനങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ തർക്കത്തിന്റെ പ്രധാനവിഷയം. 509 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രകൃതിദത്ത വനാതിർത്തിയാണ് ഇത്. മിസോറം വനം കയ്യേറുകയും കൃഷി ഭൂമിയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അസം സർക്കാരിന്റെ ആരോപണം. ഒരു ഫാം ഹൗസ് ഉൾപ്പെടെ കൃഷിയിടങ്ങൾ അസം പൊലീസും വനം വകുപ്പും ചേർന്നു തീയിട്ടിരുന്നു. തുടർന്നാണു സംഘർഷം മൂർച്ഛിക്കുന്നത്. ഒടുവിൽ മിസോറം അതിർത്തിയിലെത്തി, പൊലീസ് ഡ്യൂട്ടി പോസ്റ്റ് അസം പൊലീസ് നീക്കം ചെയ്തതോടെയാണു വെടിവയ്പിനു തുടക്കമായത്.  

അസം– മേഘാലയ തർക്കം പരിഹരിക്കാൻ സമിതി

അസം- നാഗാലാൻഡ് തർക്കം പലവട്ടം കലാപങ്ങൾക്കു വഴി തെളിയിച്ചിട്ടുണ്ട്. സാധാരണക്കാർ ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടതു നൂറിലധികം പേർക്ക്. 1979, 1985, 2014 വർഷങ്ങളിൽ നാഗാലാൻഡിലെ സായുധ കലാപകാരികൾ നടത്തിയ വെടിവയ്പും ബോംബ് ആക്രമണവും പ്രദേശത്തെ യുദ്ധഭൂമിയാക്കി. 1980ൽ അസം- നാഗാലാൻഡ് പൊലീസ് ഏറ്റുമുട്ടുകയും ചെയ്തു. പക്ഷേ, പൊലീസ് സേനകൾ പരസ്പരം വെടിവയ്ക്കുന്ന രീതിയിലേക്ക് ഒരിക്കലും അസം- മിസോറം തർക്കം മുൻപ് എത്തിയിരുന്നില്ല.

മേഘാലയ- അസം അതിർത്തിത്തർക്കവും പലവട്ടം സംഘർഷാവസ്ഥയ്ക്കു കാരണമായിട്ടുണ്ട്. അസം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്ന ഗുവാഹത്തിയിലെ ദിസ്പൂരിൽനിന്ന് അഞ്ചു കിലോമീറ്റർ പോയാൽ മേഘാലയ അതിർത്തിയായി. ഖാനാപ്പാറ ഉൾപ്പെടെയുള്ള ഗുവാഹത്തി നഗരത്തിലെ പ്രദേശങ്ങളുമായി മേഘാലയയ്ക്കു തർക്കങ്ങളുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തിനു പരിഹാരം കണ്ടെത്തുന്നതിനായി മന്ത്രിമാർ ഉൾപ്പെട്ട സമിതിയെ നിയോഗിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു. ഭരണപരമായ സൗകര്യങ്ങൾ, ചരിത്രപരമായ വസ്തുതകൾ തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും അതിർത്തിയിലെ തർക്കപരിഹാരം. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് പൂർത്തിയാക്കുമെന്ന് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അറിയിക്കുകയും ചെയ്തു.

കേന്ദ്രസേന എത്തിയിട്ടും സ്ഥിതി മാറുന്നില്ല

അസം-മിസോറം അതിർത്തിത്തർക്കം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തർക്കപരിഹാരത്തിന് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉദ്യോഗസ്ഥതല ചർച്ച നടത്തി. ഇതിനുശേഷം ഇരുസംസ്ഥാനങ്ങളിലെയും മന്ത്രിമാർ ചർച്ച നടത്തുകയും പൊലീസിനെ അതിർത്തിയിൽനിന്നു പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ,  പൊലീസ് അതിർത്തിയിൽനിന്നു പിന്മാറുകയും കേന്ദ്ര സേനയായ സിആർപിഎഫ് സംസ്ഥാന അതിർത്തിയുടെ പൂർണനിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിട്ടും സമാധാന അന്തരീക്ഷം ഇതുവരെ ഉണ്ടായിട്ടില്ല. 

  കടുത്ത ശത്രുതയോടൊണ് ഇരുസംസ്ഥാനങ്ങളിലെയും ഒരു വിഭാഗം ജനങ്ങൾ മറുഭാഗത്തെ നോക്കിക്കാണുന്നത്. ഇതിന്റെ തുടർച്ചയാണ് അന്തർ സംസ്ഥാന യാത്രകൾക്ക് അനുമതി ലഭിച്ചിട്ടും മിസോറമിലേക്കുള്ള ട്രക്കുകൾ അസമിൽ കൊള്ളയടിക്കപ്പെട്ടത്. അസമിനെയും മിസോറമിനെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിൽ ചരക്കുനീക്കം സുഗമമാകാത്തതിനാൽ കോവിഡ് ചികിത്സയ്ക്കായുള്ള ജീവൻ രക്ഷാമരുന്നുകൾ, ഓക്സിജൻ എന്നിവ റോഡുമാർഗം എത്തിക്കാനാവാതെ മിസോറം ബുദ്ധിമുട്ടുകയാണ്. അസമിൽനിന്ന് ഓയിൽടാങ്കറുകളും മിസോറമിൽ എത്തുന്നില്ല. 

നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കിൽ ജനങ്ങൾ നേരിട്ട് ഏറ്റുമുട്ടുന്ന രീതിയിലേക്കു വിഷയം മാറിയേക്കുമെന്ന് ഇരുസംസ്ഥാനങ്ങളും ഭയപ്പെടുന്നുമുണ്ട്.

English Summary: Assam Mizoram border dispute reasons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com