സാധ്യതകളുടെ ആകാശംതേടി കരിപ്പൂർ

HIGHLIGHTS
  • അപകടത്തിൽ പരുക്കേറ്റവരുടെ നഷ്ടപരിഹാരം വൈകിക്കൂടാ
Karipur-Airport-5
SHARE

നാടിനെ നടുക്കിയ കരിപ്പൂർ വിമാനദുരന്തം നടന്നിട്ട് ഒരാണ്ടു പൂർത്തിയായി. അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടവരും രാജ്യത്തിനുതന്നെ മാതൃകയായ രക്ഷാപ്രവർത്തനം നടത്തിയവരും  നാട്ടുകാരും കഴിഞ്ഞ ശനിയാഴ്ച ഒത്തുചേർന്നു ദുരന്തത്തിന്റെ ഓർമ പുതുക്കുകയുണ്ടായി. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 21 പേർ മരിച്ച അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട പലരും ദീർഘകാലത്തെ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്കു മടങ്ങിയെത്തിയെങ്കിലും കരിപ്പൂരിൽ ഇനിയും ഉണങ്ങാത്ത മുറിവുകൾ കുറവല്ല. സാധ്യതകളുടെ ആകാശത്ത് ഉയർന്നുപറക്കാനുള്ള വിമാനത്താവളത്തിന്റെ മോഹം ഇപ്പോഴും അകലെയാണ്. അപകടത്തെത്തുടർന്നു വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കു പിൻവലിക്കാത്തതു കരിപ്പൂരിന്റെ വലിയ സങ്കടമായി അവശേഷിക്കുന്നു. 

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനു രാത്രി 7.41നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്– കോഴിക്കോട് വിമാനം ടേബിൾടോപ് റൺവേയിൽനിന്നു തെന്നിനീങ്ങി 35 മീറ്റർ താഴ്ചയിലേക്കു പതിച്ചത്. കോവിഡിന്റെയും ജോലിനഷ്ടത്തിന്റെയും ബുദ്ധിമുട്ടുകളിൽനിന്നു നാടിന്റെ സുരക്ഷിതത്വത്തിലേക്കു മടങ്ങാൻ ആഗ്രഹിച്ചവരടക്കം 184 പേർ സ്വന്തം മണ്ണുതൊട്ടു നിമിഷങ്ങൾക്കുള്ളിൽ വലിയ ദുരന്തത്തിലേക്കു കൂപ്പുകുത്തി. 

പരുക്കേറ്റവരുടെ ചികിത്സച്ചെലവുകൾ എയർ ഇന്ത്യയാണു വഹിച്ചത്. 6.5 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. പരുക്കേറ്റ 165 പേരിൽ നൂറിലേറെപ്പേർക്ക്  നഷ്ടപരിഹാരത്തുക  ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നും സംസ്ഥാന സർക്കാർ തങ്ങൾക്ക് ഒന്നും നൽകിയിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അപകടത്തിൽ ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട യുവതിയും കാലിനു പരുക്കേറ്റു ഫുട്ബോൾ സ്വപ്നങ്ങൾ പൊലിഞ്ഞ പന്ത്രണ്ടുവയസ്സുകാരനും നിവർന്നുനിൽക്കാൻ 15 ശസ്ത്രക്രിയകൾ വേണ്ടിവന്ന യുവാവുമൊക്കെ ദുരന്തഭാരം പേറി ജീവിക്കുകയാണ്. 

എയർ ഇന്ത്യ വാഗ്ദാനംചെയ്ത തുക തീർത്തും അപര്യാപ്തമാണെന്ന നിലപാടിലാണു പരുക്കേറ്റവർ. അപകടസമയത്തു വിവിധ രേഖകൾ നഷ്ടമായവർക്കും നഷ്ടപരിഹാരം വൈകുന്നു. ഗുരുതരമായി പരുക്കേറ്റതിനാൽ ഇനി ജോലി ചെയ്യാൻ സാധിക്കാത്ത ഒട്ടേറെപ്പേരുണ്ട്. ജോലി നഷ്ടപ്പെട്ടു ദുബായിൽനിന്നു മടങ്ങിയവരായിരുന്നു അന്നത്തെ വിമാനത്തിൽ കൂടുതലും. നാട്ടിൽ ജോലി അന്വേഷിക്കുകയോ ഗൾഫിലേക്കുതന്നെ പുതിയ വീസയിൽ തിരിച്ചുപോകുകയോ ആയിരുന്നു ലക്ഷ്യമെങ്കിലും അവരിൽ ഏറെപ്പേർക്കും പരുക്കേറ്റു. തൊഴിലും വരുമാനവും പ്രതിസന്ധിയിലായ യാത്രക്കാരുടെ പുനരധിവാസത്തിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടുകതന്നെ വേണം.

അപകടത്തിൽപെട്ടതു വലുപ്പംകുറഞ്ഞ വിമാനമാണെങ്കിലും അന്നുമുതൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവരാത്തതിനാൽ ഈ വിലക്കു തുടരുകയാണ്. റിപ്പോർട്ട് സമർപ്പണം സംബന്ധിച്ചു മുൻപു പറഞ്ഞ സമയപരിധിയെല്ലാം കഴിഞ്ഞു. ഈ മാസം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ഏറ്റവുമൊടുവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വലിയ വിമാന സർവീസുകളുടെ കാര്യം പരിഗണിക്കുക. 

കോവിഡ് നിയന്ത്രണം നീങ്ങുന്നതോടെ മലബാർ മേഖലയിൽനിന്നു കൂടുതൽ പ്രവാസികൾ വിദേശത്തേക്കു പോകാനുണ്ട്. ഇവരിൽ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിലേക്കാണ്. യാത്രാപ്രതിസന്ധി തീർക്കാൻ വലിയ വിമാനങ്ങൾക്ക് അനുമതി നൽകുന്നതിനൊപ്പം കോഴിക്കോട് വിമാനത്താവളത്തിൽനിന്നു കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തുകയും വേണം. കോഴിക്കോട് വിമാനത്താവളത്തിൽ ഹജ് പുറപ്പെടൽകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിലും നടപടി വൈകുകയാണ്. കൂടുതൽ ‍തീർഥാടകർ മലബാർ മേഖലയിൽനിന്നാണ് എന്നതും കണക്കിലെടുക്കേണ്ടതുണ്ട്.

English Summary: Karipur airport developments

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA