ഭൂമിക്ക് മരണഗന്ധം; വരുന്നത് അതിതീവ്ര മഴ, അസഹ്യ ചൂട്, കാട്ടുതീ, ചുഴലിക്കാറ്റ്, കടലേറ്റം

HIGHLIGHTS
  • കാലാവസ്ഥമാറ്റം രൂക്ഷമെന്ന് ഇന്നലെ പുറത്തിറക്കിയ ഐപിസിസി റിപ്പോർട്ട്
TOPSHOT-GREECE-FIRE
ഗ്രീസിലെ രണ്ടാമത്തെ വലിയ ദ്വീപായ എവിയയിലെ പെഫ്കി ഗ്രാമത്തിൽ പടർന്നു പിടിച്ച കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്ന സന്നദ്ധപ്രവർത്തകർ. ചിത്രം: എഎഫ്പി
SHARE

ഭൂമി ആസന്നപ്രതിസന്ധിയുടെ തുരങ്കത്തിലേക്കു കടന്നിരിക്കുന്നു. തീവ്രകാലാവസ്ഥമാറ്റങ്ങൾ ഇനി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകും.  പല മാറ്റങ്ങളും തിരുത്താനാവാത്തതും നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ നീളുന്നവയും ആയേക്കാം. പുതിയൊരു തീവ്രയുഗം തുടങ്ങിയെന്ന വെളിപ്പെടുത്തലാണ് ഐപിസിസി റിപ്പോർട്ട്

ക്ഷമിക്കണം. പതിവുപോലെ നല്ലവാക്കുകൾ പറഞ്ഞ് നിങ്ങളെ ആശ്വസിപ്പിക്കാൻ എനിക്കാവുന്നില്ല. ഭൂമിയുടെ പേടിപ്പെടുത്തുന്ന സ്ഥിതി പറയാൻ സത്യത്തിൽ അൽപം മടിയുണ്ട്. പക്ഷേ, കാലാവസ്ഥാ ഗവേഷകൻ എന്ന നിലയിൽ ഇനിയും അതു തുറന്നുപറഞ്ഞില്ലെങ്കിൽ വരുംതലമുറകളോടുള്ള വഞ്ചനയാകും. വാക്സിനേഷനും കരുതലും ചേർന്നു കോവിഡിനെ പിടിച്ചുകെട്ടുകതന്നെ ചെയ്യും. പക്ഷേ, കാലാവസ്ഥമാറ്റത്തിന്റെ ഗ്രാഫിനെ താഴ്ത്താനാവില്ല. അതു താഴണമെങ്കിൽ നാം പുറത്തേക്കു തള്ളുന്ന കാർബൺ കുറയ്ക്കണം. സുസ്ഥിര വികസനമാതൃകയെ പുണരണം. പ്രകൃതിദത്തമായ പ്രതിരോധങ്ങൾ ശക്തിപ്പെടുത്തണം. പ്രകൃതിയിൽ ഇടപെടുന്നതിനു മുൻപ് എല്ലാ ദുരന്തസാധ്യതകളും വിലയിരുത്തണം. 

കണ്ണു തുറപ്പിക്കണം ഐപിസിസി റിപ്പോർട്ട് 

കാലാവസ്ഥമാറ്റം സംബന്ധിച്ച റിപ്പോർട്ട് ഓരോ ഏഴു വർഷം കൂടുമ്പോഴും ഐപിസിസി (ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) തയാറാക്കുന്നു. ഈ പരമ്പരയിലെ ഏറ്റവും പുതിയ റിപ്പോർട്ട് ഇന്നലെ ജനീവയിൽ പുറത്തിറക്കി. മനുഷ്യരുടെ ജീവിതരീതിമൂലം ലോകത്തു കാലാവസ്ഥകൾ തീവ്രമായി മാറുന്നുവെന്നു മാത്രമല്ല, വൻപ്രളയവും പൊള്ളുന്ന ചൂടുമെല്ലാം നമ്മുടെ വാതിലിൽ മുട്ടുകയുമാണ്. ആഗോളതാപനം കുറയ്ക്കാൻ ലോകരാജ്യങ്ങൾ ചേ‍ർന്ന് ഒപ്പുവച്ചതാണു പാരിസ് കരാർ. ലോകത്തെ ശരാശരി താപവർധന 1.5 മുതൽ 2 ഡിഗ്രി വരെ എന്ന പരിധി കടക്കാതെ നോക്കുകയായിരുന്നു കരാറിന്റെ ലക്ഷ്യം. എന്നാൽ ഇതനുസരിച്ചു നീങ്ങിയാലും താപനം നിയന്ത്രിച്ചു കാലാവസ്ഥയെ പിടിച്ചുനിർത്തി പാരിസ്ഥിതിക വീണ്ടെടുപ്പു സാധ്യമല്ലെന്നതാണ്  ഐപിസിസിയുടെ ആറാമത് അസസ്മെന്റ് റിപ്പോർട്ടിന്റെ ചുരുക്കം. 

അന്തരീക്ഷത്തിലേക്കുള്ള വാതക പുറന്തള്ളൽ കുറയ്ക്കുന്നതിൽ നാമെല്ലാം പരാജയപ്പെട്ടിരിക്കുന്നു. നാളിതുവരെ കണ്ടിട്ടില്ലാത്തവിധം അതിതീവ്ര മഴയും അസഹ്യ ചൂടും കാട്ടുതീയും തൽഫലമായുള്ള ചുഴലിക്കാറ്റുകളും കടലേറ്റവും ഒക്കെയായി ഭൂമി ഒരു ആസന്നപ്രതിസന്ധിയുടെ തുരങ്കത്തിലേക്കു കടന്നിരിക്കുന്നു. തീവ്രകാലാവസ്ഥമാറ്റങ്ങൾ ഇനി മുതൽ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകാൻ പോകുന്നു. 

cyclone-tauktae-low-pressure-area-concentrates-into-depression1

പല മാറ്റങ്ങളും തിരുത്താനാവാത്തതും നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ നീളുന്നവയും ആയേക്കാം. പുതിയൊരു തീവ്രയുഗം തുടങ്ങിയെന്ന വെളിപ്പെടുത്തലാണ് ഐപിസിസി റിപ്പോർട്ട്. 

മൂന്നുദിക്കിലും കടലും വടക്കു ഹിമാലയവും കോട്ടപോലെ സംരക്ഷിക്കുന്ന ഇന്ത്യയുടെ സന്തുലിത കാലാവസ്ഥയും വെല്ലുവിളി നേരിടുകയാണെന്നു റിപ്പോർട്ട് പറയുന്നു. ലോകത്തുതന്നെ ഏറ്റവും ചൂടേറിയ കടലായി അറേബ്യൻ സമുദ്രമേഖല മാറി. ബംഗാൾ ഉൾക്കടലും ചൂടേറ്റത്തിന്റെ പിടിയിലാണ്. ചൂടേറുന്നതോടെ കടലിലെ അമ്ലത(അസിഡിറ്റി) വർധിക്കും. ഓക്സിജൻ തോതുകുറഞ്ഞ് കടൽപായലും മറ്റും പെരുകുന്ന സാഹചര്യവുമുണ്ട്. ആർട്ടിക്സമുദ്രത്തിൽ 2050 ആകുമ്പോൾ മഞ്ഞില്ലാതാകും. ഗ്രീൻലൻഡിലെ മഞ്ഞുപാളിയും കുറയുന്നു. യൂറോപ്പിലെ ആൽപ്സ് പർവതനിരയും മഞ്ഞുരുക്കത്തിലാണ്. 

ഹിമാലയത്തിൽ മഞ്ഞുരുകൽ തുടങ്ങിക്കഴിഞ്ഞു. ഹിമാവരണം ഓരോ വർഷവും നേർത്തുവരുന്നു. ഈ ജലം എത്തുന്നതോടെ സമുദ്രജലം തിളച്ചുതൂവും. ഇതു തീരത്തെ താഴ്ന്ന പ്രദേശങ്ങളിലേക്കു  ഉപ്പുവെള്ളം കയറാൻ ഇടയാക്കും.  

കടലിൽ ചൂടേറി; ചുഴലികൾ തീവ്രമായി

ചുഴലികളുടെ (സൈക്ലോൺ) എണ്ണം 50 ശതമാനം വർധിച്ചു. മൺസൂൺകാലത്തെ തീവ്രമഴയുടെ തോതിൽ മൂന്നുമടങ്ങിന്റെ വർധന. സമുദ്രജലം ചൂടായാൽ നീരാവിയായി ഉയരും. ഇതാണു മഴയാകുന്നത്. ചൂട് പിന്നെയും കൂടിയാൽ നീരാവിയുടെ അളവുകൂടി മഴമേഘങ്ങൾ ജലകുംഭങ്ങളായി മാറും. മേഘസ്ഫോടനങ്ങൾ ഇങ്ങനെയാണുണ്ടാകുന്നത്. അന്തരീക്ഷത്തിലേക്കു തള്ളുന്ന ചൂടിന്റെ 93 ശതമാനത്തെയും ആഗിരണം ചെയ്യുന്നതു കടലാണ്. ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്നതും കടലിന്. ഇന്ത്യൻ തീരത്തോടു ചേർന്നുകിടക്കുന്ന മഹാസമുദ്രമേഖലയിലാണ് ഇന്നു ലോകത്തിൽ  ഏറ്റവും വേഗത്തിൽ ചൂടുകൂടുന്നതെന്നും  കണ്ടെത്തിയിട്ടുണ്ട്. 

അസാധാരണ പ്രളയത്തിനും ചൂടേറ്റത്തിനുമാണു ചൈനയും ജർമനിയും സാക്ഷ്യം വഹിക്കുന്നത്. ഇത്തരം മാറിയ കാലാവസ്ഥയെ വർണിക്കാൻ ജർമൻ ഭാഷയിൽ വാക്കുകളേയില്ലെന്നാണു ചാൻസലർ അംഗല മെർക്കൽ പറയുന്നത്. അതെ, നാം ചരിത്രത്തിലെ വലിയൊരു മാറ്റത്തിന്റെ തുറമുഖത്താണ്. കാനഡയിലും യുഎസിലും ഇന്നുവരെ കാണാത്തത്ര ചൂടായിരുന്നു. ഗ്രീസിൽ കാട്ടുതീ മൂലം 56,000 ഹെക്ടർ വനം കത്തിപ്പോയി. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ അനുഭവപ്പെട്ട 49.6 ഡിഗ്രി സെൽഷ്യസ് ചൂട് റെക്കോർഡാണ്. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. ആഗോളതാപനവുമായി നേരിട്ടു ബന്ധപ്പെട്ട കാലാവസ്ഥാ ദുരന്തങ്ങളാണെന്നു ഗവേഷകർ തെളിയിച്ചു കഴിഞ്ഞു. 

climate-change

ദുരന്തസാധ്യത ഇന്ത്യ വിലയിരുത്തണം

മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ 48 മണിക്കൂറിൽ 107 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഭൂമിക്കും മണ്ണിനും താങ്ങാവുന്നതിനും അപ്പുറമായിരുന്നു ഈ പെയ്ത്ത്. എന്നു വച്ചാൽ ഓരോ ചതുരശ്രമീറ്ററിലും ഒരു മീറ്റർ ഉയരത്തിൽ മഴവെള്ളം സങ്കൽപിച്ചു നോക്കൂ. 200 പേരാണു മരിച്ചത്. 

നമ്മുടെ നഗരങ്ങളും നദികളും മലയോരങ്ങളുമെല്ലാം ചൂടിനെ ആഗിരണം ചെയ്യാനോ പ്രളയജലത്തെ ഉൾക്കൊള്ളാനോ ആവാത്തവിധം ദീർഘവീക്ഷണമില്ലാത്ത വികസനത്തിന്റെ ദുരന്തഭൂമികളായി മാറുന്നു. ലോകത്തുതന്നെ, ഇന്ത്യയിൽ മണ്ണിടിച്ചിൽ ഏറ്റവുമധികം വർധിച്ചുവരുന്നതിന്റെ കാരണം മൺഘടന പഠിക്കാതെയുള്ള ഭൂവിനിയോഗ രീതിയാണ്. 

കാലാവസ്ഥാ– പാരിസ്ഥിതിക ദുരന്തസാധ്യതാ വിലയിരുത്തലിന് ഇന്ത്യ തയാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തീവ്രകാലാവസ്ഥയുമായി ബന്ധപ്പെട്ട് എവിടെ, എന്തൊക്കെ അപകടങ്ങൾ പതിയിരിക്കുന്നു എന്നു കണ്ടെത്തി അടയാളപ്പെടുത്തണം. വലിയ അതിവേഗ റെയിൽവേ നിർമാണം മുതൽ ചെറിയ വീടുവയ്ക്കുന്നതിനു വരെ ഇത് അടിസ്ഥാനമാക്കണം.  ദുർബല മേഖലകളിലേക്കുള്ള കടന്നുകയറ്റം ഒഴിവാക്കിയാൽ ഭാവിദുരന്തങ്ങളെ ഒഴിവാക്കുകയോ ആഘാതം കുറയ്ക്കുകയോ ചെയ്യാം. അപകടസാധ്യത കുറവുള്ള മേഖലകൾ കണ്ടെത്തി അവിടെ അനുയോജ്യ വികസനം നടപ്പാക്കാം. നമ്മുടെ നഗരങ്ങളെ പുനർരൂപകൽപന ചെയ്യണം. ദുരന്തകവചിതമാകണം രാജ്യത്തെ ഓരോ ജില്ലയും. കാലാവസ്ഥമാറ്റം ആഗോള പ്രതിഭാസമാണെങ്കിലും അതു ദുരന്തമായി പെയ്തിറങ്ങുന്നത് ഒരു പ്രദേശത്തേക്കു മാത്രമായിരിക്കും. 

ഓരോ സ്ഥലത്തെയും കാലാവസ്ഥാ പ്രത്യേകതകളും ദുരന്തസാധ്യതകളും സംബന്ധിച്ച തൽസ്ഥിതിയും സ്ഥിതിവിവരക്കണക്കും നൽകുന്ന ഡേറ്റാ ടൂളുകൾ ഇന്നു ലഭ്യമാണ്. എന്തുകൊണ്ടു നടപ്പാക്കാൻ വൈകുന്നു എന്ന ചോദ്യംമാത്രം ബാക്കി. 

പ്രളയവും സൈക്ലോണുകളും സംബന്ധിച്ച ആസൂത്രണത്തിന് ഒരു ഗവേഷണ കേന്ദ്രംതന്നെ ആരംഭിക്കാം. കാർബൺ സന്തുലിത സാങ്കേതികവിദ്യകളിലേക്കും കാർഷിക– ഭക്ഷ്യ– ജീവിതരീതികളിലേക്കും ചുവടുമാറ്റണം.  മനുഷ്യനിർമിത കാർബൺ ഡയോക്സൈഡാണു ചൂടുകൂടാൻ കാരണം. ഇന്നത്തെ നമ്മുടെ രീതിവച്ചു നോക്കിയാൽ ഈ താപനതോത് 2040 ആകുമ്പോഴേക്കും ശരാശരി രണ്ട് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാം. 

roxy
ഡോ. റോക്സി മാത്യു കോൾ

മിത ശീതോഷ്ണ കാലാവസ്ഥയ്ക്കു പേരുകേട്ട പുണെയിൽ ഇക്കുറി 34 ശതമാനം അധികമഴ ലഭിച്ചു. പലപ്പോഴും കാലാവസ്ഥാ ദുരന്തങ്ങൾക്ക് ആദ്യം ഇരയാകുന്നതു ദുർബല ജനവിഭാഗങ്ങളാണ്. ദുരന്തതീവ്രത ഏറ്റവും അനുഭവിക്കേണ്ടതും ഇവർ തന്നെ. പ്രളയവും കൃഷിനാശവും പലായനത്തിലേക്കും ദാരിദ്ര്യത്തിലേക്കുമാണു മറനീക്കുന്നത്.  ലോകത്തു കാലാവസ്ഥാ സംബന്ധമായ ദുരന്തസാധ്യതകളുടെ നിഴലിൽ കഴിയുന്ന ജനവിഭാഗങ്ങൾ ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണ്; ജനസംഖ്യയുടെ 24%. 

മുംബൈയിൽ 2005ലെ പ്രളയം (മരണം 1000), യൂറോപ്പിലെ 2003ലെ താപതരംഗം (മരണം 70,000) തുടങ്ങി അനേകം സംഭവങ്ങളുണ്ടായിട്ടും നാം പാഠം പഠിച്ചില്ല. ഉറക്കം തുടരുകയാണ്. മനുഷ്യ നിർമിത കാലാവസ്ഥാമാറ്റമാണ് ഈ ദുരന്തങ്ങൾക്കെല്ലാം പിന്നിൽ. 

ഐപിസിസി റിപ്പോർട്ട്, ആഗോളമായി ചിന്തിച്ചു പ്രാദേശികമായി കർമനിരതരാകാനുള്ള മാർഗരേഖയാണ്. ഓരോ വാർഡുകളെയും ദുരന്തപ്രതിരോധ സജ്ജമാക്കാനുള്ള ജനകീയ മുന്നേറ്റം ആവശ്യമാണ്. മീനച്ചിലാറിന്റെ തീരത്തു പ്രളയജലത്തോത് അളക്കാനുള്ള ജനകീയ സ്കെയിലുകൾ സ്ഥാപിച്ചതും മറ്റും ഈ ദിശയിലുള്ള നല്ല നീക്കങ്ങളാണ്. 

(പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനും ഐപിസിസി റിപ്പോർട്ട് അവലോകന സമിതിയംഗവുമാണു ലേഖകൻ)

English Summary: Climate change: IPCC report is 'code red for humanity'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA