ADVERTISEMENT

കോവിഡ് സാഹചര്യത്തിൽ വിദേശയാത്രയ്ക്ക് നിയന്ത്രണങ്ങളും വിലക്കും പ്രഖ്യാപിച്ചതോടെ  2020 മാർച്ച് മുതൽ അനിശ്ചിതത്വത്തിലാണു ഗൾഫിലെ പ്രവാസികളുടെ യാത്രയും ജീവിതവും. ആയിരങ്ങൾക്കു ജോലി നഷ്ടപ്പെട്ടു. ആഗ്രഹിച്ച സമയത്തു നാട്ടിലെത്താൻ കഴിയാത്തവർ ഒട്ടേറെ. നാട്ടിലെത്തിയവർക്കു തിരിച്ചുപോയി ജോലിക്കു കയറാനാകാത്തതിന്റെ ആശങ്കകൾ. പലരുടെയും വീസ കാലാവധി കഴിഞ്ഞു. ജീവിതമാർഗം അടഞ്ഞതിനൊപ്പം ഭാവിപദ്ധതികളും താളം തെറ്റി. ഇനിയെങ്കിലും അധികൃതർ തങ്ങളുടെ പരാതികൾ അനുഭാവപൂർവം പരിഗണിക്കണമെന്നാണ് പ്രവാസികളുടെ അഭ്യർഥന. പേരു വെളിപ്പെടുത്താതെ അവർ ജീവിതദുരിതം തുറന്നെഴുതുന്നു. 

∙കുവൈത്ത്

ഇനി എന്താണ് സാർ ഞങ്ങൾ ചെയ്യേണ്ടത്...

നാട്ടിൽ ഇന്നലെ മകളുടെ വിവാഹമായിരുന്നു. കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി അച്ഛനോടു യാത്രപറയാൻ വിളിച്ച അവളെ വിഡിയോകോളിലൂടെ കണ്ടപ്പോൾ അതിരില്ലാത്ത സന്തോഷം തോന്നിയെങ്കിലും കുവൈത്തിലെ മുറിയിൽനിന്ന് അവളെ അനുഗ്രഹിച്ചു ഫോൺ വയ്ക്കുമ്പോൾ വിങ്ങിപ്പൊട്ടിപ്പോയി. മകളെയും മരുമകനെയും കാണാൻ എന്നു പോകാൻപറ്റും നാട്ടിലേക്ക്? തിരികെ വരുമ്പോൾ ജോലി ഉണ്ടാകുമോ? അറിയില്ല.

വല്ലാത്തൊരു സാഹചര്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. താമസസ്ഥലത്തിനടുത്തു മലയാളി തൂങ്ങിമരിച്ചെന്ന വിവരവുമായാണ് ഇന്നു നേരം പുലർന്നത്. കോവിഡ് തുടങ്ങിയശേഷം ഇത് എത്രാമത്തെ ആത്മഹത്യയാണെന്ന് ഓർക്കാൻകൂടി വയ്യ. അവരിൽ മലയാളികളുണ്ട്, ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരുമുണ്ട്. 

ഞാനും എന്നെപ്പോലെ പലരും അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ആരാണു പരിഹാരം കാണുക. ഞങ്ങൾക്കു മുട്ടാനുള്ള വാതിൽ ഇന്ത്യയിലെ അധികൃതരുടേതു തന്നെയാണ്. ഇവിടെ കുടുങ്ങിക്കിടക്കുകയാണു പലരും. അവധിക്കുപോയി നാട്ടിൽ കുടുങ്ങിയവർ വേറെയും. കുടുംബാംഗങ്ങൾക്കു തിരികെ കുവൈത്തിൽ എത്താനാകാത്തതിന്റെ പ്രയാസം നേരിടുന്നവരുമുണ്ടിവിടെ. കുടുംബത്തെ കുവൈത്തിൽ നിർത്തി അത്യാവശ്യത്തിനു നാട്ടിൽ പോയവരിൽ ചിലർക്കും മടങ്ങാനായിട്ടില്ല. ഈ വേദനയും പ്രയാസവും ആരോടാണു ഞങ്ങൾ പങ്കുവയ്ക്കുക?

ജോലി നഷ്ടപ്പെട്ടവരും വെട്ടിക്കുറച്ച ശമ്പളം വാങ്ങാൻ വിധിക്കപ്പെട്ടവരുമൊക്കെയുണ്ട്. കോവിഡിനു മുൻപ്, അവധിക്കാല ശമ്പള ആനുകൂല്യവുമായി ആവേശത്തോടെ നാട്ടിൽ പോയിരുന്നവരാണ് ഇപ്പോൾ വെറുംകയ്യോടെ നാട്ടിൽ എത്തിയിട്ടുള്ളത്. ജോലിയും കൂലിയുമില്ലാതെ അലയുകയാണു പലരും.

visa

നാട്ടിൽനിന്നു തിരിച്ചുവരണമെങ്കിൽ വാക്സീൻ സർട്ടിഫിക്കറ്റിനു കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം വേണം. മന്ത്രാലയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്ന പതിനായിരങ്ങൾക്ക് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല.

വിദേശത്തേക്കു പുറപ്പെടുന്നവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുന്നത് ഇന്ത്യയിൽ ബന്ധപ്പെട്ട രാജ്യത്തിന്റെ എംബസിയാണ്. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും അത്തരത്തിൽ അറ്റസ്റ്റ് ചെയ്യുന്ന സംവിധാനത്തെക്കുറിച്ച് ആലോചിക്കണം. വാക്സീൻ ഒരു ഡോസ് സ്വീകരിച്ച ഒട്ടേറെയാളുകൾ കുവൈത്തിലുണ്ട്. രണ്ടാമത്തെ ഡോസ് ലഭിക്കാതെ നാട്ടിൽപോകാൻ മടിക്കുകയാണ് അവർ. നാട്ടിൽ പോയാൽ തിരിച്ചുവരണമെങ്കിൽ 2 ഡോസും എടുക്കണം; അതും കുവൈത്ത് അംഗീകരിച്ച വാക്സീൻ. നാട്ടിലെത്തിയാൽ അവ രണ്ടും യഥാസമയം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ കുവൈത്തിൽ തന്നെ തങ്ങുന്നു; വിവാഹവും മരണവുമുൾപ്പെടെ കുടുംബത്തിലെ അടിയന്തര കാര്യങ്ങൾക്കുപോലും പോകാതെ.

കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകാനും സബ്സിഡി ലഭ്യമാക്കാനും നടപടിയുണ്ടാകണം. ഗൾഫിൽ കോവിഡ് ബാധിച്ചു നാട്ടിലെത്തിയ പ്രവാസി ക്ഷേമനിധി അംഗങ്ങൾക്കു സംസ്ഥാന സർക്കാർ 10000 രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. അതുപോലും ലഭിക്കാത്തവരുണ്ട്. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കു കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഗൾഫിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് അതെങ്ങനെ ലഭ്യമാക്കും?. കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരിൽ സാമ്പത്തികമായി പ്രയാസം അനുഭവിച്ചിരുന്നവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ സ്ഥാനപതിയുടെ താൽപര്യത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫിലെ മറ്റു രാജ്യങ്ങളും അതു പ്രാവർത്തികമാക്കണം.

man

ഇന്ത്യയിൽനിന്നു കുവൈത്തിലേക്കുള്ള വിമാനയാത്ര എന്നു സാധ്യമാകുമെന്നതിലെ അനിശ്ചിതത്വം നീക്കാനും സർക്കാർ തയാറാകണം. ഭീമമായ തുക വിമാനക്കൂലിയായി നൽകേണ്ടിവരുന്ന അവസ്ഥ മാറണം. അധികൃതരോട് ഒരു വാക്കുകൂടി. പ്രവാസികൾ നാടിന്റെ അംബാസഡർമാരാണെന്ന ഭംഗിവാക്ക് വേണ്ട, ഈ കഷ്ടപ്പാടിൽനിന്നു കരകയറാൻ ഞങ്ങൾക്കൊരു കൈ തന്നു സഹായിച്ചാൽ മാത്രം മതി.

∙സൗദി

സൗദിയിലെത്തിയത് 2 രാജ്യങ്ങൾ ചുറ്റി

ചേട്ടനും അനുജനുമൊപ്പം  ജിദ്ദയിൽ കച്ചവടമാണ് എനിക്ക്. എട്ടോ ഒൻപതോ മാസം കൂടുമ്പോൾ ഞങ്ങൾ ഓരോരുത്തരായി നാട്ടിൽപോയി മടങ്ങുകയാണു പതിവ്. കോവിഡിന്റെ തുടക്കകാലത്തു നാട്ടിലേക്കു പോകാൻ തയാറായി നിന്നതായിരുന്നു ഞാൻ. അന്നു നിയന്ത്രണംമൂലം കുടുങ്ങി. നാട്ടിലേക്കു പോയ ചേട്ടൻ തിരിച്ചെത്തേണ്ട സമയംകൂടിയായിരുന്നു അത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ചേട്ടന്, വിമാനം റദ്ദാക്കിയതറിഞ്ഞു വീട്ടിലേക്കു മടങ്ങേണ്ടിവന്നു. പിന്നീട് യാത്ര സാധ്യമാകാതെ 11 മാസം നാട്ടിൽനിന്നു. 

     നേരിട്ടുള്ള വിമാന സർവീസ് ഇല്ലാതിരുന്നതിനാൽ യുഎഇ വഴി സൗദിയിലെത്താനുള്ള ശ്രമമായിരുന്നു പിന്നീട്. മൂന്നാമതൊരു രാജ്യത്ത് രണ്ടാഴ്ച തങ്ങിയ ശേഷമായിരുന്നു സൗദിയിലേക്കുള്ള അനുമതി. അദ്ദേഹം യുഎഇയിലെത്തി 12 ദിവസം കഴിഞ്ഞപ്പോൾ, സൗദിയിലേക്കുള്ള വിമാന സർവീസ് നിർത്തി. പ്രതീക്ഷയോടെ 52 ദിവസം യുഎഇയിൽ കഴിഞ്ഞു. തുടർന്നു ബഹ്റൈനിലേക്കു പോയി. അവിടെ രണ്ടാഴ്ച താമസിച്ച ശേഷമാണു സൗദിയിൽ എത്തിയത്. കടയിലുണ്ടായിരുന്ന മറ്റുള്ളവരും നാട്ടിലേക്കു പോയതാണ്. സ്പോൺസറുടെ കീഴിലാണു കട. താൽക്കാലികമായി മറ്റാരെയെങ്കിലും ജോലിക്കു വയ്ക്കാനും പറ്റില്ല. 

flight

     ഇപ്പോൾ, സൗദിയിൽ അന്നത്തെ സാഹചര്യമല്ല. നാട്ടിലേക്കു പോകാൻ വിമാനമുണ്ട്. എന്നാൽ, നാട്ടിലെത്തിയാൽ എന്ന്, എങ്ങനെ സൗദിയിൽ തിരിച്ചെത്തുമെന്ന കാര്യത്തിലാണ് ആശങ്ക. നാട്ടിൽനിന്നു നേരിട്ടു വിമാനമില്ലാത്തതിനാൽ സൗദിയിലെത്താൻ പലവഴി ചുറ്റണം. അതിനു ലക്ഷങ്ങൾ ചെലവിടണം. മാത്രമല്ല, നടപടികൾ പൂർത്തിയാക്കി ഉദ്ദേശിച്ച സമയത്തു തിരിച്ചെത്താൻ പറ്റുമോ എന്ന കാര്യത്തിൽ ഒരുറപ്പുമില്ല. ഇതുപോലെ പ്രതിസന്ധി അനുഭവിക്കുന്ന ആയിരക്കണക്കിനു മലയാളി പ്രവാസികൾ സൗദിയിലുണ്ട്.

∙യുഎഇ

ആരോടു പറയും ഈ സങ്കടങ്ങൾ?

അനിയന്റെ കാര്യമോർത്താണു സങ്കടം.  ഭാര്യാപിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് അവൻ നാട്ടിൽ പോയതാണ്. അപ്പോഴാണു യാത്രാവിലക്കു പ്രഖ്യാപിച്ചത്. അതിനിടെ വീസാ കാലാവധി തീർന്നു. അബുദാബിയിൽ വിമാനമിറങ്ങണെമെങ്കിൽ യുഎഇയിലെ രണ്ടു ഡോസ് വാക്സീൻ എടുത്തേ തീരൂ. ഇവിടെ ചെറിയ സ്ഥാപനത്തിലാണു ജോലി. എന്റെ കാര്യവും മറിച്ചല്ല. നാട്ടിൽ അഞ്ചു സെന്റ് വസ്തു വാങ്ങി രണ്ടുവർഷം മുൻപാണ് അനിയൻ കിടപ്പാടം തല്ലിക്കൂട്ടിയത്. വായ്പയെടുത്തിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടാൽ എന്തുചെയ്യുമെന്ന് അന്നേ അവൻ ആശങ്കപ്പെട്ടതാണ്. ഞാനാണു ധൈര്യം കൊടുത്തത്. പക്ഷേ, ഇപ്പോൾ ജോലിസ്ഥിരതയുടെ കാര്യത്തിൽ എനിക്കും അത്ര ധൈര്യം പോരാ. 

    വീസാ കാലാവധി കഴിഞ്ഞ ചില സുഹൃത്തുക്കളും അവിടെപ്പെട്ടു നിൽപ്പാണ്. ഇങ്ങനെയുള്ളവരുടെ കാര്യത്തിൽ സർക്കാർ ഇടപെടണം. പാക്കിസ്ഥാനിലെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനാ സൗകര്യമില്ലാത്തതിനാൽ ആളുകൾ പ്രയാസപ്പെടുകയാണെന്നും ആ ചട്ടം നീക്കണമെന്നും അവരുടെ എംബസി യുഎഇ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നമ്മുടെ അധികൃതർക്കും ഇടപെട്ടുകൂടേ ? സൗദി കഴിഞ്ഞാൽ, ഗൾഫിൽ കോവിഡ്മൂലം ഏറ്റവുംകൂടുതൽ ഇന്ത്യക്കാർ മരിച്ചത് യുഎഇയിലാണ്. എന്നാൽ, അവർക്കു നാട്ടിൽ എന്തെങ്കിലും സർക്കാർ സഹായം നൽകുന്ന കാര്യം പറഞ്ഞു കേട്ടില്ല. മരിക്കുമ്പോഴെങ്കിലും സ്വന്തം മണ്ണിൽ കിടക്കണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാത്തവരാണ് ആ പാവങ്ങൾ.  ഭാര്യയെയും മക്കളെയും കണ്ട് കൊതിതീരാതെ മരിച്ച ചെറുപ്പക്കാരുമുണ്ട്. പ്രവാസി ക്ഷേമനിധി ആനുകൂല്യത്തെപ്പറ്റിയും പറഞ്ഞുകേട്ടിരുന്നു. എന്റെ ചില സുഹൃത്തുക്കൾ ചേരുകയും ചെയ്തു. പക്ഷേ തുക കിട്ടിയതായി അറിയില്ല.

ഭാര്യയും മക്കളും നാട്ടിലാണ്. ചെറിയൊരു സംരംഭം തുടങ്ങി അവർക്കൊപ്പം നാട്ടിൽ നിൽക്കാമെന്നു വച്ചാൽ കേൾക്കുന്നതൊന്നും നല്ലതല്ല. ഇവിടെ നാലുപേർ വാടക പങ്കിട്ടാണ് ഒരു മുറിയിൽ കഴിയുന്നത്. വന്നിട്ട് 13 വർഷമായി. കുടുംബത്തിലെ ഒരു നല്ല വിശേഷത്തിനും എത്താൻ കഴിഞ്ഞിട്ടില്ല. സ്വന്തം ചെലവുകൾ പരമാവധി ചുരുക്കി സമാഹരിക്കുന്ന പണമാണ് അങ്ങോട്ട് അയയ്ക്കുന്നത്. എന്തെങ്കിലും ചെറിയ സംരംഭം തുടങ്ങാനുള്ള ധൈര്യവും സഹായവും സർക്കാർ ഞങ്ങൾക്ക് ചെയ്താൽ നാട്ടിലെത്തി എങ്ങനെയും ജീവിക്കാം. സർക്കാരിനോടല്ലാതെ ആരോടാ ഇതൊക്കെ പറയുക....

   ഇവിടെ എല്ലായിടത്തും വാക്സീൻ വിതരണം നടത്തിയതുകൊണ്ട് ആളുകൾ ധൈര്യത്തോടെ പുറത്തിറങ്ങുന്നുണ്ട്. ഇപ്പോൾ എക്സ്പോയെക്കുറിച്ചാണു ദുബായിൽ ചർച്ച. അതിനുവേണ്ടിയുള്ള കെട്ടിട നിർമാണം വേഗത്തിൽ നടക്കുന്നുണ്ട്. തൊഴിലാളികളെ നൽകുന്ന കമ്പനികൾക്ക് നല്ല സമയം. ഒക്ടോബർ ഒന്നിന് എക്സ്പോ ആരംഭിക്കുംമുൻപു സന്ദർശക വീസ അടക്കമുള്ളവ നൽകിത്തുടങ്ങുമെന്ന പ്രതീക്ഷയാണ് എല്ലാവർക്കും. 

English Summary: Covid: Malayalis facing severe situation in gulf countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com