സുവർണനാമം, നീരജ്

HIGHLIGHTS
  • തലയുയർത്തിപ്പിടിച്ച് ഇന്ത്യ ടോക്കിയോയിൽനിന്നു മടങ്ങുന്നു
AP08_07_2021_000187B
നീരജ് ചോപ്ര
SHARE

പതിറ്റാണ്ടുകളായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണു രാജ്യം. നീരജ് ചോപ്രയെന്ന ഇരുപത്തിമൂന്നുകാരന്റെ കൈക്കരുത്തിൽ 87.58 മീറ്റർ ദൂരത്തേക്കു ചെന്നു തറച്ച ജാവലിൻ കീഴടക്കിയത് ഒരു ഒളിംപിക് സ്വർണം മാത്രമല്ല, ജനകോടികളുടെ മനസ്സുകൂടിയാണ്. അതുകൊണ്ടാണ് ഒളിംപിക് സ്റ്റേഡിയത്തിൽ ദേശീയഗാനം മുഴങ്ങിയപ്പോൾ ഇന്ത്യ മുഴുവൻ എഴുന്നേറ്റുനിന്ന് അഭിമാനത്തിന്റെ ഒരേ സ്വരത്തിൽ ‘ജയ് ഹോ’ വിളിച്ചത്. ഒളിംപിക്സിൽ ഏഴു മെഡലെന്ന എക്കാലത്തെയും മികച്ച ചരിത്രനേട്ടവുമായാണു ടോക്കിയോയിൽനിന്ന് ഇന്ത്യയുടെ മടക്കം.

ഒളിംപിക്സിൽ മിൽഖ സിങ്ങിന്റെയും പി.ടി.ഉഷയുടെയും നാലാം സ്ഥാനങ്ങളും അഞ്ജു ബോബി ജോർജിന്റെ ലോക ചാംപ്യൻഷിപ് മെഡലും മാത്രം അഭിമാനമായി കൊണ്ടുനടന്നിരുന്ന ഇന്ത്യൻ അത്‍‍ലറ്റിക്സിനു പുതുജീവനാണു നീരജ് നൽകിയത്. സുവർണ മെഡൽ കഴുത്തിലണിഞ്ഞു നിൽക്കുന്ന ഈ ഹരിയാനക്കാരന്റെ ചിത്രം വളർന്നുവരുന്ന ഓരോ കായികതാരത്തിന്റെയും മനസ്സിൽ പ്രചോദനമായി എക്കാലവുമുണ്ടാകും. കോവിഡിൽ വശംകെട്ടു നിൽക്കുന്ന രാജ്യത്തിനു പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും സ്വർണപ്രകാശമാണു നീരജ് സമ്മാനിച്ചത്. കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന്, കഠിനാധ്വാനം കൈമുതലാക്കി, സുവർണപീഠമേറിയ അഭിമാനതാരത്തിന് ഇന്ത്യയുടെ അഭിവാദ്യം. 

നമ്മുടെ വനിതാശക്തിയുടെ വിളംബരവുമാണ് ഒളിംപിക്സിൽ മുഴങ്ങിയത്. വീരോചിതം പോരാടി വനിതാ ഹോക്കിയിൽ നാലാം സ്ഥാനം നേടിയ നമ്മുടെ ടീം അവിസ്മരണീയ പ്രകടനമാണു കാഴ്ചവച്ചത്. ഭാരോദ്വഹനത്തിൽ വെള്ളി നേടിയ മീരാബായ് ചാനുവും ബാഡ്മിന്റനിൽ വെങ്കലമണിഞ്ഞ പി.വി.സിന്ധുവും ബോക്സിങ്ങിൽ വെങ്കലം സ്വന്തമാക്കിയ ലവ്‌ലിന ബോർഗോഹെയ്നുമെല്ലാം ഭാരതത്തിന്റെ സ്ത്രീക്കരുത്ത് ടോക്കിയോയിലെ പോർക്കളങ്ങളിൽ വരച്ചിട്ടു. മണിപ്പുരിലെ പിന്നാക്കമേഖലയിൽനിന്നു പ്രതിസന്ധികളുടെ ഭാരമുയർത്തി തിളങ്ങിയ മീരയും തുടരെ രണ്ടാം ഒളിംപിക്സിലും ബാഡ്മിന്റനിൽ രാജ്യത്തിന്റെ പ്രതീക്ഷ കാത്ത സിന്ധുവും അസമിലെ സാധാരണ കുടുംബത്തിൽനിന്നുവന്ന് മനക്കരുത്തിന്റെ റിങ്ങിൽ വീറോടെ പൊരുതിയ ലവ്‌ലിനയും നവഇന്ത്യയിൽ മാറ്റത്തിന്റെ പതാകവാഹകരാകുന്നു.

കൃഷിപ്പണിക്കാരനായ പിതാവിന്റെ തുച്ഛവരുമാനത്തിൽനിന്നു മിച്ചംപിടിച്ച തുകയുമായി ഗുസ്തി പരിശീലനം നടത്തി ഗോദയിലെ എതിരാളികളെ മലർത്തിയടിച്ചു വെള്ളി നേടിയ രവികുമാർ ദഹിയയിലും നിശ്ചയദാർഢ്യത്തോടെ പൊരുതി വെങ്കലം നേടിയ ബജ്‍രംഗ് പൂനിയയിലും ഇനിയും രാജ്യത്തിനു പ്രതീക്ഷ വയ്ക്കാം. നാലു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി വെങ്കലം നേടിയ പുരുഷ ടീം, ഹോക്കിയിൽ ഇന്ത്യ പഴയ സുവർണകാലം വീണ്ടെടുക്കുമെന്ന പ്രതീക്ഷയേകുന്നു. എതിർനിരയുടെ ആക്രമണങ്ങളെ അച‍ഞ്ചലനായി പ്രതിരോധിച്ചു ഗോൾവല കാത്ത മലയാളിതാരം പി.ആർ.ശ്രീജേഷിലൂടെ 49 വർഷത്തിനുശേഷം കേരളത്തിലും ഒളിംപിക് മെഡൽ എത്തി. വനിതാ ഗോൾഫിൽ നാലാം സ്ഥാനത്തെത്തിയ അദിതി അശോകും പുരുഷ 4–400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡിട്ട മലയാളികൾ ഉൾപ്പെട്ട റിലേ ടീമും ഡിസ്കസ് ത്രോ ഫൈനലിൽ കടന്ന കമൽപ്രീത് കൗറും അഭിമാനത്തോടെയാണു ടോക്കിയോയിൽനിന്നു മടങ്ങുന്നത്. 

ലണ്ടൻ ഒളിംപിക്സിലെ 6 മെഡൽനേട്ടത്തെ മറികടന്നതിന്റെ സന്തോഷത്തിനിടയിലും 138 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്തിന് ഇതു മതിയോ എന്ന ചോദ്യമുയരുന്നു. പ്രതിഭകളെ കണ്ടെത്തുന്നതിലും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലും ശാസ്ത്രീയ സമീപനം സ്വീകരിക്കുന്ന ചൈനയും യുഎസും ജപ്പാനുമെല്ലാം അതിവേഗം കുതിക്കുമ്പോൾ ഒരു സ്വർണത്തിന്റെയും 2 വെള്ളിയുടെയും 4 വെങ്കലത്തിന്റെയും ശോഭ നൽകുന്ന ആശ്വാസം മതിയോ ഇന്ത്യൻ കായികരംഗത്തിന് ? അധികാര വടംവലിയുടെ കേന്ദ്രങ്ങളായി തരംതാഴുന്ന കായിക ഫെഡറേഷനുകളും ഒളിംപിക്സ് വരുമ്പോ‍ൾ മാത്രം കായികമേഖലയ്ക്കു ശ്രദ്ധകൊടുക്കുന്ന സർക്കാർ സംവിധാനങ്ങളും നയരൂപീകരണത്തിൽ മാറ്റം വരുത്തിയെങ്കിലേ ദീർഘകാല നേട്ടങ്ങൾ കൈവരിക്കാനാകൂ. നീരജ് ചോപ്രയെ വളർത്തിയെടുക്കാൻ ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ നടത്തിയ ശ്രമങ്ങൾ മാതൃകയാക്കാവുന്നതാണ്. 

കോവിഡ് ഉയർത്തിയ വെല്ലുവിളികളെ വിജയകരമായി മറികടന്നാണു ജപ്പാൻ വിശ്വകായികമേള മാതൃകാപരമായി സംഘടിപ്പിച്ചത്. ലോകരാജ്യങ്ങൾക്കു പ്രചോദനമേകുന്ന അതിജീവനപാഠത്തിൽ ഒളിംപിക്സ് സംഘാടനം എന്ന ജപ്പാൻ അധ്യായം തങ്കലിപികളിൽ ഇടംപിടിക്കുമെന്നു തീർച്ച.

English Summary: Neeraj; The golden name

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA