കുടുംബസ്നേഹം എന്ന മന്ത്രം

fund
SHARE

കുടുംബത്തെ സ്നേഹിക്കുന്നവർക്കേ ജനങ്ങളെ സേവിക്കാൻ കഴിയൂ. കമ്യൂണിസ്റ്റ് പാർട്ടികളിലെ രണ്ടു കഷണങ്ങളിലെയും നേതാക്കളുടെ പുതിയ ആത്മമന്ത്രമാണിത്. ആ സ്നേഹത്തെ ബന്ധുനിയമനം എന്നൊക്കെ വിളിക്കുന്നവർ ഉണ്ടാകും. 

ഇടശേരിയുടെ മനോഹരകാവ്യമായ പുത്തൻകലവും പൊന്നരിവാളും വായിക്കാത്തവരല്ല ഈ നേതാക്കൾ. ‘അധികാരം കൊയ്യണമാദ്യം നാം; അതിനു മേലാകട്ടെ പൊന്നാര്യൻ.’ വിപ്ലവം തുടിക്കുന്ന വരികൾ. അടിച്ചിറക്കപ്പെട്ടവരുടെ വേദനയായിരുന്നു കവിഹൃദയത്തിൽ. അധികാരത്തണലിൽ ബന്ധുനിയമനമാണു പക്ഷേ, സഖാക്കളുടെ മനസ്സിൽ. 

ആദർശത്തിന്റെ പൊന്മുടി കയറിയ ഒരു നേതാവുണ്ട് മുന്നിൽ. അധികാരത്തിന്റെ ഇത്തിളുകൾ വീട്ടിലേക്കു വളരരുതെന്നു ശാഠ്യമുള്ള വലതുസഖാവ്. പക്ഷേ, സർക്കാർ വക്കീലന്മാരുടെ പട്ടികയിൽ അറിയാതെ പെട്ടുപോയി അനന്തരതലമുറയിലെ ഒരാൾ. കഷ്ടമെന്നല്ലാതെ എന്തുപറയാൻ. കർമവിശുദ്ധിയിൽ കരിപുരട്ടാൻ ആരോ ചെയ്തതാകും. ആ മാന്യദേഹം ബന്ധുവിനെ നിയമിക്കാൻ വാദിച്ചുവെന്നു വിശ്വസിക്കാൻ തെളിവുകളില്ല. തൊഴിൽ അല്ലെങ്കിൽ സമരം ഓർമയില്ലേ? എഐഎസ്എഫിന്റെ ചരിത്രത്തിന്റെ ചോരനിറമുള്ള മുദ്ര. ആ സമരത്തിൽ മുന്നിൽനിന്ന തിളയ്ക്കുന്ന യൗവനത്തിന്റെ സൂര്യശോഭ കെടുത്താൻ ചെയ്ത ദ്രോഹം. അല്ലെങ്കിലും മരപ്രേമികളെ നശിപ്പിക്കാൻ പല കുത്സിത പ്രവർത്തനങ്ങളും നടക്കുന്ന കാലമാണല്ലോ!

കൊച്ചിയിൽ ട്വന്റി ട്വന്റി മത്സരം നടക്കുന്നതിനിടെ കോൺഗ്രസിന്റെ വിളക്കണഞ്ഞു. അങ്ങനെ ഇടതുവശത്തുകൂടി നിയമസഭയിലെത്തിയ ഭാഗ്യവാൻ. അതുകൊണ്ടരിശം തീരാതെ ഭാര്യയ്ക്കും ഒരു നിയമനം ഒപ്പിച്ചു. സർക്കാർ വക്കീൽ ഉദ്യോഗം തന്നെ. അച്ഛൻ ആനപ്പുറത്തിരുന്നിട്ടുണ്ട്. അപ്പോൾ മകൾക്കും ആ മോഹം കാണില്ലേ? യാഥാർഥ്യമാക്കി കൊടുക്കേണ്ടതു ഭർത്താവല്ലാതെ മറ്റാര്? അതിനെ ബന്ധുനിയമനമെന്നു വിളിക്കരുതേ എന്നാണ് അപേക്ഷ. 

മറ്റൊരു കക്ഷി ഏരിയ കമ്മിറ്റിയിൽ കയറിയിട്ട് അധികമായില്ല. അപ്പോൾ അതാ വീണുകിട്ടുന്നു ഭരണാധികാരം. അൽപം കഴിഞ്ഞപ്പോൾ ഉള്ളിലൊരു സ്ത്രീസഹജമോഹം. കൂടപ്പിറപ്പിനെ സർക്കാർ വക്കീലാക്കണം. മോഹസാഫല്യത്തിനു നിമിഷങ്ങൾതന്നെ വേണ്ടല്ലോ. 

ഇതൊക്കെ കേൾക്കുമ്പോൾ ഇടതുവലതു ചുവപ്പന്മാരിലെ യുവജനസിംഹങ്ങൾക്കു വല്ലാത്തൊരു അസ്വസ്ഥതയാണ്. ഉള്ളിൽ സാമ്പാർപോലെ തിളച്ചു വരും. കോൺഗ്രസിൽ അധികാരം തീറെഴുതിക്കൊടുക്കുന്നുവെന്നൊക്കെ ഗർജിച്ചവരായിരുന്നല്ലോ. പക്ഷേ, സ്വന്തം മടയിൽ അത് ആവർത്തിക്കുന്നതു കാണുമ്പോൾ മസ്തകം അടിച്ചു പൊളിക്കാൻ തോന്നാറുണ്ട്. എന്തുചെയ്യാൻ? ഉള്ളിലെ രോഷത്തിൽ സ്വയം ഉരുകുന്നവരേ, നിങ്ങൾ വായിക്കുക, മറ്റൊരു ഇടശേരിക്കവിത – പണിമുടക്കം. ‘കുഴിവെട്ടിമൂടുക വേദനകൾ; കുതികൊൾക ശക്തിയിലേക്കു നമ്മൾ.’ 

കുഞ്ഞാപ്പയെന്ന പാർട്ടിയും ജലീൽക്കയുടെ ശപഥവും

നാട്ടിൽ തിരഞ്ഞെടുപ്പു നടന്നാൽപോലും ഒരാളുടെയും പൊരേൽ പോയി അഞ്ചു റുപ്യ പോലും പിരിവെടുക്കാത്ത രാഷ്ട്രീയ പാർട്ടിയുണ്ടെങ്കിൽ അത് ഇൗ മലയാളനാട്ടിൽ ഒന്നേയൊന്നു മാത്രം. അതാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്. റുപ്യ എന്നു കേൾക്കുന്നതു തന്നെ ഓർക്ക് അലർജിയാണ്. ക്യൂബയ്ക്കുവേണ്ടിപ്പോലും ബക്കറ്റു പിരിവുനടത്തുന്ന പാർട്ടികൾ ഇൗ ലീഗുകാരെ കണ്ടുപഠിക്കേണ്ടതാണ്. 

എന്നുവച്ച്, റുപ്യയോടുള്ള അതേ അലർജിയും അനിഷ്ടവും ദിനാർ, റിയാൽ, ദിർഹം കറൻസികളോടും ഉണ്ടാകണമെന്നു പറയാനാവില്ല. അങ്ങനെ വല്ല അനിഷ്ടവും ആ കറൻസികളോടുമുണ്ടോ എന്നു തപ്പിയാണ് ഇഡി സിംഹങ്ങൾ കോഴിക്കോട്ടു ബിമാനം ഇറങ്ങിയത്. പണ്ട് എകെജി സെന്ററിൽനിന്നു ഡോളർ പിടിച്ചെടുക്കാൻ നോക്കീട്ട് അവർക്കു കിട്ടീല്ല. അതിന്റെ കുറവു തീർക്കാനായിരുന്നു കോഴിക്കോട്ടെ പാർട്ടി പത്രത്തിന്റെ ഹെഡാപ്പീസിലേക്കുള്ള യാത്ര. നോക്കുമ്പോൾ ദേ, കണക്കു പുസ്തകത്തിലെ വരവുകോളവും ചെലവുകോളവും തമ്മിൽ പെരുത്ത പൊരുത്തക്കേട് . 

അതെന്താണെന്നറിയാൻ അയച്ച നോട്ടിസുകളുടെ കൂട്ടത്തിൽ ഒന്നു കൊടപ്പനയ്ക്കൽ തറവാട്ടിലേക്കും പോയത് ആകെ പുകിലായി. പുറത്തുനിന്നുള്ള ജലീൽക്കയുടെ ഓപ്പറേഷനു തറവാട്ടിൽനിന്നു തന്നെ ഒരാൾ കൈ കൊടുക്കുകകൂടി ചെയ്തതോടെ സംഗതി ജോറായി. മുൻപു ജലീൽക്കയെ ഇഡി കുറെ വിരട്ടിയതല്ലേ. അതിനൊക്കെ ഇപ്പോൾ ഇക്ക തിരിച്ചടിക്കുകയാണ്. പാർട്ടിയെന്നാൽ കുഞ്ഞാപ്പയാണെന്നും കുഞ്ഞാപ്പയെന്നാൽ വമ്പൻ പാർട്ടിയാണെന്നും മറ്റുമുള്ള വമ്പുപറച്ചിൽ തീർക്കുമെന്നാണു ജലീൽ സായ്‌വ് മനസ്സിൽ കുറിക്കുന്നത്.

hassan

ഗോദയിലില്ല സുധാകരൻ; എവിടെ സൂത്രവിദ്യകൾ?

നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പാറപ്പുറത്തുവീണ കൂഴച്ചക്കപ്പഴം പോലെയായിരുന്നല്ലോ കോൺഗ്രസ്. ചുളയും കുരുവും ചകിണിയുമൊക്കെ പെറുക്കിയൊതുക്കി പുത്തൻ കോൺഗ്രസിനെ സൃഷ്ടിക്കാൻ നിയോഗം ലഭിച്ച നേതാവാണു സുധാകരൻ. സംഘടനയ്ക്കു ശക്തിമരുന്നുമായി വന്ന സുധാകരൻ പക്ഷേ എവിടെ? കുമ്പക്കുടിയിലേക്കു തിരിച്ചുപോയോ? അതോ മിടുക്കരെ കണ്ടെത്താനുള്ള സൂത്രവിദ്യകൾ ഗണിക്കുന്ന തിരക്കിലാണോ? 

ആദ്യം മുഖ്യനെ ചരിത്രംകൊണ്ടു മുറിവേൽപ്പിച്ചു. പിന്നെ, ഒരു മന്ത്രിക്കു ഗുണ്ടാപ്പട്ടം ചാർത്തിക്കൊടുത്തു. അതിനപ്പുറമൊന്നും സുധാകരശൈലി പുറത്തുവന്നിട്ടില്ല. ദിനവും സുധാകരൻ ഗോദയിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ച സാദാ കോൺഗ്രസുകാരൊക്കെ നിരാശയിലാണിപ്പോൾ. വകുപ്പും വകതിരിവുമൊക്കെ പറഞ്ഞു നിയമസഭയിൽ സജീവമാകുന്ന വി.ഡി.സതീശനാകട്ടെ പുറത്തേക്കൊഴുകുന്നുമില്ല. 

കുഴഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ നുഴഞ്ഞുകയറിയതു ഹസൻജി മാത്രം. യുഡിഎഫ് കൺവീനർ കസേര ഇന്നോ നാളെയോ എന്ന സ്ഥിതിയിലായിരുന്നു. അങ്ങ് ആന്റണിയും ഇങ്ങ് ഉമ്മൻ ചാണ്ടിയും എടങ്ങേറിടാതെ ചെന്നിത്തലയും നിന്നപ്പോൾ ഹസൻ സുരക്ഷിതൻ. 

അവിടേക്കു വരാൻ ഓടിക്കൊണ്ടിരുന്ന കെ.മുരളീധരനും കിട്ടിയതു പഴയ കസേര തന്നെ. പ്രചാരണസമിതി ചെയർമാൻ. മുല്ലപ്പള്ളിയോടു പിണങ്ങി മാസങ്ങൾക്കുമുൻപു പൊന്തക്കാട്ടിലേക്കു വലിച്ചെറിഞ്ഞതാണീ കസേര. ഇപ്പോൾ അതുതന്നെ ആരോ പൊടിതട്ടിയെടുത്ത് ഇട്ടുകൊടുത്തു. കേഎം അതെടുക്കില്ലെന്ന് ഒട്ടിനിൽക്കുന്നവരിൽ പലരും പറഞ്ഞു. മുരളിജി പക്ഷേ, അവരുടെ പ്രതീക്ഷയ്ക്കൊത്തു നിന്നില്ല. തിരികെവന്നശേഷം നേതൃത്വം പറയുന്നതെല്ലാം അക്ഷരച്ചോർച്ചയില്ലാതെ അദ്ദേഹം അനുസരിക്കും. ഉമ്മൻ ചാണ്ടിയുടെ കാലത്തു മന്ത്രിസഭയിൽ എടുത്തില്ല. വട്ടിയൂർക്കാവിൽനിന്നു വടകരയിലേക്കു വിട്ടു. പിന്നെ നേമത്തേക്കും. അപ്പോഴൊക്കെയും കെഎം പുഞ്ചിരിച്ചു നിന്നിട്ടേയുള്ളൂ. ഇനിയും അതു കാണാം.

സ്റ്റോപ് പ്രസ്

ഇത്തവണ വെർച്വൽ ഓണാഘോഷമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വെർച്വൽ പാതാളം റെഡി

English Summary: Kerala politics; Muslim League; CPM 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA