ADVERTISEMENT

ബഹളമയമായ പാർലമെന്റിന്റെ വർഷകാല സമ്മേളനം രണ്ടുദിവസം മുൻപേ അവസാനിച്ചിരിക്കുന്നു. പെഗസസ് വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറാകാതിരുന്നത് എന്തുകൊണ്ട്? പ്രതിപക്ഷം ചർച്ച ആവശ്യപ്പെടുന്നതു ജനങ്ങൾക്കു വേണ്ടിയാണ്. അവരുടെ മുന്നിൽ വിവരങ്ങൾ തുറന്നുപറയേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. ബഹളത്തിനിടെ, പ്രധാനപ്പെട്ട സകല ബില്ലുകളും ചർച്ച ചെയ്യാതെ പാസാക്കുന്ന നടപടി സഭാചട്ടങ്ങളുടെ മാത്രമല്ല, ഭരണഘടനയുടെയും ലംഘനമാണ്

പെഗസസ് ഫോൺ ചോർത്തലിനെക്കുറിച്ചു ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകാതിരുന്നതു മൂലം പലദിവസങ്ങളിലുണ്ടായ ബഹളങ്ങൾക്കൊടുവിൽ ലോക്സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്കു പിരിഞ്ഞിരിക്കുന്നു. പ്രക്ഷുബ്ധ രംഗങ്ങളാണ് ഇരുസഭകളിലുമുണ്ടായത്. 

കാര്യമായ നടപടികളൊന്നും നടത്താനാവാതെയാണു പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുന്നത്. പെഗസസ് വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറാകാത്തതിന്റെ കാരണം മനസ്സിലാക്കാൻ പ്രയാസം. രാജ്യത്തിന്റെ ഭരണസംബന്ധമായ, ജനജീവിതവുമായി ബന്ധപ്പെട്ട ഏതുവിഷയവും പാർലമെന്റിൽ ചർച്ച ചെയ്യേണ്ടതാണ്. കാരണം, പാർലമെന്റ് ജനപ്രതിനിധികളുടെ പരമോന്നതസഭയാണ്. ഭരണഘടനാപരമായി പറഞ്ഞാൽ, സർക്കാർ തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളുടെയും കണക്കു ബോധിപ്പിക്കേണ്ട പരമാധികാരസഭ. പെഗസസ് വാങ്ങി ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു സർക്കാർ ഉത്തരം പറയേണ്ടതാണ്. ചർച്ച ആവശ്യപ്പെടുന്നതു പ്രതിപക്ഷത്തിനു വേണ്ടിയല്ല, ജനങ്ങൾക്കു വേണ്ടിയാണ്. ജനങ്ങളുടെ മുന്നിൽ വിവരങ്ങൾ തുറന്നു പറയേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അതറിയാനുള്ള അവകാശം ജനങ്ങൾക്കും. ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാന അനിവാര്യതകളാണിവ. 

മുൻപ് പ്രതിഷേധം പ്രസംഗങ്ങളിലൂടെ

സഭാസ്തംഭനമെന്ന കർമം കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഇവിടെ നടക്കുന്നുണ്ടെന്നതു കേവലസത്യമാണ്. എൺപതുകളുടെ അവസാനമോ തൊണ്ണൂറുകളുടെ ആദ്യമോ ആണ് സഭയുടെ നടുത്തളം പ്രതിഷേധത്തിന്റെ വേദിയായി രൂപാന്തരപ്പെട്ടത്. അതിനുമുൻപ് എംപിമാർ അവരവരുടെ സ്ഥാനങ്ങളിൽ നിന്നു പ്രതിഷേധിക്കുകയായിരുന്നു പതിവ്. പക്ഷേ, അന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം മുഖ്യമായും ചർച്ചകളിലൂടെയാണു പ്രകടിപ്പിക്കപ്പെട്ടിരുന്നത്. അതിശക്തവും ആഗോളനിലവാരത്തിലുമുള്ള പ്രസംഗങ്ങളാണ് അവർ നടത്തിയിരുന്നത്. പ്രതിപക്ഷത്തിന്റെ ശക്തമായ ആ ബൗദ്ധിക ആക്രമണത്തിനു മുന്നിൽ സർക്കാർ പതറിപ്പോകുമായിരുന്നു. കായികബലത്തിനും ഗോഗ്വാ വിളികൾക്കുമൊന്നും ഒരു പ്രസക്തിയുമില്ലാതിരുന്ന കാലം. 

ഇപ്പോഴത്തെ ബഹളങ്ങളുടെ കാരണം അന്വേഷിച്ചു പോയാൽ ഒരു കാര്യം വ്യക്തം. പെഗസസ് ചർച്ച നടത്താൻ സർക്കാർ തയാറാകാത്തതാണു പ്രധാന കാരണം. അതിനെതിരെ ഒരു സമ്മേളന കാലം മുഴുവനും അലങ്കോലപ്പെടുത്തുന്നതു ശരിയാണോ എന്ന ചോദ്യം അപ്രസക്തമല്ല എന്നതും മറക്കുന്നില്ല. എന്നാൽ, പാർലമെന്റ് തടസ്സമില്ലാതെ നടത്താനുള്ള പ്രധാന ഉത്തരവാദിത്തം സർക്കാരിനാണ്. എന്നും അതങ്ങനെയാണ്. 

മുൻകാലങ്ങളിൽ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഇടയിൽ പരസ്പര ആശയവിനിമയത്തിന്റെ പാത തുറന്നിരുന്നു. എഴുപതുകളിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു പ്രതിപക്ഷത്തോട് അതിരു കവിഞ്ഞ ആദരമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പല തലങ്ങളിൽ ഈ ആശയവിനിമയം നടന്നിരുന്നു. അതിന്റെ പ്രധാന കണ്ണി അന്നത്തെ പാർലമെന്ററികാര്യ മന്ത്രി കെ. രഘുരാമയ്യയായിരുന്നു. അദ്ദേഹത്തെ മിക്കവാറും പ്രതിപക്ഷ ബെഞ്ചുകളിലാണു കാണപ്പെടുക. സഭയിൽ ഉയർന്നുവരാറുള്ള വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപക്ഷ നേതാക്കന്മാരുമായി നിരന്തരം സംസാരിച്ച് അവരെ മയപ്പെടുത്തുന്ന തന്ത്രം ഫലപ്രദമായി അദ്ദേഹം പ്രയോഗിച്ചിരുന്നു. സഭയിൽ പ്രശ്നങ്ങളുണ്ടാക്കാവുന്ന അനേകമനേകം സന്ദർഭങ്ങൾ ഈ വിദഗ്ധമായ നയതന്ത്രത്തിലൂടെ ഒഴിവാക്കാൻ കഴിയുമായിരുന്നു. പ്രതിപക്ഷവും സർക്കാരും തമ്മിൽ ശക്തമായ വിയോജിപ്പുകളുള്ളപ്പോഴും, നിർവചിക്കാനാവാത്ത സൗഹൃദത്തിന്റെയും ഏറ്റവും വലിയ ജനാധിപത്യ സഭയുടെ അന്തസ്സിനെക്കുറിച്ചുള്ള ബോധ്യത്തിന്റെയും ചരടുകളാൽ ഇരുകൂട്ടരും ബന്ധിക്കപ്പെട്ടിരുന്നു എന്ന ശക്തമായ തോന്നലുണ്ടായിരുന്നു. മഹത്തായ ഒരു പൊതുദൗത്യത്തിലേർപ്പെടുന്നു എന്നുള്ള ബോധ്യത്തിൽ നിന്നുമുണ്ടാകുന്ന പാരസ്പര്യം അന്നുണ്ടായിരുന്നു. ഇതൊക്കെ ഒരു ജനാധിപത്യസഭയുടെ സുഗമനടത്തിപ്പിനുള്ള അനിവാര്യ ഘടകങ്ങളാണ്.

ഈ പാരസ്പര്യവും ആശയവിനിമയ പ്രക്രിയയും നിലച്ചുപോയി എന്നൊരു തോന്നലാണിന്നുള്ളത്. ചർച്ച നടക്കാത്തതുകൊണ്ടു ബഹളമുണ്ടാകുന്നു, സഭാനടപടികൾ നടത്താൻ സാധിക്കാതെ പിരിയുന്നു. ഇതു നിരന്തരമായി നടന്നുകൊണ്ടിരിക്കുമ്പോൾ സർക്കാരിന്റെ ഉന്നതനേതൃത്വത്തിന് അതിലിടപെട്ടു പരിഹാരമുണ്ടാക്കേണ്ട ബാധ്യതയുണ്ട്. എല്ലാ പാർട്ടി നേതാക്കന്മാരുമായി സഭാ നേതാവായ പ്രധാനമന്ത്രി ഉള്ളുതുറന്നു ചർച്ച നടത്തിയാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഇതിലുള്ളൂ. അങ്ങനെയൊക്കെയാണു മുൻകാലങ്ങളിൽ നടന്നിട്ടുള്ളത്. 

achari
പി.ഡി.ടി. ആചാരി

സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിട്ടുവീഴ്ച ഇതിലെ പ്രധാനഘടകമാണ്. ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ചു ചർച്ച നടത്താൻ വിസമ്മതിച്ച് സഭ ഒരു സമ്മേളനകാലം മുഴുവൻ അലങ്കോലപ്പെടുന്ന സംഭവം ഒരു ജനാധിപത്യ പാർലമെന്റിലുണ്ടാവാറില്ല. ജനങ്ങൾ തങ്ങളുടെ പ്രശ്നപരിഹാരത്തിനുവേണ്ടി ഉറ്റുനോക്കുന്ന പാർലമെന്റിന് അതിന്റെ ആഭ്യന്തരപ്രശ്നം പരിഹരിക്കാൻ സാധിക്കുന്നില്ലെന്നതു വൈരുധ്യമാണ്. എഴുപതുകളിലുണ്ടായ തുൽമോഹൻ റാം പ്രശ്നം അന്നത്തെ സർക്കാർ എങ്ങനെ പരിഹരിച്ചു എന്നത് ഒരു പാഠമാകേണ്ടതാണ്. കോൺഗ്രസ് എംപി തുൽമോഹൻ റാമും ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ വാണിജ്യ മന്ത്രി ലളിത് നാരായൺ മിശ്രയും ഉൾപ്പെട്ട അഴിമതിക്കേസിൽ സഭ പ്രക്ഷുബ്ധമാവുകയും സഭയുടെ തുടർന്നുള്ള നടത്തിപ്പ് അസാധ്യമാവുകയും ചെയ്തു. അഴിമതി സംബന്ധിച്ച എല്ലാ രേഖകളും സഭയിൽ ഹാജരാക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഒന്നടങ്കം ഉറച്ചുനിന്നു. ഏതാനും ദിവസങ്ങൾക്കുശേഷം വഴങ്ങിയ സർക്കാർ, രേഖകളെല്ലാം സ്പീക്കറുടെ ചേംബറിൽ വയ്ക്കാമെന്നും പാർട്ടി നേതാക്കന്മാർക്ക് അവിടെപ്പോയി അതു വായിക്കാമെന്നും സമ്മതിച്ചു. 

കാരണം കണ്ടെത്തി പരിഹാരം തേടണം

സഭയുടെ പ്രവർത്തനം സ്തംഭിക്കുമ്പോൾ അതിനുള്ള കാരണങ്ങൾ കണ്ടുപിടിച്ചു പരിഹാരം കാണുകയാണു വേണ്ടത്. അതുപോലെ, ബോഫോഴ്സിന്റെ കാര്യത്തിലും ഹർഷദ് മേത്തയുടെ നേതൃത്വത്തിൽ നടന്ന വൻ സാമ്പത്തിക അഴിമതിയുടെ കാര്യത്തിലും 2ജി സ്പെക്ട്രത്തിന്റെ കാര്യത്തിലുമൊക്കെ അന്നത്തെ സർക്കാരുകൾ സഭയിലുയർന്ന ആവശ്യങ്ങളനുസരിച്ചു സംയുക്ത പാർലമെന്ററി സമിതിയെ (ജെപിസി) നിയമിക്കാൻ സമ്മതിച്ചിട്ടുണ്ട്. അതാണു കീഴ്‌വഴക്കം. 

ബഹളം നടക്കുമ്പോൾ സുപ്രധാനങ്ങളായ സകല ബില്ലുകളും ചർച്ച ചെയ്യാതെ പാസാക്കുന്ന നടപടി സഭാചട്ടങ്ങളുടെ ലംഘനം മാത്രമല്ല, ഭരണഘടനയുടെ ലംഘനം കൂടിയാണ്. ഭരണഘടനയുടെ 107–ാം അനുഛേദമനുസരിച്ച് ഒരു ബിൽ പാസാക്കണമെങ്കിൽ ഇരുസഭകളും അതിനോടു യോജിക്കണം. ഒരു കാര്യത്തോടു യോജിക്കണമെങ്കിൽ അതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കണം. ചർച്ചയിലൂടെ മാത്രമേ അതു നടക്കൂ. ഭരണഘടനാ നിർമാതാക്കൾ ചർച്ചയുടെ അനിവാര്യത മനസ്സിലാക്കിയാണ് ഈ അനുഛേദത്തിൽ യോജിപ്പ് എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. 

പാർലമെന്റിന്റെ നിരന്തരമായ സ്തംഭനവും അതുയർത്തിവിടുന്ന അപകടകരമായ സാധ്യതകളും നമ്മെ അമ്പരപ്പിക്കേണ്ടതാണ്. ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും ഇടയിലുണ്ടാകേണ്ട വിശ്വാസം ജനാധിപത്യ സംസ്കാരത്തിൽ നിന്ന് ഉടലെടുക്കേണ്ടതാണ്. ആ വിശ്വാസം നഷ്ടപ്പെടുമ്പോൾ പാർലമെന്റ് എന്ന സ്ഥാപനത്തിന്റെ ജീവചൈതന്യം നിലയ്ക്കുന്നു. അതാണോ ഇന്ത്യയുടെ പുതിയ തലമുറയ്ക്കു വേണ്ടത് എന്നു ഗൗരവപൂർവം ചിന്തിക്കുക.

(ലോക്സഭ മുൻ സെക്രട്ടറി ജനറലാണ് ലേഖകൻ)

English Summary: Parliament could be discussed Pegasus issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com